सद्गुरु

സദ്ഗുരു പറയുന്നു. നിങ്ങള്‍ ഒരു സൂചിയോ, കംപ്യൂട്ടറൊ, ബഹിരാകാശവിമാനമൊ നിര്‍മ്മിച്ചോളൂ. അല്ലെങ്കില്‍ ആളുകളെ ധ്യാനിക്കാന്‍ പഠിപ്പിച്ചോളൂ. എന്തായാലും അടിസ്ഥാനസംഗതി ഒന്നുതന്നെയാണ്. മാനവരാശിയുടെ സൗഖ്യം.

നിങ്ങളുടെ പ്രവൃത്തി, വ്യാപാരം ഏതു തരത്തിലൊ തലത്തിലൊള്ളതായിക്കോട്ടെ, എല്ലാം തുടങ്ങിയിട്ടുള്ളത് ഒരേ ലക്ഷ്യം കണ്ടുകൊണ്ടാണ്. മാനവരാശിയുടെ സുഖം, സമാധാനം. മനുഷ്യന് സുഖമായും സ്വസ്ഥമായും കഴിയാന്‍ സാധിക്കണം. അതുതന്നെയാണ് ഏറ്റവും പ്രധാനമായ കാര്യം. മറ്റു കാര്യങ്ങളെല്ലാം തന്നെ അതിന് അനുബന്ധമായിട്ടുള്ളതാണ്. എല്ലാ ബിസിനസ്സുകാരും ഈ കാര്യം എപ്പോഴും ഓര്‍മ്മവെക്കേണ്ടതാണ്. ഏതൊരു വ്യാപാരത്തിന്‍റേയും ആത്യന്തികമായ ലക്ഷ്യം മനുഷ്യരാശിയുടെ നന്മയായിരിക്കണം. അങ്ങനെയാണെങ്കില്‍ ഒരു കച്ചവടവും തെറ്റല്ല.

ഈ കാലത്ത് ധാരാളം വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍ നിലവിലുണ്ട്. ഒരോന്നിനും ഓരോ ചെറിയ രാജ്യത്തെ സ്വന്തമാക്കാനുള്ള കഴിവുണ്ട്. എന്തായാലും അവരുടെ ശ്രദ്ധ മുഴുവന്‍ പതിഞ്ഞിരിക്കുന്ന് ഓരോ മുമ്മൂന്നു മാസങ്ങളിലും അവതരിപ്പിക്കപ്പെടുന്ന വരവുചിലവുകണക്കുകളില്‍ മാത്രമാണ്. അങ്ങനെയായാല്‍ മാത്രം പോരാ ഒരു കൃഷിക്കാരന്‍ ഒരു തൈ നടുന്നു. അതിന്‍റെ ഫലം കിട്ടാനായി എട്ടോ പത്തോ കൊല്ലം ക്ഷമയോടെ കാത്തിരിക്കുന്നു. ദീര്‍ഘകാലനിക്ഷേപത്തിനായി പണമിറക്കുവാന്‍ കഴിവുള്ള ധാരാളം കമ്പനികള്‍ ഇന്നുണ്ട്. അവര്‍ ആരോഗ്യം വിദ്യാഭ്യാസം മുതലായ മേഖലകളില്‍ പണം മുടക്കാന്‍ തയ്യാറാകണം. എന്നാല്‍ പത്തൊ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മാനവവിഭവശേഷി ഗണ്യമായ രീതിയില്‍ വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കും. അതവര്‍ക്ക് തന്നെയും പ്രയോജനപ്രദമായിരിക്കുകയും ചെയ്യും. ഓരോ ജോലിചെയ്യാനും അതിനുവേണ്ട അറിവും കഴുവുമുള്ളവരെ കിട്ടുക വലിയൊരു വെല്ലുവിളിയാണ് കമ്പോളവിപുലീകരണത്തിന് അത് കൂടിയേ തീരൂ. ലോകജനസംഖ്യയില്‍ പകുതിഭാഗത്തെ നമ്മള്‍ പിന്നോക്കം മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഒന്നൊഴിയാതെ എല്ലാവരേയും സാമ്പത്തികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ പ്രാപ്തരാക്കണം. എങ്കില്‍ മാത്രമേ എല്ലാ സാദ്ധ്യതകളേയും മുഴുവനായും വികസിപ്പിച്ചുകൊണ്ടുവരാന്‍ സാധിക്കൂ.


ലോകജനസംഖ്യയില്‍ പകുതിഭാഗത്തെ നമ്മള്‍ പിന്നോക്കം മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഒന്നൊഴിയാതെ എല്ലാവരേയും സാമ്പത്തികമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ പ്രാപ്തരാക്കണം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ലോകത്തിലെ പലയിടത്തുമായി ധാരാളം സാമ്പത്തിക ചര്‍ച്ചാവേദികളില്‍ ഞാന്‍ പങ്കെടുക്കുകയുണ്ടായി. വ്യാപാര- വ്യവസായ പ്രമുഖരുടെ ചര്‍ച്ചകളിലും പങ്കെടുക്കാന്‍ അവസരം കിട്ടി. അതില്‍നിന്നും. ഒരു കാര്യം ഞാന്‍ മനസ്സിലാക്കി. അവരില്‍ പലരും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കു തയ്യാറല്ല. നിലവിലുള്ള അവസ്ഥയെകുറിച്ചായിരുന്നു അവര്‍ക്കു കൂടുതല്‍ ശ്രദ്ധയും ചിന്തയും. മത്സരാധിഷ്ഠിതമായ ഈ രംഗത്ത് എങ്ങനെ പിടിച്ചുനില്ക്കാം. മറ്റുള്ളവരേക്കാള്‍ എങ്ങനെ ഒരടിയെങ്കിലും മുന്നിലെത്താം. അതേസമയം ആ ചിന്താഗതിക്ക് ക്രമേണ മാറ്റം വരുന്നതായും എനിക്കു കാണാനാവുന്നുണ്ട്. പല വ്യവസായ പ്രമുഖരും മനസ്സിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. സമഗ്രമായ ഒരു സാമ്പത്തിക പദ്ധതിയാണ് ആത്യന്തികമായി കൂടുതല്‍ ഗുണം ചെയ്യുക എന്ന്. സമഗ്രം എന്നതുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നത്, മനുഷ്യരാശി മുഴുവനായും എന്നുമാത്രമല്ല; പരിസ്ഥിതിയെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടാണ്. മനുഷ്യനും, അവന്‍റെ ഈ ആവാസഭൂമിയും. രണ്ടിലും ഒരുപോലെ നമ്മള്‍ നിഷ്കര്‍ഷ പുലര്‍ത്തേണ്ടിയിരിക്കുന്നു.

ഒരു ധര്‍മ്മസ്ഥാപനം നടത്തുന്നതുപോലെയല്ല ഒരു ബിസിനസ് സ്ഥാപനം നടത്തേണ്ടത് എന്നു എല്ലാവര്‍ക്കുമറിയാം. സാമൂഹ്യപരമായ ഉത്തവാദിത്വങ്ങള്‍ സംഘടിതമായി ഏറ്റെടുക്കുന്ന കാലം കഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. അവനവന്‍റെ ക്ഷേമത്തിനുവേണ്ടി ഒരു ധര്‍മ്മസ്ഥാപനത്തെ ആശ്രയിക്കാന്‍ ഒരാളും ആഗ്രഹിക്കുന്നില്ല. സ്വയം പര്യാപ്തത, അത് ഓരോരുത്തരുടേയും ലക്ഷ്യമാണ്. സാമ്പത്തിക പുരോഗതിയുടെ ഒരു ഭാഗമാകാന്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. അവനുവേണ്ടത് തുല്യ പങ്കാളിത്തമാണ്. താനും കോര്‍പ്പറേഷനും തമ്മില്‍ സമനിലയിലുള്ള ബന്ധം. വ്യക്തിക്കും സ്ഥാപനത്തിനും തനതായ കഴിവുകളും, യോഗ്യതകളുമുണ്ട്. വ്യക്തിയുടെ സാദ്ധ്യതകളും, സ്ഥാപനത്തിന്‍റെ കഴിവുകളും സമന്വയിപ്പിച്ച് കൂടുതല്‍ ഫലപ്രദമായ കൂടുതല്‍ കാര്യക്ഷമമായ ഒരു സംരഭം. അതാണ് ഇപ്പോഴത്തെ ആവശ്യം. അത് വളരെ പ്രധാനവുമാണ്.


തൊട്ടു മുമ്പിലുള്ളതിനപ്പുറത്തേക്കും നോട്ടമെത്തതക്ക വിധമുള്ള ഒരു വ്യക്തത സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ആ വ്യക്തത കൈവരണമെങ്കില്‍ ശാരീരികമായും മാനസികമായും മനുഷ്യന്‍ ഒരു പ്രത്യേക തലത്തിലേക്ക് ഉയരുക തന്നെ വേണം.

തൊഴില്‍ സാമര്‍ത്ഥ്യവും പ്രവര്‍ത്തനക്ഷമതയുമുള്ള ഒരു തൊഴില്‍സേനയെ രൂപപ്പെടുത്തി എടുക്കണം. അതിനുവേണ്ടി മുതല്‍ മുടക്കാനും തയ്യാറാകണം. അതിനെ കാണേണ്ടത് ഒരു ദീര്‍ഘകാല നിക്ഷേപമായിട്ടായിരിക്കണം അതിന്‍റെ ഫലം കിട്ടാന്‍ എട്ടോ പത്തോ കൊല്ലം കാത്തിരിക്കേണ്ടി വന്നേക്കാം. അത് നിക്ഷേപകനും പ്രയോജനപ്രദമാകും. അതിനു തയ്യാറാവുന്നില്ല എങ്കില്‍ ആകപ്പാടെയുള്ള തകര്‍ച്ചയായിരിക്കും ഫലം. പദ്ധതികള്‍ ഏതായാലും അതിന് ആസൂത്രണവും അച്ചടക്കവും ദീര്‍ഘവീക്ഷണവുമുണ്ടാകണം. ഇല്ല എങ്കില്‍ അത് ആന്തരികമായും ബാഹ്യമായുമുള്ള നാശനഷ്ടങ്ങള്‍ക്ക് കാരണമാകും.

സാമ്പത്തിക വികസനത്തിന്‍റെ പാതയില്‍ വിജയകരമായി മുന്നേറുന്നവര്‍ അതിനുള്ള സാഹചര്യങ്ങളൊരുക്കിക്കൊണ്ടിരിക്കുന്നവര്‍, സാമ്പത്തിക വിജയം കൈവരിച്ചു കഴിഞ്ഞവര്‍. എല്ലാവരും ഒരു സംഗതി ശ്രദ്ധാപൂര്‍വ്വം ഓര്‍ക്കേണ്ടതുണ്ട്. എല്ലാ വികസനവും ലക്ഷ്യമാക്കേണ്ടത് ആന്തരികമായും ബാഹ്യമായുമുള്ള വ്യവസ്ഥിതിയാണ്. ഈ രണ്ടു ലോകങ്ങളും സമന്വയിച്ചു കൊണ്ടു പോകാനായാല്‍ മാത്രമേ വിജയം കൈവരിച്ചു എന്ന് അവകാശപ്പെടാനാവൂ.

തൊട്ടുമുമ്പിലുള്ളതിനപ്പുറത്തേക്കും നോട്ടമെത്തതക്ക വിധമുള്ള ഒരു വ്യക്തത സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ആ വ്യക്തത കൈവരണമെങ്കില്‍ ശാരീരികമായും മാനസികമായും മനുഷ്യന്‍ ഒരു പ്രത്യേക തലത്തിലേക്ക് ഉയരുക തന്നെ വേണം.