തെറ്റു ചെയ്താല്‍ എന്തു ചെയ്യണം

right-wrong

सद्गुरु

ശിശുവായിരുന്നപ്പോള്‍ എത്രമാത്രം ചേര്‍ന്നുപോകാന്‍ കഴിഞ്ഞു. ഒരു പകയുമില്ലാതെ അടിച്ചയാളിന്‍റെ അടുക്കല്‍ വീണ്ടും പോകുമായിരുന്നു. അന്നത്തെ സന്തോഷം എങ്ങനെയിരുന്നു?

വളരുന്തോറും ശരീരവും മനസ്സും ഇറുക്കമായി. സമൂഹത്തില്‍ സ്വയം ഒരടയാളം സൃഷ്ടിച്ചു. ആ അടയാളത്തിന്‍റെ ഗൗരവം നിലനിറുത്താന്‍ സ്വന്തം സത്യസന്ധതയെപ്പോലും ബലികഴിക്കാന്‍ തയ്യാറായി. അതുകൊണ്ടാണ് സ്വന്തം തെറ്റുകള്‍ അംഗീകരിക്കാനുള്ള അടിസ്ഥാനഗുണംപോലും നഷ്ടമായത്.

മനുഷ്യനായി ജനിച്ച ആരും തെറ്റുകളെ മറികടന്നവരല്ല. ചെയ്തതു തെറ്റോ ശരിയോ എന്നുള്ളതല്ല പ്രശ്നം, അത് അംഗീകരിക്കുന്നത് ആക്ഷേപമാണ് / അപമാനമാണ് എന്നുള്ള അഹങ്കാരബോധമാണ് പലരേയും വേട്ടയാടുന്നത്. “ക്ഷമിക്കണേ. അറിയാതെ സംഭവിച്ചുപോയി. അടുത്ത പ്രാവശ്യം മുന്‍കൂര്‍ പറഞ്ഞുതരൂ. തിരുത്തിക്കൊള്ളാം” എന്ന് വിനയത്തോടെ പറയുമ്പോള്‍ എന്തെങ്കിലും കുറവു സംഭവിക്കുമോ? തെറ്റാണെന്നു ബോദ്ധ്യപ്പെട്ടിട്ടും അതു പരസ്യമായി പറയാന്‍ തന്‍റേടമില്ലാതെ അതിനെ ന്യായീകരിക്കുന്നതാണ് വലിയ കുറ്റം.

ഒരിക്കല്‍ ശങ്കരന്‍പിള്ള ഒരന്യന്‍റെ തോട്ടത്തില്‍ പഴങ്ങള്‍ കായ്ച്ച് കിടക്കുന്നത് കണ്ടു. വേഗം ഒരു ചാക്കുമായി വേലിചാടി അവിടെയെത്തി. ചാക്കുനിറയെ പഴങ്ങള്‍ പറിച്ചിട്ടു. തിരിച്ചു ചാടാന്‍ നേരം തോട്ടത്തിന്‍റെ ഉടമ പിള്ളയെ പിടികൂടി.
“ആരുടെ അനുവാദത്തിലാണ് ഇതു പറിച്ചത്”
“അയ്യോ ഞാന്‍ പറിച്ചില്ലല്ലോ. ഭയങ്കരമായി കാറ്റുവീശി. അപ്പോള്‍ ഈ പഴങ്ങള്‍ മുഴുവന്‍ ഉതിര്‍ന്നു വീണു” എന്നു പിള്ള പറഞ്ഞു,.

തെറ്റാണെന്നു ബോദ്ധ്യപ്പെട്ടിട്ടും അതു പരസ്യമായി പറയാന്‍ തന്‍റേടമില്ലാതെ അതിനെ ന്യായീകരിക്കുന്നതാണ് വലിയ കുറ്റം.

“അങ്ങനെയാണെങ്കില്‍ ഈ ചാക്ക് എന്തിനു കൊണ്ടുവന്നു?”
“ഓ! ഇതോ, ഇതും കാറ്റില്‍ പറന്നു വന്നതാണ്”
“ശരി കാറ്റില്‍ പഴങ്ങള്‍ ഉതിര്‍ന്നു. ചാക്ക് പറന്നുവന്നു. പക്ഷേ ചാക്കിനകത്ത് പഴങ്ങള്‍ നിറച്ചതാരാണ്?” എന്ന് തോട്ടമുടമ ചോദിച്ചു.
ശങ്കരന്‍പിള്ളയാവട്ടെ ഒരുനിഷ്ക്കളങ്കന്‍റെ ഭാവത്തോടെ “അതാണ് എനിക്കും ആശ്ചര്യമായിട്ടിരിക്കുന്നത്” എന്നു കാച്ചി.

തെറ്റു ചെയ്യുന്നവര്‍ പലരും ഈ പിള്ളയെപ്പോലെയാണ്. തൊണ്ടിയുമായി പിടിക്കപ്പെട്ടാലും കുറ്റം ഏല്‍ക്കാതെ അത് ന്യായീകരിക്കാന്‍ വീണ്ടും കളവുകള്‍ പറഞ്ഞു കൊണ്ടേയിരിക്കും. ഇത്തരത്തില്‍ തെറ്റ് അംഗീകരിക്കാതെ നിര്‍ബന്ധം പിടിക്കുന്നതു നല്ലതല്ല.
സുഹൃത്തുക്കളോട്, സഹജീവനക്കാരോട്, മേലധികാരിയോട്, കീഴ്ജോലിക്കാരോട്- എന്തിന്, മുന്‍പരിചയമില്ലാത്തവരോടുപോലും തെറ്റു ചെയ്യേണ്ടിവന്നാല്‍ അത് ഏറ്റു പറയുക. അപ്പോള്‍ നിങ്ങളുടെ മതിപ്പ് ഉയരുകയേ ഉള്ളൂ.

സുഹൃത്തുക്കളോട്, സഹജീവനക്കാരോട്, മേലധികാരിയോട്, കീഴ്ജോലിക്കാരോട്- എന്തിന്, മുന്‍പരിചയമില്ലാത്തവരോടുപോലും തെറ്റു ചെയ്യേണ്ടിവന്നാല്‍ അത് ഏറ്റു പറയുക. അപ്പോള്‍ നിങ്ങളുടെ മതിപ്പ് ഉയരുകയേ ഉള്ളൂ.

ശ്രദ്ധയില്ലാതെ ഒരു കുറ്റം ചെയ്തെന്നിരിക്കാം. പക്ഷേ അതിനെക്കുറിച്ചുള്ള ബോധമില്ലാതെ ആ വേദന മറ്റുപലര്‍ക്കും പങ്കിട്ടുകൊടുക്കുന്നത് വളര്‍ച്ചയ്ക്കു ചേര്‍ന്നതല്ല.
നിങ്ങളുടെ തെറ്റുകള്‍ ചിലപ്പോള്‍ ഭൂതക്കണ്ണാടി കൊണ്ടു നോക്കി പലരും പെരുപ്പിച്ചു കാണിച്ചെന്നിരിക്കും. കാണിക്കട്ടെ. ആ സമയത്തു നിങ്ങള്‍ ക്ഷമ ചോദിച്ചാല്‍ ഒരു യുദ്ധം അവിടെ തീരുമല്ലോ. അപ്പോള്‍ നിങ്ങളെ കുറ്റപ്പെടുത്തിയവര്‍ക്കുതന്നെ കുറ്റബോധം തോന്നും.

ഒന്നു മനസ്സിലാക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങള്‍ വിട്ടുകൊടുത്തു എന്നല്ല നിങ്ങളുടെ മനസ്സ് അത്രയ്ക്ക് പാകപ്പെട്ടു എന്നാണ് മനസ്സിലാക്കേണ്ടത്.

വ്യാപാരത്തിലായാലും, വീട്ടിലായാലും, കളിയിലായാലും സ്വന്തം തെറ്റുകുറ്റങ്ങള്‍ ഏറ്റു പറയുന്നതിനെ, അംഗീകരിക്കുന്നതിനെ, ആശ്രയിച്ചായിരിക്കും നിങ്ങളുടെ ജീവിതവിജയം രൂപപ്പെടുന്നത്.
സ്വന്തം തെറ്റുകള്‍ ഏല്‍ക്കുക എന്നത് ശത്രുവിനെയും മിത്രമാക്കുന്ന ശക്തിയാണ്. നിങ്ങളെ എതിരിട്ട് തോല്‍പ്പിക്കാന്‍ പറ്റാത്ത ബലമാണ് അത്. മാത്രമോ നിങ്ങളെ ഉയരങ്ങളിലേക്ക് കയറ്റിവിടുന്ന ശക്തിയുമാണത്.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *