सद्गुरु

ഓരോ ക്ലാസ്സു കഴിയുമ്പോഴും മുടങ്ങാതെ എന്നോടു ചോദിക്കുന്ന ചോദ്യമാണ് ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്നത്. ആദിമനുഷ്യന്‍ ഭയന്നാണ് ജീവിതം കഴിച്ചത്. ആകാശത്തു പെട്ടന്ന് പ്രത്യക്ഷപ്പെടുന്ന മിന്നല്‍ പിണരുകള്‍, ചെവിതുളക്കുന്ന ശബ്ദ ഘോഷങ്ങള്‍, വാനിന്‍റെ മാറുപിളര്‍ന്ന് പതിക്കുന്ന വര്‍ഷപാതം അതിരുകളില്ലാത്ത ആകാശം, എണ്ണിയാലൊടുങ്ങാത്ത നക്ഷത്രജാലം, കരകാണാക്കടലുകള്‍ ഇവയെല്ലാം. എങ്ങനെ?എന്ത്?എവിടെനിന്ന്?എന്നറിയാതെ അവന്‍ വിരണ്ട്, ഭയന്ന് കാലം കഴിച്ചു.

ഈ മഹാപ്രപഞ്ചത്തിന്‍റെ മുന്നില്‍ താനൊരു ധൂളീകണമാണെന്ന് അവനു തോന്നി.

തനിക്കു മനസ്സിലാക്കാന്‍ കഴിയാത്ത ആ ശക്തിയുടെ മുന്നില്‍ പ്രണമിച്ച്, രക്ഷിക്കാന്‍ അപേക്ഷിച്ചു. മഴയെ, സൂര്യനെ, ഒക്കെ വണങ്ങാന്‍ തുടങ്ങി. അന്നു മുതല്‍ ഭയംകാരണം മനുഷ്യന്‍ ഈശ്വരനെ അംഗീകരിക്കാനും വണങ്ങാനും ആരംഭിച്ചു.

ജനിച്ചനാള്‍ തൊട്ട് മാതാപിതാക്കളും സമൂഹവും ഈശ്വരനുണ്ട്, ഉണ്ട് എന്ന് പറഞ്ഞു തന്നതുകൊണ്ടല്ലേ നിങ്ങളും അതു വിശ്വസിക്കുന്നത്? നിങ്ങളുടെ കുടുംബം ഏതു ദൈവത്തിന്‍റെ അനുയായികളാണോ ആ ദൈവത്തെ മാത്രമല്ലേ നിങ്ങള്‍ക്കു സ്വീകരിക്കാന്‍ സാധിക്കുന്നുള്ളു?

ഈ സമൂഹത്തില്‍ ജനിച്ചതുകൊണ്ട് കല്ലിനെക്കാട്ടി ഈശ്വരന്‍ എന്ന് പറഞ്ഞു തന്നു. മറ്റൊരു സമൂഹത്തില്‍ രണ്ട് കമ്പുകളാണ് ഈശ്വരനായത്. ബാല്യത്തില്‍ ഒരു ഇരുമ്പു കഷണം കാട്ടി ഇതാണ് ഈശ്വരന്‍ എന്ന് പറഞ്ഞു തന്നിരുന്നുവെങ്കില്‍ അതിനെയും നിങ്ങള്‍ ഈശ്വരനായി അംഗീകരിക്കുമായിരുന്നു. നിങ്ങളുടെ കാഴ്ചയില്‍ ഈശ്വരന്‍റെ രൂപം എങ്ങനെയാണ്?

നിങ്ങള്‍ക്കു പരിചയമുള്ള പട്ടുവസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞ ഈശ്വരനാണ് അനുഗ്രഹം ചൊരിയുന്നത്. കലണ്ടറുകളിലും മറ്റും കണ്ടിട്ടുള്ള ഈ വേഷവിധാനങ്ങളില്‍നിന്നും വ്യത്യസ്തനായി ജീന്‍സും ജൂബയും ധരിച്ച് ഈശ്വരന്‍ എത്തിയാല്‍ നിങ്ങള്‍ വീട്ടിനകത്തേക്ക് കയറാന്‍ അനുവദിക്കുമോ?

ഒരു ചെറുപ്പക്കാരിയായ സ്ത്രീ ഒരു മനശാസ്ത്രജ്ഞന്‍റെ മുന്നില്‍ ചികിത്സക്കായെത്തി. കസേരയില്‍ ഇരുന്നു. അവളെ അടിമുടി നിരീക്ഷിച്ച ഡോക്ടര്‍ അടുത്തു വന്നിരിക്കാന്‍ പറഞ്ഞു. അടുത്തു വന്നയുടന്‍ അവളെ വാരിപ്പുണര്‍ന്നു, അവളുടെ എതിര്‍പ്പുകള്‍ വകവക്കാതെചുംബിച്ചുകൊണ്ടിരുന്നു.

കുറെക്കഴിഞ്ഞ്അവളോട് "ഇത് എന്‍റെ പ്രശ്നമായിരുന്നു. ഇനി നിന്‍റെ പ്രശ്നമെന്തെന്നു പറയൂ." എന്ന് ഡോക്ടര്‍ പറഞ്ഞു.

ഈ രീതിയിലാണ് പലരും കഴിയുന്നത്. സ്വന്തം പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സാധിക്കാത്തവരാണ് പലപ്പോഴും അന്യന്‍റെ പ്രശ്ന പരിഹാരത്തിന് ഇറങ്ങിത്തിരിക്കുന്നത്.

നിങ്ങള്‍ക്ക് ഈശ്വരനെക്കുറിച്ച് പ്രത്യക്ഷമായ ഒരു അനുഭവവും ഉണ്ടായിട്ടില്ല. അതുകൊണ്ട് മറ്റുള്ളവര്‍ പറഞ്ഞത് അപ്പാടെ വിശ്വസിച്ചു. അമ്പലത്തില്‍ പോകുന്നതെന്തിനാണ്? ഈശ്വരനെ അറിയാനാണോ? അല്ലല്ലോ?
അതു തരണേ, ഇതു തരണേ, രക്ഷിക്കണേ എന്നൊക്കെ അപേക്ഷിക്കാനല്ലേ പോകുന്നത്? നിങ്ങളുടെ ഈശ്വരവിശ്വാസം അത്യാഗ്രഹത്തില്‍ നിന്നും ഭയത്തില്‍ നിന്നും രൂപപ്പെട്ടതാണ്.

നിങ്ങളുടെ വീട്ടില്‍ ഇഷ്ടം പോലെ ദൈവങ്ങളുടെ ചിത്രങ്ങള്‍ തൂക്കിയിട്ടുണ്ട്. അതുകൊണ്ടു നിങ്ങള്‍ക്ക ജീവിതത്തെക്കുറിച്ചുള്ള ഭയം ഇല്ലാതെയായോ. ഈശ്വരനേയും അലമാരയില്‍ വച്ചു പൂട്ടിയിട്ടല്ലേ നിങ്ങള്‍ പുറത്തു പോകുന്നത്.

ഭയഭക്തി എന്ന വാക്ക് നിങ്ങള്‍ ഉരുവിട്ട് രസിക്കുന്നു. ഈശ്വരന്‍ സ്നേഹമുള്ളവനാണെങ്കില്‍ ആ ഈശ്വരനോട് ഭക്തി കാട്ടാം. ഭയമെന്തിന്? ഈശ്വരനെ അറിയാത്തവരാണ് ഇക്കാലത്ത് ഭക്തിയെക്കുറിച്ച് ഏറെ പറയുന്നത്.
ഭൂമിയില്‍ ഈശ്വരന്‍ ഒന്‍പതു പ്രാവശ്യം അവതരിച്ചു എന്നു നിങ്ങള്‍ക്കു കേട്ടറിവുണ്ട്. എങ്കില്‍ ചുറ്റുപാടും ഒന്ന് നിരീക്ഷിക്കു. ആ ഈശ്വരന്‍റെ വരവു കൊണ്ട് എന്തെങ്കിലും പ്രയോജനകരമായ മാറ്റങ്ങള്‍ സംഭവിച്ചോ? സ്വന്തം ജീവിതം സ്വയം ജീവിക്കാന്‍ പഠിക്കാതിരിക്കുന്നിടത്തോളം കാലം പത്താമത്തെ പ്രാവശ്യം ഈശ്വരന്‍ വന്നാലും ഗുണമില്ല. പതിനായിരം പ്രാവശ്യം മഹാന്‍മാര്‍ അവതരിച്ചാലും ഒരു പുണ്യവുമില്ല.

ഈ ഭൂമിയില്‍ പുഴു മുതല്‍ ആനവരെയുള്ള ജീവികള്‍ എല്ലാംതന്നെ സ്വന്തം കഴിവുകൊണ്ടാണ് ജീവിക്കുന്നത്. അവ ആരേയും ഒന്നിനും ആശ്രയിക്കുന്നില്ല. ആരോടും സഹായം ആവശ്യപ്പെടുന്നുമില്ല.

എന്നാല്‍ ഇവരേക്കാള്‍ എത്രയോ മടങ്ങു ബുദ്ധിശാലിയായ മനുഷ്യന്‍മാത്രം തനിക്കുവേണ്ടതെല്ലാം ഈശ്വരനോട് യാചിച്ചു കൊണ്ടേയിരിക്കുന്നു. ഈശ്വരന് അപാരമായ ശക്തിയുണ്ട്. ആ ശക്തിയില്ലെങ്കില്‍ ഈ ഭൂമിയില്‍ ഒരു അണുപോലും ചലിക്കുകയില്ല എന്നൊക്കെ വീമ്പു പറയുന്ന നിങ്ങള്‍ ആ ഈശ്വരനെ പൂര്‍ണ്ണമായും വിശ്വസിച്ച് സ്വയം സമര്‍പ്പിക്കുമോ? ഇല്ല.

പരിശ്രമിക്കാതെ ഭക്ഷിക്കാനും, പഠിക്കാതെ ജയിക്കാനും, സ്വന്തം തെറ്റുകള്‍ മറയ്ക്കപ്പെടാനുമായി ഈശ്വരനെ കൂട്ടുപിടിക്കുന്നു. ജീവിതം തകിടം മറിഞ്ഞാല്‍ താങ്ങി നിര്‍ത്താനുള്ള ഇന്‍ഷുറന്‍സ് കമ്പനിയായിട്ടാണ് നിങ്ങള്‍ ഈശ്വരനെ കരുതിയിരിക്കുന്നത്.

ആ ധിഷണാശക്തിയില്‍ വിശ്വാസം ഇല്ലാതെ, അനുദിനം, അങ്ങനെ ചെയ്യാനും ഇങ്ങനെ ചെയ്യാനും നിങ്ങള്‍ ഈശ്വരനോടു കണ്ണടച്ച് ആവശ്യപ്പെടുന്നു, നിര്‍ദേശിക്കുന്നു.

പരിശ്രമിക്കാതെ ഭക്ഷിക്കാനും, പഠിക്കാതെ ജയിക്കാനും, സ്വന്തം തെറ്റുകള്‍ മറയ്ക്കപ്പെടാനുമായി ഈശ്വരനെ കൂട്ടുപിടിക്കുന്നു. ജീവിതം തകിടം മറിഞ്ഞാല്‍ താങ്ങി നിര്‍ത്താനുള്ള ഇന്‍ഷുറന്‍സ് കമ്പനിയായിട്ടാണ് നിങ്ങള്‍ ഈശ്വരനെ കരുതിയിരിക്കുന്നത്. അമ്പലങ്ങള്‍തോറും കാണിക്കയെന്ന പേരില്‍ നിങ്ങളതിന്‍റെ പ്രീമിയം അടച്ചു കൊണ്ടേയിരിക്കുന്നു.

ഇതെല്ലാം തരണേ, ഇതില്‍നിന്നെല്ലാം രക്ഷിക്കണേ എന്നു പറഞ്ഞ് ഈശ്വരനെ നിങ്ങളുടെ സേവകനായും കാവലാളായും കരുതാന്‍ തുനിയുന്നു.

ജീവിതത്തെക്കുറിച്ചുള്ള ഭയത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈശ്വരനില്‍ വിശ്വസിക്കുന്നത് എങ്കില്‍ നിങ്ങളുടെ പക്കല്‍ ഈശ്വരനുമുണ്ടാവില്ല, ജീവിതവും കൈവിട്ടുപോവും.

ഈശ്വരനുവേണ്ടി കാത്തിരിക്കാതിരിക്കുക, ആരൊക്കെയോ പറഞ്ഞു തന്ന വേദാന്തങ്ങളൊക്കെ അപ്പാടെ വിശ്വസിക്കരുത്. മഹാന്മാരേക്കുറിച്ചുള്ള പുസ്തകങ്ങളാണെങ്കിലും അവയെ പ്രേരകശക്തിയായി മാത്രം കണക്കാക്കുക. സ്വന്തം ജീവിതപാഠങ്ങളായി ഒരിക്കലും സ്വീകരിക്കരുത്. അങ്ങനെ സ്വീകരിച്ച് വിശ്രമത്തിലേക്കു വഴുതി വീഴുകയുമരുത്.

ജീവിതത്തേക്കുറിച്ചുള്ള പുസ്തകങ്ങള്‍ നിങ്ങള്‍ക്കു വഴികാട്ടിയായിരിക്കും. അതല്ലാതെ അവയ്ക്ക് ജീവിതം പഠിപ്പിച്ചു തരാന്‍ സാധ്യമല്ല. തികഞ്ഞ ജാഗ്രത കൊണ്ടു മാത്രമേ നിങ്ങള്‍ക്കു പരിപൂര്‍ണ്ണമായി ജീവിക്കാനാവൂ.
ഈശ്വരന്‍ നിങ്ങളേക്കാള്‍ ബൃഹത്തായ ആകാരം ഉള്ള ആളായിരിക്കണം എന്നുള്ള വിചാരത്താലാണ് നാലുമുഖം, ആറുമുഖം, പതിനാറു കൈകള്‍ എന്നെല്ലാം അതീത രൂപങ്ങള്‍ നല്‍കിയത്.

സത്യം പറയണം. നിങ്ങള്‍ക്ക് എത്രമുഖമാണ്? വീട്ടില്‍ ഒരു മുഖം, ഓഫീസില്‍ ഒരു മുഖം, കൂട്ടുകാരോട് മറ്റൊരു മുഖം, ശത്രുക്കളോട് വേറൊരു മുഖം ഇങ്ങനെ വീഥികള്‍ തോറും മുഖങ്ങള്‍ മാറി മാറി അണിയുന്ന നിങ്ങള്‍ക്കല്ലേ മുരുകനേക്കാള്‍ കൂടുതല്‍ മുഖങ്ങള്‍ ഉള്ളത്?

മുഖങ്ങളെ അടിസ്ഥാനപ്പെടുത്തി ഈശ്വരന്‍റെ മഹത്വം നിശ്ചയിച്ചാല്‍ രാഷ്ട്രീയക്കാരുടെ മുമ്പില്‍ ഈശ്വരന്‍ തോറ്റു പോവുകയേ ഉള്ളു. അവരോളം വേറിട്ട മുഖമുള്ളവര്‍ ഭൂമിയില്‍ ആരുണ്ട്?

നമ്മുടെ പൂര്‍വ്വികര്‍ ഈശ്വരന് ഇത്തരത്തില്‍ രൂപങ്ങള്‍ സങ്കല്‍പിച്ച് നല്‍കിയതിനു പിന്നില്‍ പല ബൗദ്ധിക കാരണങ്ങളുമുണ്ട്. അവയെക്കുറിച്ചു പഠിക്കാതെ, ഈശ്വരനെ അറിഞ്ഞു എന്നു വിചാരിക്കുന്നത്, സ്വന്തം മനസ്സിന്‍റെ അഹങ്കാരത്തിനു തീറ്റ കൊടുക്കുന്നതുപോലെയാണ്.

"ഈ അമ്പലത്തില്‍ പോയി പത്തുരൂപയിട്ടാല്‍ ഇരുപതു രൂപയായി തിരികെ കിട്ടും. കിട്ടുന്ന ലാഭത്തിന്‍റെ പത്തു ശതമാനം ആ ദൈവത്തിനു നല്‍കാം എന്ന് പ്രാര്‍ത്ഥിക്ക്. അപ്പോള്‍ നിനക്ക് വമ്പിച്ച ലാഭം കിട്ടും" എന്നൊക്കെ ശുപാര്‍ശ ചെയ്യപ്പെടുന്ന ക്ഷേത്രങ്ങളില്‍ പോയി മണിക്കൂറു കണക്കിന് നിങ്ങള്‍ ക്യൂ നില്‍ക്കും.
ഇങ്ങനെ വിലയ്ക്കു വാങ്ങാന്‍ പറ്റുന്നയാളായി ഈശ്വരന്‍ മാറിയാല്‍ ആപത്തല്ലേ? ഇരുപതു ശതമാനം കൊടുക്കാന്‍ തയ്യാറാവുന്നവന്‍ ഉണ്ടെങ്കില്‍ ഈശ്വരന്‍ നിങ്ങളെക്കളഞ്ഞ് അയാളെ സ്വീകരിക്കുകയില്ലേ?
ലക്ഷക്കണക്കിന് അമ്പലങ്ങള്‍ ഉണ്ടായിട്ടും നമ്മള്‍ കാണുന്നതെല്ലാം ദുഃഖത്തിന്‍റെ മുഖങ്ങള്‍ മാത്രം യഥാര്‍ത്ഥ സത്യത്തേയും ജ്ഞാനികളുടെ ഉപദേശത്തേയും വേര്‍തിരിച്ച് അറിയാതെ ഇവ രണ്ടും കൂട്ടികലര്‍ത്തി സ്വീകരിച്ചതു കൊണ്ടാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായത്.

ശങ്കരന്‍പിള്ളയുടെ വേലക്കാരന്‍ ഒരു ദിവസം ഉപ്പും പഞ്ചസാരയും വാങ്ങാന്‍ ഒരു സഞ്ചിയുമായി കടയിലെത്തി. ആദ്യം സഞ്ചി നിറച്ചും പഞ്ചസാര വാങ്ങി. അടുത്തതായി ഉപ്പു വാങ്ങാന്‍ പോയപ്പോള്‍ പിള്ള പറഞ്ഞ കാര്യം അവന്‍ ഓര്‍മ്മിച്ചു."രണ്ടും കൂടെ കുഴയ്ക്കല്ലേ" എന്ന്. ഉടന്‍ തന്നെ സഞ്ചിയുടെ ഉള്‍ഭാഗം വെളിയിലാക്കി. അപ്പോള്‍ സഞ്ചിയിലുണ്ടായിരുന്ന പഞ്ചസാര മുഴുവന്‍ താഴെ വീണു. പിന്നീട് അതു നിറയെ ഉപ്പും വാങ്ങി വീട്ടിലെത്തി. "ഉപ്പല്ലേ ഇതിലുള്ളു. പഞ്ചസാര എവിടെ"?എന്നു പിള്ള ചോദിച്ചപ്പോള്‍ "ദാ ഉണ്ടല്ലോ" എന്നു പറഞ്ഞ് സഞ്ചി വീണ്ടും അകംപുറമാക്കി. അപ്പോള്‍ സഞ്ചിയിലെ ഉപ്പു മുഴുവന്‍ താഴെ വീണു.
ഈശ്വരവിശ്വാസവും ഭയവും ഇതുപോലെയാണ്. രണ്ടും കൂടി കൂട്ടിക്കലര്‍ത്തിയാല്‍ ഒന്നിനും പ്രയോജനപ്പെടുകയില്ല. ഇതിനെ ഭക്തിയെന്നു വിളിച്ച് സ്വയം മഠയനാവണ്ട.
ഈശ്വരനുണ്ട് എന്ന് ഒരാള്‍ പറയുന്നതും വിശ്വസിച്ചു കഴിയുന്നതും, ഇല്ല എന്ന് മറ്റൊരാള്‍ പറയുമ്പോള്‍ അവിശ്വസിക്കുന്നതും ബുദ്ധിപൂര്‍വ്വമായ കാര്യമല്ല.

രാമനുണ്ടായിരുന്നോ? യേശു ജീവിച്ചിരുന്നോ? നബി വന്നോ? ഇതൊക്കെയാണോ കാതലായ പ്രശ്നം? നിങ്ങള്‍ക്ക് അനുഭവം ഉണ്ടായിട്ടുണ്ടോ? തന്നെ വിശ്വസിക്കുന്നതും അവിശ്വസിക്കുന്നതും ഈശ്വരന് പ്രശ്നമേ അല്ല. അതു നിങ്ങളുടെ മാത്രം പ്രശ്നമാണ്.

സംശയം ഉള്ള മനസ്സില്‍ ഭക്തി ഉദിക്കുന്നില്ല. ഈശ്വരനെ വണങ്ങുന്ന ഒരു അഭിനയം മാത്രമേ അവിടെ നടക്കുന്നുള്ളു. ഭക്തി എന്നാല്‍ നിങ്ങളിലെ അടയാളങ്ങള്‍ മുഴുവനായും ഒഴിഞ്ഞു നീങ്ങി, ഏതിലാണോ ഭക്തി തോന്നുന്നത് അതുമായി താദാത്മ്യം പ്രാപിക്കലാണ്. നിങ്ങളുടെ തെറ്റുകള്‍ക്ക് പഴിയേല്‍ക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകാത്തപ്പോള്‍ അതിനെ ഈശ്വര നിശ്ചയം എന്നു പഴിചാരി, കയറ്റി വയ്ക്കാനുള്ള തോളുകളായിട്ടാണ് നിങ്ങള്‍ ഈശ്വരനെ കൊണ്ടു നടക്കുന്നത്. ഇതിന്‍റെ പേര് ഭക്തി എന്നല്ല, കപടവേഷം എന്നാണ്.
പ്രാര്‍ത്ഥിക്കുന്നത് എന്തിനാണ്? ഈശ്വരനെ അറിയാനാണോ? നിങ്ങളുടെ ഉദ്ദേശം അതല്ലല്ലോ. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിത്തരുന്ന ഒരു വിഢ്ഡിയായ യന്ത്രമായിട്ടല്ലേ ഈശ്വരനെ കരുതിയിരിക്കുന്നത്?
പ്രാര്‍ത്ഥന വെറും ചടങ്ങായി മാറാതെ ഒരു ഉണര്‍വായി വിരിയണം. ക്ഷേത്രത്തില്‍ വളരെ വിനയത്തോടെ പെരുമാറുന്ന നിങ്ങള്‍ നിങ്ങളുടെ ജോലിക്കാരനോട് സ്വയം ഈശ്വരനെന്ന ഗമയോടെ പെരുമാറുന്നു. ഇതാണോ പ്രാര്‍ത്ഥന?

ക്ഷേത്രത്തില്‍ വളരെ വിനയത്തോടെ പെരുമാറുന്ന നിങ്ങള്‍ നിങ്ങളുടെ ജോലിക്കാരനോട് സ്വയം ഈശ്വരനെന്ന ഗമയോടെ പെരുമാറുന്നു. ഇതാണോ പ്രാര്‍ത്ഥന?

ഒരു വൃദ്ധന്‍ പള്ളിയില്‍ വരുന്ന പതിവുണ്ടായിരുന്നു. ഇതു ശ്രദ്ധിച്ചിരുന്ന പുരോഹിതന്‍ ഒരു ദിവസം അയാളെ വിളിച്ചു ചോദിച്ചു.''പ്രാര്‍ത്ഥന സമയത്ത് നിങ്ങള്‍ ഒരു വാക്കു പോലും ഉരുവിടുന്നില്ല. പിന്നെ എന്തിനാണ് ഇവിടെ വരുന്നത്"?

"ഈശ്വരനോടു പറയാനല്ല ഞാന്‍ വരുന്നത്. ആ വാക്കുകള്‍ കേള്‍ക്കാനാണ് വരുന്നത്."
"ഓ, ഈശ്വരന്‍ നിങ്ങള്‍ക്കു മാത്രം കേള്‍ക്കാന്‍ പറ്റുന്ന രീതിയിലാണു സംസാരിക്കുന്നത് അല്ലേ. ആട്ടെ, അദ്ദേഹം എന്തെല്ലാമാണു പറഞ്ഞത്?"
" അദ്ദേഹവും എന്നെപ്പോലെയാണ്, പറയാനല്ല കേള്‍ക്കാനാണ് വരുന്നത്."

ജീവിതവും ഇതുപോലെ ഒരു പ്രത്യേകതലത്തിലാണ് നീങ്ങുന്നത്. സശ്രദ്ധം, സാവധാനം അതിന്‍റെ ഗതി നിരീക്ഷിച്ചാല്‍ മാത്രം മതി. നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം എവിടെയുണ്ടെന്ന് അറിയാനാവും. എപ്പോഴും ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുന്നതിനാലാണ് ഒന്നും കാണാനും കേള്‍ക്കാനും അറിയാനും കഴിയാതെ പോകുന്നത്.

ഇതൊന്നും ചെയ്യാതെ പ്രാര്‍ത്ഥനമാത്രം നടത്തുമ്പോള്‍ തന്‍റെ ചെറുവിരല്‍ പോലും ഈശ്വരന്‍ നിങ്ങള്‍ക്കുവേണ്ടി ചലിപ്പിക്കുകയില്ല.

ഇതു മനസ്സിലാക്കാതെ "ഇതു ശാപമാണ്, അത് അനുഗ്രഹമാണ്" എന്നു നിങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും.
ഈശ്വരന്‍റെ സഹായത്തിന് അപേക്ഷിക്കാതെ സ്വയം ജീവിക്കാന്‍ പഠിച്ചാല്‍ ജീവിതം മഹത്തരമായി മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കും.

നിങ്ങള്‍ക്കാവശ്യമുള്ള ഭക്ഷണം, ഇഷ്ടപ്പെട്ട ഇണ, കുട്ടികള്‍, മറ്റു സൗകര്യങ്ങള്‍ എല്ലാം ലഭിച്ചു കഴിഞ്ഞു. എന്നിരിക്കിലും മറ്റെന്തിനോ വേണ്ടി മനസ്സ് കൊതിക്കുന്നു. ഈ സൃഷ്ടിയുടെ തായ് വേര് എന്താണ്? എവിടെ നിന്നാണ് എന്ന് അറിയാനുള്ള ആകാംക്ഷ അപ്പോഴാണ് ഉണരുന്നത്. ആ ഉണരലാണ് സത്യത്തില്‍ ആത്മീയാന്വേഷണത്തിന്‍റെ ആരംഭം.

അപ്പോള്‍ മാത്രമേ ഈശ്വരനെ കാണാന്‍ നിങ്ങള്‍ യോഗ്യനാവുന്നുള്ളു. അതുവരെ അദ്ദേഹത്തെ പിന്‍തുടരേണ്ടതില്ല.