सद्गुरु

ചോദ്യം: സദഗുരോ അങ്ങ് പറഞ്ഞുവല്ലോ, 'വിവാഹിതരാണ്' എന്ന ബോധം ഞങ്ങള്‍ ഉപേക്ഷിക്കണമെന്ന്. അതിന്റെ അര്‍ത്ഥം ഞങ്ങള്‍ ബ്രഹ്മചാരികള്‍ ആകണമെന്നാണോ? വിവാഹിതരായിരിക്കുക, അതേ സമയം ഭര്‍ത്താവുമായി അല്ലെങ്കില്‍ ഭാര്യയുമായി ഒന്നായി തീരാതിരിക്കുക - അതെങ്ങിനെ സാദ്ധ്യമാകും?

സദ്‌ഗുരു: ഈ ചോദ്യത്തിനു ഞാന്‍ മറുപടി പറയുന്നില്ല. നിങ്ങള്‍ പുറത്തുകടക്കാന്‍ ഒരു പഴുത് തിരയുകയാണ്. വിവാഹമോചനമാണോ നിങ്ങളുടെ മനസ്സില്‍? ഞാന്‍ ഉദ്ദേശിച്ചത് അവനവന്റെ സ്വത്വം നഷ്ടപ്പെടുത്തി എങ്ങനെയാണ് ഇനിയോരാളോടൊപ്പം ജീവിക്കുക എന്നാണ്. അവനവനെ മറ്റാര്‍ക്കെങ്കിലും പൂര്‍ണമായി പണയപ്പെടുത്തിക്കൊണ്ട് ആര്‍ക്കും തന്റെടത്തോടെ ജീവിക്കാനാവില്ല. അങ്ങിനെ വരുമ്പോഴാണ് ഏറ്റവും നല്ല ബന്ധം പോലും കുറെ കഴിയുമ്പോള്‍ നരകതുല്യമായി മാറുന്നത്. തമ്മില്‍ ചേര്‍ന്നത്‌ എന്തിനുവേണ്ടിയായിരുന്നു എന്നുതന്നെ പലരും മറന്നുപോകുന്നു. ബന്ധം നിലനിര്‍ത്തിപ്പോകുക എന്നത് ബന്ധത്തിന്റെ പൊരുളിനെക്കാള്‍ വലിയ വിഷയമായിത്തീരുന്നു. പിന്നെ നിങ്ങള്‍ "ബ്രഹ്മചാരി"എന്ന പേര് ഉപയോഗിച്ചു. അത് ഈ സന്ദര്‍ഭത്തിനു ചേര്‍ന്നതല്ല. മറ്റുള്ളവരാണ് അത് പറയേണ്ടത് - "ആളൊരു ബ്രഹ്മചാരിയാണ്" - നമ്മള്‍ അത് സ്വയം പറയേണ്ടതില്ല, അങ്ങനെ ആയിരുന്നാല്‍ മതി.

അവനവനെ മറ്റാര്‍ക്കെങ്കിലും പൂര്‍ണമായി പണയപ്പെടുത്തിക്കൊണ്ട് ആര്‍ക്കും തന്റെടത്തോടെ ജീവിക്കാനാവില്ല. അങ്ങിനെ വരുമ്പോഴാണ് ഏറ്റവും നല്ല ബന്ധം പോലും കുറെ കഴിയുമ്പോള്‍ നരകതുല്യമായി മാറുന്നത്.

ഇനി, ആരാണ് ഒരു ബ്രഹ്മചാരി?

ബ്രഹ്മമാര്‍ഗ്ഗത്തിലുള്ളവന്‍, അതായത് ആദ്ധ്യാത്മിക പാതയിലൂടെ ചരിക്കുന്നവന്‍ എന്നാണ് ബ്രഹ്മചാരി എന്ന വാക്കിനര്‍ത്ഥം. ലോകത്തില്‍ സ്വന്തമായി നിങ്ങള്‍ തന്നെ കണ്ടെത്തിയ ഒരു ദൌത്യം നിങ്ങള്‍ക്കില്ല, പൂര്‍ണമായും നിങ്ങള്‍ ഈശ്വരന്റെ കൈകളിലാണ്. അവനവനുവേണ്ടി ഒരു മാര്‍ഗ്ഗവും ലക്ഷ്യവും നിങ്ങള്‍ കണ്ടെത്തിയിട്ടില്ല. പ്രപഞ്ച സ്രഷ്ടാവ് നിങ്ങള്‍ക്ക് വേണ്ടി ആവിഷ്കരിച്ച ആ പദ്ധതി നിങ്ങള്‍ പൂര്‍ണമായും പിന്തുടരുന്നു. പരിണാമ സിദ്ധാന്തം പറയുന്നത് ഒരു കാലത്ത് നിങ്ങള്‍ ഒരു വാനരനായിരുന്നുവെന്നാണ്. ആ കാലത്ത് നിങ്ങള്‍ കുത്തിയിരുന്നു ആലോചിച്ചുവോ ഭാവിയില്‍ എങ്ങിനെയൊരു മനുഷ്യനായിത്തീരാമെന്ന്? എങ്ങനെ ഈശായോഗ കേന്ദ്രത്തില്‍ ചേരാം, എങ്ങനെ പരമമായ മോക്ഷം നേടാം - ഇതൊക്കെ അന്നേ നിങ്ങള്‍ ചിന്തിച്ചുറപ്പിച്ചിരുന്നുവോ? ഇല്ലല്ലോ. നിങ്ങള്‍ വിശ്വ സൃഷ്ടാവിന്റെ പദ്ധതിക്കൊത്ത് മുമ്പോട്ടുപോയി.

ശരിയായ ഒരു ബ്രഹ്മചാരിക്ക് നന്നായി അറിയാം തന്റെ ചിന്തകളും തീരുമാനങ്ങളും തന്നെ ഒരിടത്തും കൊണ്ടുചെന്നെത്തിക്കുകയില്ല എന്ന്, അത് വീണ്ടും വീണ്ടും തന്നെയിട്ടു വട്ടം കറക്കുകയെ ഉള്ളൂ എന്ന്‍. ബ്രഹ്മചാരി തന്നോടുതന്നെ പറയുന്നു, "വാനരനായ എന്നെ മനുഷ്യന്റെ നിലയില്‍ എത്തിച്ചത് ഈശ്വരനല്ലേ. ആ ഈശ്വരന്‍ തന്നെ എന്നെ ഇനിയും വേണ്ടിടത്ത് കൊണ്ടുചെന്നെത്തിച്ചുകൊള്ളും." ആ വിശ്വാസമാണ് അവന്റെ ജീവിതത്തിനാധാരം. തനിക്ക് നല്‍കപ്പെട്ടിരിക്കുന്ന അവസരം അതിന്റെ പൂര്‍ണതയില്‍ വികസിപ്പിച്ചെടുക്കുക, അതില്‍ മാത്രമാണ് ഒരു ബ്രഹ്മചാരിയുടെ ശ്രദ്ധ.

ജീവിതത്തെ അതിന്റെ പൂര്‍ണതയില്‍ എത്തിക്കാനുള്ള എല്ലാ സഹായങ്ങളും പ്രകൃതി ഒരുക്കിയിരിക്കുന്നു. അതില്‍ ഒന്നുപോലും നിങ്ങളെ കുരുക്കിലാക്കാനുള്ളതല്ല. ജീവിതത്തില്‍ സ്വാഭാവികമായി നിങ്ങള്‍ക്കു കിട്ടിയിട്ടുള്ള - അത് എന്തുതന്നെയായാലും ശരി – സ്ഥാനം, തലം (മനുഷ്യനോ, മൃഗമോ, പക്ഷിയോ, സസ്യമോ)അതിനനുസരിച്ച് ജീവിക്കുകയാണ് ഏറ്റവും നല്ലത്, കാരണം കൂടുതല്‍ വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനും, താങ്ങാനും നിങ്ങളുടെ ബുദ്ധിക്കു കഴിഞ്ഞെന്നുവരില്ല. നിലവിലുള്ള സ്ഥിതി തുടര്‍ന്നു പോകാന്‍ നിങ്ങള്‍ക്കു സാധിക്കും, എന്നാല്‍ അതിനപ്പുറത്തേക്ക് കടക്കാന്‍ ആവശ്യമായ പ്രതിഭ നിങ്ങള്‍ക്കുണ്ടാവില്ല. അഥവാ കടക്കണമെങ്കില്‍ തന്നെയും നിങ്ങള്‍ക്കുണ്ടാകേണ്ടത് പരമമായ ആ ഇച്ഛാശക്തിയുടെ അനുഗ്രഹമാണ്. നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥക്കും അതിനപ്പുറത്തുള്ള അവസ്ഥക്കും നിദാനമായിരിക്കുന്നത് ഒരേ ഇച്ഛാശക്തി തന്നെയാണ്, വേറെ ഒന്നല്ല. അതുകൊണ്ട് നിങ്ങള്‍ ചെയ്യേണ്ടത് ഒന്നുമാത്രം, ആ വിശ്വചേതനയുടെ കൈകളില്‍ സ്വയം സമര്‍പ്പിക്കുക, അതിനോടോത്ത് ഒഴുകുക.

അതെവിടെയാണ്? അതെല്ലായിടത്തും ഉള്ളതാണ് - അകത്തും പുറത്തും അത് ഒന്നുതന്നെ. നിങ്ങള്‍ ഇപ്പോള്‍ മനുഷ്യാവസ്ഥയിലാണ് എങ്കിലും നിങ്ങളുടെ സ്വന്തം വൃക്കകളെ പ്രവൃത്തിപ്പിക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ലല്ലോ. നന്നേ ചെറിയ ഒരവയവം, എന്നാലും നിങ്ങളുടെ തലച്ചോറിനെ സംബന്ധിച്ചിടത്തോളം അത് വളരെ സങ്കീര്‍ണമായിട്ടുള്ളതാണ്. എപ്പോള്‍ അവനവന്റെ ഈ നിസ്സഹായാവസ്ഥ ഒരാള്‍ക്ക്‌ പൂര്‍ണമായും ബോദ്ധ്യമാവുന്നു, അവനവന്റെ ഇഷ്ടപ്രകാരം ഓരോ പ്രവൃത്തികള്‍ ചെയ്തു വെറുതെ അങ്ങുമിങ്ങും അലയുന്നതിലെ അര്‍ത്ഥമില്ലായ്മയും അയാള്‍ മനസ്സിലാക്കുന്നു, അപ്പോള്‍ അയാള്‍ ഒരു ബ്രഹ്മചാരിയായി തീരുന്നു - ജീവിതം പൂര്‍ണ്ണമായും ഈശ്വരന്റെ ഇച്ഛക്ക് വിട്ടുകൊടുക്കുന്നു.

നിങ്ങള്‍ ഒരു പുരുഷനെ അഥവാ സ്ത്രീയെ വിവാഹം കഴിക്കുന്നു. എല്ലാവരും വിവാഹം കഴിക്കുന്നത് മനുഷ്യരെ മാത്രമാണെന്ന് ഉറപ്പിക്കേണ്ട. ഓരോരുത്തരും അവനവന്റെ താത്പര്യമനുസരിച്ച് ഓരോന്നിനെ തിരെഞ്ഞെടുക്കുന്നു, ഉദ്യോഗം, പണം, പദവി, വീട്, കാറ് ഒക്കെ ആയിരിക്കാം. ചിലര്‍ കാലക്രമേണ ഈ യോഗകേന്ദ്രത്തെ പരിണയിക്കും. ഭൌതികമായ സാഹചര്യങ്ങളില്‍ എല്ലാവര്‍ക്കും അവനവന്റേതായ ഏര്‍പ്പാടുകളുണ്ട്, ബന്ധങ്ങളുണ്ട്. ബ്രഹ്മചര്യം സ്വീകരിച്ചവര്‍ക്കുമുണ്ട് ചില ഏര്‍പ്പാടുകള്‍, അവ പ്രായേണ വളരെ സരളമായവയാണെന്ന് മാത്രം.

നിങ്ങളുടെ വിവാഹം, ഉദ്യോഗം, സ്വത്ത്, ഇതെല്ലാം ഓരോ വ്യവസ്ഥകളാണ്. അതിന്റെ ലക്ഷ്യം ജീവിതത്തെ കൂടുതല്‍ സുഗമവും സൌകര്യപ്രദവുമാക്കുക എന്നതാണ്, അല്ലാതെ ദുഷ്ക്കരമാക്കുക എന്നതല്ല.

നിങ്ങളുടെ വിവാഹം, ഉദ്യോഗം, സ്വത്ത്, ഇതെല്ലാം ഓരോ വ്യവസ്ഥകളാണ്. അതിന്റെ ലക്ഷ്യം ജീവിതത്തെ കൂടുതല്‍ സുഗമവും സൌകര്യപ്രദവുമാക്കുക എന്നതാണ്, അല്ലാതെ ദുഷ്ക്കരമാക്കുക എന്നതല്ല. ഈ ബോധം മനസ്സിലുറച്ചിട്ടുണ്ടെങ്കില്‍ ഏതു വ്യവസ്ഥയും നിങ്ങള്‍ക്കു സ്വീകരിക്കാം. അത് നിങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുകയില്ല. അഥവാ നിങ്ങള്‍ സ്വീകരിച്ച ഏതെങ്കിലുമൊരു ഏര്‍പ്പാട് നിങ്ങളെ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടാല്‍ എന്താണ് ചെയ്യേണ്ടത് എന്നും അറിഞ്ഞിരിക്കണം. അത് നിങ്ങളുടെ സ്വന്തം തീരുമാനമായിരിക്കണം. ലൌകികമായ ഈ ബന്ധങ്ങളെല്ലാം അടിസ്ഥാനപരമായി വ്യക്തിയുടെ സന്തോഷത്തേയും വളര്‍ച്ചയെയും ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ്. ഇത് മനസ്സിലാക്കി കഴിഞ്ഞാല്‍ പിന്നെ പ്രശ്നങ്ങളുണ്ടാവുകയില്ല. വിവാഹം കഴിച്ചുവെന്നുവെച്ച് എന്നെന്നും ആ ബന്ധം നിലനിര്‍ത്തിക്കൊണ്ടുപോകണമെന്നും ഇല്ല. കേവലം ഔപചാരികമായ ഒരു ബന്ധമല്ല ഒരു ദാമ്പത്യത്തെ സുന്ദരമാക്കുന്നത്. അങ്ങനെയാണ് നിങ്ങളുടെ വിചാരമെങ്കില്‍ നിശ്ചയമായും അതിന്റെ സൌന്ദര്യം നഷ്ടപ്പെടും.

ജീവിതത്തെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍, അതിന് കൂടുതല്‍ ചാരുതയേകാന്‍ - ഓരോ ഏര്‍പ്പാടും അതിനുള്ളതാണ്. ആ ഓര്‍മ്മ മനസ്സിലുണ്ടെങ്കില്‍ ഏതേര്‍പ്പാടും വിജയകരമാകും, തീര്‍ച്ച!