सद्गुरु

വളരെ ഉല്‍സാഹത്തോടെ വിരയുന്ന ഉറുമ്പുകളെ ശ്രദ്ധിച്ചിട്ടുണ്ടോ. അതിന്‍റെ സഞ്ചാരപാതയുടെ കുറുകെ ഒരു വിരലൊന്നു വെച്ചുനോക്കൂ. അത് അവിടെ നില്‍ക്കുകയില്ല. വിരലിനുചുറ്റും ഓടിനടക്കും എവിടെയാണ് പോകാനുള്ള വഴി എന്നു തിരയും. എത്ര തടസ്സങ്ങളുണ്ടാക്കിയാലും അതെല്ലാം മറികടന്ന് അതു യാത്രതുടരും. മരിക്കുവോളം തന്‍റെ ചുറുചുറുക്ക് അതു നഷ്ടപ്പെടുത്തുന്നില്ല. ആത്മവിശ്വാസം കളഞ്ഞുകുളിക്കുന്നില്ല.

ഒരു ചെറുപുല്ലു പറിച്ച് അതിന്‍റെ വേരുകള്‍ നോക്കൂ. എത്ര കരുത്തോടെയാണവ മണ്ണിന്‍റെ ആഴങ്ങളിലേക്കു പടര്‍ന്ന് ഇറങ്ങിയിരിക്കുന്നത് എന്ന് അറിയാന്‍ കഴിയും.

നിങ്ങളുടെ വീടിന്‍റെ മേല്‍ക്കൂരയില്‍ അല്പം മണ്ണും ഈര്‍പ്പവും ഉണ്ടെങ്കില്‍ ഏതെങ്കിലുമൊരു വിത്ത് അവിടെ മുളയിടാന്‍ തയ്യാറെടുക്കും. രണ്ട് ഇലകള്‍ വിരിച്ച് സൂര്യശക്തി ആഗിരണം ചെയ്യും. അറുപത് എഴുപതടി താഴ്ചയുള്ള ഭൂമിയിലേക്ക് വേരുകള്‍ താഴ്ത്തിയിറങ്ങാന്‍ ശ്രമിക്കും. ഭൂമിയിലെ ജീവശക്തിക്ക് മടുപ്പ് അനുഭവപ്പെടുന്നേയില്ല.

മനുഷ്യന്‍റെ ഇടുങ്ങിയ മനസ്സിനുള്ളിലാണ് മടുപ്പും, വെറുപ്പും, അവിശ്വാസവും പിറവിയെടുക്കുന്നത്. മന:തളര്‍ച്ചയെന്ന മഹാശത്രുവിനെ ഉള്ളിലേക്കു വരാന്‍ അനുവദിക്കുന്നതും അവന്‍തന്നെ.
ഈ മന:തളര്‍ച്ച എന്തുകൊണ്ട് ഉടലെടുക്കുന്നു? അപ്പോള്‍ നിങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു?
നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് മറ്റൊരാള്‍ പ്രവര്‍ത്തിച്ചില്ല. പ്രതീക്ഷിച്ചപോലെ ഒന്നും സംഭവിച്ചില്ല. ആഗ്രഹിച്ച ജീവിതം കിട്ടിയില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജീവിതത്തില്‍ എന്തു ലഭിച്ചോ, അതു സ്വീകരിച്ച് സന്തോഷിക്കാനാവാതെ നിങ്ങളതിനെ വെറുക്കുന്നു. എതിര്‍ക്കുന്നു.

മനുഷ്യന്‍റെ ഇടുങ്ങിയ മനസ്സിനുള്ളിലാണ് മടുപ്പും, വെറുപ്പും, അവിശ്വാസവും പിറവിയെടുക്കുന്നത്. മന:തളര്‍ച്ചയെന്ന മഹാശത്രുവിനെ ഉള്ളിലേക്കു വരാന്‍ അനുവദിക്കുന്നതും അവന്‍തന്നെ.

'തോല്‍വി സംഭവിക്കുമ്പോള്‍ അതു താങ്ങാനാവാതെ ക്ഷോഭവും, പരാജയബോധവും വരുമ്പോഴല്ലേ ജയിക്കാനുള്ള വീറും വാശിയും ജനിക്കുന്നത്" എന്ന് ഒരാള്‍ എന്നോട് ചോദിക്കുകയുണ്ടായി.
തോല്‍ക്കുമ്പോള്‍ ക്ഷോഭവും, പരാജയബോധവും ഉണ്ടാവുമെന്നും അവ നിങ്ങളെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യും എന്നുള്ള ഈ ചിന്ത ഒരു തമാശപോലെ തോന്നുന്നു.

വേദന മറികടക്കാന്‍ നിങ്ങള്‍ അത്തരത്തില്‍ വിജയം കൈവരിച്ചാല്‍ത്തന്നെ അതൊരു പൂര്‍ണ്ണമായ വിജയമാവുകയില്ല. അതുകൊണ്ടു നിങ്ങളുടെ ജീവിതത്തില്‍ കാര്യമായ നډയൊന്നും ഉണ്ടാവുകയുമില്ല.
ഒരാള്‍ ഒരു മരക്കൊമ്പില്‍ കയറുകൊണ്ട് കുരുക്കുണ്ടാക്കി തല അതിനുള്ളില്‍ കയറ്റുകയായിരുന്നു "എന്താ ഈ കാട്ടുന്നത്" എന്ന് പരിഭ്രമത്തോടെ ചോദിച്ച അപരനോട് അയാള്‍ പറഞ്ഞു.
അതോ, ഏറിയ കാലം ജീവിച്ചിരിക്കാന്‍ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുന്നു.'
വേദനയും വിരക്തിയും വിജയത്തിലേക്കു നയിക്കും എന്നു ചിന്തിക്കുന്നവനും മേല്‍ സൂചിപ്പിച്ച ബുദ്ധിമാനും തമ്മില്‍ വലിയ അന്തരമൊന്നുമില്ല.

തന്‍റെ ഭാര്യയുടെ ശവകുടീരം നോക്കി പുഞ്ചിരിച്ചു കൊണ്ടിരുന്ന ഒരുവനോട് അയാളുടെ സുഹൃത്ത് ചോദിച്ചു. "എന്താണിത്ര സന്തോഷത്തിനു കാരണം"

'ജീവിതത്തിന്‍റെ അവസാനനിമിഷംവരെ എന്നോടു പോരടിച്ചവളാണ് ഇവള്‍. ഞന്‍ മരിച്ച് എന്നെ മണ്ണില്‍ പുതച്ചാലും ഞാനാ മണ്ണുതോണ്ടി വെളിയില്‍ വരും നിന്നെ വിരട്ടും. നിനക്ക് ഒരിക്കലും സമാധാനം തരില്ല." എന്ന് വീമ്പിളക്കിയവളാണ് ഈ കല്ലറയില്‍ കിടക്കുന്നത്. അവള്‍ പറഞ്ഞപോലെ മണ്ണു തോണ്ടാന്‍ തുടങ്ങിയാല്‍ എന്താവും എന്നാലോചിച്ചുചിരിച്ചുപോയതാണ്! "അതിലിത്ര ചിരിക്കാനെന്തുണ്ട്."
"സുഹൃത്തേ ഞാനവളെ കമഴ്ത്തികിടത്തിയാണ് അടക്കം ചെയ്തിരിക്കുന്നത്."

ഇത്തരത്തില്‍ വെറുപ്പും മടുപ്പുമായി ജീവിതവിജയത്തിനുവേണ്ടി പരിശ്രമിക്കുന്നത് കമഴ്ന്നുകിടന്ന് മണ്ണുതോണ്ടി പുറത്തുവരാന്‍ശ്രമിക്കുന്നതുപോലെയാണ്. ലക്ഷ്യത്തിനു നേര്‍ വിപരീത ദിശയിലേക്കായിരിക്കും ഇത്തരക്കാരുടെ യാത്ര. ഒരിക്കലും അവര്‍ ലക്ഷ്യപ്രാപ്തിയിലെത്തുകയില്ല.

പരാജയംകൊണ്ട് മാനസികസമ്മര്‍ദ്ദവും, ദു:ഖവും അനുഭവിക്കുന്നവന്‍ ചുറ്റും മൂടല്‍മഞ്ഞുമൂടിയ അവസ്ഥയിലായിരിക്കും കഴിയുക. അവനു ശരിയായ കാഴ്ച കിട്ടുകയില്ല. പോകേണ്ട പാതയും തെളിവുള്ളതായിരിക്കില്ല. അങ്ങനെയുള്ളവന്‍റെ ജീവിതത്തില്‍ ഒരു ചെറിയ വീഴ്ചയുണ്ടായാല്‍ മതി മുറിവേല്‍ക്കാന്‍.

മന:തളര്‍ച്ച അനുഭവിക്കുമ്പോള്‍ മറ്റുള്ളവര്‍ നിങ്ങളെ മനസ്സിലാക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കൊപ്പം അയാളും കരയണം എന്നു ചിന്തിക്കുന്ന നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദയ യാചിക്കുകയാണു ചെയ്യുന്നത്. എന്തൊരു മഠത്തരമാണിത്.

നിങ്ങളുടെ ഇത്തരത്തിലുള്ള മണ്ടന്‍ അഹങ്കാരചിന്തകള്‍ക്കനുസരിച്ചു ലോകം പെരുമാറുന്നതെന്തിന്?
മന:തളര്‍ച്ച നിങ്ങളുടെ ആത്മവിശ്വാസം തകര്‍ക്കും. പുറമേനിന്ന് ആയുധം കൊണ്ട് ആക്രമിക്കുന്നവനാല്‍ ആ സമയത്തു മാത്രമേ ആപത്തുള്ളൂ. ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്ന പക്ഷം ആ ആക്രമണത്തില്‍നിന്നു രക്ഷപെടാനാവും. എന്നാല്‍ മന:തളര്‍ച്ചയാവട്ടെ, സ്വന്തം മനസ്സിലിരുന്നുകൊണ്ട് അതിനെ കീറിമുറിച്ച് ഉപയോഗശൂന്യമാക്കി നശിപ്പിക്കുന്ന മാരകമായ ആയുധമാണ്. നിങ്ങള്‍ സ്വയം ആക്രമിക്കുന്നതുപോലെ ബുദ്ധിശൂന്യമായ പ്രവൃത്തി വേറെ ഏതുണ്ട്?

തന്‍റെ തൊഴില്‍ നിറുത്തണമെന്ന് ഉദ്ദേശിച്ച സാത്താന്‍ താന്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളെല്ലാം കൂടി വില്പനയ്ക്കു നിരത്തി.
കോപം, കാമം, അഹങ്കാരം, അസൂയ, പക, അത്യാഗ്രഹം, പൊങ്ങച്ചം മുതലായ അനേകം ഉപകരണങ്ങള്‍ അവിടെ നിരന്നു കിടന്നു. എന്നാല്‍ ഒരു സഞ്ചിമാത്രം തുറക്കാതെ കിടപ്പുണ്ടായിരുന്നു.
"അതെന്താണ്"മറ്റുള്ളവര്‍ ആരാഞ്ഞു.
"എന്‍റെ കയ്യിലുള്ള ഏറ്റവും ശക്തിയുള്ള മൂര്‍ച്ചയേറിയ ചില ഉപകരണങ്ങളാണവ. ഇനിയും എന്‍റെ തൊഴിലിലേക്കു മടങ്ങിവരണമെന്നു തോന്നിയാല്‍ അപ്പോള്‍ ഉപയോഗിക്കാനായി മാറ്റിവച്ചിരിക്കുകയാണ് അവയെല്ലാം.'
"ഒന്നു തുറന്നു കാട്ടൂ."
"ജീവിതത്തിന്‍റെ സത്തതന്നെ നശിപ്പിക്കാന്‍ പോന്നവയാണ് ഇവ" എന്നു പറഞ്ഞ് സാത്താന്‍ ആ സഞ്ചി തുറന്നുകാട്ടി.

അവ ഏതൊക്കെയാണ് എന്നറിയാമോ?

മടുപ്പ്, ഉത്സാഹമില്ലായ്മ, വിരക്തി, തുടങ്ങിയവയാണ് ആ മാരകഉപകരണങ്ങള്‍.
സാത്താന്‍റെ ഉപകരണങ്ങള്‍ വാങ്ങി ഉപയോഗിക്കുന്ന പലരേയും നിങ്ങള്‍ കണ്ടിരിക്കാം. എന്തിന്, നിങ്ങള്‍ തന്നെ പലപ്പോഴും അവ വാങ്ങിയിരിക്കാം.
വെറുതെ കിട്ടിയാല്‍പോലും അവ ഉപേക്ഷിക്കണം. ജീവിതം തന്നെ ഉല്‍സാഹമല്ലേ. ഒരു പ്രവൃത്തിയുടെ ഫലം കണ്ട് തോല്‍വി എന്നു കരുതി എന്തിന് മനസ്സ്മുഷിയണം?
ജയിക്കാന്‍ വേണ്ടി കഠിന പ്രയത്നം ചെയ്ത നിങ്ങള്‍ക്കു തോല്‍വിപറ്റി. അപ്പോള്‍ മുഷിയുന്നതെന്തിന്? ദു:ഖിക്കുന്നതെന്തിന്? പ്രയത്നത്തില്‍ തോറ്റുപോകുമ്പോള്‍ അതു ശരിയായ അര്‍ത്ഥത്തില്‍ തോല്‍വിയേ അല്ല. പക്ഷേ അതിനെ തോല്‍വിയായിത്തന്നെ കണ്ട് മനസ്സു കലങ്ങി വേദനിച്ചു തളരുമ്പോള്‍ ആണ് യഥാര്‍ത്ഥമായ തോല്‍വി സംഭവിക്കുന്നത്. സ്വയം തോല്‍ക്കാന്‍ ഈ മനڈ:കലക്കം വഴിതുറന്നുതരും.
എന്തിനെപ്പറ്റിയെങ്കിലും ചിന്തിച്ച് ദൂ:ഖിച്ചിരിക്കുന്നതുകൊണ്ട് ഒരു ഫലവും ഇല്ല. ദു:ഖവും വേദനയും ഓരോ വ്യക്തിയിലും വ്യത്യസ്തതലത്തിലാണ് അനുഭവമാകുന്നത്.
ഒരാള്‍ക്ക് തീക്കൊള്ളി കത്തിയില്ലെങ്കില്‍പോലും മനപ്രയാസമുണ്ടാവും. എന്നാല്‍ അപരനോ വീടിന് തീപിടിച്ചാലേ വ്യസനമുണ്ടാവൂ.

രണ്ടാംലോകമഹായുദ്ധത്തിനൊടുവില്‍ അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ഐസനോവര്‍ സ്വര്‍ഗ്ഗത്തിലെത്തി.
"ഈ ആഴ്ചയുടെ അവസാനം നരകം ചുറ്റിനടന്നുകാണാന്‍ അനുമതി വേണം" എന്ന് ഈശ്വരനോട് അദ്ദേഹം ആവശ്യപ്പെട്ടു.

"നരകത്തിലുള്ളവര്‍ സ്വര്‍ഗ്ഗം കാണണമെന്നു പറഞ്ഞാല്‍ അതിനൊരര്‍ത്ഥമുണ്ട്. പക്ഷേ നരകം കാണാന്‍ ആഗ്രഹിക്കുന്നതെന്തിന്?

മനസ്സ് നിങ്ങളുടെ പക്കലല്ലേ. അതിനെ സന്തോഷമാക്കി വെയ്ക്കാനും തളര്‍ച്ചയോടെ കിടത്താനും നിങ്ങള്‍ക്കുമാത്രമേ കഴിയൂ.

"അവിടെ ഹിറ്റ്ലര്‍ എന്തൊക്കെ വേദന അനുഭവിക്കുന്നു എന്നു കാണാനാണ്"
നരകത്തിലെക്കുള്ള അനുമതി ചീട്ടുമായി ഐസനോവര്‍ അവിടെയെത്തി. അവിടെനിന്നും ഹിറ്റ്ലര്‍ പീഡിപ്പിക്കപ്പെടുന്ന സ്ഥലത്തേക്കു വന്നു. വിസര്‍ജ്ജ്യങ്ങള്‍ നിറഞ്ഞ രണ്ടാള്‍പൊക്കമുള്ള തൊട്ടിയില്‍ അമര്‍ന്നിരിക്കുന്ന ഹിറ്റ്ലറെ കണ്ടു. തൊട്ടിക്കുമുകളിലായി ഹിറ്റ്ലറുടെ മുഖം കാണാനുണ്ടായിരുന്നു. പുഞ്ചിരി നിറഞ്ഞ ആ മുഖം കണ്ട് ഐസനോവര്‍ക്ക് ആശ്ചര്യമായി. അദ്ദേഹം ചോദിച്ചു "സഹിക്കാന്‍പറ്റാത്ത നാറ്റമുള്ള ഈ അമേദ്യത്തില്‍ അമര്‍ന്നിരിക്കുമ്പോഴും എന്തോര്‍ത്താണ് നീ നാണമില്ലാതെ പുഞ്ചിരിക്കുന്നത്?"
'ഞാന്‍ ആരുടെ മുതുകത്തു കയറിയാണു നില്‍ക്കുന്നത് എന്നറിയാമോ.മുസ്സോളിനിയുടെ. അവന്‍റെ അവസ്ഥയോര്‍ത്താണ് ഞാന്‍ ചിരിക്കുന്നത്." പൊട്ടിപ്പൊട്ടി ചിരിച്ചുകൊണ്ട് ഹിറ്റ്ലര്‍ മറുപടി നല്‍കി.
ദു:ഖവും വ്യസനവും മറ്റുള്ളവരുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ചിലപ്പോള്‍ കൂടും, ചിലപ്പോള്‍ കുറയും. പക്ഷേ ഈ കൂടുതലും കുറവുമെല്ലാം ഉത്ഭവിക്കുന്നതു പുറമേനിന്നല്ല. നിങ്ങളുടെ മനസ്സില്‍നിന്നുതന്നെയാണ് ഇവയുടെ മുളപൊട്ടല്‍.

മനസ്സ് നിങ്ങളുടെ പക്കലല്ലേ. അതിനെ സന്തോഷമാക്കി വെയ്ക്കാനും തളര്‍ച്ചയോടെ കിടത്താനും നിങ്ങള്‍ക്കുമാത്രമേ കഴിയൂ.

നിങ്ങള്‍ ഉദ്ദേശിച്ചപോലെ മറ്റുള്ളവരും പെരുമാറണം എന്നുള്ള പ്രതീക്ഷ നിങ്ങളുടെ അഹങ്കാരത്തിന്‍റെ വെളിപാടാണ്. അതിനെ കാല്‍ക്കീഴിലിട്ട് മെതിച്ചു ചതച്ചിട്ട് മുന്നോട്ടു നടന്നാല്‍ പ്രശ്നമില്ല. അങ്ങനെയല്ലെങ്കില്‍ നിങ്ങളുടെ മുന്നോട്ടുള്ള ഓരോ ചുവടും വേദനാജനകമായിരിക്കും. ഓരോ വളവിലും ഭയം തോന്നും,ആത്മവിശ്വാസം കുറയും, മന;തളര്‍ച്ചയും ഉണ്ടാവും.
മനസ്സുതളരുമ്പോള്‍ അതിനു കാരണം മറ്റുള്ളവരാണ് എന്നു വിചാരിച്ച് കാലുഷ്യപ്പെടാതെ താന്‍തന്നെയാണ് കാരണക്കാരന്‍ എന്ന് അറിയണം.

ലോകത്തോടു ക്ഷോഭിക്കരുത്. തോല്‍വി സംഭവിക്കുമ്പോള്‍; സ്വന്തം കുറവുകള്‍ തിരിച്ചറിഞ്ഞ് അവ പരിഹരിക്കാന്‍ കിട്ടിയ സന്ദര്‍ഭമായിക്കരുതി മുന്നോട്ടുപോകണം. നോവും വേദനയും നിറഞ്ഞ അനുഭവങ്ങള്‍ ജീവിതപാഠങ്ങളാണെന്നു തിരിച്ചറിഞ്ഞ് നിങ്ങള്‍ സ്വയം പാകപ്പെടണം. അതിനു കിട്ടിയ അവസരമായിക്കണ്ട് ആ അവസരം പരമാവധി പ്രയോജനപ്പെടുത്തണം.

ഏറെ പ്രതീക്ഷകള്‍ വളര്‍ത്തിയതുകൊണ്ടാണ് നിരാശയുണ്ടായത്. അഹങ്കാരം പൂര്‍ണ്ണമായും കളഞ്ഞു കുളിക്കണം. പ്രവൃത്തിയുടെ ഫലം എന്തുതന്നെയായാലും അതിനെ എതിര്‍ക്കാതെ സ്വീകരിക്കുന്ന ശീലം വളര്‍ത്തണം. ഈ ഫലം തനിക്കനുകൂലമായി മാറ്റിയെടുക്കുന്നത് എങ്ങനെ എന്നു മുന്‍കൂറായി ചിന്തിക്കണം. എന്ത് അനുഭവമുണ്ടായാലും അതു പരമാവധി പ്രയോജനപ്പെടുത്തണം.
തെളിഞ്ഞ ഉദ്ദേശത്തോടെ, നിറഞ്ഞ മനസ്വസ്ഥതയോടെ, നിങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആഗ്രഹിച്ച ലക്ഷ്യത്തിലെത്താന്‍ സാധിക്കും.