सद्गुरु

ആരു വിചാരിച്ചാലും ഉലയ്ക്കാന്‍ പറ്റാത്ത ദൃഢചിത്തതയോടെ, നിങ്ങളും മുന്നോട്ടു പോവുകയാണെങ്കില്‍ ആഗ്രഹിച്ചതെല്ലാം തീര്‍ച്ചയായും കൈവരും.

ജര്‍മ്മന്‍കാരനായ ഓട്ടോലിലിയന്താ എന്ന ശാസ്ത്രജ്ഞന് മനുഷ്യനു പറക്കാനാവില്ല എന്ന വസ്തുത സ്വീകാര്യമായിരുന്നില്ല. ആദ്യമായി പറക്കുന്ന യന്ത്രം കണ്ടുപിടിച്ചത് അദ്ദേഹമാണ്. ഈ സന്തോഷം പൊതുജനങ്ങളുമായി പങ്കുവയ്ക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ഒരു ദിവസം നിശ്ചയിച്ച്, അന്നു താന്‍ പറന്നു കാട്ടാം എന്ന് എല്ലാവരുടെയും മുമ്പില്‍ വച്ചു വാക്കുകൊടുത്തു.

എന്നാല്‍ അവിടത്തെ പുരോഹിതവര്‍ഗ്ഗത്തിന് ഇതു സഹിക്കാനായില്ല. "ദേവന്മാരും മാലാഖമാരും മാത്രമേ ആകാശത്തു പറക്കാവൂ. മനുഷ്യന്‍ പറക്കുന്നത്, ദൈവനിശ്ചയത്തിന് എതിരായ പ്രവൃത്തിയാണ്" എന്നുപറഞ്ഞ അവര്‍ ലിലിയന്തായുടെ പറക്കലിനെ ശക്തിയായി എതിര്‍ത്തു. അതുമാത്രമോ! ഒന്‍പതു വര്‍ഷം രാപകല്‍ കഷ്ടപ്പെട്ടു നിര്‍മ്മിച്ച ആ വിമാനം അവര്‍ തീയിട്ടു നശിപ്പിച്ചു.

ലോകചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. പല മതഗുരുക്കന്മാരും തങ്ങള്‍ ഈശ്വരന്‍റെ പ്രതിനിധിയാണ് എന്നുള്ള ധാരണയ്ക്ക് വിഘ്നം ഉണ്ടാകുമോ എന്നു ഭയന്ന് പല രീതിയിലുള്ള എതിര്‍പ്പുകളും ആക്ഷേപങ്ങളും കാട്ടിയിട്ടുണ്ട്.

ഓട്ടോലിലിയന്താ ഇതുകൊണ്ട് തളര്‍ന്നുപോയില്ല. നീണ്ട നാലു വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് അദ്ദേഹം വീണ്ടുമൊരു വിമാനം നിര്‍മ്മിച്ചു. പക്ഷേ അതിനുമുമ്പുതന്നെ റൈറ്റ് സഹോദരന്മാര്‍ രൂപപ്പെടുത്തിയെടുത്ത വിമാനം ആകാശത്തു പറന്ന് ലോകചരിത്രത്തെ മാറ്റിമറിച്ചു.

മനുഷ്യനെക്കൊണ്ട് പറക്കാനാവുമോ എന്നു ചിന്തിച്ച്, ഭയന്നും സംശയിച്ചും കഴിഞ്ഞിരുന്നുവെങ്കില്‍ ലിലിയന്തോയും റൈറ്റ് സഹോദരന്മാരും വിമാനം കണ്ടുപിടിക്കുമായിരുന്നില്ല. ചില മണിക്കൂറിനുള്ളില്‍ ലോകത്തിന്‍റെ അങ്ങേപ്പുറത്ത് എത്താനുള്ള സൗകര്യം കിട്ടുകയുമില്ല.

മനുഷ്യനെക്കൊണ്ട് പറക്കാനാവുമോ എന്നു ചിന്തിച്ച്, ഭയന്നും സംശയിച്ചും കഴിഞ്ഞിരുന്നുവെങ്കില്‍ ലിലിയന്തോയും റൈറ്റ് സഹോദരന്മാരും വിമാനം കണ്ടുപിടിക്കുമായിരുന്നില്ല. ചില മണിക്കൂറിനുള്ളില്‍ ലോകത്തിന്‍റെ അങ്ങേപ്പുറത്ത് എത്താനുള്ള സൗകര്യം കിട്ടുകയുമില്ല.

എഴുന്നേറ്റു നടക്കാന്‍ നിങ്ങളെക്കൊണ്ടു സാധിക്കുമോ എന്നു ചോദിച്ചാല്‍, നടക്കാം എന്നു പറയുന്ന നിങ്ങളോട്, കാറ്റില്‍ ഉയര്‍ന്നു പറക്കാന്‍ പറ്റുമോ എന്നു ചോദിച്ചാല്‍, സാധിക്കില്ല എന്നു ഭയത്തോടെ മറുപടി നല്‍കും.
ഈ രണ്ടു മറുപടികളും നിങ്ങളുടെ അനുഭവത്തിന്‍റെ ബലത്തിലാണു നല്‍കുന്നത്. ഒരു ആഗ്രഹം ഇന്നലെ സഫലമായില്ല എന്നു കരുതി അത് ഒരിക്കലും നടക്കുകയില്ല എന്ന് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങള്‍ തീരുമാനിച്ചത്?

നൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയില്‍ നടക്കുന്ന കാര്യങ്ങള്‍ അപ്പോള്‍തന്നെ ഇവിടെ കാണാന്‍ കഴിയണം എന്ന് ആരെങ്കിലും ആഗ്രഹിച്ചിരുന്നെങ്കില്‍ ആ ആഗ്രഹം പൂര്‍ത്തിയാവുമായിരുന്നില്ല. പക്ഷേ അങ്ങനെ കാണണം എന്ന് ആരൊക്കെയോ തീവ്രമായി ആഗ്രഹിച്ചു പരിശ്രമിച്ചതുകൊണ്ടാണ് ഇന്ന് ടെലിവിഷന്‍ എന്ന ദൂരദര്‍ശനയന്ത്രം നമുക്കു ലഭിച്ചത്.

പുരാണത്തില്‍ ഒരു കഥയുണ്ട്. ഈശ്വരനെ ധ്യാനിച്ച് ഒരു അസുരന്‍ കഠിനതപസ്സുചെയ്തു. ആ തപസ്സിന് ഭംഗം വരുത്താന്‍ ദേവന്മാര്‍ കിണഞ്ഞു പരിശ്രമിച്ചു. കൊടുങ്കാറ്റു വീശും, പേമാരിപെയ്യും, ദുഷ്ടമൃഗങ്ങള്‍ ആക്രമിക്കും. ദേവലോകസുന്ദരികളായ രംഭയും ഉര്‍വശിയും തിലോത്തമയും ഈ അസുരന്‍റെ മുമ്പില്‍ വന്ന് അയാളുടെ ഏകാഗ്രത നശിപ്പിക്കാന്‍ പാടുപെടും. പക്ഷെ എത്ര തടസ്സമുണ്ടായിട്ടും അയാള്‍ തന്‍റെ തപസ്സില്‍ തന്നെ ചിത്തമുറപ്പിച്ചു കഴിഞ്ഞു. അങ്ങനെ വന്നപ്പോള്‍ പ്രകൃതിതന്നെ അവന്‍റെ രക്ഷയ്ക്കെത്തി. ഒടുവില്‍ തപസ്സു പൂര്‍ത്തിയാക്കി തനിക്കാവശ്യമുളള വരം ശിവന്‍റെ കയ്യില്‍നിന്നും നേടിയേ അസുരന്‍ മടങ്ങിയുള്ളൂ.
ഭയമില്ലാതെ ഉറച്ചമനസ്സോടെ ഇരുന്നാല്‍ കിട്ടേണ്ടതെല്ലാം കിട്ടും. ഈശ്വരന്‍ വിചാരിച്ചാലും ഇത് തടുക്കാനാവില്ല.
മഹാത്മാഗാന്ധി ഒരു സാധാരണ, എളിയ, മനുഷ്യനായിരുന്നു. ഒരു പ്രത്യേകമായ കഴിവോ പഠിപ്പോ ഇല്ലാത്ത ആളായിരുന്നു അദ്ദേഹം. പക്ഷേ ഒരു സുപ്രഭാതത്തില്‍ ലോകം മുഴുവന്‍ അതിശയിക്കത്തക്ക രീതിയില്‍ അദ്ദേഹം ഉയര്‍ന്നു. വിശ്വരൂപനായി എവിടെയും അറിയപ്പെട്ടു.

ആരെക്കൊണ്ടും ചലിപ്പിക്കാനാവാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അടിവേരുകള്‍ അദ്ദേഹം പറിച്ചെടുത്തു. ഇതെങ്ങനെ സാധ്യമായി?
താന്‍ ഏറ്റെടുത്ത കര്‍ത്തവ്യത്തോട് അദ്ദേഹം തീവ്രമായ അഭിവാഞ്ഛ പുലര്‍ത്തി. അദ്ദേഹത്തെക്കാള്‍ വിദ്യാഭ്യാസവും ധനവും സൗകര്യവും സാമര്‍ത്ഥ്യവും ഉള്ള പലരും അദ്ദേഹത്തെ പിന്‍തുടരാന്‍ സദാ സന്നദ്ധരായിരുന്നു. അതിനു കാരണം തന്‍റെ ആഗ്രഹനിവര്‍ത്തിക്കുവേണ്ടി ഭയലേശമില്ലാതെ, അചഞ്ചലമായ മനസ്സോടെ, സദാ പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്‍റെ കഴിവായിരുന്നു. കാരാഗ്രഹത്തില്‍ അടച്ചു, ഭീഷണിപ്പെടുത്തി; പക്ഷേ ഗാന്ധിജി കുലുങ്ങിയില്ല. പിന്‍മാറിയില്ല മേരുസമാനമായ ആ മനോബലത്തിനു മുന്നില്‍ അവര്‍ക്ക് അടിയറവു പറയേണ്ടിവന്നു.

തീവ്രതയോടെ ഇരിക്കുന്നവര്‍ക്കു മാത്രമേ ഇത്തരം നേട്ടം കൈവരിക്കാനാവൂ.

നിര്‍ഭാഗ്യവശാല്‍ അതിതീവ്രമായ ആഗ്രഹമുള്ളവരെല്ലാം ഇന്ന് ആപല്‍ക്കരമായ ചിന്തകള്‍ വച്ചു പുലര്‍ത്തുന്നു. തങ്ങളുടെ ലക്ഷ്യപ്രാപ്തിക്കായി സ്വന്തം ജീവന്‍പോലും നല്‍കാന്‍ ഇന്നു തീവ്രവാദികള്‍ തയ്യാറായിക്കഴിഞ്ഞു.
മഹാത്മാഗാന്ധിയും ഒരു തീവ്രവാദിതന്നെയായിരുന്നു പക്ഷേ അക്രമത്തെ അണുവിടപോലും ആശ്രയിക്കാത്ത തീവ്രവാദിയായിരുന്നു അദ്ദേഹം. വിപരീതചിന്തകളിലേക്ക് ഒട്ടുമേ തിരിയാത്ത മനസ്സുള്ള തീവ്രവാദി.
ആരു വിചാരിച്ചാലും ഉലയ്ക്കാന്‍ പറ്റാത്ത അത്തരം ദൃഢചിത്തതയോടെ, നിങ്ങളും മുന്നോട്ടു പോവുകയാണെങ്കില്‍ ആഗ്രഹിച്ചതെല്ലാം തീര്‍ച്ചയായും കൈവരും.

ഭയത്തോടെ ജീവിതത്തെ സമീപിച്ചാല്‍ എല്ലാം അപകടകാരിയായി തോന്നും. ഏറ്റവും ഭദ്രമായി, തികഞ്ഞ സുരക്ഷയോടെ ജീവിക്കണമെങ്കില്‍ കല്ലറയ്ക്കുള്ളില്‍ വേണം ഒളിക്കാന്‍!

ഒരു കാര്യം മനസ്സിലാക്കണം. ജീവിതവും മരണവും ഒരുമിച്ചാണ് വരുന്നത്. ജീവിതം വന്നാല്‍ മരണവും വരും ജീവിതത്തിനു സന്ദര്‍ഭം കൊടുത്താല്‍ ഒപ്പം മരണത്തിനും അവസരം കൊടുത്തേ മതിയാവൂ.
ഭയത്തോടെ ജീവിതത്തെ സമീപിച്ചാല്‍ എല്ലാം അപകടകാരിയായി തോന്നും. ഏറ്റവും ഭദ്രമായി, തികഞ്ഞ സുരക്ഷയോടെ ജീവിക്കണമെങ്കില്‍ കല്ലറയ്ക്കുള്ളില്‍ വേണം ഒളിക്കാന്‍!

ഭയം സ്വാഭാവികമായി വരുന്നില്ല. അത് വളര്‍ത്തിയെടുക്കുന്നതു നിങ്ങളാണ്. ഈ നിര്‍മ്മാണപ്രക്രിയ അവസാനിപ്പിച്ചാല്‍ എല്ലാ നാടകത്തിനും തിരശ്ശീലവീഴും. സ്വയം തോല്‍പ്പിക്കാന്‍ നിങ്ങള്‍ തന്നെ കണ്ടുപിടിച്ച ആയുധമാണ് ഭയം. അതിനെ വിരട്ടി അകറ്റാന്‍ നോക്കണ്ട. ഉണ്ടാക്കി വളര്‍ത്താതെ ഇരുന്നാല്‍ മാത്രം മതി.

ഈ ഭയമൊഴിവാക്കി ജീവിക്കാന്‍ പരിശീലിച്ചാല്‍ ജീവിതം അവസരങ്ങള്‍ നിറഞ്ഞതായിത്തീരും. ഏതിനെ സമീപിച്ചാലും, എന്തു സംരംഭമായാലും, അതിനുള്ള പൂര്‍ണ്ണമായ യോഗ്യത നേടിയതിനുശേഷം മാത്രം തുടങ്ങുക. അപകടസന്ധികള്‍ മാറും. വിജയവും കൈവരും.