सद्गुरु

"മഹാന്മാരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ഇടയ്ക്കിടെ നിര്‍വാണം എന്ന വാക്ക് വരുന്നു. ഒരു വശ്യതയുള്ള വാക്കാണ് അതെങ്കിലും ജ്ഞാനികളുമായി ബന്ധപ്പെടുത്തി കാണാന്‍ ലജ്ജയാവുന്നു" എന്ന് ഒരാള്‍ എന്നോടു പറഞ്ഞു.

നിര്‍വാണം എന്നാല്‍ വിവസ്ത്രത എന്ന് തെറ്റിദ്ധരിച്ചതുകൊണ്ടുവന്ന കുഴപ്പമാണത്.
സമാധി അവസ്ഥയെ കുറിക്കുന്ന വാക്കാണത്. നിര്‍വാണം എന്നാല്‍ ഇല്ലാതിരിക്കുക. സമാധിനിലയില്‍ ഉള്ള ആളിനെ വിവരിക്കാന്‍ ഏറ്റവും അനുയോജ്യമായ വാക്കാണ് നിര്‍വാണം. ഓരോ ആത്മീയ അന്വേഷണത്തിന്‍റെയും ലക്ഷ്യം നിര്‍വാണമാണ്.

സമാധി എന്നാല്‍?

സമാ എന്നാല്‍ സ്വസ്ഥത, ശാന്തത, വേര്‍തിരിവു ചിന്തകളില്ലാത്ത അവസ്ഥ, എന്നൊക്കെ നിര്‍വചിക്കാം.
ധി എന്നാല്‍ ബുദ്ധി.

നിങ്ങള്‍ ഒരു കല്ല് ഉടയ്ക്കാന്‍ ആഗ്രഹിക്കുന്നു. ആ നേരത്ത് ഇതു കല്ലാണ്, ഇതു കൈയാണ് എന്നു വേര്‍തിരിച്ച് അറിയാതെ വന്നാല്‍ നിങ്ങളുടെ വിരലുകള്‍ തന്നെ മുറിഞ്ഞുപോവാന്‍ ഇടയുണ്ട്.
മനോരോഗികള്‍ ഭക്ഷണം എടുത്ത് വായിലേക്കു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വായ് ഏത്? കൈ ഏത്? ഭക്ഷണമേത് എന്നെല്ലാം തിരിച്ചറിയാനുള്ള ശേഷി അവര്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നതുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നത്.

എല്ലാം ഒന്നുതന്നെ എന്ന് വെറുംവാക്കാല്‍ പറയുന്നതുകൊണ്ട് മതിയാകാതെ അനുഭവപൂര്‍ണ്ണമായി അറിയാന്‍ ശ്രമിക്കുന്നതാണ് ആത്മീയ അന്വേഷണം.

അപ്പോള്‍ കാര്യങ്ങള്‍ വേര്‍തിരിച്ച് വ്യക്തമായി അറിയണമെങ്കില്‍ ബുദ്ധിവേണം.

പക്ഷെ മതങ്ങള്‍ പറയുന്നതെന്താണ്? അതു വേറെ, ഇതു വേറെ, എന്നല്ല;എല്ലാം ഒന്നുതന്നെ, അതാണ് ഈശ്വരന്‍ എന്നാണ്. ശാസ്ത്രവും ഇതേ അഭിപ്രായംതന്നെ തറപ്പിച്ചു പറയുന്നു.
എല്ലാം ഒന്നുതന്നെ എന്ന് വെറുംവാക്കാല്‍ പറയുന്നതുകൊണ്ട് മതിയാകാതെ അനുഭവപൂര്‍ണ്ണമായി അറിയാന്‍ ശ്രമിക്കുന്നതാണ് ആത്മീയ അന്വേഷണം.

ബുദ്ധിയുണ്ടെങ്കില്‍ എല്ലാം വേര്‍തിരിച്ചു കാണാനാകുന്നു. എന്നാല്‍ അതിന് കോട്ടം സംഭവിച്ചാല്‍ ഈ കഴിവു നഷ്ടപ്പെടും. എല്ലാം ഒന്നാണെന്നു തോന്നും. അങ്ങനെയെങ്കില്‍ ബുദ്ധിവൈകല്യമുള്ളവര്‍ ഈശ്വരനെ അറിഞ്ഞവരാണോ? അല്ല.

സ്വന്തം അനുഭവത്തിന്‍റെ മഹത്വം അറിയാനുള്ള കഴിവ് അവര്‍ക്ക് ഇല്ലതന്നെ.
അപ്പോള്‍ ഈ ശ്രേഷ്ഠമായ അവസ്ഥയിലെത്തണമെങ്കില്‍ ബുദ്ധിവേണോ? വേണ്ടയോ?
ആവശ്യത്തിനുള്ള ധിഷണാശക്തിയുണ്ടെങ്കിലും ഒരു ശക്തികൊണ്ട് വേര്‍തിരിച്ചറിയുന്ന അവസ്ഥയ്ക്കപ്പുറം എത്തി മഹത്തായ ഒരു അനുഭവത്തിനു പാത്രമാകുന്നതാണ് സമാധിനില.
ഈ അവസ്ഥ വാക്കുകള്‍കൊണ്ട് എത്രതന്നെ വിവരിച്ചാലും പൂര്‍ണ്ണമാവില്ല.
ചൈനയില്‍ ഒരു സെന്‍ ഗുരു ഉണ്ടായിരുന്നു അദ്ദേഹം ഒരു മികച്ച ചിത്രകാരനായിരുന്നു. ഇതറിഞ്ഞ ചക്രവര്‍ത്തി അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.

'താങ്കളുടെ ചിത്രം എന്‍റെ കൊട്ടാരത്തെ അലങ്കരിക്കണം" എന്ന് അപേക്ഷിച്ചു.
"എനിക്ക് പ്രത്യേകമായി ഒരു മുറി വേണം" എന്നായി ഗുരു.സകലസൗകര്യങ്ങളുമുള്ള ഒരു മുറി കൊട്ടാരത്തിനുള്ളില്‍ ഗുരുവിനുവേണ്ടിതയാറാക്കപ്പെട്ടു.
പിന്നീടുള്ള മാസങ്ങളില്‍ ചിത്രരചന എത്രയായി എന്നറിയാന്‍ ചക്രവര്‍ത്തി ഗുരുവിന്‍റെ മുറിയിലെത്തി.
ഗുരു ഒരുചെറിയ വരപോലും വരച്ചിരുന്നില്ല.

"മൂന്നു വര്‍ഷം എന്നെ ഉപദ്രവിക്കാതെ ഏകാന്തതയില്‍ വിടണം" എന്ന് ഗുരു പറഞ്ഞു.
മറ്റു പോംവഴിയില്ലാതെ ചക്രവര്‍ത്തി സമ്മതിച്ചു. മൂന്നു വര്‍ഷം തികയുന്ന ദിവസം എത്തി. ആകാംക്ഷയോടെ ഗുരുവിന്‍റെ മുറിയിലെത്തിയ ചക്രവര്‍ത്തിക്ക് നിരാശയായി. കാരണം ക്യാന്‍വാസില്‍ ഒരു വെറും പാതയുടെ ചിത്രമേ കാണാനുണ്ടായിരുന്നുള്ളൂ.

'പാതയെന്നാല്‍ അത് എവിടെയെങ്കിലും ചെന്നെത്തണ്ടേ. കൊട്ടാരത്തിലേക്കോ, ക്ഷേത്രത്തിലേക്കോ, പൂന്തോട്ടത്തിലേക്കോ ചെന്നെത്തുന്ന രീതിയില്‍ ഈ പാത അവസാനിച്ചിരുന്നെങ്കില്‍ എത്ര ഭംഗിയാവുമായിരുന്നു. ഈ പാത എവിടേക്കു നീളുന്നു എന്ന് മനസ്സിലാകുന്നില്ലല്ലോ' എന്നു ചക്രവര്‍ത്തി അക്ഷമയോടെ ചോദിച്ചു.
പുഞ്ചിരിച്ചുകൊണ്ട് ഗുരു ആ പാതയിലേറി മറഞ്ഞു. പിന്നെ തിരിച്ചെത്തിയില്ല.

ഇപ്രകാരം പ്രപഞ്ചവുമായി ഒരുമിച്ച് ജീവന്‍ സംഗമിക്കുന്നതാണ് സമാധി അവസ്ഥ. ജ്ഞാനവീഥിയില്‍ സഞ്ചരിക്കുന്ന ഓരോ വ്യക്തിയും ഈ അവസ്ഥയിലെത്തിച്ചേരാനാണ് കൊതിക്കുന്നത്. അതിപ്രാചീനിമായ ഒരു ഉദാഹരണം പറയാം. അന്തരീക്ഷത്തില്‍ തെന്നിനടക്കുന്ന നീര്‍ക്കുമിള കണ്ടിട്ടില്ലേ. ഒരു പ്രത്യേക രൂപത്തോടെ അന്തരീക്ഷത്തില്‍ പൊങ്ങിക്കിടക്കുന്ന നീര്‍ക്കുമിള പൊട്ടുമ്പോള്‍ അതിനുള്ളിലായിരുന്ന കാറ്റ് എവിടെപ്പോയി എന്ന് നിങ്ങളെക്കൊണ്ട് ചൂണ്ടിക്കാട്ടാന്‍ ആവുന്നില്ല.

ശരീരമെന്ന യന്ത്രത്തിനുള്ളില്‍ പൂട്ടിവച്ചിരിക്കുന്ന ജീവനും അപ്രകാരം തന്നെയാണ്. അതിനെ സ്വതന്ത്രമാക്കി സൃഷ്ടിയുമായി ഒരുമിപ്പിച്ച് ശ്രേഷ്ഠമായ അവസ്ഥയില്‍ എത്തുന്നതാണ് സമാധിനില.
ഇതിന് സാധനകള്‍ എന്തിന് ചെയ്യണം?

ശരീരത്തിന് ഒരുപോറല്‍പോലും ഉണ്ടാക്കാതെ വീട്ടിനുള്ളില്‍നിന്നും പുറത്തേക്ക് കാലെടുത്ത് വയ്ക്കുന്നതുപോലെ, നിശ്വാസവായുവിനോടൊപ്പം ജീവനും ശരീരത്തില്‍നിന്നും പുറപ്പെട്ട് ആ മഹത്തായ ഒന്നുമില്ലായ്മയുമായി സംഗമിക്കുന്നതാണ് സമാധി അവസ്ഥ.

കഴുത്ത് വെട്ടിയാല്‍പോരെ എന്ന് പെട്ടെന്ന് തോന്നും. ശരീരം ചിതറിയാല്‍ ജീവന്‍ വഹിക്കാനുള്ള കഴിവ് അതിന് നഷ്ടപ്പെടും എന്നല്ലാതെ അതു സമാധിയാവില്ല, ആത്മഹത്യയാണ്.
എങ്കില്‍ സമാധി നില എന്താണ്?

ശരീരത്തിന് ഒരുപോറല്‍പോലും ഉണ്ടാക്കാതെ വീട്ടിനുള്ളില്‍നിന്നും പുറത്തേക്ക് കാലെടുത്ത് വയ്ക്കുന്നതുപോലെ, നിശ്വാസവായുവിനോടൊപ്പം ജീവനും ശരീരത്തില്‍നിന്നും പുറപ്പെട്ട് ആ മഹത്തായ ഒന്നുമില്ലായ്മയുമായി സംഗമിക്കുന്നതാണ് സമാധി അവസ്ഥ. മഹാന്മാര്‍ ഇഷ്ടമുള്ളപ്പോഴൊക്കെ ഈ അവസ്ഥ സ്വയം സൃഷ്ടിക്കും. ചുരുക്കിപ്പറഞ്ഞാല്‍ മുക്തി, മോക്ഷം, നിര്‍വാണം തുടങ്ങിയവയെല്ലാം ഈ അവസ്ഥാവിശേഷത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന വശ്യവാക്കുകളാണ്.