ചോദ്യം: നമ്മുടെ ചിന്തകളെ എങ്ങനെ നിര്‍മ്മലമാക്കി വെക്കാം.

സദ്ഗുരു: ചിന്ത മലിനമാകുമെന്നു നിങ്ങളോട് ആരാണ് പറഞ്ഞത്? ചിന്ത ഒരു ചിന്ത മാത്രമാണ്. അത് നിര്‍മലവുമല്ല, മലിനവുമല്ല. നിങ്ങള്‍ അതുമായി താദാത്മ്യം പ്രാപിക്കുന്നതു കൊണ്ടാണ് അത് വാസ്തവികമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നത്. നിങ്ങളുടെ ഓരോ ചിന്തയ്ക്കും ആധാരം നിങ്ങള്‍ ശേഖരിച്ചിട്ടുള്ള വിവരങ്ങളാണ്, നിങ്ങളെ കീഴ്പ്പെടുത്തിയ സ്വാധീനങ്ങളാണ്; നിങ്ങളുടെ ഉള്ളില്‍ സംഭരിച്ചിട്ടുള്ള അറിവുകളാണ്. പുതിയ ചിന്തകളൊന്നും നിങ്ങളില്‍ ഉണ്ടാകുന്നില്ല. നിങ്ങള്‍ക്ക് മിശ്രണത്തിലൂടെ പുതിയ സംയോജനങ്ങളുണ്ടാക്കാം, പരിവര്‍ത്തനങ്ങളുണ്ടാക്കാം; പക്ഷെ പുതിയതായി ഒന്നും നിങ്ങളില്‍ നിന്നും കിളിര്‍ക്കില്ല; എന്തെന്നാല്‍ നിങ്ങള്‍ “എന്‍റെ മനസ്സ്” എന്നു പറയുന്നത് വാസ്തവത്തില്‍ നിങ്ങളുടെ മനസ്സല്ല.

നിങ്ങളുടെ മനസ്സ് സമൂഹത്തിന്‍റെ കുപ്പത്തൊട്ടിയാണ്‌. നിങ്ങള്‍ കണ്ടു മുട്ടുന്ന ഓരോരുത്തരും എന്തെങ്കിലും അസംബന്ധം നിങ്ങളുടെ തലയില്‍ നിക്ഷേപിച്ചിട്ടു പോകും. എന്ത് സ്വീകരിക്കണം, എന്ത് സ്വീകരിക്കേണ്ട എന്ന് നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കില്ല. “എനിക്ക് ഇയാളെ ഇഷ്ടമല്ല”, “അയാളില്‍ നിന്ന് എനിക്കൊന്നും വേണ്ട” എന്നെല്ലാം പറയാന്‍ കഴിയുമോ നിങ്ങള്‍ക്ക്? നിങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ലെങ്കില്‍, അയാള്‍ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളുടെ മനസ്സില്‍ നിക്ഷേപിച്ചിട്ട് പോകും. അത് കൊണ്ട്, നിങ്ങള്‍ “എന്‍റെ മനസ്സ്” എന്ന് പറയുന്നത് ഒരു ശേഖരണം മാത്രമാണ്.

പുതിയ ചിന്തകളൊന്നും നിങ്ങളില്‍ ഉണ്ടാകുന്നില്ല. നിങ്ങള്‍ക്ക് മിശ്രണത്തിലൂടെ പുതിയ സംയോജനങ്ങളുണ്ടാക്കാം, പരിവര്‍ത്തനങ്ങളുണ്ടാക്കാം; പക്ഷെ പുതിയതായി ഒന്നും നിങ്ങളില്‍ നിന്നും കിളിര്‍ക്കില്ല;

കുപ്പത്തൊട്ടി എന്ന് ഞാന്‍ പറയുമ്പോള്‍ അത് ഉപയോഗശൂന്യമാണെന്ന് അര്‍ത്ഥമില്ല. ഒരുദാഹരണം പറയാം. നിങ്ങളുടെ വീട്ടില്‍ ടെലിവിഷന്‍ ഇല്ലെങ്കില്‍ കുഴപ്പമൊന്നുമില്ല. ടെലിഫോണ്‍ ഇല്ലെങ്കിലും കുഴപ്പമൊന്നുമില്ല; പക്ഷേ , കുപ്പത്തൊട്ടി ഇല്ലാതെ പറ്റില്ല. നിങ്ങളുടെ വീടിന്‍റെ ഗുണം നിര്‍ണയിക്കുന്നത് കുപ്പത്തൊട്ടിയാണ്. എന്നു വെച്ച് വീട്ടിലെ ഏറ്റവും ഉപയോഗമുള്ള സാധനമാണല്ലോ എന്നു കരുതി ഇന്നു രാത്രി അതില്‍ കിടന്നുറങ്ങാമെന്നു വിചാരിച്ചാല്‍ അത് വെറും പ്രഹസനമാകയേ ഉള്ളൂ.

ഇപ്പോള്‍ ഇത്തരം ഒരവസ്ഥയിലാണ് നിങ്ങള്‍; ജീവിക്കുന്നതും ഉറങ്ങുന്നതും കുപ്പത്തൊട്ടിയിലാണ്; അത് വല്ലാത്തൊരു ബുദ്ധിമുട്ടല്ലേ? കുപ്പത്തൊട്ടി വേറെ എവിടെയെങ്കിലും വെച്ചിട്ട് ആവശ്യമുള്ളപ്പോള്‍ തുറന്ന് ഉപയോഗിക്കുകയും അല്ലാത്തപ്പോള്‍ അടച്ചു വെക്കുകയും ചെയ്താല്‍ അത് ഗംഭീര ഉപകരണമാകും. നിങ്ങള്‍ സദാ അതിനുള്ളില്‍ തന്നെ കുടുങ്ങിയിരിക്കുന്നതാണ് പ്രശ്നം.