പങ്കെടുത്ത ഒരാള്‍, ഒരു ഘട്ടത്തില്‍ ഒരു ചോദ്യം ഉന്നയിച്ചു: 'നമ്മളെന്തിനാണ് ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിക്കാന്‍ ശ്രമിക്കുന്നത്? ഇതെല്ലാം ദൈവത്തിന്‍റെ ഇച്ഛയല്ലേ?'

അതിനു ഞാന്‍ ഇങ്ങനെ മറുപടി പറഞ്ഞു: 'അതേ, മറ്റൊരാളാണ് മരിക്കുന്നതെങ്കില്‍, മറ്റൊരാള്‍ക്കാണ് വിശക്കുന്നതെങ്കില്‍, അതു ദൈവത്തിന്‍റെ ഇച്ഛയായിരിക്കും. എന്നാല്‍ സ്വന്തം വയറാണ് ശൂന്യമായി കിടക്കുന്നതെങ്കില്‍, സ്വന്തം കുഞ്ഞാണ് പട്ടിണികൊണ്ട് മരിക്കുന്നതെങ്കില്‍ നമുക്കു നമ്മുടെതായ ചില പദ്ധതിയും കണക്കുകൂട്ടലുമൊക്കെ കാണുമല്ലോ.'

സ്വന്തം ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരുമ്പോള്‍ നാം സ്വയം ചില തീരുമാനങ്ങളെടുത്തു പ്രവര്‍ത്തിക്കും. മറ്റൊരാളിന്‍റെ ദൗര്‍ഭാഗ്യങ്ങള്‍ വിശദീകരിക്കാന്‍ നമുക്കൊരു വാക്കുണ്ട്: വിധി!

എന്തൊരു സൗകര്യപ്രദമായ വാക്ക്. വിധി എന്നത് വളരെ പ്രചാരം നേടിയ ബലിയാടാണ്. പരാജയങ്ങളുണ്ടാകുമ്പോഴും ബുദ്ധിമുട്ടുള്ള സന്ദര്‍ഭങ്ങളുണ്ടാകുമ്പോഴും ഈ വിധിവിശ്വാസത്തില്‍ അങ്ങു മുഴുകുകയെന്നത് ഒരു ജീവിതശീലമാണ്. എന്നാല്‍ അകത്തേക്കു തിരിയുക എന്നാല്‍ നിഷ്‌ക്രിയത്വത്തില്‍നിന്ന് മോചിതമാവുകയെന്നാണര്‍ഥം. നിസ്സഹായനായ 'ഇര' എന്ന നിലയില്‍നിന്ന് സ്വന്തം ഭാഗധേയത്തിന്‍റെ വിധാതാവ് ആവുക എന്നാണര്‍ഥം.

നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'ദൈവത്തിന്‍റെ ഇച്ഛകൊണ്ട്, ദൈവകോപംകൊണ്ട്', പിടിപെടുന്നു എന്നു കരുതിയിരുന്ന എത്രയോ രോഗങ്ങള്‍ ഇന്നു നമ്മുടെ കൈയില്‍ ഒതുങ്ങി. ചില സന്ദര്‍ഭങ്ങള്‍ നാം മെരുക്കിയെടുത്ത് അവയുടെമേല്‍ ആധിപത്യം നേടി.

നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് 'ദൈവത്തിന്‍റെ ഇച്ഛകൊണ്ട്, ദൈവകോപംകൊണ്ട്', പിടിപെടുന്നു എന്നു കരുതിയിരുന്ന എത്രയോ രോഗങ്ങള്‍ ഇന്നു നമ്മുടെ കൈയില്‍ ഒതുങ്ങി. ചില സന്ദര്‍ഭങ്ങള്‍ നാം മെരുക്കിയെടുത്ത് അവയുടെമേല്‍ ആധിപത്യം നേടി. പോളിയോ ഒരു ഉദാഹരണം. അടുത്തകാലം വരെയും 'പോളിയോ' എന്ന വാക്കു തന്നെ പലരിലും കടുത്ത ഭയം ഉളവാക്കിയിരുന്നു. പോളിയോ ബാധിച്ച്, ശിഷ്ടജീവിതം മുഴുവന്‍ വീല്‍ചെയറില്‍ ജീവിക്കേണ്ടി വന്ന സമപ്രായക്കാരായ കുറെയേറെപ്പേരെ എന്‍റെ ചെറുപ്പത്തില്‍ എനിക്കറിയാമായിരുന്നു. അതൊരു സാധാരണ കാഴ്ചയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും നടക്കാന്‍ കഴിയാത്തവരായി അവര്‍ ഒതുങ്ങിക്കൂടി. ഇതെല്ലാം ദൈവത്തിന്‍റെ നിശ്ചയമായും സ്വന്തം വിധിയായും വ്യാപകമായി കരുതിപ്പോന്നു.

ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കുഞ്ഞുങ്ങളെ തളര്‍ത്തിക്കളയുന്ന, ഒരു ചികിത്സയുമില്ലാത്ത പോളിയോ ആയിരുന്നു വ്യാവസായിക പുരോഗതി നേടിയ രാജ്യങ്ങളിലെ ഏറ്റവും ഭയപ്പെട്ടിരുന്ന രോഗം. എന്നാല്‍ 1950-60 ആയതോടെ പ്രതിരോധ വാക്‌സിനുകളിലൂടെ ഈ രോഗത്തെ ഏതാണ്ട് പൂര്‍ണമായി ഇല്ലാതാക്കാന്‍ നമുക്കു കഴിഞ്ഞു. വികസിത രാജ്യങ്ങള്‍ ഇതൊരു വലിയ വിപത്തായി തിരിച്ചറിഞ്ഞ് വ്യാപകമായ രീതിയില്‍ പ്രതിരോധപരിപാടികള്‍ ആരംഭിക്കുകയും ചെയ്തു. 1988-ല്‍ ലോകത്ത് 3,50,000 കുട്ടികള്‍ക്കു പോളിയോ ബാധിച്ചു, ഒറ്റവര്‍ഷത്തില്‍. 2013 ആയപ്പോള്‍ പോളിയോ ബാധിച്ച കുട്ടികളുടെ എണ്ണം 410 ആയിക്കുറഞ്ഞു. 2012 ആയപ്പോഴേക്കും പോളിയോ ബാധയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് ഇന്ത്യ അപ്രത്യക്ഷമായിക്കഴിഞ്ഞു. രാഷ്ട്രീയമായ ഇച്ഛാശക്തി, സര്‍ക്കാര്‍ സ്വകാര്യ സഹകരണം, മിതമായ വിലയുള്ള ഫലപ്രദമായ വാക്‌സിനുകള്‍, സമൂഹത്തിന്‍റെ പങ്കാളിത്തം, ലോകത്തെമ്പാടുമുള്ള പൊതുജനാരോഗ്യ സന്നദ്ധപ്രവര്‍ത്തകര്‍, ഈ ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന് എല്ലാ പ്രതിബന്ധങ്ങളും നേരിടാമെന്നും ഇന്ത്യയെപ്പോലെ അനേകം വെല്ലുവിളികളുള്ള ഒരു രാജ്യത്തു പോലും പോളിയോനിര്‍മാര്‍ജനം സാധ്യമാണെന്നും തെളിയിച്ചു.

മനുഷ്യന്‍ എന്നാല്‍ ജീവിതസാഹചര്യങ്ങളെ സ്വന്തം ഇച്ഛാനുസരണം രൂപപ്പെടുത്താന്‍ കഴിയുന്നയാള്‍ എന്നാണര്‍ഥം. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകളും സാഹചര്യങ്ങള്‍ കൊണ്ട് രൂപപ്പെടുന്നു. എന്തുകൊണ്ടെന്നാല്‍, എത്തിപ്പെടുന്ന സാഹചര്യങ്ങളോട് അവര്‍ പ്രതികരിക്കുക മാത്രമാണ് ചെയ്യുന്നത്. അനിവാര്യമായ ഒരു ചോദ്യം എല്ലാവരും ചോദിക്കും. 'എന്തുകൊണ്ട് എനിക്ക് ഈ അവസ്ഥ വന്നു. ഇതെന്‍റെ വിധിയാണോ?' നമുക്ക് ഏതൊക്കെ കാര്യങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആഗ്രഹമില്ലയോ, ഏതെല്ലാം പ്രശ്‌നങ്ങള്‍ക്കു യുക്തിപൂര്‍വമായ വിശദീകരണം കണ്ടെത്താന്‍ കഴിയുന്നില്ലയോ അവയൊക്കെ നാം 'വിധി' എന്നു മുദ്രകുത്തുന്നു. അത് ആശ്വാസം തരുന്ന വാക്കാണെന്നത് ശരി; പക്ഷേ ദുര്‍ബലപ്പെടുത്തുന്ന വാക്കുമാണത്.

നമ്മുടെ ഇച്ഛയ്ക്കനുരൂപമായി ഒരു സന്ദര്‍ഭത്തെ മെരുക്കിയെടുക്കണമെങ്കില്‍ സ്വയം നാം ആരാണെന്ന് അറിയേണ്ടതുണ്ട്. ആരാണ് നമ്മളെന്നു നമുക്കറിഞ്ഞു കൂടാ എന്നതാണ് സത്യം. ഇതു വരെ ജീവിതത്തില്‍ പെറുക്കിക്കൂട്ടിയതെല്ലാം ചേര്‍ത്തു വെച്ചാല്‍ ഒരു വ്യക്തിയാവുന്നില്ല. 'ഞാന്‍' എന്നു നിരൂപിക്കുന്നതൊക്കെ പലപ്പോഴായി വാരിക്കൂട്ടിയവ മാത്രം. ശരീരമെന്നതു കഴിച്ച ആഹാരത്തിന്‍റെ നിര്‍മിതി. മനസ്സെന്നത് അഞ്ച് ഇന്ദ്രിയങ്ങളിലൂടെ ആര്‍ജിച്ചെടുത്തവയുടെ അടിഞ്ഞുകൂടല്‍. അങ്ങനെ ആര്‍ജിച്ചതൊക്കെ നിങ്ങളുടേതായിരിക്കാം, പക്ഷേ അത് നിങ്ങളല്ല.

നിങ്ങള്‍ പിന്നെ ആരാണ്? അത് ഇനിയും നിങ്ങളുടെ അനുഭവമണ്ഡലത്തില്‍ വന്നിട്ടില്ല. അതിപ്പോഴും അബോധാവസ്ഥയില്‍ മാത്രം. അങ്ങനെ ആര്‍ജിച്ചതും അടിഞ്ഞുകൂടിയതുമൊക്കെയായി കഴിഞ്ഞുകൂടുന്നതിനെ ജീവിതമെന്നു നിങ്ങള്‍ ധരിക്കുന്നു. നിങ്ങള്‍ ആരാണ് എന്ന ഉണ്മയിലൂടെയല്ല ജീവിതം കടന്നുപോകുന്നത്. എന്തൊക്കെയാണ് ഇങ്ങനെ ആര്‍ജിച്ചത് എന്നതിനെക്കുറിച്ചൊന്നും നിങ്ങള്‍ക്ക് നൂറുശതമാനം വ്യക്തമായ ബോധവുമില്ല!

പല നാളുകളായി അടിഞ്ഞുകൂടിയ ധാരണകളില്‍നിന്ന് ചില ശീലങ്ങളും പ്രവണതകളുമൊക്കെ നിങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഇവയൊക്കെ സമഗ്രമായി മാറ്റിമറിക്കാന്‍ സാധിക്കും. കുറെ ആന്തരികപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണെങ്കില്‍, ഇപ്പോഴത്തെ ശീലങ്ങളും പ്രവണതകളും എന്തുതന്നെയായാലും നിങ്ങളുടെ അനുഭവങ്ങളും പൈതൃകവും സാഹചര്യങ്ങളും എന്തുതന്നെയായിരുന്നാലും, വളരെ കുറച്ചുസമയംകൊണ്ടുതന്നെ നിങ്ങള്‍ക്ക് തികച്ചും വ്യത്യസ്തമായി ആന്തരികപുനഃക്രമീകരണം നടത്താന്‍ സാധിക്കും.

വാഴ്‌വിലെ സര്‍വകാര്യങ്ങളും നിശ്ചിത ജൈവികനിയമങ്ങളനുസരിച്ച് സ്വാഭാവികമായി നടന്നുകൊണ്ടിരിക്കുന്നു. ആന്തരികജീവിതത്തിന്‍റെ സ്വഭാവം അറിയാമെങ്കില്‍, അതിനെ പൂര്‍ണമായും വരുതിയിലാക്കാം-പ്രകൃതി നിഷ്‌കര്‍ഷിച്ചിരിക്കുന്ന നിയമങ്ങളുടെ അതിരുകള്‍ക്കുള്ളില്‍നിന്നുകൊണ്ട്. എന്താണ് ഇതിനര്‍ഥം? ഒരു വ്യക്തമായ ഉദാഹരണമെടുക്കാം. മനുഷ്യന്‍ ചിറകില്ലാത്ത ജീവിയാണെങ്കിലും, കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കുള്ളില്‍ നമുക്ക് പറക്കാനായി. എങ്ങനെ? പ്രകൃതിയുടെ നിയമങ്ങളെ ലംഘിച്ചുകൊണ്ടല്ല, ആ നിയമങ്ങളെക്കുറിച്ചുള്ള ഗാഢമായ അറിവുകൊണ്ട്. ഈ പുസ്തകത്തില്‍ വിശദമാക്കപ്പെടുന്ന സാങ്കേതികവിദ്യ, പരിണിതപ്രജ്ഞനായ ഒരാള്‍ക്ക് ജീവിതത്തിന്‍റെയും മരണത്തിന്‍റെയും പ്രക്രിയകളെ നിയന്ത്രിക്കാന്‍പോലും സാധിക്കുന്ന അഗാധമായ ശാസ്ത്രത്തിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണ്.

നിങ്ങളുടെ ഭാഗധേയം നിങ്ങള്‍തന്നെ രചിക്കുകയാണ്, ബോധപൂര്‍വമല്ലാതെ. ഈ ഭൗതികശരീരത്തിനു മേല്‍ നിങ്ങള്‍ക്ക് ആധിപത്യമുണ്ടെങ്കില്‍ ജീവിതത്തിന്‍റെയും ഭാഗധേയത്തിന്‍റെയും പതിനഞ്ച് - ഇരുപത് ശതമാനം നിയന്ത്രണം നിങ്ങളുടെ കൈകളിലാവും. മനസ്സിനുമേല്‍ ആധ്യിപത്യം സ്ഥാപിക്കാനായാല്‍ ജീവിതത്തിന്‍റെയും വിധിയുടെയും അമ്പതുമുതല്‍ അറുപതു ശതമാനം വരെ ഇച്ഛയ്ക്കധീനമാകും. നിങ്ങളുടെ ജീവിതോര്‍ജങ്ങള്‍ക്കുമേല്‍ ആധിപത്യമുണ്ടെങ്കിലോ ജീവിതത്തിന്‍റെയും വിധിയുടെയും നൂറുശതമാനവും സ്വന്തം വരുതിയിലാകും.

ഇപ്പോഴും നിങ്ങള്‍ സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് യാതൊരു അവബോധവുമില്ലാതെയാണെന്നു മാത്രം.

ഇപ്പോഴും നിങ്ങള്‍ സ്വന്തം ജീവിതം തിരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍ അതിനെക്കുറിച്ച് യാതൊരു അവബോധവുമില്ലാതെയാണെന്നു മാത്രം. അവബോധമില്ലാതെ ചെയ്യുന്നതൊക്കെ തികഞ്ഞബോധത്തോടെ ചെയ്യാന്‍ സാധിക്കും. അതു വരുത്തിത്തീര്‍ക്കുന്നത് വളരെ വലിയ വ്യത്യാസമാണ്. അജ്ഞതയും ജ്ഞാനോദയവും തമ്മിലുള്ള വ്യത്യാസമാണത്.

രോഷത്തിന്‍റെയും ഭയത്തിന്‍റെയും ആകാംക്ഷയുടെയും പിരിമുറുക്കത്തിന്‍റെയും രൂപത്തില്‍ നിങ്ങള്‍ അസന്തുഷ്ടി അനുഭവിച്ചുകൊണ്ടിരിക്കുന്നു. കാരണം നിങ്ങളുടെ ഉടലും മനസ്സും ജീവിതോര്‍ജങ്ങളുമെല്ലാം അവയുടെ ഇഷ്ടാനുസരണം എന്തൊക്കെയോ പ്രവര്‍ത്തിക്കുന്നു. ഉടലും മനസ്സുമെല്ലാം നിങ്ങളുടെ ആന്തരികജീവിതത്തിന്‍റെ കല്‍പനയനുസരിക്കാനുള്ളവയായിരിക്കേ, നിങ്ങളുടെ ജീവിതം അവയ്ക്ക് അടിമപ്പെട്ടതെങ്ങനെയാണ്? ജീവിതം ഏതു വിധം വര്‍ത്തിക്കണമെന്ന് നിശ്ചയിക്കപ്പെട്ടോ അതിനു നേര്‍വിപരീതമല്ലേ ആ അവസ്ഥ? ഭാഗധേയത്തെ കൈപ്പടിയിലൊതുക്കുക എന്നാല്‍ എല്ലാം നിങ്ങള്‍ വിചാരിക്കുന്നതുപോലെ സംഭവിക്കുമെന്നല്ല. ബാഹ്യലോകം ഒരിക്കലും പൂര്‍ണമായി നിങ്ങളുടെ വരുതിയില്‍ ഒതുങ്ങുകയില്ല. കാരണം ബാഹ്യലോകം മറ്റനേകം ഘടകങ്ങളാല്‍ നിയന്ത്രിതമാണ്. ബാഹ്യലോകം നമുക്കിഷ്ടപ്പെട്ട വിധത്തില്‍ പ്രവര്‍ത്തിക്കണമെന്ന നിര്‍ബന്ധം കീഴടക്കലിന്‍റെ, സര്‍വാധിപത്യത്തിന്‍റെ, വഴിയാണ്.