सद्गुरु

യോഗ ആഹാരത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നു. കാരണം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം കൊണ്ടാണ് ശരീരം നിര്‍മിക്കപ്പെടുന്നത്

ഒരു ദിവസം സഭയില്‍ വച്ച് അക്ബര്‍ ചക്രവര്‍ത്തി ചോദിച്ചു; 'മനുഷ്യന് ഏറ്റവും അധികം ആനന്ദം തരുന്നത് എന്താണ്ന്നൊണു നിങ്ങള്‍ കരുതുന്നത്?' ചക്രവര്‍ത്തിയെ ചുറ്റിപ്പറ്റി എല്ലാത്തരത്തിലുള്ള സ്തുതിപാഠകരും ഉണ്ടായിരുന്നു. ആരോ പറഞ്ഞു, 'അങ്ങയെ സേവിക്കലാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആനന്ദം.' മറ്റൊരാള്‍ പറഞ്ഞു: 'അങ്ങയുടെ മുഖത്തുനോക്കിയിരിക്കലാണ് എനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ സുഖം.' ഇത്തരത്തില്‍ അതിശയോക്തികള്‍ പലരും ചൊരിഞ്ഞു. ബീര്‍ബല്‍ അവിടെ വിരസനായി വെറുതെ ഇരിക്കുകയായിരുന്നു. അക്ബര്‍ ചോദിച്ചു: 'ബീര്‍ബല്‍ നിങ്ങള്‍ എന്താണ് ഒന്നും പറയാതിരിക്കുന്നത്? എന്താണ് നിങ്ങള്‍ക്ക് ഏറ്റവും സുഖം തരുന്നത്?' ബീര്‍ബല്‍ പറഞ്ഞു: 'മലവിസര്‍ജ്ജനം ചെയ്യുന്നതാണ് ഏറ്റവും സുഖകരം.' സഭയിലുള്ളവരുടെ വാഴ്ത്തലുകള്‍ കേട്ട് അക്ബര്‍ അഭിമാനത്തോടെ ഇരിക്കുകയായിരുന്നു. ബീര്‍ബെല്‍ പറഞ്ഞതു അദ്ദേഹത്തിന് ഒട്ടും ഇഷ്ടപ്പെട്ടില്ല. 'സഭയില്‍ ഇത്തരം അസഭ്യങ്ങള്‍ പറയാന്‍ നിങ്ങള്‍ക്ക് എങ്ങനെ തോന്നി? പറഞ്ഞകാര്യം ഇവിടെ തെളിയിക്കേണ്ടതുണ്ട് . അല്ലാത്തപക്ഷം നിങ്ങള്‍ക്ക് അത് അപായകരമായിരിക്കും.' എനിക്ക് ഒരാഴ്ച സമയം തരൂ. എന്നാല്‍ ഞാനതു തെളിയിക്കാം. അക്ബര്‍ സമ്മതിച്ചു. അടുത്ത വാരാവസാനം ബീര്‍ബെല്‍ അക്ബര്‍ക്കു വേണ്ടി ഒരു നായാട്ടു യാത്ര സംഘടിപ്പിച്ചു. എല്ലാ സ്ത്രീജനങ്ങളെയും കൂടെക്കൂട്ടി. എല്ലാവര്‍ക്കും പ്രത്യേകം കൂടാരങ്ങള്‍. അക്ബറിന്‍റെ കൂടാരം നടുക്കും, ചുറ്റും കുട്ടികളും സ്ത്രീകളും കുടുംബങ്ങളും. ഏറ്റവും നല്ല ഭക്ഷണമുണ്ടാക്കാന്‍ ഏര്‍പ്പാടു ചെയ്തു. അവര്‍ നല്ല രുചികരമായ ഭക്ഷണമുണ്ടാക്കി. അക്ബര്‍ വയര്‍ നിറയെ നന്നായി ഭക്ഷണം കഴിച്ചു- അദ്ദേഹം അവധിക്കാലം ആഘോഷിക്കയാണെന്നു നിങ്ങള്‍ക്കറിയാമല്ലോ!

അടുത്ത ദിവസം രാവിലെ അക്ബര്‍ എഴുന്നേറ്റു വന്നു നോക്കിയപ്പോള്‍ കക്കൂസ് ഒന്നും കണ്ടില്ല. അദ്ദേഹം തന്‍റെ കൂടാരത്തിലേക്കു തിരിച്ചു പോയി അങ്ങോട്ടുമിങ്ങോട്ടും നടന്നു. വയറിനുള്ളില്‍ സമ്മര്‍ദ്ദം ഏറിക്കൊണ്ടിരുന്നു. അദ്ദേഹം കാടിനുള്ളിലേക്കു പോകാന്‍ ശ്രമിച്ചു. ബീര്‍ബല്‍ അവിടെയൊക്കെ സ്ത്രീജനങ്ങളെക്കൊണ്ടു നിറച്ചിരുന്നു. അക്ബറിന് എവിടെയും മറയുള്ള സ്ഥലം കിട്ടിയില്ല. സമ്മര്‍ദ്ദം കൂടിക്കൊണ്ടിരുന്നു. സമയം ഉച്ചയ്ക്കു പന്ത്രണ്ടു മണിയായി. ഇനി ഒരു നിമിഷം പോലും പിടിച്ചു നില്‍ക്കാന്‍ പറ്റാത്തത്രപ്രയാസത്തിലായി അക്ബര്‍ ചക്രവര്‍ത്തി. ഉടന്‍ പൊട്ടിത്തെറിച്ചു പോകുന്ന അവസ്ഥ. ബീര്‍ബല്‍ ഇതൊക്കെ ശ്രദ്ധിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. ടോയ്ലറ്റ് എവിടെയാണ് ഉണ്ടാക്കുന്നത്, അവിടെയോ ഇവിടെയോ എന്നൊക്കെ ചോദിച്ച് അദ്ദേഹം സമയം ദീര്‍ഘിപ്പിച്ചുകൊണ്ടിരുന്നു. അങ്ങനെ വീണ്ടും മണിക്കൂറുകള്‍ കഴിഞ്ഞുപോയി. ചക്രവര്‍ത്തിക്ക് ഇനിയും അല്പം പോലും സഹിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു. ജോലിക്കാര്‍ ടോയ്ലറ്റിന്‍റെ പണി തീര്‍ത്തു. അക്ബര്‍ അതിനുള്ളില്‍ കയറി. ആശ്വാസം കൊണ്ട് അദ്ദേഹം കരഞ്ഞുപോയി. ബീര്‍ബല്‍ കൂടാരത്തിനു വെളിയില്‍ കാത്തുനിന്നു. അങ്ങ് ഇപ്പോള്‍ എന്നോടു യോജിക്കുന്നുണ്ടോ? ബീര്‍ബല്‍ ചോദിച്ചു. അക്ബര്‍ പറഞ്ഞു, ഇതുതന്നെയാണ് ഏറ്റവും വലിയ സുഖം.


നിങ്ങള്‍ ഏതു തരം ആഹാരം ശരീരത്തിനുള്ളിലേക്കു കടത്തിവിടുന്നു എന്നതിന് തീര്‍ച്ചയായും നിങ്ങളുടെ ശരീരം ഏതുതരത്തിലുള്ളതായിരിക്കും എന്നതില്‍ നിര്‍ണ്ണായകമായ പങ്കുണ്ട് .

നിങ്ങള്‍ക്ക് ഉള്ളില്‍ തടഞ്ഞു വയ്ക്കാന്‍ കഴിയാത്ത എന്തെങ്കിലും പുറത്തേക്കു വിടാന്‍ കഴിഞ്ഞാല്‍, അത് ഏറ്രവും വലിയ സന്തോഷമായിരിക്കും, അതെന്തുതന്നെയായാലും. അതുകൊണ്ട്, ശരീരവും ഒരു പ്രശ്നമായിത്തീരാം, വലിയ ഒരു പ്രശ്നം. നിങ്ങളുടെ ശരീരം ആഹാരത്തിന്‍റെ വെറുമൊരു കൂമ്പാരമാണ്. യോഗ ആഹാരത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിക്കുന്നു. എന്തെന്നാല്‍, ആ ആഹാരം കൊണ്ടാണ് നിങ്ങള്‍ സ്വന്തം ശരീരം നിര്‍മ്മിക്കുന്നത്. നിങ്ങള്‍ ഏതു തരം ആഹാരം ശരീരത്തിനുള്ളിലേക്കു കടത്തിവിടുന്നു എന്നതിന് തീര്‍ച്ചയായും നിങ്ങളുടെ ശരീരം ഏതുതരത്തിലുള്ളതായിരിക്കും എന്നതില്‍ നിര്‍ണ്ണായകമായ പങ്കുണ്ട് . ഒരു പുലിയേപ്പോലെ ശീഘ്രഗതിയില്‍ ഓടാന്‍ കഴിയുന്ന ഒരു ശരീരമാണോ നിങ്ങള്‍ക്കാവശ്യം? അതോ നൂറു കിലോഗ്രാം ഭാരം ചുമക്കാന്‍ കഴിയുന്ന ഒന്നാണോ? അതോഉയര്‍ന്ന സാധ്യതകള്‍ക്കു യോജിക്കുന്ന തരത്തില്‍ ശരീരത്തെ തയാറാക്കുകയാണോ നിങ്ങളുടെ താല്‍പ്പര്യം? നിങ്ങളുടെ താല്‍പ്പര്യം, ജീവിതത്തില്‍ എന്തു നേടാനാഗ്രഹിക്കുന്നു, ഇതൊക്കെയനുസരിച്ച് അതിനനുയോജ്യമായ ആഹാരമാണ് നിങ്ങള്‍ കഴിക്കേണ്ടത്.

അടുത്ത പടി

ദിവസം മുഴുവന്‍ ഭക്ഷിച്ചുകൊണ്ടേയിരിക്കുന്ന ശീലം ഉപേക്ഷിക്കേണ്ടതു വളരെ പ്രധാനമാണ്. നിങ്ങള്‍ മുപ്പതു വയസ്സില്‍ താഴെ പ്രായമുള്ള ആളാണെങ്കില്‍ ദിവസം മൂന്നു നേരം ഭക്ഷണം കഴിക്കാം. പ്രായം മുപ്പതിനു മുകളിലാണെങ്കില്‍, രണ്ടു നേരം കഴിക്കുന്നതാണ് ഉത്തമം. ആമാശയം ശൂന്യമായിരിക്കുമ്പോഴാണ് ശരീരവും തലച്ചോറും ഏറ്റവുംനന്നായി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍, രണ്‍ര മണിക്കൂറുകൊണ്ട് ആമാശയത്തിനു പുറത്തേക്കു നീങ്ങുന്നതും 12 മുതല്‍ 18 വരെ മണിക്കൂറുകള്‍ കൊണ്ട് ശരീരവ്യൂഹത്തില്‍ നിന്നുതന്നെ പുറത്തുപോകുന്നതുമായ തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതിനു നാം ബോധപൂര്‍വം ശ്രദ്ധിക്കണം.

ഈ ലളിതമായ അവബോധം കൊണ്ടുമാത്രം നിങ്ങള്‍ക്ക് വളരെക്കൂടുതല്‍ ഊര്‍ജം, ചുറുചുറുക്ക്, ഉണര്‍വ് എന്നിവ അനുഭവപ്പെടും. വിജയകരമായ ജീവിതത്തിന്‍റെ ഘടകങ്ങള്‍ ഇവയൊക്കെയാണ്, നിങ്ങള്‍ ജീവിതത്തില്‍ ചെയ്യുന്നതെന്തു തന്നെയായാലും.