सद्गुरु

എന്നോടു മിക്കപ്പോഴും ചോദിക്കപ്പെടുന്ന ചോദ്യം "ദൈവം ഉണ്ടോ ഇല്ലയോ?" എന്നതാണ്.

ആദിമനുഷ്യന്‍ ഭയമുള്ളവനായിരുന്നു. ആകാശത്തില്‍ പെട്ടെന്നുണ്ടാകുന്ന മിന്നലുകള്‍, ഇടിയൊച്ച, തകര്‍ത്തു പെയ്യുന്ന മഴ, ആകാശത്തിന്‍റെ വിസ്തൃതി, എണ്ണാന്‍ പറ്റാത്തത്ര നക്ഷത്രങ്ങള്‍, അതിരുകള്‍ മനസ്സിലാക്കാന്‍ പറ്റാത്ത സമുദ്രം എന്നു തുടങ്ങി ഒന്നിനും കാരണം മനസ്സിലാകാതെ മനുഷ്യന്‍ ഭയാക്രാന്തനായി. ഈ പ്രപഞ്ചത്തിന്‍റെ ബൃഹത് രൂപം കണ്ട്, ഞാന്‍ വെറും ഒരു പൊടിയാണെന്ന് അവന്‍ മനസ്സിലാക്കി. തനിക്കു മനസ്സിലാകാത്ത വലിയ ശക്തിയുടെ മുന്നില്‍ മുട്ടു മടക്കി, തന്നെ സംരക്ഷിക്കാനാവശ്യപ്പെട്ടു. മഴയെ കൈ കൂപ്പി തൊഴുതു. അന്നു മുതല്‍ക്കുതന്നെ ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ ദൈവം രൂപീകരിക്കപ്പെട്ടു.

ജനിച്ചപ്പോള്‍ മുതല്‍ നിങ്ങളുടെ മാതാപിതാക്കളും സമൂഹവും "ദൈവമുണ്ട്, ദൈവമുണ്ട്" എന്നു പറഞ്ഞു പഠിപ്പിച്ചതുകൊണ്ടാണ് ദൈവമുണ്ട് എന്നു നിങ്ങള്‍ വിശ്വസിക്കുന്നത്.

ജനിച്ചപ്പോള്‍ മുതല്‍ നിങ്ങളുടെ മാതാപിതാക്കളും സമൂഹവും "ദൈവമുണ്ട്, ദൈവമുണ്ട്" എന്നു പറഞ്ഞു പഠിപ്പിച്ചതുകൊണ്ടാണ് ദൈവമുണ്ട് എന്നു നിങ്ങള്‍ വിശ്വസിക്കുന്നത്. നിങ്ങളുടെ കുടുംബത്തിലുള്ളവര്‍ ഏതു ദൈവത്തിന്‍റെ നാമം ഉച്ചരിക്കുന്നുവോ ആ ദൈവത്തെ മാത്രമേ നിങ്ങള്‍ക്കും വണങ്ങാനാവൂ. നിങ്ങള്‍ക്കു പരിചയമുള്ള, കസവു വസ്ത്രങ്ങളണിഞ്ഞ, ആഭരണങ്ങളണിഞ്ഞ, ദൈവമാണല്ലോ അനുഗ്രഹം തരുന്നത്! കലണ്ടറുകളില്‍ പ്രിന്‍റ് ചെയ്യപ്പെട്ട രൂപങ്ങളില്‍ അല്ലാതെ ജീന്‍സും ജൂബായുമണിഞ്ഞ് പ്രത്യക്ഷപ്പെട്ടാല്‍ അതു ദൈവമാണെന്നു നിങ്ങള്‍ സമ്മതിക്കുമോ?

ആനകളുടെ ലോകത്തില്‍ ചെന്ന്, ദൈവം എങ്ങനെ ഇരിക്കുംڈ എന്നു ചോദിച്ചാല്‍ ''ഞങ്ങളെക്കാളും വലിയ രൂപത്തില്‍ നാലു തുമ്പിക്കൈകളുമായി കാണപ്പെടുന്നതാണ് ദൈവം" എന്നു പറയും. ഉറുമ്പുകളോട് ചോദിച്ചാല്‍ 'ആറിഞ്ച് നീളമുള്ള വലിയ രൂപമായ ഉറുമ്പാണ് ദൈവം" എന്നു പറയും. ഈ പ്രപഞ്ചത്തില്‍ മനുഷ്യനേക്കാളും പരിണാമ വളര്‍ച്ചയുള്ള മറ്റൊരു ജീവി വര്‍ഗ്ഗം എവിടെയെങ്കിലും കാണുമായിരിക്കാം. നമ്മുടെ ദൈവത്തിന്‍റെ രൂപം അവര്‍ക്ക് കാണിച്ചുകൊടുത്താല്‍ "ഛെ! ഛെ! കേവലം മനുഷ്യ രൂപത്തിലാണോ ദൈവം കാണപ്പെടുക! ദൈവം ഞങ്ങളെപ്പോലെയാണു കാണപ്പെടുക!" എന്നു പറഞ്ഞു ചിരിക്കാനിടയുണ്ട്.

സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാനറിയാതെ പലരും അന്യന്‍റെ പ്രശ്ന പരിഹാരത്തിനായി ഇറങ്ങിത്തിരിക്കാറുണ്ട്. ദൈവത്തെപ്പറ്റി നിങ്ങള്‍ക്കു നേരിട്ടുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ട് മറ്റുള്ളവര്‍ പറയുന്നതിനെ നിങ്ങള്‍ സമ്മതിച്ചു വിശ്വസിക്കുന്നു. ക്ഷേത്രത്തിലേക്ക് എന്തിനാണു പോകുന്നത്? ദൈവത്തെ അറിയാനാണോ? "അതു തരൂ, ഇതു തരൂ, സംരക്ഷിക്കൂ" എന്നൊക്കെ ചോദിക്കാന്‍ വേണ്ടിയല്ലേ? നിങ്ങളുടെ ദൈവവിശ്വാസം മിക്കവാറും അത്യാഗ്രഹം അല്ലെങ്കില്‍ ഭയം എന്നിവയെ അടിസ്ഥാനപ്പെടുത്തിയതായിരിക്കുമല്ലോ. നിങ്ങളുടെ വീട്ടില്‍ ഡസന്‍ കണക്കിന് ദൈവത്തിന്‍റെ ചിത്രങ്ങള്‍ വച്ചിട്ടുണ്ടാകുമല്ലോ അതുകൊണ്ട് ജീവിതത്തില്‍ നിങ്ങള്‍ക്കുള്ള ഭയം മാറിപ്പോയോ? ദൈവങ്ങളെയും ചേര്‍ത്തല്ലേ വീട്ടിനുള്ളില്‍ വച്ചു പൂട്ടിയിട്ട് പോകേണ്ടി വരുന്നത്! ദൈവം സ്നേഹ സ്വരൂപനാണ് എങ്കില്‍ ദൈവത്തിനോട് ഭക്തി ഉണ്ടായാല്‍ മതിയല്ലോ, ഭയം എന്തിനാണ്?

ദൈവത്തെപ്പറ്റി അറിയാത്തവരാണ് ഇന്ന് ഭക്തിയെപ്പറ്റി കൂടുതല്‍ സംസാരിക്കുന്നത്.

ദൈവത്തെപ്പറ്റി അറിയാത്തവരാണ് ഇന്ന് ഭക്തിയെപ്പറ്റി കൂടുതല്‍ സംസാരിക്കുന്നത്. അങ്ങനെയെങ്കില്‍ ദൈവം എന്നത് ഒരു സാങ്കല്‍പിക കഥാപാത്രമാണോ. ദൈവത്തെപ്പറ്റി നാം ചിന്തിക്കേണ്ടതില്ലേ? ഒരു ചെറിയ വിത്ത് ഭൂമിയില്‍ വീണു വന്‍ വൃക്ഷമായി വളരുന്നു. അതെങ്ങനെയാണ്? ഈ വിത്തില്‍ ഇങ്ങനെയുള്ള വൃക്ഷമേ വളരുകയുള്ളൂ. ഇങ്ങനെയുള്ള പൂക്കളേ പുഷ്പിക്കുകയുള്ളൂ എന്നു പറയപ്പെട്ടിട്ടുണ്ടല്ലോ, ഈ നിയമങ്ങളെ ആരാണ് നിര്‍മ്മിച്ചത്? നിങ്ങളേക്കാളും മുകളിലുള്ള ശക്തിയെ ദൈവം എന്നു പറയാതെ വേറെന്താണ് പറയേണ്ടത്? അങ്ങനെ, നാം തുടങ്ങിയ സ്ഥലത്തുതന്നെ വന്നു ചേര്‍ന്നിരിക്കുകയാണ്. ദൈവം ഉണ്ടോ? ഇല്ലയോ? ഇതു മനസ്സിലാക്കണം എന്നുള്ള ആഗ്രഹം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ ആരോടു ചോദിച്ചു മനസ്സിലാക്കും?

"എന്തുകൊണ്ടാണ് ചില ക്ഷേത്രങ്ങളില്‍ മാത്രം തിരക്കുണ്ടാകുന്നതും, ചില ക്ഷേത്രങ്ങളില്‍ ദീപം തെളിയിക്കാന്‍പോലും ആളില്ലാതാകുന്നതും?
നിങ്ങള്‍ ദൈവത്തെ അറിയാന്‍ വേണ്ടിയല്ല ക്ഷേത്രത്തിലേക്കു പോകുന്നത്. നിങ്ങളുടെ അത്യാഗ്രഹത്തിന് കൂട്ടുനില്‍ക്കുമെന്നു വിശ്വസിച്ചാണ് അവിടെ പോകുന്നത്. അതുകൊണ്ട് ദൈവം എന്ന സാധനത്തെ ഏതു ക്ഷേത്രത്തിലാണ് നന്നായിട്ടു വില്പനയ്ക്കു വച്ചിരിക്കുന്നത് എന്നു നോക്കി ആ ക്ഷേത്രത്തിലേക്ക് ജനങ്ങള്‍ കൂട്ടത്തോടെ പോകുന്നു.

"ഈ ക്ഷേത്രത്തിലേക്കു പോയി പത്തു രൂപ കാണിക്ക വയ്ക്കുക. ഇരുപതു രൂപ നമുക്കു കിട്ടും. ആ ദൈവത്തോട് പത്തു ശതമാനം ലാഭ വീതം തരാമെന്നു പറയുക. പല മടങ്ങ് ലാഭം നിനക്കു കിട്ടും." എന്നു ശുപാര്‍ശ ചെയ്യപ്പെടുന്ന അമ്പലത്തിലാണല്ലോ മണിക്കൂറുകള്‍ ക്യൂ പാലിച്ച് നിങ്ങള്‍ നില്‍ക്കുക! അങ്ങനെയൊക്കെ വിലയ്ക്കു വാങ്ങാന്‍ പറ്റുന്ന ആളാണോ ദൈവം? അങ്ങനെയെങ്കില്‍ 20 ശതമാനം ലാഭവീതം തരാന്‍ മറ്റൊരാള്‍ തയ്യാറാണെങ്കില്‍ ദൈവം നിങ്ങള്‍ക്കു കൂട്ടു നില്‍ക്കില്ലല്ലോ! ശരി. നിങ്ങളുടെ ആവശ്യങ്ങളെ സാധിപ്പിച്ചു തരാന്‍ വേണ്ടിയാണ് നിങ്ങള്‍ ക്ഷേത്രത്തിലേക്ക് പോകുന്നത്. പക്ഷേ അതില്‍ ആത്മാര്‍ത്ഥതയോടു കൂടെ ഇരിക്കുക. ദൈവത്തോട് എന്തിനാണു വില പേശുന്നത്?