സദ്ഗുരു:ഒരു സംരംഭകന് പണം അത്യാവശ്യം തന്നെ, പക്ഷെ പണക്കൊതി കൊണ്ടല്ല അയാളിലേക്ക് പണം വന്നു ചേരുന്നത്. ഒരു പ്രവര്‍ത്തി നന്നായി ചെയ്തതു കൊണ്ടാണ്. അതേ സമയം, കാശിലേക്കു മാത്രമാണ് അയാളുടെ നോട്ടമെങ്കില്‍, അതുണ്ടാക്കുന്ന പ്രക്രിയയിലല്ല അയാള്‍ക്ക് താല്‍പര്യം, പരിണിതഫലമായ പണത്തില്‍ മാത്രമാണെന്ന് പറയേണ്ടിവരും. കര്‍മ്മത്തിലല്ല, ഫലത്തില്‍ മാത്രം താല്‍പര്യമുള്ള ഒരുവന്‍ ഒരിടത്തിരുന്ന് അതുണ്ടാക്കുന്ന വഴികളെ കുറിച്ച് മാത്രം കിനാവു കാണുന്നു, കാര്യം നടപ്പിലാവുകയുമില്ല.

കാശെത്ര കൊയ്യണം എന്നാലോചിക്കാതെ അതിനുവേണ്ടി എന്തു കര്‍മ്മം ചെയ്യണം എന്നന്വേഷിക്കുകയും ആ പ്രവര്‍ത്തനം ഫലവത്താക്കുകയുമാണെങ്കില്‍, പണം വഴിയേ വന്നോളും. അല്ലെങ്കിലും ആയുസ്സ് തീരുമ്പോള്‍ സമ്പാദിച്ചതൊക്കെയും കൂടെ കൊണ്ടു പോയ കഥയുണ്ടോ? വല്ല വിലയുമുണ്ടെങ്കില്‍, അത്, ആയുസ്സിരിക്കുമ്പോള്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്കാണ്, കര്‍മ്മത്തിനാണ്.

സമകാലീന സംരംഭകരില്‍ വന്‍വിജയം നേടിയ നാരായണ മൂര്‍ത്തിയെ പോലുള്ളവര്‍, പണത്തിന്‍റെ കാര്യം കണക്കാക്കാറേയില്ല. പുതുതായി വല്ലതും പ്രവര്‍ത്തിച്ചു കാണിക്കുന്നതിലാണ് ശ്രദ്ധ. അവരുടെ പ്രയത്‌നങ്ങളൊക്കെയും നാലാള്‍ക്ക് ഉപകാരപ്രദമായതിനാല്‍ പണം പിറകേ വന്നെന്നു മാത്രം. സര്‍വ്വോപരി, നിങ്ങള്‍ മൂല്യവത്തായി കണക്കാക്കുന്ന, വീടിനും നാട്ടാര്‍ക്കും പ്രയോജനപ്പെടുന്ന, ഒരു പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നതെങ്കില്‍, ആ കര്‍മ്മം നിങ്ങള്‍ ചെയ്യുന്നതും അത്യുത്സാഹത്തോടെ തന്നെയാവും!

നിങ്ങള്‍ മൂല്യവത്തായി കണക്കാക്കുന്ന, വീടിനും നാട്ടാര്‍ക്കും പ്രയോജനപ്പെടുന്ന, ഒരു പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കുന്നതെങ്കില്‍, ആ കര്‍മ്മം നിങ്ങള്‍ ചെയ്യുന്നതും അത്യുത്സാഹത്തോടെ തന്നെയാവും!

നടപ്പാവണമെന്ന് താന്‍ ആഗ്രഹിക്കുന്ന ഒന്ന് പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുമ്പോഴാണ് ഒരു സംരംഭകന്‍ ശരിക്കും അതായിത്തീരുന്നത്. പിന്നെ, മനുഷ്യ സമൂഹത്തില്‍ എന്തൊന്നു പുതുതായി സൃഷ്ടിക്കണമെങ്കിലും പണമില്ലാതെ വയ്യ. വ്യാവഹാരിക ജീവിതത്തില്‍ കാര്യങ്ങള്‍ നടപ്പാവാന്‍ ആവശ്യമായ ഘടകങ്ങളില്‍ ഒന്നു മാത്രമാണത്. അതു കൊണ്ട്, മറ്റു മാനേജര്‍മാരെ പോലെ പണത്തിന്‍റെ മാനേജറും ഇക്കാലത്ത് ആവശ്യമായിരിക്കുന്നു.

ഇതില്‍ നിന്നെല്ലാം എത്ര ധനം സമ്പാദിക്കാമെന്നത് സമയത്തെ ആശ്രയിച്ചിരിക്കും. നമ്മുടെ കാലത്തെ സംരംഭക വിജയഗാഥകളില്‍ ഒന്നായ ഇന്‍ഫോസിസിന്‍റെ കഥ ചരിത്രത്തിന്‍റെ ഒരു നിശ്ചിത സമയത്തില്‍ പ്രസക്തിയുള്ളതാണ്. കാരണം, ചില സമയങ്ങളില്‍ ചില സാങ്കേതിക വിദ്യകള്‍ ഒരു വഴിത്തിരിവുണ്ടാക്കുമ്പോഴാണ് അവ സംഭവിക്കുന്നത്. അത്തരം അനുകൂല സാഹചര്യങ്ങളുടെ കഥയിലല്ല നമ്മള്‍ ശ്രദ്ധിക്കേണ്ടത്. നിങ്ങള്‍ ഈ ലോകത്ത് എന്തു പ്രവര്‍ത്തനമാണ് കാഴ്ചവെയ്ക്കാന്‍ ആഗ്രഹിക്കുന്നത് എന്നതിലാണ്. സഹജീവികള്‍ക്കായി മൂല്യവത്തായ എന്ത് കാര്യം ചെയ്യാമെന്നാണ്. അവര്‍ക്ക് വേണ്ടി മഹത്തരമായ ഒരു സേവനം നിങ്ങള്‍ അര്‍പ്പിക്കുമ്പോള്‍ പണത്തിന്‍റെ കണക്കെടുക്കേണ്ട കാര്യമുണ്ടോ? അത് എങ്ങനെയും വന്നോളും.

കുറച്ചുനാള്‍ മുമ്പ് നാരായണമൂര്‍ത്തി, ആശ്രമവുമായി നിരന്തര സമ്പര്‍ക്കത്തിലായിരിക്കെ തന്‍റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചു. ഒരു കൊച്ചു സംരഭത്തില്‍ നിന്നായിരുന്നു തുടക്കം. ഇന്നാകട്ടെ ലോകം ഒന്നാകെ ബഹുമാനിക്കുന്ന ഒരു പേരും! ഇന്‍ഫോസിസിന്‍റെ ആരംഭം കുറിച്ചുകൊണ്ട് അദ്ദേഹം പാര്‍ട്ട്ണര്‍മാരെ തിരഞ്ഞെടുക്കുമ്പോള്‍ ഏതൊരു ബിസിനസ്സിന്‍റെയും പ്രധാന ഘടകവും അതുതന്നെ-മറ്റ് ആറു പേര്‍ അദ്ദേഹത്തേക്കാള്‍ ജൂനിയര്‍ ആയിരുന്നു. എന്നിട്ടും അവരെ തന്‍റെ ബിസിനസ്സ് പങ്കാളികളാക്കുമ്പോള്‍ അവര്‍ക്ക്, തനിക്കു തുല്ല്യമായ അവകാശങ്ങള്‍ നല്‍കുകയുണ്ടായി.

ഏതൊരു കര്‍മ്മത്തിലും ഒപ്പം നില്‍ക്കുന്നവരുടെ ആത്മസമര്‍പ്പണം പ്രധാനമാണ്, അതില്ലാതെ ലോകത്ത് പുതുതായി ഒന്നും സംഭവിക്കില്ല.

അങ്ങേര്‍ക്കു കിറുക്കാണെന്നു ചിലര്‍. സോഫ്റ്റ്‌വെയര്‍ ഇന്‍ഡസ്ട്രിയില്‍ വെറും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം മാത്രമുള്ളവരായിരുന്നു മിക്ക പാര്‍ട്ട്ണര്‍മാരും എന്നിട്ടും അവര്‍ക്ക് കമ്പനിയില്‍ തുല്ല്യാവകാശം നല്‍കിയിരിക്കുന്നു. ഇതെന്തു കഥ? 'അതിലൊന്നും കാര്യമില്ലന്നേ!' അദ്ദേഹത്തിന്‍റെ മറുപടി. 'ഞാനിതൊക്കെ ചെയ്യുന്നത് പണക്കൊതി കൊണ്ടല്ല. അവരുടെ നൂറുശതമാനം സമര്‍പ്പണത്തിലാണ് എനിക്ക് താല്‍പര്യം. ഈ സംരഭത്തെ ഒരു വിജയമാക്കുക എന്നതല്ലാതെ മറ്റൊന്നും അവരുടെ മനസ്സിലുണ്ടാവരുത്. അത്രയും മതി. 'അദ്ദേഹത്തെ സംബന്ധിച്ച് അത് സത്യമായി ഭവിച്ചു. 50,000 കോടിയുടെ പതിനഞ്ചു ശതമാനമെങ്കിലും ലഭിക്കുന്നതാണല്ലോ അഞ്ചു കോടിയുടെ നൂറുശതമാനം നേടുന്നതിനേക്കാള്‍ ഭേദം!

ഏതൊരു കര്‍മ്മത്തിലും ഒപ്പം നില്‍ക്കുന്നവരുടെ ആത്മസമര്‍പ്പണം പ്രധാനമാണ്, അതില്ലാതെ ലോകത്ത് പുതുതായി ഒന്നും സംഭവിക്കില്ല. "ഞാന്‍ ഒരു എട്ടുമണിക്കൂര്‍ പ്രവര്‍ത്തിക്കാം", അങ്ങനെ നിങ്ങള്‍ ഒരു സംരംഭത്തെ സൃഷ്ടിക്കില്ല. ഒരു സംരംഭകന്‍ താന്‍ വിഭാവനം ചെയ്യുന്ന സംരംഭത്തിനുവേണ്ടി സ്വയം നൂറ് ശതമാനം ജീവിക്കണം. അത് വെറുമൊരു ഉപജീവന മാര്‍ഗത്തിനു വേണ്ടിയല്ല, മറിച്ച് നാം ചെയ്യുന്ന ഒരു പ്രവര്‍ത്തനത്തില്‍ നിന്ന് ഒരു ജീവിതം കരുപിടിപ്പിക്കലാണത്. സ്വയേച്ഛയുടെ പ്രേരണയാല്‍ കറങ്ങുന്നവനാണ് ഒരു സംരംഭകന്‍ -പുറമെ നിന്നൊരു തള്ളലിന്‍റെ ആവശ്യം അയാള്‍ക്കില്ല. താന്‍ വിഭാവനം ചെയ്യുന്ന ഒരു കര്‍മ്മം നടപ്പാക്കാനായി അയാള്‍ തന്നെത്തന്നെ നൂറു ശതമാനം പ്രചോദിപ്പിക്കുന്നു. സ്വയം നമ്മേക്കാള്‍ മഹത്തരമായ ഒരു ലക്ഷ്യത്തെ സൃഷ്ടിക്കുക എന്നതാണ് അതിന് ആവശ്യമായ അടിസ്ഥാനപരമായ പ്രേരണ. പണം അതിന്‍റെ പരിണത ഫലം മാത്രം .