सद्गुरु

എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടൊ താന്‍ തന്നെയാണ് തന്‍റെ വഴിയില്‍ തടസ്സമായി നില്ക്കുന്നതെന്ന്. ഈ സ്ഥിതി, ശാംഭവി മഹാമുദ്രയിലൂടെ എങ്ങനെ മറികടക്കാമെന്ന് സദ്ഗുരു വിശദമാക്കുകയാണ്. പലരും അവനവന്‍റെ ശ്രമങ്ങളെ അട്ടിമറിക്കുന്നവരുമാണ്. താന്‍തന്നെയായിരിക്കും പലപ്പോഴും എതിരാളിയുടെ സ്ഥാനത്ത്.

ചോദ്യം: കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടുപോകവേ ഞാന്‍ തന്നെ അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. ആ പ്രവണത മാറ്റിയെടുക്കാന്‍ ശാംഭവീമുദ്രയിലൂടെ എനിക്കു സാധിക്കുമൊ?

സദ്ഗുരു:- അതുശരി, ഒറ്റക്കിരുന്ന് രണ്ടുപേരുടെ കളി കളിക്കുകയാണ് നിങ്ങള്‍ക്കിഷ്ടം. അതിനിടയില്‍ നിങ്ങള്‍ത്തന്നെ നിങ്ങളുടെ എതിരാളിയുമാകുന്നു. നിങ്ങള്‍ക്കുചുറ്റും ജീവിതം നിറഞ്ഞു നില്ക്കുകയാണല്ലോ. വിനോദത്തിനായി താന്‍ മാത്രമായി കളിക്കേണ്ട കാര്യമില്ല. തനിച്ചിരിക്കുമ്പോള്‍ ചെയ്യേണ്ടത് ഉള്ളിലേക്ക്തിരിഞ്ഞ് അവനവനെ അറിയാന്‍ ശ്രമിക്കുകയാണ്. സ്വയം വളരാനും മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടത്തണം. അല്ലാതെ സ്വന്തം മനസ്സില്‍ സംഘര്‍ഷങ്ങളുണ്ടാക്കാന്‍ ശ്രമിക്കരുത്.

അങ്ങനെയൊരു "ഇരട്ടക്കളി" ബോധപൂര്‍വ്വം നടത്തികൊണ്ടിരുന്നാല്‍ തീര്‍ച്ചയായും അത് കുഴപ്പത്തിലേ കലാശിക്കൂ. നിങ്ങളുടെ മനസ്സിന്‍റെ സമനിലതെറ്റും. ചിത്തഭ്രമം പിടിപെടും. അടിസ്ഥാനപരമായ ചില മുന്നൊരുക്കങ്ങള്‍ക്കു ശേഷമാണ് നിങ്ങള്‍ക്ക് സാധനാമാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തി തരുന്നത്. നിങ്ങള്‍ പൂര്‍ണ്ണമായ ഒരു വ്യക്തിത്വത്തിന് ഉടമയാണെന്ന് ആദ്യമേ ഉറപ്പു വരുത്തുന്നു.


"എന്‍റെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ഞാനാണ്. അത് മറ്റൊരാളുടെ സൃഷ്ടിയല്ല. ബാഹ്യമായ ഒന്നും എന്നെ സ്വാധീനിക്കുന്നില്ല"

ഒരു വ്യക്തി എന്നു പറയുമ്പോള്‍ കൂടുതലായി ഇനിയും വിഭജിക്കാന്‍ പറ്റാത്തത് എന്ന് അര്‍ത്ഥമാക്കണം. അതൊന്നാണ്, അതിനെ രണ്ടാക്കാനാവില്ല. എന്നാല്‍ പലപ്പോഴും ആളുകള്‍ ശ്രമിക്കുന്നത് ഒന്നിനെ രണ്ടാക്കാനാണ്. നിങ്ങള്‍തന്നെ പറഞ്ഞല്ലോ, "ഞാന്‍ പലപ്പോഴും എന്നെത്തന്നെ അട്ടിമറിക്കുന്നു" എന്ന്., പലപ്പോഴും ആളുകള്‍ പറയാറുണ്ട് " എല്ലാം നല്ല രീതിയില്‍ പോകുന്നുണ്ട്. പക്ഷെ പലപ്പോഴും "ഞാനെന്ന ഭാവം" അതിനിടയില്‍ കയറിവരുന്നു. എവിടെയാണീ അഹംഭാവം അവരുടെ അഹംഭാവം അവരുടെ ആത്മാവ്, അവരുടെ ബോധം, അവരുടെ പരംബോധം, അങ്ങനെ പലതും പലരും പറയുന്നതു കേള്‍ക്കാം. അവര്‍ ഒന്നിനെ പലതായി കാണുകയാണ്. അത് നല്ലൊരു പ്രവണതയല്ല. ആകെ ഒന്നേയുള്ളൂ. നിങ്ങള്‍, നിങ്ങള്‍മാത്രം. നിങ്ങള്‍മാത്രമാണ് യഥാര്‍ത്ഥമായത്. രണ്ടാമതൊന്നില്ല എന്നുറപ്പുവരുത്തുകയാണ് ആദ്യമായി വേണ്ടത്. "എന്‍റെയുള്ളില്‍ ഉളവാകുന്ന ഓരോ അനുഭവവും എന്‍റെ തന്നെ സൃഷ്ടിയാണ്" നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള അല്ലെങ്കില്‍ നിങ്ങള്‍ പരിശീലിച്ചു കഴിഞ്ഞിട്ടുള്ള കാര്യപരിപാടിയിലൂടെ അനുഷ്ഠാനക്രമങ്ങളിലൂടെ ഞങ്ങള്‍ വ്യക്തമാക്കുന്നത് ഈ യാഥാര്‍ത്ഥ്യമാണ്.
ഇന്ത്യയില്‍ കഴിഞ്ഞ തലമുറവരേയും സാധാരണയായി എല്ലാവരും പറയാറുള്ള ഒരു സംഗതിയാണ്, "എല്ലാം എന്‍റെ കര്‍മ്മമാണ്." അതിന്‍റെ അര്‍ത്ഥം സംഭവിക്കുന്നതെല്ലാം എന്‍റെ കര്‍മ്മഫലമാണെന്നാണ്. "എന്‍റെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ഞാനാണ്. അത് മറ്റൊരാളുടെ സൃഷ്ടിയല്ല. ബാഹ്യമായ ഒന്നും എന്നെ സ്വാധീനിക്കുന്നില്ല" ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഗതിയാണ്. ഇത് സ്വയം ബോദ്ധ്യപ്പെടുത്താനായില്ലെങ്കില്‍, ജീവിതം മുഴുവന്‍ നിങ്ങള്‍ ആ "ഇരട്ടക്കളി" കളിച്ചുകൊണ്ടേയിരിക്കും.

ഒരു വ്യക്തി എന്ന നിലയില്‍ യഥാസ്ഥാനത്ത് നിങ്ങളെ ഉറപ്പിച്ചുനിര്‍ത്താനുള്ളതാണ് സാധന. അത് നിങ്ങളുടെ വ്യക്തിത്വത്തെ കൂടുതല്‍ സുശക്തവും സുദൃഢവുമാക്കുന്നു. അങ്ങനെ മനസ്സിലെ "രണ്ടാള്‍ ഭാവത്തെ" തീര്‍ത്തും ഒഴിവാക്കുന്നു. അതോടെ നിങ്ങളുടെ "രണ്ടാള്‍" കളിയും താനേ നിന്നുപോകും തുടക്കത്തില്‍ ബോധപൂര്‍വ്വമുള്ള കര്‍ശനമായ പരിശീലനം ആവശ്യമാണ്. എന്തുവന്നാലും അടുത്ത ഒരു കൊല്ലക്കാലം ഈ പരിശീലനം കൃത്യമായി ചെയ്യുകതന്നെ വേണം. അതുകൊണ്ട് ഗുണമുണ്ടൊ ഇല്ലയൊ എന്നത് കാര്യമാക്കേണ്ട. മുടങ്ങാതെ അനുഷ്ഠിച്ചുകൊണ്ടിരിക്കണം. എന്താണ് സംഭവിച്ചത്? സംഭവിച്ചത് അങ്ങനെയാണൊ ഇങ്ങനെയാണൊ എന്നൊന്നും ആലോചിച്ച് സമയം കളയേണ്ട ഇത് ഏതെങ്കിലും ഒരുല്പന്നത്തിന്‍റെ പരസ്യമാണെന്ന് വിചാരിക്കരുത്. വെറുതെ ചെയ്തുകൊണ്ടിരിക്കുക. അതേ വഴിയുള്ളൂ.