सद्गुरु

പല മിടുക്കന്മാരെയും നിങ്ങള്‍ ശ്രദ്ധിച്ചിരിക്കാം. വളരെ പെട്ടെന്നുതന്നെ ഉയരങ്ങളിലേക്കെത്തും. പെട്ടെന്നുതന്നെ ഒരു സ്ഥാനത്ത് നിലയുറപ്പിക്കും, പക്ഷേ പിന്നീട് അവരില്‍നിന്നും പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്തുകൊണ്ട്? അതിനു ശേഷവും വളരണം എന്ന ആഗ്രഹം അവര്‍ക്കില്ലാതായിരിക്കുമോ? അല്ല, ഉണ്ടായിരിക്കും പക്ഷേ ലഭിച്ചതു നഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി മുറുകെ പിടിച്ചിരിക്കും. ഭയം കാരണം. പിന്നെ എങ്ങനെയാണ് വളര്‍ച്ചയുണ്ടാകുക?

ചെറിയ മണ്‍ചട്ടിയില്‍ വേരോടുകൂടിയ ഒരു ചെടി നിങ്ങള്‍ വാങ്ങുന്നു. വളരെ ഭദ്രമായി നിഴലില്‍ സൂക്ഷിച്ചു വച്ചു വളര്‍ത്തിയാല്‍ ചെടി അല്‍പ്പം കൂടി വളരും. പക്ഷേ ഒരു ഘട്ടത്തില്‍ ചെടിയുടെ വളര്‍ച്ച നഷ്ടപ്പെട്ടു പോകും. അതേ ചെടി ഭൂമിയില്‍ നട്ടിരുന്നാല്‍ അതു വലിയ വൃക്ഷമായി വളര്‍ന്നിരിക്കും. പുതിയ പുതിയ ശാഖകളെ എല്ലാ ദിശകളിലേക്കും വളര്‍ത്തിയിരിക്കും.

നിങ്ങളുടെ ജീവിതവും അങ്ങനെതന്നെയാണ്. വളരണമെന്ന ആഗ്രഹം നിങ്ങളുടെ ഉള്ളില്‍ ജ്വലിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോഴുള്ള മണ്‍ചട്ടി പൊട്ടിച്ചുകളയാന്‍ നിങ്ങള്‍ മടിക്കുന്നതു കാരണം ചെടിക്ക് വളരാന്‍ സാധിക്കാതെ പോകുന്നു. നിങ്ങളെ ചുറ്റി നിങ്ങള്‍തന്നെ ചെയ്തുതീര്‍ത്തിരിക്കുന്ന വലയില്‍ നിന്നും പുറത്തു വന്നാല്‍ മാത്രമേ വളര്‍ച്ചയുണ്ടാവുകയുള്ളൂ.

നിങ്ങളെ ചുറ്റി നിങ്ങള്‍തന്നെ ചെയ്തുതീര്‍ത്തിരിക്കുന്ന വലയില്‍ നിന്നും പുറത്തു വന്നാല്‍ മാത്രമേ വളര്‍ച്ചയുണ്ടാവുകയുള്ളൂ.

രാജാവിനെ അന്വേഷിച്ച് ഒരു യുവാവ് കൊട്ടാരത്തില്‍ കൂടെക്കൂടെ വരാറുണ്ടായിരുന്നു. രാജാവ് അവനെ ബഹുമാനപൂര്‍വ്വം സ്വീകരിച്ചു. ധാരാളം സമ്പത്തു കൊടുത്ത് അയയ്ക്കുമായിരുന്നു. എല്ലാം നഷ്ടപ്പെടുത്തിയിട്ട് അയാള്‍ വീണ്ടും രാജാവിന്‍റെ മുന്നില്‍ വന്നു നില്‍ക്കും, രാജാവ് വീണ്ടും അയാള്‍ക്കു ധനം നല്‍കും. ഒരിക്കല്‍ മന്ത്രി രാജാവിനോടു മെല്ലെ ചോദിച്ചു. "രാജാവേ! താങ്കള്‍ കൊടുക്കുന്ന സമ്പത്തെല്ലാം അയാള്‍ നിരുത്തരവാദപരമായി കൂട്ടുകാര്‍ക്കൊപ്പം ധൂര്‍ത്തടിച്ച് നശിപ്പിക്കുന്നു. എന്തിനാണ് താങ്കള്‍ പിന്നെയും പിന്നെയും അയാള്‍ക്കു ധനം നല്‍കുന്നത്?" "മന്ത്രീ, ഞാന്‍ ജനിച്ചപ്പോള്‍ത്തന്നെ എന്‍റെ മാതാവ് മരിച്ചു പോയി. കൊട്ടാരത്തിലെ ദാസിയായിരുന്ന അയാളുടെ അമ്മയാണ് എനിക്കും അയാള്‍ക്കും മുലപ്പാല്‍ തന്നു വളര്‍ത്തിയത്. അതുകൊണ്ട് അയാളെ ഞാന്‍ സഹോദരനായിട്ടാണ് കരുതുന്നത്," രാജാവ് പറഞ്ഞു.

അടുത്ത പ്രാവശ്യം ആ വിഡ്ഢിയായ യുവാവ് കൊട്ടാരത്തില്‍ വന്നു. രാജാവിനോട് മറ്റൊരാവശ്യം ഉന്നയിച്ചു, "നിങ്ങളെച്ചുറ്റി ഇരിക്കുന്നവരൊക്കെ ബുദ്ധിമാന്‍മാരാണ്. അതുകൊണ്ട് നിങ്ങള്‍ ഉന്നതസ്ഥാനിയായിരിക്കുന്നു. നിങ്ങളുടെ മന്ത്രി ബുദ്ധിമാനാണ്. അദ്ദേഹം എന്‍റെ കൂടെ ഉണ്ടെങ്കില്‍ എനിക്കും രാജ്യം ഭരിക്കാന്‍ സാധിക്കും. അതുകൊണ്ട് മന്ത്രിയെ എന്‍റെയൊപ്പം അയയ്ക്കൂ." എന്തു ചെയ്യണം എന്നറിയാതെ രാജാവു വിഷമിച്ചു. 'രാജാവേ താങ്കളുടെ കൂടെ പാല്‍ കുടിച്ചു വളര്‍ന്ന സഹോദരനുവേണ്ടി എന്‍റെയൊപ്പം പാല്‍ കുടിച്ചു വളര്‍ന്ന എന്‍റെ സഹോദരനെ ഞാന്‍ അയയ്ക്കാം." എന്നു പറയെന്ന്, മന്ത്രി. അടുത്ത ദിവസം രാജാവു സഭയില്‍ വന്നപ്പോള്‍ മന്ത്രി ഒരു പോത്തിനെ കയറില്‍ ബന്ധിച്ചുകൊണ്ടു വന്നു. എല്ലാവരും ചിരിച്ചു. "എന്തിനാണ് ചിരിക്കുന്നത്?" ഇതും ഞാനും ഒരേ എരുമയുടെ പാല്‍ കുടിച്ചാണ് വളര്‍ന്നത്. രാജാവിന്‍റെ സഹോദരന് മന്ത്രിയായിരിക്കാന്‍ ഇതാ ഈ സഹോദരനെ ഞാന്‍ അയയ്ക്കുന്നു" എന്നു മന്ത്രി പറഞ്ഞു.

നാം ഒരേ അമ്മയുടെ പാല്‍ കുടിച്ചു വളര്‍ന്നേക്കാം. പക്ഷേ നമ്മുടെ ശരീരം, മനസ്സ്, വികാരങ്ങള്‍, ശക്തി എന്നിവയെ നമ്മുടെ കഴിവിനനുസരിച്ച് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെ അനുസരിച്ചാണ് വളര്‍ച്ച സംഭവിക്കുന്നത്. നിങ്ങളുടെ സുഹൃത്തിനെ കാണുമ്പോള്‍ സാധാരണയായി നിങ്ങള്‍ എന്തൊക്കെയാണു സംസാരിക്കുക? ബഡ്ജറ്റിലെ നികുതികള്‍, ഏതൊക്കെ പാര്‍ട്ടികള്‍ കൂടിച്ചേര്‍ന്നാലാണ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധിക്കുക, സര്‍ക്കാര്‍ എങ്ങനെ ആയിരിക്കണം എന്നൊക്കെ നിങ്ങള്‍ ചര്‍ച്ച ചെയ്യും. മുഷാറഫിനെക്കുറിച്ചും ബിന്‍ലാദനെക്കുറിച്ചും ജോര്‍ജ് ബുഷിനെക്കുറിച്ചും ഉള്ള വിവരങ്ങള്‍ നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കും.

ഇങ്ങനെ ലോക സംഭവങ്ങള്‍ പലതും നിങ്ങള്‍ വിരല്‍ത്തുമ്പില്‍ വച്ചിരിക്കുന്നുവല്ലോ, നിങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു പൂര്‍ണ്ണമായും അറിയാമോ? നിങ്ങളുടെ കഴിവിന്‍റെ വിസ്തീര്‍ണ്ണത്തെക്കുറിച്ചു നിങ്ങള്‍ക്ക് ശരിക്കും അറിയാമോ?

കണ്ണാടി ധരിക്കുന്നവര്‍ക്ക് ആദ്യമൊക്കെ അതു ധരിക്കുമ്പോള്‍ അനാവശ്യഭാരം പോലെ തോന്നാറുണ്ട്. ശീലമാകുമ്പോള്‍ അതിനെക്കുറിച്ച് ശ്രദ്ധപോലുമുണ്ടാവില്ല. ശ്രദ്ധിച്ചില്ലെങ്കിലും അതിന്‍റെ ജോലി അതു ചെയ്തു കൊണ്ടിരിക്കും. അതുപോലെയാണ് നിങ്ങളുടെ കഴിവും! ഇരുപത്തിനാലു മണിക്കൂറും അതിനെ കൂര്‍മ്മതയോടെ സൂക്ഷിക്കാന്‍ ആദ്യം ശ്രദ്ധയോടുകൂടി അഭ്യസിക്കുക. അപ്പോള്‍ അത് നിങ്ങളുടെ സ്വാഭാവിക ഗുണം ആയിത്തീരും. പിന്നീട് ഏതു സന്ദര്‍ഭത്തിലും അതു നിങ്ങള്‍ക്ക് പ്രയോജനകരമായി ഭവിക്കും. റോഡില്‍ കാറോടിച്ചു പഠിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ മുഴുവന്‍ അതില്‍ത്തന്നെയായിരിക്കും. നല്ലവണ്ണം അഭ്യസിച്ചശേഷം ഡ്രൈവിംഗിനെക്കുറിച്ച് ഭയമോ പതര്‍ച്ചയോ ഇല്ലാതെ കാറോടിക്കാന്‍ തുടങ്ങുകയില്ലേ, അതുപോലെതന്നെ.

പുതിയ സാധ്യതകളെ ധൈര്യപൂര്‍വ്വം നേരിടാന്‍ ശീലിച്ചാല്‍ മാത്രമേ നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും വികസിക്കൂ. അതു നിങ്ങളെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും സഹായിക്കും.

മോട്ടോര്‍ വാഹനത്തൊഴിലില്‍ പ്രശസ്തനായ ഹെന്‍ട്രി ഫോര്‍ഡിനെ 'താങ്കള്‍ വലിയ ജീനിയസ് ആണ്' എന്നു പുകഴ്ത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് എന്താണെന്നറിയാമോ? "അതിസാമര്‍ത്ഥ്യവും മറ്റുമല്ല, നിങ്ങളുടെ പക്കല്‍ ഉള്ള അതേ ബുദ്ധിതന്നെയാണ് എനിക്കുമുള്ളത്. അശ്രാന്ത പരിശ്രമം മൂലം ഞാന്‍ ഉയര്‍ന്നു വന്നു. അത്രയേയുള്ളൂ."

ഗോഡൗണില്‍ സംഭരിച്ചുവച്ചിട്ടുള്ള ധാന്യം വിനിയോഗിക്കാതെ ഇരിക്കുമ്പോള്‍ ആര്‍ക്കും ഉപയോഗം ഇല്ലാതെ നശിച്ചു പോകും. കഴിവ് ഒരിടത്തു സംഭരിച്ചു വയ്ക്കരുത്. അത് ഉപയോഗപ്പെടുത്തിക്കൊണ്ടിരുന്നാലേ ഫലം കിട്ടുകയുള്ളൂ. പുതിയ സാധ്യതകളെ ധൈര്യപൂര്‍വ്വം നേരിടാന്‍ ശീലിച്ചാല്‍ മാത്രമേ നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും വികസിക്കൂ. അതു നിങ്ങളെ മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും സഹായിക്കും.

പരാജയപ്പെടുമ്പോഴൊക്കെ സമുദ്രത്തിന്‍റെ അടിത്തട്ടിലേക്കു പോയതുപോലെ തോന്നുന്നുവല്ലോ?

സമുദ്രത്തിന്‍റെ ആഴത്തിലേക്കെത്തിയാല്‍ പിന്നെ താഴോട്ടുപോകാന്‍ പറ്റില്ലല്ലോ. അവിടെനിന്നുമുകളിലേക്ക് മാത്രമല്ലേ വരാന്‍ പറ്റൂ. അങ്ങനെയാണെങ്കില്‍ പരാജയത്തിനുശേഷം വിജയത്തിനല്ലേ സാധ്യത!

പരാജയം കാരണം തളര്‍ന്നു പോകാതെ അവിടെനിന്നും മുകളിലേക്കു് വരാന്‍ എന്താണ് വഴി എന്നു നോക്കുക. മനസ്സ് എന്നു പറയുന്നത് വളരെ മഹത്തായ ഒരു അത്ഭുത ആയുധമാണ്. ശരീരം കൊണ്ട് ചെയ്യാന്‍ സാധിക്കാത്ത പലതും മനസ്സ് ചെയ്തു കാണിക്കും. ധൈര്യത്തോടെ, പൂര്‍ണ്ണശ്രദ്ധയോടെ, എല്ലാ കഴിവും ഉപയോഗിച്ച് ഉത്സാഹത്തോടെ അദ്ധ്വാനിച്ചു നോക്കൂ. വിജയം സുനിശ്ചിതം.