सद्गुरु

ജന്മ ജന്മാന്തരങ്ങളിലെ കഠിനശ്രമം കൊണ്ട് തന്‍റെ കര്‍മ്മങ്ങളില്‍ നിന്നുള്ള മോചനത്തിനരികെ എത്തിയ ആള്‍ ബോധപൂര്‍വ്വം കര്‍മ്മങ്ങള്‍ സൃഷ്ടിച്ച് ശരീരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു

 

അമ്പേഷി: ആത്മസാക്ഷാത്കാരം ലഭിച്ച ഒരു യോഗിക്ക് എങ്ങിനെ തിരിച്ചു വന്ന് തന്‍റെ ശരീരം നിലനിര്‍ത്താനാവും?

സദ്‌ഗുരു: ജന്മ ജന്മാന്തരങ്ങളിലെ കഠിനശ്രമം കൊണ്ട് തന്‍റെ കര്‍മ്മങ്ങളില്‍ നിന്നുള്ള മോചനത്തിനരികെ എത്തിയ ആള്‍ ബോധപൂര്‍വ്വം കര്‍മ്മങ്ങള്‍ സൃഷ്ടിച്ച് ശരീരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. തൊണ്ണൂറ് ശതമാനം സന്ദര്‍ഭങ്ങളിലും സാക്ഷാത്കാരവും മരണവും ഒരേ സമയത്ത് സംഭവിക്കുന്നു. ശരീരശാസ്ത്രത്തിന്‍റെ സങ്കീര്‍ണ്ണതകളില്‍ പ്രാവീണ്യമുള്ള യോഗിക്കു മാത്രമേ ശരീരവുമായുള്ള ബന്ധം നിലനിര്‍ത്തുവാന്‍ കഴിയുകയുള്ളൂ, മറ്റുള്ളവര്‍ക്ക് പറ്റുകയില്ല. ഇത് സാധ്യമാക്കാന്‍ വിവിധ രീതികളുണ്ട്. ശരീര ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം കുറവാണെങ്കില്‍ ബോധപൂര്‍വ്വം കര്‍മ്മങ്ങള്‍ സൃഷ്ടിക്കുകയാണ് മറ്റൊരു വഴി. എന്നാല്‍ എങ്ങിനെയാണ് ഞാന്‍ ഇതൊക്കെ ചെയ്യുക എന്ന് ഈ സന്ദര്‍ഭത്തില്‍ പറയുവാന്‍ ഉദ്ദേശിക്കുന്നില്ല.

തൊണ്ണൂറ് ശതമാനം സന്ദര്‍ഭങ്ങളിലും സാക്ഷാത്കാരവും മരണവും ഒരേ സമയത്ത് സംഭവിക്കുന്നു

ഉദാഹരണത്തിന് ശ്രീരാമകൃഷ്ണപരമഹംസന്‍റെ കാര്യമെടുക്കാം. സ്ഫടികംപോലെ വ്യക്തമായ അവബോധത്തിനുടമയായിരുന്ന, മഹാനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. പരിമിതികള്‍ക്കപ്പുറമായിരുന്നു അദ്ദേഹമെങ്കിലും, ഭക്ഷണത്തോട് ഭ്രാന്തമായ ആഗ്രഹമായിരുന്നു. ശിഷ്യന്മാരുമായി സംസാരിക്കുന്നതിനിടയില്‍ അദ്ദേഹം അടുക്കളയില്‍ പോയി എന്താണ് ഭക്ഷണമെന്ന് ശാരദാദേവിയോട് അന്വേഷിക്കുമായിരുന്നു. ദൈവത്തെപ്പോലെ എല്ലാവരാലും ആരാധിക്കപ്പെടുന്ന അദ്ദേഹം ഭക്ഷണത്തിനോട് കാട്ടുന്ന അമിതമായ താല്‍പര്യം കണ്ട് ശാരദാദേവി ലജ്ജിച്ചിരുന്നു. എല്ലാ ഗ്രന്ഥങ്ങളിലും പറയുന്നത് നിങ്ങള്‍ ആദ്ധ്യാത്മികതയിലേക്ക് തിരിഞ്ഞാല്‍ ഭക്ഷണത്തോട് താല്‍പര്യം ഇല്ലാതാകും എന്നാണ്, ശരിയല്ലേ? പലതവണ ശാരദാദേവി അദ്ദേഹത്തോട് ഇതിനെക്കുറിച്ച് ചോദിച്ചു. അപ്പോഴെല്ലാം മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി.

എല്ലാ ദിവസവും ശാരദ അദ്ദേഹത്തിന് ഭക്ഷണം താലത്തില്‍ നല്‍കിയിരുന്നു. അദ്ദേഹം അത് ഊഞ്ഞാലില്‍ ഇരുന്ന് കഴിക്കുമായിരുന്നു. ഒരുദിവസം കടുത്ത അതൃപ്തി തോന്നിയതിനാല്‍ ദേവി പറഞ്ഞു, "അങ്ങയുടെ പ്രവൃത്തി കണ്ട് എനിക്ക് ലജ്ജ തോന്നുന്നു. ഭക്ഷണത്തിനുവേണ്ടി എന്തിനാണ് ഇത്ര ആര്‍ത്തി കാട്ടുന്നത്? അങ്ങയുടെ മുന്‍പില്‍ വന്നിരിക്കുന്ന ആളുകള്‍ ഭക്ഷണത്തിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യുന്നില്ല. അവര്‍ ഭക്ഷണമില്ലാതെ എത്രസമയം വേണമെങ്കിലും അവിടെ ഇരിക്കാന്‍ തയ്യാറാണ്. എന്നാല്‍ അങ്ങേക്കുമാത്രം ഭക്ഷണത്തോടുള്ള ഈ ഭ്രാന്ത് എന്തുകൊണ്ടാണ്?" അദ്ദേഹം പറഞ്ഞു, "ശാരദ, എനിക്കു വേണ്ടി നീ ഭക്ഷണത്താലം കൊണ്ടുവരുമ്പോള്‍, എപ്പോള്‍ ഞാന്‍ താല്‍പര്യം കാട്ടാതിരിക്കുന്നുവോ, അതില്‍ പിന്നെ മൂന്നു ദിവസങ്ങള്‍ മാത്രമേ എനിക്ക് ശേഷിക്കുന്നുള്ളൂ എന്ന് ധരിച്ചുകൊള്ളുക."

കര്‍മ്മബന്ധമില്ലെങ്കില്‍ ദേഹിയും ദേഹവും തമ്മില്‍ പരസ്പരം ബന്ധമില്ല

ഏഴ് കൊല്ലങ്ങള്‍ക്ക് ശേഷം ഒരുനാള്‍ ഭക്ഷണവുമായി ഊഞ്ഞാലിന്‍റെയടുത്ത് എത്തിയപ്പോള്‍ ശ്രീരാമകൃഷ്ണന്‍ താല്‍പര്യം കാട്ടാതെ തിരിഞ്ഞിരുന്നു. സമയം അടുത്തു എന്ന് മനസ്സിലാക്കിയ ശാരദാദേവി പൊട്ടിക്കരഞ്ഞുപോയി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു, "ഇനിയും കരഞ്ഞിട്ട് കാര്യമില്ല, സമയം അടുത്തുകഴിഞ്ഞു." എല്ലാവരുടെ കാര്യത്തിലും ഇത് സംഭവിക്കും. ഭക്ഷണത്തിനുള്ള ആഗ്രഹം ബോധപൂര്‍വ്വം കാട്ടി കര്‍മ്മം സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. മനപ്പൂര്‍വ്വം, പൂര്‍ണ്ണ ബോധത്തോടെ അദ്ദേഹം ഈ ആഗ്രഹം നിലനിര്‍ത്തുകയായിരുന്നു. അതില്ലാതെ അദ്ദേഹത്തിന്‍റെ ശരീരത്തിന് നിലനില്‍പില്ലായിരുന്നു. എന്നോടടുത്ത ആളുകള്‍ക്കറിയാം എന്തെല്ലാം സൂത്രങ്ങള്‍ ഉപയോഗിച്ചാണ് ഞാന്‍ ഈ ശരീരം നിലനിര്‍ത്തുന്നതെന്ന്. ബോധപൂര്‍വ്വം കര്‍മ്മങ്ങള്‍ സൃഷ്ടിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് ഈ ശരീരം നിലനിര്‍ത്താനാവില്ല. കര്‍മ്മബന്ധമില്ലെങ്കില്‍ ദേഹിയും ദേഹവും തമ്മില്‍ പരസ്പരം ബന്ധമില്ല.

https://www.publicdomainpictures.net