നമ്മുടെ ജീവിതത്തിന്‍റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം നമുക്കു തന്നെ

responsibilty

सद्गुरु

കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിച്ചപ്രകാരം നടന്നാല്‍ അതിനുത്തരവാദി താന്‍ തന്നെയെന്ന് അഭിമാനിക്കാം. മറിച്ചാണെങ്കിലോ ഒഴികഴിവുകള്‍ പറഞ്ഞ് സ്വന്തം തലയില്‍ നിന്ന് ഇറക്കാം.

ഒരിടത്ത് ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ പരീക്ഷകള്‍ പാസായി ചികിത്സ തുടങ്ങിയിട്ടേ ഉള്ളൂ. ജനങ്ങള്‍ക്ക് തന്നെക്കൊണ്ടാവും വിധം ഉപകാരം ചെയ്യണം എന്നു ചിന്തിച്ച് ഈ രംഗത്ത് എത്തിയതായിരുന്നു അയാള്‍. അയാളുടെ അടുത്ത് ഒരു രോഗിയെകൊണ്ടു വന്നു. അത്യാസന്നനിലയിലുള്ള ഒരു രോഗിയെ; രണ്ടു മിനിട്ടില്‍ അത്യാവശ്യ ചികിത്സ നല്‍കാത്ത പക്ഷം മരിച്ചു പോയേക്കാവുന്നത്ര ഗുരുതരാവസ്ഥയിലുള്ള രോഗിയെയാണ് ഡോക്ടറുടെ അടുത്ത് കൊണ്ടു വന്നത്. രോഗിയെ വളരെ ശ്രദ്ധയോടെ പരിശോധിച്ച്, കാര്യങ്ങള്‍ പെട്ടെന്നു മനസ്സിലാക്കിയ ഡോക്ടര്‍ക്ക് രോഗമെന്താണെന്നു പിടികിട്ടുകയും അതിനുവേണ്ട ചികിത്സ ഉടനടി നല്‍കുകയും ചെയ്തു. രണ്ടു ദിവസത്തിനുള്ളില്‍ ആ രോഗി എഴുന്നേറ്റ് ഇരിക്കുകയും ഒരാഴ്ചക്കുള്ളില്‍ തന്നെ നടക്കാന്‍ തുടങ്ങുകയും ചെയ്തു.

“അയാള്‍ മരണാസന്നനായിട്ടാണ് ഇവിടെ എത്തിയത്. വേറെ എവിടെപ്പോയിരുന്നാലും അയാള്‍ മരിച്ചു പോകുമായിരുന്നു. പക്ഷെ ഞാന്‍ കാര്യങ്ങള്‍ പെട്ടെന്ന് ഗ്രഹിച്ചു വേണ്ട ചികിത്സ തക്കസമയത്ത് ചെയ്തതുകൊണ്ട് അയാള്‍ ജീവിച്ചിരിക്കുന്നു. ഞാനാണ് അയാള്‍ക്കു ജീവന്‍ തിരിച്ചു നല്‍കിയത്. അതുകൊണ്ട് അയാള്‍ ഇപ്പോള്‍ സന്തുഷ്ടനായി കഴിയുന്നു,” എന്ന് ഡോക്ടര്‍ ആത്മ പ്രശംസ ചെയ്തു.

ഇപ്പോള്‍ ജീവിതത്തില്‍ നിങ്ങള്‍ വിജയിച്ചാല്‍, സ്വന്തം കഴിവുകൊണ്ട് നിങ്ങള്‍ നേടിയെടുത്തതാണ് ആ വിജയം എന്നു വിചാരിച്ച്; അത്രയ്ക്കു കഴിവും ചുമതലയും ഉള്ളവരാണെന്ന് സ്വയം അഭിമാനിക്കുന്നു. ഇതുപോലെ വിഫലമായിപ്പോയ ഒരു പരിശ്രമത്തിനും നിങ്ങള്‍ തന്നെയാണ് ഉത്തരവാദിയെന്നു മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ കാര്യം എളുപ്പമായി.

അടുത്ത ദിവസം ഗുരുതരാവസ്ഥയിലുള്ള മറ്റൊരു രോഗിയെ ഇതേ ഡോക്ടറുടെ അടുക്കലെത്തിച്ചു. രോഗമെന്താണ് എന്ന് മനസ്സിലാക്കിയ ഡോക്ടര്‍ വേണ്ട ചികിത്സ നല്‍കി. പക്ഷെ ആ രോഗി മരിച്ചു പോയി. ഇപ്പോള്‍ “എത്ര അത്ഭുതകരമായിട്ടാണ് ഞാന്‍ ആ രോഗിയെ യാത്രയാക്കിയത്” എന്ന് ഡോക്ടര്‍ വീമ്പിളക്കുമോ? തീര്‍ച്ചയായും ഇല്ല. “ഇത് ഈശ്വരനിശ്ചയമാണ്. രോഗിയുടെ തലവിധിയാണ്. കൃത്യസമയത്തു രോഗിയെ എത്തിക്കുന്നതിനു പകരം താമസിച്ചാണ് എന്‍റെയടുക്കല്‍ കൊണ്ടു വന്നത്” എന്നൊക്കെ ഓരോ ന്യായങ്ങള്‍ പറഞ്ഞ് സ്വയം അതില്‍നിന്ന് ഒഴിവാകും. നമ്മള്‍ ഉദ്ദേശിച്ചതുപോലെ കാര്യങ്ങള്‍ നടന്നു കിട്ടിയാല്‍ അത് “എന്‍റെ കഴിവുകൊണ്ട് ഞാന്‍ ചെയ്തു.” ഇല്ലെങ്കിലോ “ഞാനതിന് ഉത്തരവാദിയല്ല.”

കാര്യങ്ങള്‍ നിങ്ങള്‍ ആഗ്രഹിച്ചപ്രകാരം നടന്നാല്‍ അതിനുത്തരവാദി താന്‍ തന്നെയെന്ന് അഭിമാനിക്കാം. മറിച്ചാണെങ്കിലോ ഒഴികഴിവുകള്‍ പറഞ്ഞ് സ്വന്തം തലയില്‍ നിന്ന് ഇറക്കാം. അല്ലെങ്കില്‍ മുകളിലുള്ള ആള്‍ (ഈശ്വരന്‍) വിചാരിക്കുന്ന പോലെയല്ലേ നടക്കു എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാം, അതുമല്ലെങ്കില്‍ ആ ആളിനോടു പരിഭവവും പരാതിയും പറഞ്ഞ് തടിതപ്പാം.

പരീക്ഷ നല്ലതുപോലെ എഴുതാന്‍ കഴിഞ്ഞാല്‍ അടിപൊളിയായിട്ടെഴുതി എന്നു പറയുന്ന നിങ്ങള്‍ ശരിയായി എഴുതാന്‍ കഴിയാതെ വരുമ്പോള്‍ എന്തുപറയും? “സമയമേ കിട്ടിയില്ല, സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങളാണ് വന്നത്” എന്നൊക്കെ കാരണങ്ങള്‍ കണ്ടുപിടിക്കും. എന്തുകൊണ്ടാണിങ്ങനെ? വിജയം സ്വന്തമാണെന്ന അവകാശവാദം ഉന്നയിച്ച് ആഹ്ളാദിക്കുന്ന മനസ്സ് അബദ്ധം പിണയുമ്പോള്‍ അത് ആരുടെയെങ്കിലും ചുമലിലേക്ക് ഇറക്കി വച്ച് ആശ്വസിക്കാന്‍ ശ്രമിക്കുന്നു.

ഇപ്പോള്‍ ജീവിതത്തില്‍ നിങ്ങള്‍ വിജയിച്ചാല്‍, സ്വന്തം കഴിവുകൊണ്ട് നിങ്ങള്‍ നേടിയെടുത്തതാണ് ആ വിജയം എന്നു വിചാരിച്ച്; അത്രയ്ക്കു കഴിവും ചുമതലയും ഉള്ളവരാണെന്ന് സ്വയം അഭിമാനിക്കുന്നു. ഇതുപോലെ വിഫലമായിപ്പോയ ഒരു പരിശ്രമത്തിനും നിങ്ങള്‍ തന്നെയാണ് ഉത്തരവാദിയെന്നു മനസ്സിലാക്കിക്കഴിഞ്ഞാല്‍ പിന്നെ കാര്യം എളുപ്പമായി. തോല്‍വിയുടെ കാരണം കണ്ടുപിടിച്ച്, അത് ഒഴിവാക്കി വിജയിക്കാന്‍ വേണ്ട യത്നങ്ങള്‍ തുടരുമ്പോള്‍ വിജയം നിങ്ങളുടെ കൈപ്പിടിയില്‍ ഒതുങ്ങും. വിജയത്തിനു നിദാനമായ കഴിവിനും, പരാജയത്തിനു വഴിവെച്ച കഴിവുകേടിനും നിങ്ങള്‍ മാത്രമാണ് ഉത്തരവാദി.

“നാളെ ഞാന്‍ ഇങ്ങനെ ചെയ്യും. എന്‍റെ ഭാവി ഇങ്ങനെയൊക്കെ ആവണം” എന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. “ഇന്നത്തെ ഈ അവസ്ഥക്കു കാരണവും ഞാന്‍ തന്നെ” എന്നു നിങ്ങള്‍ മനസ്സിലാക്കുന്നില്ലെങ്കില്‍ നാളത്തെ ജീവിതം കരുപ്പിടിപ്പിക്കാന്‍ നിങ്ങള്‍ക്ക് ആവുമോ? “ഇന്നത്തെ ഈ അവസ്ഥക്കു കാരണവും ഞാന്‍ തന്നെ” എന്ന് നിങ്ങള്‍ സത്യസന്ധമായി അറിഞ്ഞു പ്രവര്‍ത്തിക്കുമ്പോഴേ നാളത്തെ ഭാവി എങ്ങനെയിരിക്കണം എന്നു സ്വപ്നം കാണാനുള്ള അവകാശം നിങ്ങള്‍ക്കു കൈവരിക്കാനാവൂ.

ശരി, ഇനി ആ സത്യം ഏറ്റു പറയുക. സ്വന്തം ജീവിതത്തിന്‍റെ ചുറ്റുപാടുകള്‍ എങ്ങനെയിരുന്നാലും; സുന്ദരമായോ, മോശമായോ, മേന്മയുള്ളതായോ,എങ്ങനെയിരുന്നാലും, അതിന്‍റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം നിങ്ങള്‍ക്കുതന്നെയല്ലേ?

നിങ്ങളുടെ ഉത്തരം”അതേ, എനിക്കുതന്നെയാണ്” എന്നാണെങ്കില്‍ ജീവിത വിജയത്തിന്‍റെ വീഥിയിലേക്ക് ആദ്യ ചുവടുവെച്ചുകഴിഞ്ഞു. ഒഴിവാക്കാനാവാത്ത ആ ചുവട് നിങ്ങള്‍ വച്ചുകഴിഞ്ഞിരിക്കുന്നു ഇനി മുന്നോട്ടു നീങ്ങുകയേ വേണ്ടു.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *