सद्गुरु

ഇപ്പോള്‍ അമേരിക്കയില്‍ പ്രശസ്തമായിരിക്കുന്ന രണ്ടു വാക്കുകള്‍ stress(സമ്മര്‍ദ്ദം)management (നിര്‍വ്വഹണം). നിര്‍വ്വഹണത്തെപ്പറ്റി സംസാരിക്കുന്ന എല്ലാ സ്ഥലങ്ങളിലും മാനസികസമ്മര്‍ദ്ദത്തെ എങ്ങനെ നേരിടണം എന്നു പഠിപ്പിക്കുവാന്‍ മനശാസ്ത്രജ്ഞന്മാര്‍ തുടങ്ങിക്കഴിഞ്ഞു.

നിങ്ങളുടെ തൊഴില്‍, കുടുംബം, സ്വത്ത് എന്നിവയെ ഒക്കെ കൈകാര്യം ചെയ്യുന്നതെങ്ങനെ എന്നു പഠിക്കുന്നതില്‍ കാര്യമുണ്ട്, പക്ഷേ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കേണ്ട ഒരു കാര്യമാണ്, അല്ലേ? പിന്നെ അതിനെ ഒഴിവാക്കാതെ കൂടെത്തന്നെ വച്ചുകൊണ്ട് കൈകാര്യം ചെയ്യുന്നതെങ്ങനെ എന്ന് എന്തിനു പഠിക്കണം?

പുതിയ ജീവിത രീതിയില്‍ മാനസികസമ്മര്‍ദ്ദം എന്നത് ഒഴിവാക്കാന്‍ സാധിക്കാത്ത ഒന്നായിപ്പോയി, വളര്‍ച്ച എന്നു പറഞ്ഞാല്‍ കൂടുതല്‍ സമ്പത്ത് എന്നു വിചാരിക്കുന്നതു കൊണ്ടുണ്ടാകുന്ന കുഴപ്പമാണിത്. ജീവിതത്തിലെ പല പ്രധാന കാര്യങ്ങളേയും മാറ്റി നിര്‍ത്തിയിട്ട് ധനമാണു പ്രധാനം എന്ന ചിന്ത മനുഷ്യനെ ആക്രമിച്ചതു കാരണം ഉണ്ടായ വിപത്താണിത്. മാനേജ്മെന്‍റ് എന്നു പറഞ്ഞാല്‍ത്തന്നെ സാമ്പത്തികവുമായി ബന്ധപ്പെടുത്തുന്നതുകൊണ്ടു വരുന്ന പ്രശ്നമാണിത്.

ആരെക്കൊണ്ട് ഒരു നല്ല ഭരണകര്‍ത്താവ് ആയിരിക്കാന്‍ സാധിക്കും? ഒരു വാഹനം ഓടിക്കുന്ന രീതി നിങ്ങള്‍ക്കറിയാമെങ്കില്‍ മാത്രമേ മറ്റൊരാള്‍ക്ക് അതു പറഞ്ഞ് കൊടുക്കാന്‍ സാധിക്കുകയുള്ളൂ. ഒരിക്കല്‍ ശങ്കരന്‍പിളള സ്വന്തം മകനെ വിളിച്ചു പറഞ്ഞു, "നീ പ്രായപൂര്‍ത്തിയായവനാണ്. എനിക്ക് ശേഷം കാര്യങ്ങളൊക്കെ നോക്കി നടത്തേണ്ടത് നീയാണ്. ഓരോന്നായി പഠിച്ചു കൊള്ളുക"

അന്നു വൈകുന്നേരം തന്നെ അയാള്‍ മകനെ ക്ലബിലേക്ക് കൊണ്ടുപോയി. അവിടെ എല്ലാവരും മദ്യം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. ശങ്കരന്‍പിള്ളയും ഒരു ഗ്ലാസ്സ് കൈയിലെടുത്തു, 'എന്നിട്ട് മകനോടു പറഞ്ഞു, നീയും എടുത്തുകൊള്ളൂ." പിന്നീട് ചിലരെ പരിചയപ്പെടുത്തിക്കൊടുത്തു. "വലിയ മനുഷ്യരുമായി ഇടപെട്ട് എന്തെങ്കിലും നേടാനുള്ള സ്ഥലം ഇതുതന്നെയാണ്. മറ്റുള്ളവരെ ധാരാളം കുടിക്കാന്‍ അനുവദിക്കുക. നിനക്ക് ലഹരി കയറും മുമ്പ് നീ മദ്യപാനം നിറുത്തുക. ഇതാണ് ആദ്യത്തെ പാഠം" എന്ന് ഉപദേശിച്ചു. ആദ്യമായിട്ട് മദ്യപിക്കുന്നതുകൊണ്ട് മകന് അല്‍പം അസ്വസ്ഥത ഉണ്ടായിരുന്നു. ശങ്കരന്‍പിള്ള ഒന്നിനു പുറകേ ഒന്നായി ഗ്ലാസ്സുകള്‍ കാലിയാക്കിക്കൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ മകന്‍ ശങ്കരന്‍പിള്ളയെ പിടിച്ചു നിറുത്തി ചോദിച്ചു. "അച്ഛാ, ലഹരി തലയ്ക്കുപിടിച്ചു എന്ന് എങ്ങനെയാണറിയുന്നത്?" ശങ്കരന്‍പിള്ള അടുത്തുള്ള മേശയെ ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു. "അവിടെ ഇരിക്കുന്ന നാലുപേരെ എട്ടുപേരായി നീ കാണുന്നുവെങ്കില്‍ നിനക്കു ലഹരി കയറി എന്നര്‍ത്ഥം. അതിനുശേഷം ഒരു തുള്ളിപോലും കഴിക്കരുത്." മകന്‍ സംശയിച്ചു, "പക്ഷേ അവിടെ രണ്ടുപേരല്ലേ ഉള്ളൂ അച്ഛാ?"

മറ്റുള്ളവരെ കൈകാര്യം ചെയ്യാന്‍ ഉള്ള കഴിവ് നിങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ സ്വയം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ ശരീരത്തെ, മനസ്സിനെ, വികാരങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ പഠിച്ചു കഴിഞ്ഞ ശേഷമല്ലേ മറ്റൊരാളിനെ നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ പറ്റൂ?

ശങ്കരന്‍പിള്ളയുടെ കാര്യനിര്‍വ്വഹണം എങ്ങനെയിരിക്കും എന്ന് ആലോചിച്ചു നോക്കുക. മറ്റുള്ളവരെ കൈകാര്യം ചെയ്യാന്‍ ഉള്ള കഴിവ് നിങ്ങള്‍ക്കു ലഭിക്കണമെങ്കില്‍ സ്വയം കൈകാര്യം ചെയ്യാന്‍ നിങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങളുടെ ശരീരത്തെ, മനസ്സിനെ, വികാരങ്ങളെ നിയന്ത്രിക്കാന്‍ നിങ്ങള്‍ പഠിച്ചു കഴിഞ്ഞ ശേഷമല്ലേ മറ്റൊരാളിനെ നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ പറ്റൂ?

ജോലി കിട്ടുംമുമ്പ് ജോലി കിട്ടണം എന്നു നിങ്ങള്‍ വല്ലാതെ ആഗ്രഹിച്ചു. പക്ഷേ ജോലി കിട്ടിയ ശേഷമോ, സന്തോഷമൊക്കെ നഷ്ടപ്പടുത്തി നിങ്ങള്‍ രക്തസമ്മര്‍ദ്ദം എന്ന അസുഖം വരുത്തി ജീവിക്കുകയാണല്ലോ. ഉയര്‍ന്ന പദവി കിട്ടാന്‍വേണ്ടി നിങ്ങള്‍ പ്രയത്നിച്ചു. ഇപ്പോള്‍ എപ്പോഴും ടെന്‍ഷന്‍ ആണെന്നു പറയുന്നു. ഇനിയും കൂടുതല്‍ ഉയരങ്ങളിലേക്കു ചെന്നാല്‍ നിങ്ങള്‍ "മുമ്പു ഞാന്‍ സമാധാനത്തോടെ കഴിയുകയായിരുന്നു. ഇപ്പോള്‍ അതും പോയി" എന്നു പറയുമോ?

ജീവിതം നഷ്ടപ്പെടുത്തിക്കൊണ്ടു ജീവിത സൗകര്യങ്ങളെ കൂടുതലാക്കുന്നത് മരിച്ചുപോയ കിളിക്കുവേണ്ടി സ്വര്‍ണ്ണക്കൂടു പണിയുന്നതുപോലെയാണ്. പരാജയം മൂലമുണ്ടാകുന്ന ദു:ഖത്തിന് ഒരര്‍ത്ഥമുണ്ടെന്നു പറയാം, പക്ഷേ വിജയം എന്നത് നിങ്ങളുടെ അശ്രാന്ത പരിശ്രമം മൂലം ലഭിച്ചതാണ്. എന്നിട്ടും അതില്‍ സന്തോഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അടിസ്ഥാനപരമായ എന്തോ കുഴപ്പം ഉണ്ട്.

നിങ്ങളെക്കൊണ്ടു കൈകാര്യം ചെയ്യാന്‍ പറ്റാത്തത് നിങ്ങളെന്തിനാഗ്രഹിച്ചു? നിങ്ങള്‍ ഏറ്റവും താഴ്ന്ന ജീവനക്കാരനാണെങ്കിലും ഏറ്റവും മുകളിലത്തെ മുതലാളി ആണെങ്കിലും സ്വയം അറിയാതെ മുകളിലേക്കു വരണമെന്നു കരുതിയാല്‍ അത് അപകടകരമാണ്. പുറമേയുള്ള സാഹചര്യങ്ങളാല്‍ അസ്വസ്ഥനാകാതെ തന്‍റെ സ്വത്വത്തെ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക.

ചെളിയിലാണ് വേരുറപ്പിക്കുന്നതെങ്കിലും താമര ചെളിയില്‍ നിന്നു തന്നെ വളം കണ്ടെത്തി വിടര്‍ന്നു നില്‍ക്കുകയല്ലേ, സുഗന്ധം പരത്തുന്നില്ലേ. നിങ്ങളുടെ ജീവിതവും അങ്ങനെതന്നെയാകണം സാഹചര്യങ്ങള്‍ എന്തായിരുന്നാലും ദൃഢമായ തീരുമാനത്തോടുകൂടി പ്രവര്‍ത്തിച്ച് അതില്‍നിന്നും നിങ്ങള്‍ക്കാവശ്യമുള്ള വളം മാത്രം എടുത്തു കൊള്ളണം. മാനസിക സമ്മര്‍ദ്ദം ഇല്ലാതെ നിങ്ങളെ സ്വയം സന്തോഷപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ അവിശ്വസനീയമായ പലതും ചെയ്തു കാണിക്കാന്‍ സാധിക്കും.