सद्गुरु

പലരുടേയും മുന്നില്‍ വിജയം എന്നാല്‍ എന്തോ കിട്ടാക്കനിയാണ്‌. ഇതൊന്നും എന്നെപ്പോലുള്ളവര്‍ക്കല്ല എന്ന തോന്നല്‍ നിങ്ങളുടെ മനസ്സിലും ഉണ്ടോ? എങ്കില്‍, അതു മാറ്റിയെടുക്കാവുന്നത്തെ ഉള്ളൂ. ഏറ്റെടുക്കുന്ന ഏതുദ്യമവും സഫലമായിത്തീരാന്‍, ഇതാ ചില ഒറ്റമൂലികള്‍. പരീക്ഷിച്ചു നോക്കൂ.

സദ്‌ഗുരു :

ഭാഗ്യത്തിലല്ല, , ലക്ഷ്യത്തില്‍ ശ്രദ്ധിക്കൂ

ജീവിതത്തില്‍ ചില കാര്യങ്ങള്‍ ആകസ്‌മികമായി സംഭവിക്കാറുണ്ട്‌; അതിനെയാണ് ഭാഗ്യവശാല്‍ എന്നു പറയുന്നത്‌. എന്നാല്‍ എല്ലാ ശുഭ കാര്യങ്ങള്‍ക്കും, ``ഭാഗ്യം വരട്ടെ” എന്നു വിചാരിച്ച്‌ ഒന്നും ചെയ്യാതെ കാത്തിരുന്നാലോ? ചിലപ്പോള്‍ ആ കാത്തിരിപ്പ്‌ മരണം വരെ നീണ്ടു പോയേക്കാം. കാരണം ഭാഗ്യം വരുന്നതും പോകുന്നതും, അതിന്റെ സ്വന്തം സമയത്തിനനുസരിച്ചാണ്‌. ഇവിടെ സ്വന്തം ഇച്ഛാശക്തി തന്നെയാണ്‌ പ്രധാനം. ‘ഭാഗ്യം വരാന്‍’ കാത്തിരിക്കുന്നവരുടെ മനസ്സില്‍ എപ്പോഴും ഉത്‌കണ്‌ഠയും പരിഭ്രമവുമായിരിയ്ക്കും. എന്നാല്‍ സ്വന്തം കഴിവിലും, ലക്ഷ്യബോധത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ വഴിയിലെ തടസ്സങ്ങളൊന്നും ബാധകമാവില്ല. അവര്‍ തളരാതെ, അങ്കലാപ്പില്ലാതെ മുന്നോട്ടു തന്നെ പോകും. അവനവന്റെ ലക്ഷ്യം – അതവനവന്റെ തന്നെ നിയന്ത്രണത്തിനു വിധേയമായിരിക്കണം. ആ ബോധം ജീവിതത്തെ കൂടുതല്‍ ശാന്തവും ദൃഢവുമാക്കും.

എന്നാല്‍ സ്വന്തം കഴിവിലും, ലക്ഷ്യബോധത്തിലും വിശ്വസിക്കുന്നവര്‍ക്ക്‌ വഴിയിലെ തടസ്സങ്ങളൊന്നും ബാധകമാവില്ല. അവര്‍ തളരാതെ, അങ്കലാപ്പില്ലാതെ മുന്നോട്ടു തന്നെ പോകും.

ഓര്‍ക്കുക, "എന്റെ വിജയത്തിനാധാരം എന്റെ കഴിവാണ്‌.” ഊര്‍ജതന്ത്രത്തില്‍ പറയുന്നത്‌, “വേണമെങ്കില്‍ മനുഷ്യന്‌ ചുമരില്‍കൂടിയും നടക്കാം" എന്നാണ്‌. കാരണം, അനേക കോടി ജീവസ്‌പന്ദനങ്ങളില്‍ ചിലത്‌ അങ്ങനെയൊരു സാദ്ധ്യതയും മുന്നോട്ടുവെയ്ക്കുന്നുണ്ടത്രേ. ആ നിമിഷത്തിന്‌ കാത്തിരുന്നുകൊണ്ട് ജീവിതം മുഴുവന്‍ വെറുതെ കളയാം, അല്ലെങ്കില്‍ അതെപ്പോഴാണ്‌ വന്നെത്തുക എന്നറിയാനുള്ള തത്രപ്പാടില്‍ ചുമരിലൂടെ നടക്കാന്‍ ശ്രമിച്ച് കൈയും കാലും ഒടിക്കുകയുമാവാം.

പരാജയത്തെപ്പറ്റിയുള്ള ആധി വേണ്ട

മനസ്സിരുത്തി പണിയെടുക്കുന്ന ഒരാളുടെ മനസ്സിലും പരാജയഭീതി ഉണ്ടാവില്ല. നൂറു വീഴ്‌ചകള്‍ സംഭവിച്ചാലും അയാളെ സംബന്ധിച്ചിടത്തോളം അത്‌ നൂറു പാഠങ്ങളായിരിയ്ക്കും. സ്വന്തം ലക്ഷ്യത്തില്‍ തന്നെ ശ്രദ്ധവെയ്ക്കുക. അപ്പോള്‍ മനസ്സും പൂര്‍ണമായി നിങ്ങളോട്‌ സഹകരിക്കും. മനസ്സ്‌ സജ്ജമായിക്കഴിഞ്ഞാല്‍ വിചാരവികാരങ്ങളും സ്വാഭാവികമായും അതിനോടൊപ്പമാകും, കാരണം, ചിന്തകളുണ്ടാകുന്നത്‌ മനസ്സിന്റെ വ്യതിചലനങ്ങളെ ആശ്രയിച്ചാണല്ലോ. അങ്ങനെ വിചാരവികാരങ്ങള്‍ പിടിയിലൊതുങ്ങുന്നതോടെ, ശരീരത്തിന്‌ പുതിയൊരു ഊര്‍ജവും ഉത്സാഹവും കൈവരും. മനസ്സും ബുദ്ധിയും ശരീരവും ഒരേ മട്ടിലുണര്‍ന്ന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി കഴിഞ്ഞാല്‍, പിന്നെ അസാദ്ധ്യമായി ഒന്നുമില്ല. എല്ലാം എത്തിപ്പിടിക്കാവുന്നവ മാത്രം. സര്‍ഗശക്തി അത്ഭുതാവഹമായ വിധത്തില്‍ വികസിക്കുന്നു. അതിനൊത്ത്‌ ശരീരവും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നു. നിങ്ങള്‍ സ്വയം നിങ്ങളുടെ ജീവിതത്തിന്റെ സ്രഷ്‌ടാവായിത്തീരുന്നു!

പ്രവൃത്തിയില്‍ വ്യക്തത ഉണ്ടാവണം

ആത്മവിശ്വാസത്തേക്കാള്‍ കൂടുതലായി ഒരു മനുഷ്യനുണ്ടായിരിക്കേണ്ടത്‌ തെളിവായ ബുദ്ധിയും, മനസ്സുമാണ്‌. വലിയ ഒരാള്‍ക്കൂട്ടത്തിനിടയിലൂടെ കടന്നുപോവുകയാണെന്നു വിചാരിക്കൂ. ശരിയായി നോക്കി നടന്നാല്‍ ആരേയും മുട്ടാതെയും തട്ടാതെയും മുമ്പോട്ടു പോകാന്‍ സാധിക്കും. നേര്‍കാഴ്‌ച, വ്യക്തമായ കാഴ്‌ചപ്പാട്‌ - ഇവിടെയതാണാവശ്യം. പലരും അതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നില്ല. ആത്മവിശ്വാസമുണ്ടായാല്‍ എല്ലാമായി എന്നാണ്‌ സാമാന്യ ചിന്ത. അത്‌ ശരിയല്ല. ചിലരുണ്ട്, നാണയം മേലോട്ടിട്ട് തീരുമാനങ്ങള്‍ എടുക്കുന്നവര്‍. തലയാണെങ്കില്‍ ശരി, വേണം; വാലാണെങ്കില്‍ തെറ്റ്‌, വേണ്ട. നൂറില്‍ അമ്പതു പ്രാവശ്യം അങ്ങനെയുള്ള ശരികള്‍ കിട്ടിയെന്നു വരാം. ശേഷിച്ച അമ്പത്‌ പാഴായി പോയെന്നും വരാം. അതാണോ നമുക്കുവേണ്ടത്‌? നൂറില്‍ നൂറും ശരിയാക്കാനല്ലേ നമ്മള്‍ ശ്രമിക്കേണ്ടത്‌? രണ്ടേരണ്ടു രംഗത്തേ അമ്പതു ശതമാനം കൊണ്ട് തടിതപ്പാനാവുകയുള്ളൂ, കാലാവസ്ഥ നിര്‍ണയിക്കാം അല്ലെങ്കില്‍ ജ്യോത്സ്യം പറയാം. "മഴ പെയ്യാനും പെയ്യാതിരിക്കാനും സാദ്ധ്യതയുണ്ട്” അല്ലെങ്കില്‍ "വിവാഹം നടക്കും, പക്ഷേ ചില തടസ്സങ്ങള്‍ കാണുന്നതുകൊണ്ട്‌ നടന്നില്ലെന്നും വരാം.” അങ്ങനെയൊക്കെ എങ്ങും തൊടാതെ ഉത്തരം പറഞ്ഞ്‌ പിടിച്ചു നില്‍ക്കാം. വേറൊരു രംഗത്തും ഈ ഉത്തരം വിലപ്പോവില്ല.

ആരോടും ഒന്നിനോടും അനിഷ്‌ടം വേണ്ട

ജീവിതത്തില്‍ വ്യത്യസ്ഥമായ അനുഭവങ്ങളിലൂടെയാണ്‌ ഓരോ ദിവസവും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്‌. ഓരോ അനുഭവത്തിനേയും ഉള്‍ക്കൊള്ളുന്നത്‌ വിഭിന്നമായ മനോഭാവങ്ങളോടെയാണ്‌. അതിനു തക്കവണ്ണം നമ്മുടെ സ്വത്വത്തിലും മാറ്റങ്ങളുണ്ടാവുന്നു. ബലം പിടിച്ചു നിന്നിട്ടു കാര്യമില്ല. ഒട്ടൊക്കെ അയഞ്ഞ മനസ്സാണ്‌ നമ്മുടേതെങ്കില്‍, സാഹചര്യങ്ങളോട്‌ നീതി പുലര്‍ത്താന്‍ നമുക്കു പ്രയാസമുണ്ടാവില്ല. അവനവന്റെ ഭാഗം യഥേഷ്ടം, എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാവും. എന്നാല്‍ പലരുടേയും കാര്യത്തില്‍ ഇതൊരു വലിയ പ്രശ്‌നമായി കണ്ടുവരുന്നു. പാറപോലെ ദൃഢമായ മനസ്സ്‌, അങ്ങോട്ടോ ഇങ്ങോട്ടോ ചായാന്‍ കൂട്ടാക്കാത്ത മനോഭാവം, അവനവന്‍ ഇഷ്‌ടപ്പെടാത്തതൊന്നും പൊറുക്കുകയില്ല എന്ന വാശി, മാറിമാറി വരുന്ന സാഹചര്യങ്ങളോട്‌ ഇണങ്ങിച്ചേരാനുള്ള മനസ്സില്ലായ്‌മ, ഇങ്ങനെയുള്ള പിടിവാശികള്‍ കൊണ്ട് ഗുണമൊന്നും നേടാനാവില്ല, മറിച്ച് ദോഷവും ക്ലേശവും ഉണ്ടാകാനാണ് കൂടുതല്‍ സാധ്യത.

പാറപോലെ ദൃഢമായ മനസ്സ്‌, അങ്ങോട്ടോ ഇങ്ങോട്ടോ ചായാന്‍ കൂട്ടാക്കാത്ത മനോഭാവം, അവനവന്‍ ഇഷ്‌ടപ്പെടാത്തതൊന്നും പൊറുക്കുകയില്ല എന്ന വാശി, മാറിമാറി വരുന്ന സാഹചര്യങ്ങളോട്‌ ഇണങ്ങിച്ചേരാനുള്ള മനസ്സില്ലായ്‌മ, ഇങ്ങനെയുള്ള പിടിവാശികള്‍ കൊണ്ട് ഗുണമൊന്നും നേടാനാവില്ല.

ഈ മനസ്ഥിതി മാറ്റിയെടുത്താല്‍ മാത്രമേ മുന്നോട്ടു പോകാനാവൂ. അതത്ര പ്രയാസമുള്ള കാര്യമല്ല. മനസ്സിന്‌ പിടിയ്ക്കാത്ത ഒരാളുമായി കൂട്ടുകൂടുക, അതുപോലെ ഇഷ്‌ടമില്ലാത്ത വസ്‌തുക്കളുമായി വീണ്ടും വീണ്ടും സമ്പര്‍ക്കത്തിലാവുക. വ്യക്തിയായാലും, വസ്‌തുവായാലും പിറുപിറുപ്പില്ലാതെ സന്തോഷത്തോടുകൂടെ കഴിയുക. പതുക്കെ പതുക്കെ അതൊരു ശീലമാവും. അനിഷ്‌ടങ്ങളെ മറി കടക്കാന്‍ ക്രമേണ പഠിക്കും. ജീവിതം സ്വൈര്യമായി അതിന്റെ ഒഴുക്കു തുടരും.

കാലേകൂട്ടി കണക്കു കൂട്ടണ്ട

"ഞാന്‍ വലിയൊരാളാകും” അങ്ങനെയുള്ള മോഹങ്ങളുടേയും പ്രതീക്ഷക ടേയുമൊന്നും ആവശ്യമില്ല. ശരിയായ ലക്ഷ്യബോധമുണ്ടാവുക. "ഞാന്‍” എന്ന ഇട്ടാവട്ടത്തിലും അവനവന്റെ പരിമിതികളിലും ഒതുങ്ങിക്കൂടാതെ സ്വന്തം കഴിവിന്റെ പരമാവധി പ്രയത്‌നിക്കുക. സ്വാഭാവികമായും നിങ്ങള്‍ സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായ ഒരാളായിത്തീരും. നിങ്ങള്‍ക്ക് പരിചയമുള്ള, നിങ്ങള്‍ അഭിമാനപൂര്‍വം വീക്ഷിക്കുന്ന വ്യക്തികളെ കുറച്ചു ദിവസം ശ്രദ്ധിക്കൂ. അപ്പോള്‍ മനസ്സിലാകും, അവര്‍ ഉയരങ്ങളിലെത്തിച്ചേര്‍ന്നത്‌ പാടുപെട്ട്‌ കയറിപ്പറ്റിയതു കൊണ്ടും, അന്വേഷിച്ച്‌ തേടിച്ചെന്നെത്തിയതുകൊണ്ടും മാത്രമല്ല, മറിച്ച്‌ ഉയരങ്ങള്‍ അവരെ തേടി വരികയായിരുന്നു. "ഇതുകൊണ്ടെനിക്കെന്തു പ്രയോജനം” എന്നാലോചിച്ച്‌ അവര്‍ വഴിയില്‍ നിന്നില്ല. ജീവിതത്തിനെ അവര്‍ കണ്ട രീതിതന്നെ വേറൊന്നായിരുന്നു.

"എനിക്കെന്തു നേട്ടം?” എന്ന ചിന്ത ഒഴിവാക്കി സ്വന്തം പ്രവൃത്തികളില്‍ ആത്മാര്‍ത്ഥമായി മുഴുകുക. കാലേകൂട്ടി നേട്ടങ്ങള്‍ കണക്കാക്കാന്‍ തുടങ്ങുമ്പോഴാണ്‌ ശ്രദ്ധ വഴുതുന്നതും വഴി തെറ്റുന്നതും. ‘നിറഞ്ഞു പരന്നു കിടക്കുന്ന ജീവിതം! ഇവിടെ എനിക്കെന്തെല്ലാം ചെയ്യാനാകും’ എന്ന ചിന്തയ്ക്കാകട്ടെ മനസ്സില്‍ മുന്‍തൂക്കം. അതോടെ അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും, അതിനോടൊപ്പം തന്നെ എത്തും ഉയരങ്ങളും, നേട്ടങ്ങളും.

Photo credit to : https://pixabay.com/en/steps-staircase-climbing-1081909/