सद्गुरु

ദൈവം ഉണ്ടെന്ന്, ആരോ പറഞ്ഞു എന്നു കരുതി വിശ്വസിക്കുന്നതോ, ദൈവം ഇല്ല എന്നാരോ പറഞ്ഞു എന്നുവച്ച് അവിശ്വസിക്കുന്നതോ എങ്ങനെ ബുദ്ധിപരമായ കാര്യമാകും?

ദൈവത്തെ വിശ്വസിക്കുന്നതും അല്ലാത്തതും ദൈവത്തിനൊരു പ്രശ്നമല്ല. അതു പൂര്‍ണ്ണമായും നിങ്ങളുടെ പ്രശ്നമാണ്. രാമന്‍ ഉണ്ടായിരുന്നോ, കൃഷ്ണന്‍ ജീവിച്ചിരുന്നോ, ജീസസ് ഉണ്ടായിരുന്നോ, നബി ഉണ്ടായിരുന്നുവോ എന്നതാണോ പ്രശ്നം? നിങ്ങളുടെ അനുഭവം എന്താണ്?

യഹൂദര്‍ ദൈവവുമായി നേരിട്ടു ബന്ധമുള്ളവരാണെന്ന് പറയുമായിരുന്നു. അവരെപ്പറ്റി ഒരു കഥയുണ്ട്. യഹൂദരുടെ തലവനായ ജോഷ്വാ ഗോല്‍ഡ് ബെര്‍ക് വര്‍ഷത്തിലൊരിക്കല്‍ സ്വര്‍ഗ്ഗത്തിലേക്കു പോയി ദൈവത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാനുളള അവകാശം നേടിയിരുന്നു. ഒരുപ്രാവശ്യം ദൈവത്തോടൊപ്പം വിരുന്നു കഴിക്കാന്‍ കാത്തിരുന്ന സമയം - വര്‍ഷംതോറും മാറ്റമില്ലാതെ വിളമ്പിയിരുന്നത് ഉണങ്ങിയ റൊട്ടിയായിരുന്നു - "ദൈവമേ, ഒരു സംശയം എന്‍റെ മനസ്സിന് അസ്വസ്ഥത ഉണ്ടാക്കുന്നു" എന്നു പറഞ്ഞുകൊണ്ട് റൊട്ടിയെ ബുദ്ധിമുട്ടി വിഴുങ്ങി ജോഷ്വാ. "എന്താണ് മകനേ ചോദിക്കൂ." ദൈവം പറഞ്ഞു.

"നിങ്ങളുടെ സാമ്രാജ്യത്തില്‍ ഞങ്ങളല്ലാതെ വേറെ ആരെങ്കിലും അടുപ്പം കാണിക്കുന്നവരുണ്ടോ?" എന്ന് ചോദിച്ച ജോഷ്വാ ഒരു കഷണം റൊട്ടി വായിലിട്ട് കുറെ വെള്ളവും വായിലൊഴിച്ചു. "സംശയിക്കണ്ട വേറെ ആര്‍ക്കും ഇത്തരം അവകാശം ഇല്ല. അതുകൊണ്ടാണ് നിന്നെമാത്രം ഞാന്‍ വിരുന്നിനു ക്ഷണിച്ചത്." എന്നു ദൈവം മറുപടി പറഞ്ഞു. ജോഷ്വാ കൈയ്യിലെടുത്ത റൊട്ടിക്കഷണം താഴെയിട്ടിട്ട് എണീറ്റു. "എത്ര ദിവസങ്ങള്‍ ഞങ്ങള്‍ക്കു മാത്രമായി ഈ ബുദ്ധിമുട്ട്. വേറെ ആരെയെങ്കിലും നിങ്ങള്‍ക്ക് അടുപ്പമുള്ളവരായി തിരഞ്ഞെടുത്തുകൂടെ?" എന്നു ദേഷ്യത്തില്‍ ചോദിച്ചു.


ദൈവത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവര്‍ എന്നു പറയുന്നവര്‍ക്കാണല്ലോ കൂടുതല്‍ വേദനകള്‍. ഇവരൊക്കെ ദൈവം എന്നതിന്‍റെ മഹത്തായ മേന്മയെപ്പറ്റി മനസ്സിലാക്കിയിട്ടില്ല.

ഇങ്ങനെ ദൈവത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നവര്‍ എന്നു പറയുന്നവര്‍ക്കാണല്ലോ കൂടുതല്‍ വേദനകള്‍. ഇവരൊക്കെ ദൈവം എന്നതിന്‍റെ മഹത്തായ മേന്മയെപ്പറ്റി മനസ്സിലാക്കിയിട്ടില്ല. ദൈവത്തെക്കുറിച്ചുള്ള സത്യസന്ധമായ അനുഭവങ്ങള്‍ അറിഞ്ഞിട്ടുമില്ല. എന്നാലും ദൈവത്തിന്‍റെയും ഭക്തന്‍മാരുടെയും ഇടയ്ക്ക് തരകനെപ്പോലെ നിന്ന് ആദായം നേടാന്‍ വേണ്ടി നടത്തുന്ന നാടകങ്ങള്‍ കണ്ടാല്‍ സഹിക്കില്ല.

ദൈവത്തെ നിങ്ങള്‍ പൂര്‍ണ്ണമായും വിശ്വസിച്ച് ജീവിച്ചിട്ടുണ്ടോ? ചിലരുണ്ട്. വേണ്ടപ്പെട്ടവര്‍ക്ക് അസുഖം കൂടിയാല്‍ ദൈവത്തെ പ്രാര്‍ത്ഥിക്കും. എന്നിട്ടും അവര്‍ രക്ഷപ്പെട്ടില്ലെങ്കില്‍ "ദൈവം എന്നു പറയുന്നതൊക്കെ വെറുതെ. നുണയാണ്" എന്നു പറഞ്ഞ് ഗൃഹത്തില്‍ വച്ചിട്ടുള്ള ദൈവചിത്രങ്ങളെ ഒക്കെ എടുത്തു ദൂരെ എറിയും. തനിക്ക് എന്തെങ്കിലും കാര്യം സാധിക്കണം എന്ന് ആവശ്യപ്പെട്ട്, അതു സാധിച്ചില്ല എങ്കില്‍ "ദൈവമേ ഇല്ല" എന്നു പറയും. നിങ്ങള്‍ വളര്‍ത്തപ്പെട്ട രീതിയും നിങ്ങളുടെ ഉള്ളില്‍ പാകപ്പെട്ട വിത്തിന്‍റെ രീതിയും അനുസരിച്ചല്ലേ നിങ്ങള്‍ക്കു ദൈവത്തെ വിശ്വസിക്കാന്‍ കഴിയൂ!

ദൈവം ഉണ്ട് എന്നത് ഒരു വിശ്വാസം. ദൈവം ഇല്ല എന്നത് മറ്റൊരു വിശ്വാസം. ദൈവം ഉണ്ടോ, ഇല്ലയോ എന്നു നിങ്ങള്‍ക്കറിയില്ല എന്നതാണ് ശരിക്കുള്ള സത്യം.

എനിക്കറിയില്ല എന്ന് എപ്പോള്‍ ധൈര്യപൂര്‍വ്വം സമ്മതിക്കുന്നുവോ അപ്പോള്‍ മാത്രമേ നമുക്ക് അറിയാനുള്ള സന്ദര്‍ഭം കിട്ടുകയുള്ളൂ. വെറും വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള സങ്കല്‍പങ്ങളെ എന്തിനു സമ്മതിച്ചു കൊടുക്കണം? ദൈവത്തെക്കുറിച്ച് അറിയാന്‍ നിങ്ങള്‍ക്ക് ആത്മാര്‍ത്ഥമായ ആഗ്രഹം ഉണ്ടെങ്കില്‍ മറ്റുള്ളവര്‍ പറഞ്ഞു തന്നിട്ടുള്ളവയെ അന്ധമായി വിശ്വസിക്കുന്നത് ഉപേക്ഷിക്കുക. ദൈവം ഉണ്ടോ എന്ന് നിങ്ങള്‍ തന്നെ അന്വേഷിക്കണം. നിങ്ങളുടെ അന്വേഷണത്തെ നിങ്ങളില്‍ നിന്നു തന്നെ തുടങ്ങുക.


അതിരുകളില്ലാത്ത ദൈവം എന്നൊരാള്‍ എല്ലാ സ്ഥലങ്ങളിലും നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ ആ ദൈവം നിങ്ങളുടെ ഉള്ളിലും നില്‍ക്കേണ്ടതല്ലേ?

അതിരുകളില്ലാത്ത ദൈവം എന്നൊരാള്‍ എല്ലാ സ്ഥലങ്ങളിലും നിറഞ്ഞു നില്‍ക്കുന്നുവെങ്കില്‍ ആ ദൈവം നിങ്ങളുടെ ഉള്ളിലും നില്‍ക്കേണ്ടതല്ലേ? രൂപമെന്താണെന്നന്വേഷിക്കാതെ ദൈവീകം എന്നതെന്താണെന്ന് നിങ്ങളുടെ ഉള്ളില്‍ അന്വേഷിച്ചു നോക്കുക. നിങ്ങളുടെ ഉള്ളില്‍ ദൈവത്തെ അനുഭവിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നീട് ദൈവം അവിടെയും ഇവിടെയും എവിടെയും നിറഞ്ഞിരിക്കുന്നു എന്നു സമ്മതിക്കാം.

ഒരുകാര്യം നന്നായി മനസ്സിലാക്കുക നിങ്ങള്‍ക്ക് ബുദ്ധി ഉപയോഗിച്ച് ജീവിതം നടത്താന്‍ കഴിവുണ്ടെങ്കില്‍ ദൈവം ഇല്ലെങ്കിലും സുഖമായി ജീവിക്കാം. ജീവിതത്തെക്കുറിച്ചു മനസ്സിലാക്കാതെ അന്ധവിശ്വാസങ്ങളോടെ ജീവിക്കുന്ന ആളാണെങ്കില്‍ പൂജാമുറിയില്‍ എത്ര ദൈവചിത്രങ്ങളെ വച്ചിരുന്നാലും പ്രയോജനമില്ല.

ദൈവത്തിന്, സത്യത്തില്‍ എത്ര മുഖങ്ങളാണുള്ളത്?

ദൈവം നിങ്ങളേക്കാളും ബൃഹത്തായ രൂപം ഉള്ള ഒരാളായി നിങ്ങള്‍ തന്നെ രൂപം കൊടുത്തു. ദൈവത്തിന് പതിനാറു കരങ്ങള്‍ ഉണ്ടെന്നു പറഞ്ഞു. ദൈവത്തിനു നാലു മുഖങ്ങള്‍ ഉണ്ട്, ആറു മുഖങ്ങള്‍ ഉണ്ട് എന്നൊക്കെ പറഞ്ഞു. സത്യം പറയൂ. നിങ്ങള്‍ക്ക് എത്ര മുഖങ്ങളാണ്? വീട്ടില്‍ ഒരു മുഖം, ഓഫീസില്‍ ഒരു മുഖം, സുഹൃത്തുക്കളുടെ ഇടയില്‍ ഒരു മുഖം, ഓരോ രംഗങ്ങളിലും മാറ്റുവാന്‍ വേണ്ടി നിങ്ങള്‍ എത്ര മുഖങ്ങളാണ് ചുമന്നു കൊണ്ടുനടക്കുന്നത്? മുരുകനെക്കാളും നിങ്ങള്‍ക്കല്ലേ കൂടുതല്‍ മുഖങ്ങള്‍!

മുഖങ്ങളുടെ കണക്കുവച്ച് ദൈവമേതാണെന്നു തീരുമാനിക്കുകയാണെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയക്കാരുടെ മുന്നില്‍ ഒരു ദൈവത്തിനും മത്സരിക്കാന്‍ പറ്റില്ലല്ലോ. നമ്മുടെ പൂര്‍വ്വികര്‍ ദൈവങ്ങള്‍ക്കു പല രൂപങ്ങള്‍ കൊടുത്തതിനു മറ്റു ചില ബുദ്ധിപരമായ കാരണങ്ങള്‍ ഉണ്ട്. അവയെപ്പറ്റി മനസ്സിലാക്കാതെ ദൈവത്തെക്കുറിച്ചു മനസ്സിലാക്കികഴിഞ്ഞു എന്നു പറയുന്നത് നിങ്ങളുടെ ഉള്ളിലുള്ള അഹങ്കാരത്തിനു ഭക്ഷണം നല്‍കാന്‍ വേണ്ടി മാത്രമാണ്.