सद्गुरु

അന്വേഷി: സദ്ഗുരോ, ഭാരതത്തില്‍ എല്ലാ ഭാഗങ്ങളിലും ലിംഗങ്ങള്‍ ഉണ്ടല്ലോ. അത്തരം ലിംഗങ്ങളില്‍ നിന്ന് ധ്യാനലിംഗം എപ്രകാരമാണ് വ്യത്യസ്തമാകുന്നത്? ലോകത്ത് മറ്റെവിടെയെങ്കിലും ലിംഗങ്ങള്‍ ഉണ്ടോ? അതോ അത് ഭാരതിയ സംസ്കൃതിയുടെ ഭാഗം മാത്രമാണോ? ഏതെങ്കിലും ഒരു മതത്തിന്‍റെ അടയാളമല്ല അതെന്ന് അങ്ങ് പറഞ്ഞു. അതെങ്ങിനെ? ധ്യാനലിംഗ സൃഷ്ടിയുടെ പുറകിലെ ശാസ്ത്രം എന്താണ്?

സദ്ഗുരു: ലിംഗസൃഷ്ടിയുടെ ശാസ്ത്രം വലിയ ഒരു അനുഭവ സാധ്യതയാണ്. അനേകായിരം വര്‍ഷങ്ങളായി നിലനിന്നിരുന്ന ആ ശാസ്ത്രം, കഴിഞ്ഞ എട്ടൊന്‍പത് നൂറ്റാണ്ടുകളായി രാജ്യത്ത് ഉയര്‍ന്നുവന്ന ഭക്തിമാര്‍ഗത്തിന്‍റെ ഒഴുക്കില്‍പ്പെട്ട് ഒലിച്ചുപോയി. ഒരു ഭക്തന് തന്‍റെ വികാരങ്ങള്‍ക്കപ്പുറം പ്രധാന്യമുളള മറ്റൊന്നുമില്ല. അയാളുടെ മാര്‍ഗം മാറ്റിവെച്ചിട്ട് അവരുടെ ഇഷ്ടത്തിനനുസരിച്ച് ക്ഷേത്രനിര്‍മ്മിതി നടത്തി. അതൊരു പ്രേമബന്ധമാണ്. നിങ്ങള്‍ക്കറിയുമോ? ഒരു ഭക്തന് അയാള്‍ക്കിഷ്ടമുളളത് ചെയ്യാം. അയാളെ സംബന്ധിച്ചിടത്തോളം എന്തും ന്യായമാണ്. അതാണ് ഭക്തന്‍റെ രീതി. അതിനാല്‍ ലിംഗ സൃഷ്ടിയുടെ ശാസ്ത്രം പിറകോട്ട് പോയി. ആത്മനിഷ്ടമായ ആ ശാസ്ത്രം ഒരിക്കലും എഴുതപ്പെട്ടിരുന്നില്ല. എഴുതപ്പെട്ടിരുന്നെങ്കില്‍ അതിനെ പൂര്‍ണമായും തെറ്റിദ്ധരിച്ചേക്കാം. ശാസ്ത്രമറിയാതെ ഇങ്ങിനെ നിരവധി ലിംഗങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

നിങ്ങളുടെ അറിവിനായിപ്പറയാം, ദക്ഷിണേന്ത്യയില്‍ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി പ്രതിഷ്ഠിച്ച അഞ്ച് ലിംഗങ്ങളുണ്ട്. അവ സൃഷ്ടിക്കപ്പെട്ടത് ആരാധനക്കുവേണ്ടിയല്ല, സാധനകള്‍ക്കുവേണ്ടിയാണ്.

ഭക്തന്മാരാല്‍ ഉണ്ടാക്കപ്പെട്ട ക്ഷേത്രങ്ങള്‍ വികാര പ്രകടനങ്ങള്‍ക്കുളള ഇടമാണ്. യഥാര്‍ത്ഥ ഭക്തന്മാര്‍ തീരെ കുറവാണ്. മറ്റുളളവര്‍ ഭക്തിയെ കാര്യസാധ്യത്തിനുളള ഉപാധിയായി കാണുന്നവരാണ്. തൊണ്ണൂറ്റിയെട്ട് ശതമാനം പേരും പ്രാര്‍ത്ഥിക്കുന്നത് 'എനിക്കത് തരണേ, എനിക്കിതുതരണേ, എന്നെ രക്ഷിക്കണേ' ഈ രീതിയിലാണ്. ഇത് അതിജീവനത്തിനുളള പ്രാര്‍ത്ഥനയാണ്. അതിര്‍ത്തിക്കപ്പുറമെത്തുക അതിന്‍റെ ലക്ഷ്യമല്ല. അതൊരു പ്രാര്‍ത്ഥനപോലുമല്ല. അതിജീവനത്തിനുളള മോഹംകൊണ്ട് ഒരു നാണയത്തെ മറ്റൊന്നാക്കുന്നു അത്രമാത്രം. അന്തിമമോചനം ശാസ്ത്രീയമായി നോക്കിക്കണ്ട് സിദ്ധന്മാരാലും യോഗിമാരാലും സൃഷ്ടിക്കപ്പെട്ട ലിംഗങ്ങള്‍ക്കു മാത്രമേ ശാസ്ത്രീയമായ അടിത്തറയുണ്ടാവുകയുളളു. അവയെല്ലാം ശാശ്വതമായ ചലനങ്ങളാണ്. പ്രത്യേക ഉദ്ദേശങ്ങള്‍ക്കായി പ്രത്യേക ഗുണങ്ങളോടുകൂടിയ ആ ലിംഗങ്ങള്‍ പ്രതിഷ്ഠിച്ചത് മന്ത്രങ്ങള്‍ ഉപയോഗിച്ചാണ്. നിങ്ങളുടെ അറിവിനായിപ്പറയാം, ദക്ഷിണേന്ത്യയില്‍ പഞ്ചഭൂതങ്ങളെ അടിസ്ഥാനമാക്കി പ്രതിഷ്ഠിച്ച അഞ്ച് ലിംഗങ്ങളുണ്ട്. അവ സൃഷ്ടിക്കപ്പെട്ടത് ആരാധനക്കുവേണ്ടിയല്ല, സാധനകള്‍ക്കുവേണ്ടിയാണ്. യോഗശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപരമായ സാധന 'ഭൂതശുദ്ധി'യാണ്.

പഞ്ചഭൂതങ്ങള്‍, പ്രകൃതിയിലെ അഞ്ച് മൂലവസ്തുക്കളാണ്. നിങ്ങളുടെ ഭൗതികശരീരം സൃഷ്ടിച്ചിരിക്കുന്നത് പഞ്ചഭുതങ്ങളാലാണ്. ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവയാണ് പഞ്ചഭൂതങ്ങള്‍. പ്രത്യേക ചേരുവയില്‍ ഇവ ചേര്‍ന്നതാണ് ശരീരം. ആദ്ധ്യാത്മികത എന്നാല്‍ ശരീരത്തിനപ്പുറം അതായത് പഞ്ചഭുതങ്ങള്‍ക്കപ്പുറം പോവുക എന്നതാണ്. നിങ്ങളുടെ എല്ലാ അനുഭവങ്ങള്‍ക്കു പിന്നിലും അവയുടെ കരങ്ങളുണ്ട്.

അവയ്ക്കപ്പുറമെത്താന്‍വേണ്ടി യോഗയില്‍ അടിസ്ഥാനമായി ചെയ്യുന്നതാണ് ഭൂതശുദ്ധി. ഈ ഓരോ മൂലവസ്തുക്കളില്‍ നിന്നുമുളള മോചനത്തിന് ഓരോ യോഗക്രിയകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഭൂതശുദ്ധിക്കുവേണ്ടി ഭൂമി, ജലം, അഗ്നി, വായു, ആകാശം ഇവക്കായി അഞ്ച് ലിംഗങ്ങള്‍ പ്രതിഷ്ഠിക്കപ്പെട്ടത്. അതിഗംഭീരമായി നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രങ്ങളില്‍ നിങ്ങള്‍ക്ക് സാധനകള്‍ ചെയ്യാം. 'ജല' ത്തിനെ ആധാരമാക്കി 'തിരുവാനൈക്കാവല്‍' ക്ഷേത്രവും, 'ആകാശ തത്വത്തെ' ആധാരമാക്കി 'ചിദംബരം' ക്ഷേത്രവും നിര്‍മിച്ചിരിക്കുന്നു. ഓരോ തരത്തിലുളള സാധനയെ ആസ്പദമാക്കി ഓരോ ക്ഷേത്രവും നിര്‍മിച്ചിരിക്കുന്നു. ഒരു പ്രത്യേക സാധനക്കായി ഊര്‍ജത്തെ പ്രത്യേക രീതിയിലാക്കി പ്രതിഷ്ഠ നടത്തിയിരിക്കുന്നു. ഈ ക്ഷേത്രങ്ങളെല്ലാം സാധനക്കായിട്ടാണ് സൃഷ്ടിച്ചത്. ആരാധനയ്ക്കല്ല. ഭാരതത്തില്‍ ക്ഷേത്രങ്ങള്‍ പ്രാര്‍ത്ഥനക്കായിരുന്നില്ല. നിങ്ങളോട് ക്ഷേത്രത്തില്‍പോയി അഞ്ചു രൂപ ഭണ്ഡാരത്തില്‍ ഇട്ടിട്ട് ‘എനിക്ക് അത് ചെയ്തുതരണേ, ഇതു ചെയ്തുതരണേ’, എന്നെല്ലാം ദൈവത്തോട് പ്രാര്‍ഥിക്കാന്‍, പറയാറില്ല. ക്ഷേത്രങ്ങള്‍ ഊര്‍ജത്തിന്‍റെ കേന്ദ്രങ്ങളായതിനാല്‍ പാരമ്പര്യമായി നമ്മോട് പറഞ്ഞു തന്നിട്ടുളളത്, അവിടെ പോയി കുറച്ചു സമയം ഇരിക്കുക എന്നുമാത്രമാണ്. ബാറ്ററി ചാര്‍ജുചെയ്യുന്ന പൊതുസ്ഥലം പോലെയാണത്. എല്ലാ ദിവസവും രാവിലെ കുളിച്ച് ശുദ്ധമായി ക്ഷേത്രത്തില്‍ പോയി കുറെ സമയം അവിടെയിരുന്ന്, അവിടുത്തെ ഊര്‍ജത്തെ സ്വീകരിച്ച് ഉത്തേജിതനായി സ്വന്തം കര്‍മങ്ങള്‍ക്ക് പോവുക.

അവിശ്വസനീയമായ മറ്റൊരു കാര്യം ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും ലിംഗങ്ങള്‍ ഉണ്ട് എന്നതാണ്. ആഫ്രിക്കയിലെ ടെറാകോട്ടാ ലിംഗങ്ങള്‍ ആഭിചാര ക്രിയകള്‍ക്കായി ഉപയോഗിക്കുന്നു.

അവിശ്വസനീയമായ മറ്റൊരു കാര്യം ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും ലിംഗങ്ങള്‍ ഉണ്ട് എന്നതാണ്. ആഫ്രിക്കയിലെ ടെറാകോട്ടാ ലിംഗങ്ങള്‍ ആഭിചാര ക്രിയകള്‍ക്കായി ഉപയോഗിക്കുന്നു. ഗ്രീസില്‍ 'ഭൂമിയുടെ പൊക്കിള്‍' എന്ന് അറിയപ്പെടുന്ന ഇത് 'മണിപൂരക'മാണ്. ആരോ എന്നെ അതിന്‍റെ പടം കാണിച്ചപ്പോള്‍ത്തന്നെ ആരായിരിക്കും ആ ക്ഷേത്രസൃഷ്ടിയുടെ പിന്നില്‍ എന്ന് എനിക്ക് മനസ്സിലായി. ഭാരതത്തിലെ യോഗികളാണ് അത് സൃഷ്ടിച്ചത്. ആരോ അയ്യായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ് അവിടെയെത്തി അന്നത്തെ രാജാവിന്‍റെ ഐശ്വര്യത്തിനും വിജയത്തിനും ആരോഗ്യത്തിനും വേണ്ടി മണിപൂരകം ആധാരമാക്കി ലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്നു. കൂടുതല്‍ ലിംഗ പ്രതിഷ്ഠകള്‍ക്കും രാജാക്കന്മാരായിരുന്നു കാരണക്കാര്‍ എന്നതിനാല്‍ അവയെല്ലാം മണിപൂരകത്തെ ആധാരമാക്കിയുളള പ്രതിഷ്ഠകളായിരുന്നു. എന്നാല്‍ ചുരുക്കം ചില രാജാക്കന്മാര്‍ ഭൗതിക സുഖങ്ങള്‍ക്കപ്പുറം ചിന്തിച്ചിരുന്നതിനാല്‍ അവര്‍ 'അനഹത ചക്രത്തെ' ആധാരമാക്കിയുളള ലിംഗങ്ങള്‍ സൃഷ്ടിച്ചു. ഇവ 'ആത്മലിംഗങ്ങള്‍' എന്നറിയപ്പെടുന്നു. അന്തിമ മോചനം അഭിലഷിക്കുന്നവര്‍ക്കു വേണ്ടിയുളളതാണ് ആത്മലിംഗങ്ങള്‍. ഈശ്വരപ്രേമവും, ഈശ്വരഭക്തിയും കൊണ്ട് മോചിതരാവാന്‍ വേണ്ടിയുളളതാണ് ഈ ലിംഗങ്ങള്‍. 'അനഹതം' ഏവര്‍ക്കും വഴങ്ങുന്നതായതിനാല്‍ കൂടുതല്‍പേര്‍ക്കും അത് പ്രാപ്തമാണ്. മൂലാധാര ചക്രത്തെ ആധാരമാക്കി സൃഷ്ടിച്ചിട്ടുളള മൂലാധാര ലിംഗങ്ങള്‍ സ്ഥൂലവും, ശക്തവുമാണ്. ഗൂഢക്രിയകള്‍ക്കുവേണ്ടിയാണ് അവയെ ഉപയോഗപ്പെടുത്തുന്നത്. ഇത്തരം ലിംഗങ്ങള്‍ ആസ്സാമിലും കര്‍ണ്ണാടകയിലും ചില ഭാഗങ്ങളില്‍ കാണാന്‍ സാധിക്കും. ഈ രഹസ്യക്ഷേത്രങ്ങള്‍ ചെറുതും ശക്തവുമാണ്. എന്നാല്‍ കൂടുതല്‍ ലിംഗങ്ങളും മണിപൂരക ലിംഗങ്ങളാണ്.

ഇപ്പോള്‍ രാജ്യത്തുളള മിക്കവാറും ലിംഗങ്ങളെല്ലാം ഒന്നോ, രണ്ടോ ചക്രങ്ങളെ ആധാരമാക്കിയുളളതാണ്. കൂടുതലും ഒരു ചക്രത്തില്‍ അധിഷ്ഠിതമാണ്. എന്തെന്നാല്‍ ഓരോ ഉദ്ദേശങ്ങള്‍ക്കു വേണ്ടിയാണ് അവയുടെ മന്ത്രപ്രതിഷ്ഠ നടത്തിയിട്ടുളളത്. ഏഴ് ചക്രങ്ങളും ശാക്തീകരിച്ചിട്ടുളള ധ്യാനലിംഗ പ്രതിഷ്ഠ നിര്‍വ്വഹിച്ചത് പ്രാണപ്രതിഷ്ഠയിലൂടെയാണ്. ഏഴു ചക്രങ്ങളേയും അതില്‍ ഒന്നിച്ചു നിര്‍ത്തുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു. ഏഴ് ചക്രങ്ങള്‍ക്കുവേണ്ടി ഏഴു ലിംഗങ്ങള്‍ നിര്‍മിച്ചാല്‍ മതിയായിരുന്നെങ്കില്‍ അത് എനിക്ക് ഏറ്റവും എളുപ്പമാകുമായിരുന്നു, എന്നാല്‍ അതിന്‍റെ ശക്തിപ്രഭാവം ഇതുപോലെയായിരിക്കുമായിരുന്നില്ല. പരിണാമത്തിന്‍റെ പാരമ്യ ദശയിലെത്തിയിട്ടുളള ജീവന്‍റെ ഊര്‍ജശരീരം പോലെയാണ് ധ്യാനലിഗം. ധ്യാനലിംഗത്തില്‍ സ്ഥിതിചെയ്യുന്നത് ഉന്നതമായി അസ്തിത്വമുളള ശിവന്‍ എന്ന് പറയപ്പെടുന്ന ഊര്‍ജശരീരം തന്നെയാണ്.

മറ്റൊരുകാര്യം, ലോകത്തില്‍ ആദ്യമായി ധ്യാനലിംഗത്തിന്‍റെ സൂക്ഷിപ്പും പരിചരണവും പുരുഷന്മാരും, സ്ത്രീകളും ഒരുപോലെ നിര്‍വ്വഹിക്കുന്നു എന്നതാണ്. ഒരു കാലത്തും, ആരും ഈ പ്രവൃത്തികള്‍ ചെയ്യാന്‍ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. എന്നാല്‍ ചന്ദ്രമാസത്തിലെ പൗര്‍ണമികാലത്തെ പതിനാലു ദിവസങ്ങള്‍ സ്ത്രീകളും, അമാവാസിയിലെ പതിനാലു ദിവസങ്ങള്‍ പുരുഷന്മാരും ഈ കര്‍മങ്ങള്‍ നിര്‍വ്വഹിക്കുന്നു. പാരമ്പര്യത്തില്‍നിന്നുളള ഈ വ്യതിയാനംതന്നെ സമൂഹത്തിനുളള വലിയ സമ്മാനമാണ്. ഇവിടുത്തെ ബ്രഹ്മചാരികള്‍ ക്ഷേത്രത്തില്‍ വേണ്ട കാര്യങ്ങളെല്ലാം വേണ്ടവിധത്തില്‍ നിര്‍വ്വഹിക്കുന്നു. ഒരാള്‍ക്ക് ആദ്ധ്യാത്മിക സാധനകള്‍ ചെയ്യണമെന്നുണ്ടെങ്കില്‍ ജീവിച്ചിരിക്കുന്ന ഒരു ഗുരുവിന്‍റെ മുന്‍പില്‍ നിര്‍വഹിക്കുന്നതുപോലെ ഇവിടെ അനുഷ്ഠിക്കാന്‍ സാധിക്കും. അതിനുവേണ്ടിയാണ് ധ്യാനലിംഗം സൃഷ്ടിച്ചത്. ആളുകള്‍ സാധാരണയായി ഇവിടെവന്ന് ചില നിമിഷങ്ങള്‍ ഇരുന്നിട്ടു പോകും. അത് നല്ലതുതന്നെ, എന്നാല്‍ സാധനകള്‍ ചെയ്യുന്നവര്‍ക്ക് ഇവിടിരുന്ന് അത് ചെയ്യാം. ഈ ഊര്‍ജപ്രഭാവം മറ്റൊരിടത്തും കിട്ടുകയില്ല. ആളുകള്‍ക്ക് ഇങ്ങിനെ ഒരവസരം ലഭിക്കാനുളള സാധ്യത വളരെ വിരളമാണ്.