ജീവിതത്തിലെ ചില സന്ദർഭങ്ങളിൽ നാം തികച്ചും നിസ്സഹായരായി തീരുന്നതു കാണാം. മറ്റു ചില സന്ദർഭങ്ങൾ കാര്യകാരണ ഫലങ്ങൾക്കനുസൃതമായിരിക്കും. നമുക്ക് നന്നായി പ്രവർത്തിക്കുവാൻ കഴിയുന്ന സന്ദർഭങ്ങൾ നാം ശരിയായി വിനിയോഗിച്ചാൽ മാത്രമേ ഇത്തരം അനന്തരഫലമായുള്ള സന്ദർഭങ്ങൾ ഗുണകരമാകുകയുള്ളു. സാധന, അഥവാ നമ്മുടെ ജീവിതത്തിലെ പ്രാവര്‍ത്തികമായ ഭാഗം നാം ശരിയായി കൈകാര്യം ചെയ്തെങ്കിൽ മാത്രമേ നമ്മുടെ ജീവിതം അര്‍ത്ഥവത്താകുകയുള്ളു. ഈ ലോകത്തു നമ്മുടെ കാല്‍പ്പാടുകള്‍ പതിപ്പിക്കുവാൻ വേണ്ടി ശ്രമിക്കണമെന്നല്ല ഇതിനർത്ഥം. ലോകത്തിൽ തന്‍റെ കാൽപാടുകൾ പതിപ്പിക്കുവാൻ ശ്രമിച്ച് വിജയിച്ച ആരെങ്കിലുമുണ്ടെങ്കിൽ അതിനർത്ഥം അവർക്ക് ഇവിടം വിട്ടു ഉയരുവാന്‍ സാധിച്ചില്ല എന്നതാണ്. കാൽപാടുകൾ പതിപ്പിക്കുന്നതല്ല പ്രധാനമായിട്ടുള്ളത്.

ഞാൻ പോകുന്ന സ്ഥലങ്ങളിലെല്ലാം ആളുകൾ എന്നോട് ചോദിക്കും, "സദ്ഗുരോ, ഇവിടെ ഒരു യോഗ കേന്ദ്രം സ്ഥാപിക്കാമോ?" ഞാൻ അവരോട് പറയുന്നത് ഇതാണ്, "ഞാൻ ഭൂമിയിൽ ക്രയ വിക്രയം നടത്തുന്ന (റിയൽ എസ്റ്റേറ്റ് )ഒരു ആളല്ല. ഞാൻ കൈകാര്യം ചെയ്യുന്ന സ്ഥാവര ജംഗമങ്ങൾ മനുഷ്യരുടെ മനസ്സും ഹൃദയവുമാണ്. നിങ്ങളിൽ ഓരോരുത്തരുടെയും മനസ്സിലും, ശരീരത്തിലും ഹൃദയത്തിലുമാണ് യോഗയുടെ കേന്ദ്രങ്ങൾ സ്ഥാപിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നത്." ഈശാ യോഗ കേന്ദ്രങ്ങൾ അങ്ങിനെയാണ് ലോകത്താകമാനം വ്യാപിക്കുന്നത് - മനുഷ്യരുടെ മനസ്സിലും ഹൃദയത്തിലുമാണ് അവ അവളരുന്നത്. ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളല്ല, മനുഷ്യ മനസ്സുകളാണ് യോഗയുടെ കേന്ദ്രങ്ങളാകേണ്ടത്. ഈ സന്ദർഭത്തിൽ ഈ മാസം പ്രധാനപെട്ടതാണ് ; ഈ സമയത്ത്, പ്രത്യേകിച്ചും വടക്കൻ അർദ്ധഗോളത്തിൽ ആലസ്യം ബാധിക്കുന്ന സമയമാണ് - പ്രകൃതിയിലും, ഊർജത്തിന്‍റെ പ്രവർത്തനത്തിലും.

നിങ്ങളുടെ പ്രവൃത്തികൾ ഈ ശാന്തതയുടെ പ്രകാശനമായിരിക്കും; അല്ലാതെ നിര്‍ബന്ധിക്കപ്പെടുന്നതിന്‍റേതാകില്ല. നിങ്ങൾ ചെയ്യുന്നതെല്ലാം ഈ ശാന്തതയിൽ നിന്നും ഉടലെടുക്കുന്നവയായിരിക്കും.

ഈ കാലം ശിവനെ സംബന്ധിച്ചേടത്തോളം പ്രധാനപെട്ടതാണ്. അദ്ദേഹം തന്‍റെ നടനം മൂലം അറിയപെടുന്നതിനേക്കാൾ ഉപരിയായി തന്‍റെ നിശ്ചലതയിലൂടെ അറിയപെടുന്നവനാണ്. ആ നിശ്ചലതയെ അനുകൂലമായി ബാധിക്കുന്ന കാലമാണിത്. തികച്ചും നിശ്ചലമായിരിക്കുവാൻ പഠിച്ചെങ്കിൽ മാത്രമേ നമ്മുടെ ജീവിതത്തിൽ പൂർണത കൈവരിക്കുവാൻ സാധിക്കുകയുള്ളു. അതല്ലെങ്കിൽ നിങ്ങൾ നൃത്തം ചെയ്യും, ഗാനം ആലപിക്കും ഇതെല്ലാം നല്ലതാണ് - പക്ഷെ എത്ര കാലം? എല്ലാ പ്രവൃത്തികളും കാലത്താൽ നിയന്ത്രിതമാണ്. നിശ്ചലതയിൽ മാത്രമേ സമയത്തിനു നിങ്ങളെ സ്വാധീനിക്കുവാൻ സാധിക്കാതിരിക്കുകയുള്ളു. ഇതിന്‍റെ കാരണം പല തരത്തിൽ അന്വേഷിക്കപ്പെടാവുന്നതാണ്. ശിവ എന്ന വാക്കിന്‍റെ അർഥം ' ഇല്ലാത്തത് ' എന്നാണ്. ; അതായത് എന്നെന്നും അനങ്ങാതിരിക്കുന്നത് -സദാശിവം. തുടക്കത്തിൽ ഒരു സ്ഥലത്തു നിന്നും വേറൊരു സ്ഥലത്തേക്ക് മാറാതെ ഇരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഈ നിശ്ചലത കൈവരിക്കാം. പിന്നീട് നിങ്ങൾ പല പ്രവൃത്തികൾ ചെയ്തുകൊണ്ടിരിക്കുമ്പോഴും ഈ ശാന്തത കൈവരിക്കുവാൻ സാധിക്കും. നിങ്ങളുടെ പ്രവൃത്തികൾ ഈ ശാന്തതയുടെ പ്രകാശനമായിരിക്കും; അല്ലാതെ നിര്‍ബന്ധിക്കപ്പെടുന്നതിന്‍റേതാകില്ല. നിങ്ങൾ ചെയ്യുന്നതെല്ലാം ഈ ശാന്തതയിൽ നിന്നും ഉടലെടുക്കുന്നവയായിരിക്കും.

ഈ ശാന്തത നിങ്ങൾ എല്ലായിടത്തും കൊണ്ടുവരണം - നിങ്ങളുടെ കുടുംബത്തിലും വീട്ടിലും. ശാന്തതയുടെ ഇടങ്ങളിൽ വളരുന്ന ഓരോന്നും, നിങ്ങളുടെ കുട്ടികളടക്കം, ഒരു പ്രത്യേക ഗുണം ഉള്ളതായിരിക്കും. ശാന്തതയും ആവേശവും ജീവിതത്തിന്‍റെ സ്വഭാവമാണ്. ഇതാണ് യോഗയുടെ സ്വഭാവം, സൃഷ്ടിയുടെ സ്വഭാവം, നമ്മൾ ശിവൻ എന്ന് പറയുന്ന ശക്തിയുടെ സ്വഭാവം - അനങ്ങാതെ ഇരിക്കുമ്പോഴും അത്യന്തം ചലനാത്മകം. ഒരു തരത്തിൽ പറഞ്ഞാൽ, ആധുനിക ശാസ്ത്രവും ഈ തത്വത്തെ മനസ്സിലാക്കി വരുകയാണ് - സൃഷ്ടിയുടെ ഏറ്റവും ഊർജ്ജിതമായ അവസ്ഥ ശൂന്യതയാണ് എന്ന്. ഓരോ മനുഷ്യനും ഇതു പോലെ ആകുവാൻ സാധ്യമാണ്. നിങ്ങൾ എവിടെയെങ്കിലും ഇരുന്നതിനു ശേഷം, ആ സ്ഥലം ഉദാത്തമായ ഒരു നിശ്ചലത പ്രദർശിപ്പിക്കും.

വര്‍ഷങ്ങള്‍ക്കു മുൻപ് ഞാൻ തമിഴ് നാട്ടിലെ ചെറിയ പട്ടണങ്ങളിലും, ഗ്രാമങ്ങളിലും ക്രിയകൾ പഠിപ്പിക്കുകയായിരുന്നു. ആ കാലം വളരെ സന്തോഷപ്രദമായിരുന്നു. ഞാൻ കണ്ട് മുട്ടിയ ആളുകൾ ഉയർന്ന അളവിൽ നിഷ്കളങ്കതയും അതെ സമയം ഊർജ്ജസ്വലതയും ഉള്ളവരായിരുന്നു. ഞങ്ങൾ വേലായുധപാളയം എന്ന സ്ഥലത്തെത്തി. "അങ്ങ് കുന്നിൽ മുകളിലെ ക്ഷേത്രത്തിൽ വരണം", അവിടത്തെ ആളുകൾ എന്നോട് അഭ്യർത്ഥിച്ചു. ഞാൻ മറുപടി പറഞ്ഞു, "തമിഴ് നാട്ടിൽ തല മൊട്ടയായ ഒരു കുന്നു പോലും ഇല്ല; എല്ലായിടത്തും ക്ഷേത്രങ്ങളുണ്ടായിരിക്കും, അതു നമുക്കു വിട്ടു കളയാം." പിന്നീട് ഒരു ദിവസം ഒരു ഗുഹയെ പറ്റി പറഞ്ഞു; 2500 വര്‍ഷങ്ങള്‍ക്കു മുൻപ് ജൈന സന്യാസിമാർ താമസിച്ചിരുന്ന ഗുഹകളാണ് അവ എന്നാണ് അവർ എന്നോട് പറഞ്ഞത്. ഇത് കേട്ടപ്പോൾ എനിക്കു ജിജ്ഞാസ ഉണ്ടായി. അവർ പറഞ്ഞ കാല ഘട്ടം അനുസരിച്ച് ആ സന്യാസിമാർ മഹാവീരന്‍റെ നേരിട്ടുള്ള അനുയായികളായിരിക്കണം.

ഞങ്ങൾ ഒരു കുന്നു കയറി. അവിടെ നിന്നും ഗുഹയിലേക്കുള്ള ഒരു നീണ്ട പാത കണ്ടു. അന്നത്തെ അവിടത്തെ രാജാവ് അവർക്കു കിടക്കാനുള്ള കട്ടിലും തലയിണയും കൊടുത്തിരുന്നു - പാറയിൽ നിന്നും കൊത്തിയെടുത്ത കട്ടിലും, പാറ കൊണ്ടുള്ള ഒരു തലയിണയും. അതിൽ ഒരു കട്ടിലിൽ ഞാൻ ഇരുന്നു. ഇത്രയും നൂറ്റാണ്ടുകൾക്കു ശേഷവും, തലേ ദിവസം പോലും അവർ അവിടെ ഉണ്ടായിരുന്നു എന്ന് തോന്നിക്കത്തക്ക വിധത്തിൽ ആ പാറകൾ സജീവമായി തോന്നി. ആ പ്രദേശം വൃത്തിയായി സൂക്ഷിച്ചിരുന്നതല്ല - അവിടത്തെ ചെറുപ്പക്കാർ കുടിക്കുവാനായി അവിടെ ഒത്തു കൂടാറുണ്ടായിരുന്നു നിലത്തു കുപ്പികളും ചപ്പു ചവറുകളും നിറഞ്ഞു കിടന്നിരുന്നു. ചുമരുകളിൽ സ്നേഹിക്കുന്നവരുടെ പേരുകൾ എഴുതി വെച്ചിട്ടുണ്ടായിരുന്നു. ഞങ്ങൾ ആ സ്ഥലം വൃത്തിയാക്കി അന്ന് രാത്രി അവിടെ കഴിച്ചു കൂട്ടുവാൻ തീരുമാനിച്ചു. അത്ഭുതാവഹമായ ഒരു രാത്രിയാണ് അവിടം ഞങ്ങൾക്ക് നൽകിയത് - അത്തരമുള്ള കാൽപാടുകളാണ് അവർ അവിടെ അവശേഷിപ്പിച്ചിരുന്നത്. അവർക്ക് അങ്ങനെ കാൽപാടുകൾ ഉണ്ടാക്കിയിട്ട് പോകണം എന്ന ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല; എന്നിട്ടും അവർ നിൽക്കുകയും ഇരിക്കുകയും ചെയ്ത സ്ഥലങ്ങളിലെല്ലാം അത് സ്വാഭാവികമായി സംഭവിച്ചു - എന്തെന്നാൽ അവർ ആന്തരികമായി അത്തരത്തിൽ ഉള്ളവരായിരുന്നു.

ഇതാണ് യഥാർത്ഥ ഭാരതം. എത്രെയോ കാലങ്ങളായിട്ടു ലോകം അതിന്‍റെ ആന്തരീക തൃഷ്ണ ശമിപ്പിക്കുവാനായിട്ടു കിഴക്കോട്ടാണ് നോക്കിയിരുന്നത് ; കാരണം അവിടെ അനേകം വലിയ മനുഷ്യർ തങ്ങളുടെ ഊർജ്ജത്തിന്‍റെ ഒരു ശൃംഖല സൃഷ്ടിച്ചിരുന്നു ഇത്രയും മഹത്തായ ഒരു സൃഷ്ടിക്കുവേണ്ടി അനേകായിരം വർഷങ്ങളും, ആഴവും പരപ്പുമുള്ള മഹാ വ്യക്തിത്വങ്ങളും ആവശ്യമായി വന്നു. അദ്ഭുതകരമായ ഒരു വസ്തു, അത് ഒരു ഇടമാകട്ടെ, ഒരു മനുഷ്യനാകട്ടെ, സൃഷ്ടിക്കപെടുവാൻ ഒരുപാട് പ്രയത്നം ആവശ്യമാണ്. അതിനെ മലിനമാക്കാൻ ഒരു ദിവസം മതി. ഇതു ദക്ഷിണായനത്തിന്‍റെ അവസാന ഭാഗമാണ്. അതായത് സാധനാ പാദത്തിന്‍റെ അവസാന ഭാഗം. ഗുണം കാംക്ഷിക്കാതെ പ്രയത്നിക്കാനുള്ള സമയമാണിത്. നമ്മുടെ ജീവിതത്തിന്‍റെ ഒരു തലം ഉദ്യമങ്ങൾക്കുള്ളതാണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കും. - മറ്റൊരു തലം അതിന്‍റെ ഫലമാണ്. നല്ലൊരു ഫലം കാംക്ഷിക്കുന്നവർ നല്ലതുപോലെ പ്രയത്നിക്കണം.

ഈ പ്രപഞ്ചം മുഴുവനും ഒരു യന്ത്രമാണെന്നു നിങ്ങൾ മനസ്സിലാക്കിയാൽ, നിങ്ങളും ഒരു യന്ത്രമാണെന്നു മനസ്സിലാക്കുവാൻ സാധിക്കും. ഒരു യന്ത്രം നന്നായി പ്രവർത്തിക്കുന്നത് അത് എപ്രകാരം സംരക്ഷിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

എന്നാൽ ഇതിൽ പ്രധാനപ്പെട്ട കാര്യം നമ്മൾ ചെയ്യുന്ന പ്രവൃത്തിക്ക് ഫലം കിട്ടുക എന്നതല്ല. നാം സൃഷ്ടി എന്ന് വിളിക്കുന്ന ഈ യന്ത്രത്തിന്‍റെ സ്വഭാവമാണ്. ഞാൻ സൃഷ്ടിയെ ഒരു യന്ത്രം എന്ന് വിളിക്കുന്നതിന്‌ കാരണമുണ്ട് - അത് യാതൊരു വീട്ടു വീഴ്ചയുമില്ലാതെ സൃഷ്ടിച്ചുകൊണ്ടിരിക്കും. സൗരയൂഥവും ഒരു യന്ത്രമാണ്. വളരെ കൃത്യമായിട്ട് അത് പ്രവർത്തിച്ചു തുടങ്ങിയിട്ട് അനേകായിരം കൊല്ലങ്ങളായി. അതിനാൽ അത് ഒരു യന്ത്രമാണ് എന്ന കാര്യം തന്നെ നിങ്ങൾ മറന്നു പോയിരിക്കും. സൂര്യൻ എല്ലാ ദിവസവും ഉദിക്കുന്നതുകൊണ്ട് ഒരു ദിവസം ഉദിക്കുന്നുണ്ടോ എന്ന് പ്രത്യേകം നോക്കേണ്ടതില്ല. ഞാൻ ഇപ്പോഴും നോക്കും എന്തെന്നാൽ ഞാൻ എല്ലാ കാര്യങ്ങളിലും സംശയാലുവാണ്. നിങ്ങളും അതുപോലെ പുറത്തേക്കു നോക്കണം. നിങ്ങൾ ഒരു പ്രത്യേക തലം വരെ നിങ്ങള്‍ക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ വീക്ഷിക്കുവാൻ തയാറാണെങ്കിൽ നിങ്ങൾ ബാഹ്യമായും,ആന്തരീകമായും കൂടുതൽ ശ്രദ്ധാലുക്കളായി തീരും. ഈ പ്രപഞ്ചം മുഴുവനും ഒരു യന്ത്രമാണെന്നു നിങ്ങൾ മനസ്സിലാക്കിയാൽ, നിങ്ങളും ഒരു യന്ത്രമാണെന്നു മനസ്സിലാക്കുവാൻ സാധിക്കും. ഒരു യന്ത്രം നന്നായി പ്രവർത്തിക്കുന്നത് അത് എപ്രകാരം സംരക്ഷിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

നന്നായി പരിപാലിക്കുക എന്നാൽ ശാരീരികമായി പരിപാലിക്കുക എന്ന് മാത്രമല്ല അർത്ഥമാക്കുന്നത് - അത് ഒരു ഭാഗം മാത്രമേ ആകുന്നുള്ളു. ഉയർന്ന നിലയിൽ പ്രവർത്തിക്കുവാൻ തക്കവണ്ണം പരിപാലിക്കുക എന്നാൽ അതിനു പരിണാമം കൂടി ആവശ്യമാണ്. പരിണാമം എന്നാൽ എന്താണ് ? പുരാതനകാലത്തെ അവശിഷ്ടങ്ങൾ കണ്ടെടുക്കുവാനുള്ള ഖനന സ്ഥലങ്ങളിൽ പുരാവസ്തു ഗവേഷകർ മൺപാത്രങ്ങളുടെ കഷ്ണങ്ങൾക്കായി തിരയാറുണ്ട്. മനുഷ്യൻ ആദ്യമായി ഭൂമികുഴിച്ച് മൺപാത്രം ഉണ്ടാക്കിയ സമയത്തെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കാം. ആദ്യമായിട്ട് അവർക്ക് ജലം സൂക്ഷിച്ചു വക്കുവാനും, വീട്ടിലേക്കു കോരി കൊണ്ട് പോകുവാനും ഉള്ള സൗകര്യം ലഭിച്ചു. അത് എത്ര അത്ഭുതകരമായിരുന്നിരിക്കണം. ! ഒരു സാധാരണ കുടം ജനങ്ങളുടെ ജീവിതം മാറ്റി മറിച്ചു. മാനവ സമൂഹത്തിന്‍റെ പുരോഗതിയിൽ അത് തീർച്ചയായും ഒരു നാഴിക കല്ലായിരുന്നിരിക്കണം. ഇന്ന് നാം അതെ ഭൂമി കുഴിച്ച് ഒരു ബഹിരാകാശ വാഹനം ആണ് ഉണ്ടാക്കുന്നത്. ഒരേ വിഭവം ഉപയോഗിച്ച് നമുക്ക് പല വസ്തുക്കൾ നിർമിക്കാം. ഇതാണ് നിർമാണ ശാസ്ത്രത്തിലെ (എൻജിനീയറിങ്) പരിണാമം. ഇതുപോലെ ഒരേ വിഭവം ഉപയോഗിച്ച് ഒരു മനുഷ്യനും പല കാര്യങ്ങൾ ചെയ്യാം.

സാധനയും യോഗയും, നമ്മുടെ മനുഷ്യ ജീവിതത്തെ എങ്ങിനെ ഇനിയും പുരോഗതിയിലേക്കു കൊണ്ട് പോകാം എന്നതിനെ സംബന്ധിച്ചുള്ളതാണ്. അതിനാലാണ് ഞാൻ നമ്മുടെ പ്രാഥമിക ക്രിയയെ ഇന്നർ എൻജിനീയറിങ് എന്ന് പറയുന്നത്. മനുഷ്യ ശരീരം ഒരു യന്ത്രമാണ്. ഒരു മനുഷ്യനെ ഉയർന്ന നിലയിൽ പ്രവർത്തിക്കുവാൻ വേണ്ടി സജ്ജമാക്കുക എന്നതാണ് ഇന്നർ എൻജിനീയറിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്കു സ്വയം ഒരു സ്രഷ്ടാവിന്‍റെ സ്ഥാനത്തേക്ക് എത്താവുന്ന വിധത്തിൽ നിങ്ങളെ തന്നെ വളർത്തിയെടുക്കാം. "ശിവ" എന്ന് നിങ്ങൾ മന്ത്രിക്കുമ്പോൾ മുകളിലേക്ക് നോക്കേണ്ട ആവശ്യമില്ല. "ശിവ" എന്ന് പറയുമ്പോൾ സ്വാഭാവികമായും നിങ്ങളുടെ കണ്ണുകൾ അടയും. എന്തുകൊണ്ടെന്നാൽ അത് ഇവിടെ, നിങ്ങളിൽ തന്നെയാണുള്ളത്. അതുവരെ പോകുവാൻ ഒരു മനുഷ്യന് കഴിയും.- സൃഷ്ടിക്കപ്പെട്ട ഒരു ജീവിയായി നിൽക്കുന്നതിൽ നിന്നും സൃഷ്ടിയുടെ ഉത്ഭവത്തിലേക്കു പോകുവാൻ കഴിയും. പക്ഷെ ഭക്തിയും സാധനയും ഇല്ലാതെ ഇതൊന്നും സാധ്യമല്ല.

ജീവിതത്തിൽ വിജയം കൈവരിച്ച ആളുകളെ നോക്കിയാൽ - അവർ ബിസിനസ്സ് ചെയ്യുന്നവരോ, പാട്ടുകാരോ, കലാകാരന്മാരോ, മറ്റേതെങ്കിലും നിലയിൽ വിജയം നേടിയവരോ ആകട്ടെ - അവർക്കു ഭാഗ്യം മാത്രമല്ല ഉണ്ടായിരുന്നത് എന്ന് മനസ്സിലാക്കാം. ഈ നേട്ടം കൈവരിക്കാൻ അവർ കഠിനമായി പ്രയത്നിച്ചിട്ടുണ്ട്. മറ്റുള്ളവരെല്ലാം ഉറങ്ങി കിടന്നപ്പോഴും അവർ പ്രയത്നിച്ചു കൊണ്ടിരുന്നു. മറ്റുള്ളവർ നിസ്സാരമായ സുഖങ്ങൾ കൊണ്ട് തൃപ്തരായപ്പോൾ അവർ പണിയെടുത്തുകൊണ്ടിരുന്നു. നിങ്ങൾ പണി എടുത്തിട്ടും ഫലം ലഭിക്കുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങൾ മാറേണ്ട സമയമായി. പരിണാമം എല്ലാ തലങ്ങളിലും സംഭവിക്കണം. മനുഷ്യനായി ഒരു നില വരെ പരിണമിച്ച ഒരാൾ പുറമെ പണി ചെയ്യുവാൻ ആരംഭിക്കണം. അത്രയും ആകാത്ത ആൾ ഉള്ളിൽ പണി തുടങ്ങണം. മറ്റുള്ളവർക്ക് ഇതൊരു മായാ ജാലമാണോ എന്ന് തോന്ന തക്ക വിധം ഈ യന്ത്രം പ്രവർത്തിപ്പിക്കണം.

ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് യന്ത്രത്തിന്‍റെ പരിണാമമാണ്. ബ്രഹത്തായ യന്ത്രത്തിന്‍റെ ചക്രത്തിലെ ഒരു പല്ലായി നിൽക്കുന്നതിനു പകരം ആ യന്ത്രം തന്നെ ആകുവാൻ പാകത്തിൾ പരിണാമം സാധ്യമാക്കണം. നാം ശിവ എന്ന് പറയുന്നത് ഈ യന്ത്രത്തിന്‍റെ ഒരു ഭാഗമല്ല. ആ യന്ത്രത്തിന്‍റെ ഉത്ഭവ സ്ഥാനം തന്നെയാണ്. ജീവിതത്തിന്‍റെ തന്നെ ഉത്ഭവ സ്ഥാനമാണ്. ഈ പരിണാമത്തിനായിട്ടാണ്‌ ഒരു യോഗി ശ്രമിക്കുന്നത്. ആ യന്ത്രത്തിന്‍റെ കൂടുതൽ തിളക്കമുള്ള ഒരു ഭാഗമാകുവാനല്ല, കൂടുതൽ ആഴത്തിലേക്കിറങ്ങി ചെന്ന് ഒരു നാൾ അതിന്‍റെ പ്രഭവ സ്ഥാനം തന്നെ ആകുവാനാണ് ശ്രമിക്കുന്നത്. ഭൂമിയിലെ ഈ നിശ്ചലത നല്ലതാണ് - നിങ്ങൾക്കും ആയാസരഹിതമായി നിശ്ചലത നേടുവാൻ സാധിക്കും.

നിങ്ങളുടെ ജീവിതത്തിൽ ശാന്തത നേടുവാനുള്ള സമയമാണിത്. ഇന്ന് മുതൽ ഡിസമ്പർ ഇരുപത്തി ഒന്നിലെ അയനാന്തം (സോളിസ്റ്റിസ് ) വരെ ഇപ്പോൾ പറയുന്നതിന്‍റെ പകുതി മാത്രം വാക്കുകൾ ഓരോ ദിവസവും പറയുവാൻ ശ്രദ്ധിക്കണം. അതാണ് വാക്ശുദ്ധി. ഇതിനാൽ സംസാരത്തിൽ നിര്‍മ്മലത നേടും. ഇത് മറ്റാർക്കും വേണ്ടി ചെയ്യുന്നതല്ല. നിങ്ങളുടെ വായിൽ നിന്നും എന്താണ് വരുന്നത് എന്നുള്ളത് നിങ്ങള്‍ക്കു തന്നെ പ്രധാനപെട്ടതാണ്. ഇത് ഒരു ബഹിർഗമന പരിശോധന (എമിഷൻ ടെസ്റ്റ്) പോലെയാണ്. സാധാരണ ചെയ്യുന്ന പ്രവൃത്തികൾ അമ്പതു ശതമാനം കുറവ് വാക്കുകൾ കൊണ്ട് തന്നെ ചെയ്യാമെങ്കിൽ, ശാന്തത ലഭിക്കുന്നത് നിങ്ങള്‍ക്ക് അനുഭവപ്പെടും. ഇതു ബോധപൂർവമായ നിശബ്ദതയാണ്. പൂർണമായി നിശ്ശബ്ദനാകുന്നതിനു വേറെ മാർഗമാണ് - അത് ശരിയായ സാധനയോട് കൂടി ചെയ്യണം. വാക്കുകൾ ഉച്ചരിക്കാതിരിക്കുകയും, ഒന്നും പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് നിശ്ശബ്ദതയിലേക്കു നയിക്കുകയില്ല. എന്തെന്നാൽ സാധാരണ നിലയിൽ പുറത്തു വരേണ്ട ശബ്ദങ്ങൾ നിങ്ങളുടെ ശിരസ്സിലേക്കു കയറും. ഇത് നിങ്ങൾ അനുഭവത്തിൽ നിന്നും മനസ്സിലാക്കിയിട്ടുണ്ടായിരിക്കും.

നിങ്ങള്‍ക്കു പറയുവാനുള്ളത് സാധാരണ ഉപയോഗിക്കുന്നതിൽ നിന്നും അമ്പതു ശതമാനം കുറവ് വാക്കുകൾ മാത്രം ഉപയോഗിച്ച് പറയുവാൻ സാധിക്കുന്ന തരത്തിൽ വാചകങ്ങൾ ക്രമീകരിക്കുക. ഇത് ഈ മാസം തന്നെ നിങ്ങൾ ചെയ്യണം. വാക്കുകൾ പകുതിയാക്കുക പക്ഷെ പ്രവൃത്തി കുറക്കാതിരിക്കുക.