सद्गुरु

സാധാരണഗതിയില്‍ ചുമതല എന്നാല്‍ ഭാരമേല്‍ക്കല്‍ എന്നു ഭൂരിഭാഗം ആളുകളും ധരിച്ചുവച്ചിരിക്കുന്നു.
ചുമതല എന്നാല്‍ കടമയെന്നു തെറ്റായി ധരിച്ചിരിക്കുന്നതിനാലാണ് ഭാരമായി തോന്നുന്നത്.

വളരെ ചെറുപ്പം മുതലേ നിങ്ങളുടെ മാതാപിതാക്കള്‍ ഒരു ചുമതലാബോധം നിങ്ങളില്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. മകനെ വളര്‍ത്തി പഠിപ്പിക്കുക എന്നത് അച്ഛന്‍റെ കടമയാണ്. പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട കടമ പുത്രനാണ്. വിദ്യാര്‍ത്ഥിയെ നല്ല രീതിയില്‍ രൂപപ്പെടുത്തേണ്ടത് അദ്ധ്യാപകന്‍റെ കടമ, നിയമങ്ങള്‍ അനുസരിച്ചു ജീവിക്കേണ്ടത് ഒരു പൗരന്‍റെ കടമ, അതിര്‍ത്തിയില്‍ രാജ്യം കാക്കേണ്ടത് സേനയുടെ കടമ, ഇങ്ങനെ ചെറുപ്പം മുതല്‍ പറഞ്ഞു പറഞ്ഞ് കടമ എന്ന വാക്ക് നിങ്ങളുടെ മനസ്സില്‍ നല്ലൊരു വിത്തായി ആഴത്തില്‍ വിതക്കപ്പെട്ടിരിക്കുന്നു.

കടമ നിറവേറ്റുകയാണ് എന്നുള്ള വിചാരത്തില്‍ എന്തു ചെയ്താലും തളര്‍ച്ചയാവും മിച്ചം. രക്തസമ്മര്‍ദ്ദം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.


കടമ നിറവേറ്റുകയാണ് എന്നുള്ള വിചാരത്തില്‍ എന്തു ചെയ്താലും തളര്‍ച്ചയാവും മിച്ചം. രക്തസമ്മര്‍ദ്ദം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും.

ഒരു ദിവസം തന്‍റെ ചെരുപ്പുഫാക്ടറിയിലേക്ക് അതിന്‍റെ ഉടമസ്ഥന്‍ വന്നു. അവിടെ ഒരു സ്ഥലത്ത് തിരക്കിട്ടു തൊഴിലാളികള്‍ ജോലി ചെയ്യുന്നത് അയാള്‍ ശ്രദ്ധിച്ചു.

ഒരു തൊഴിലാളി ഒരു കാര്‍ഡ് ബോര്‍ഡ് പെട്ടി എടുത്ത് അതിന്‍റെ പുറത്ത് ലേബല്‍ ഒട്ടിച്ച് അടുത്ത- യാളിന്‍റെയടുത്തേക്കു തള്ളി. അയാള്‍ ആ പെട്ടിക്കുള്ളില്‍ ഒരു ചെരുപ്പ് എടുത്തിട്ടു. അയാളുടെ സമീപത്തുണ്ടായിരുന്ന മറ്റൊരു തൊഴിലാളി ആ പെട്ടി അടച്ചു സീല്‍ ചെയ്തു. അതിനുശേഷം വില്‍പ്പന നടത്തുന്ന സെക്ഷനിലേക്കു പോകാനുള്ള വണ്ടിയിലേക്ക് ആ പെട്ടി കയറ്റപ്പെട്ടു.

"നിങ്ങള്‍ എന്താണു കാട്ടുന്നത്? നമ്മള്‍ ജോടിയായിട്ടല്ലേ ചെരുപ്പുകള്‍ നിര്‍മ്മിക്കുന്നത്? ഒറ്റചെരുപ്പു മാത്രം എന്തുകൊണ്ടു പെട്ടിയിലിട്ട് അടച്ചു? മുതലാളി പരിഭ്രമത്തോടെ തൊഴിലാളികളോട് ആരാഞ്ഞു.
"സാറേ ഇവിടെയുള്ള എല്ലാ തൊഴിലാളികളും വാങ്ങുന്ന ശമ്പളത്തിനനുസരിച്ചുള്ള ജോലി ഭംഗിയായി ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നത്തെ പ്രശ്നം എന്താണെന്നു വച്ചാല്‍ ഇടതുകാലിലെ ചെരുപ്പെടുത്ത് പെട്ടിയിലിടേണ്ടയാള്‍ അവധിയിലാണ്.ڈതൊഴിലാളികളുടെ മേല്‍നോട്ടക്കാരനായ ഉദ്യോഗസ്ഥന്‍ ഇങ്ങനെ മറുപടി പറഞ്ഞു.

ഇത്തരത്തിലുള്ള കടമ നിര്‍വ്വഹണം ശരിയാണോ? തൊഴിലാളികള്‍ സ്വന്തം കടമ ഭംഗിയായിത്തന്നെയാണ് ചെയ്തത്. പക്ഷെ അതില്‍ ആത്മാര്‍ത്ഥതയുടെ കണിക പോലുമില്ലായിരുന്നു. ഇവരെ വിശ്വസിച്ചു ജോലിചെയ്യിപ്പിക്കുന്ന മുതലാളിയുടെ ഗതി എന്താവും എന്ന് ചിന്തിക്കു.

ഒരു പ്രവൃത്തിയുടെ ആത്യന്തികമായ ചുമതലയേറ്റെടുക്കാതെ, ശരിയായി സ്വന്തം കടമ നിര്‍വ്വഹിച്ചു എന്ന മട്ടില്‍ പ്രവര്‍ത്തിച്ചാല്‍ അതുകൊണ്ട് ഒരുതരത്തിലുള്ള പുരോഗതിയും നിങ്ങള്‍ക്ക് ഉണ്ടാവുകയില്ല. ജോലിയോട് വെറുപ്പും, മടുപ്പും, വിരക്തിയും ബാധിച്ച് നിങ്ങളും ഒരു യന്ത്രമായി മാറിപ്പോവും. ആരുടെയോ പ്രേരണക്കു വഴങ്ങി ചെയ്യാതെ സ്വയം ചുമതലയേറ്റ് താല്പര്യത്തോടെ ഒരു പ്രവൃത്തി ചെയ്യുമ്പോള്‍ ഇത്തരത്തിലുള്ള വേദനകള്‍ സംജാതമാവുന്നില്ല.

ചുമതലയെന്നാല്‍ പ്രവൃത്തി എന്നു മാത്രം കരുതാതെ അതിനോട് മാനസികമായ ഒരടുപ്പം കാട്ടാന്‍ ശ്രദ്ധിക്കുക.
ജോലി എന്തുതന്നെയാവട്ടെ, മാനസികമായ അടുപ്പത്തോടെ ചുമതലയേറ്റെടുത്ത് "ഇത് എന്‍റേത്" എന്ന ഭാവത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അതൊരു ഭാരമായി തോന്നുകയേ ഇല്ല.


ജോലി എന്തുതന്നെയാവട്ടെ, മാനസികമായ അടുപ്പത്തോടെ ചുമതലയേറ്റെടുത്ത് "ഇത് എന്‍റേത്" എന്ന ഭാവത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ അതൊരു ഭാരമായി തോന്നുകയേ ഇല്ല.

ഇതെന്‍റെ വീട്, എന്‍റെ ഭര്‍ത്താവ്/ ഭാര്യ, എന്‍റെ വാഹനം, എന്നൊക്കെ വൈകാരികമായി സമീപിക്കുമ്പോള്‍ അവയോടു പരിപൂര്‍ണ്ണമായ അടുപ്പം തോന്നും. അവയൊന്നും ഭാരമായി അനുഭവപ്പെടുകയില്ല. മറിച്ച്, വളരെ ലാഘവത്തോടെ അവയുമായി ഇടപഴകാന്‍ സാധിക്കുകയും ചെയ്യും.

ഹൂയ്തി എന്നൊരു സെന്‍ സന്യാസി ഉണ്ടായിരുന്നു. തന്‍റെ തോളിലൊരു വലിയ ഭാണ്ഡക്കെട്ടും ചുമന്നാണ് അദ്ദേഹം നടന്നിരുന്നത്. അതില്‍ പല സാധനങ്ങളും ഉണ്ടായിരിക്കും. അദ്ദേഹം ഓരോ പ്രദേശത്തു പോകുമ്പോഴും ഭാണ്ഡക്കെട്ടില്‍ നിന്ന് മധുരപലഹാരങ്ങള്‍ എടുത്ത് അവിടെയുള്ള കുട്ടികള്‍ക്കുനല്‍കും.
ഒരിക്കല്‍ മറ്റൊരു സെന്‍ സന്യാസിയെ അദ്ദേഹം കണ്ടുമുട്ടി.

"സെന്‍ എന്നാല്‍ എന്താണ്?" ആ സന്യാസി ചോദിച്ചു.
ഹൂയ്തി സ്വന്തം തോളിലെ ഭാണ്ഡക്കെട്ട് എടുത്ത് താഴെക്കിട്ടു.
"സെന്നിന്‍റെ ഉദ്ദേശമെന്താണ്?" അടുത്ത ചോദ്യമെത്തി. താഴെയിട്ടിരുന്ന കെട്ടെടുത്ത് തോളില്‍ വച്ച് ഹൂയ്തി നടക്കാന്‍ തുടങ്ങി.

ഈ കെട്ട് സ്വന്തമല്ലെന്ന് കരുതി താഴെയിടാനും അതേപോലെ സന്തോഷത്തോടെ ചുമന്നു നടക്കാനും സാധിക്കും എന്നു സ്വന്തം പ്രവൃത്തിയിലൂടെ അദ്ദേഹം മറ്റേ സന്ന്യാസിക്കു മറുപടി നല്‍കി.

ഈ ഭൂമിയെത്തന്നെസ്വന്തം തലയില്‍ താങ്ങുന്നുവെങ്കില്‍പ്പോലും ഇതെന്‍റെതാണ്എന്ന ചിന്തയുണ്ടാവുമ്പോള്‍ ഭാരം അനുഭവപ്പെടുകയില്ല. പക്ഷെ "എന്‍റെ ഉത്തരവാദിത്വമല്ല" എന്നു വിചാരിച്ച് ഒരു മൊട്ടു സൂചി എടുത്താല്‍പ്പോലും വലിയ കനമുള്ളതായി തോന്നും. അനുദിനം നിങ്ങള്‍ അനുഭവിച്ചറിയുന്ന സത്യമല്ലേ ഇത്?

ജീവിതത്തിലെ ചോദ്യങ്ങള്‍ക്ക് നിങ്ങള്‍ പ്രിയമോടെ ഉത്തരം നല്‍കുമ്പോള്‍ ആ സുഖത്തെ സ്വര്‍ഗ്ഗമെന്നു കരുതാം. ഇഷ്ടമില്ലാതെ; പ്രതികൂല മനോഭാവത്തോടെ ഉത്തരം നല്‍കുമ്പോള്‍ അതുതന്നെ നരകമായിപ്പോവുന്നു.

അതുകൊണ്ട് അറിയുക, സ്വര്‍ഗ്ഗ നരകങ്ങള്‍ എന്നാല്‍ നിങ്ങളുടെ കാലശേഷം നിങ്ങള്‍ എത്തിപ്പെടുന്ന അജ്ഞാത സ്ഥലങ്ങള്‍ അല്ല. പിന്നെയോ ഇപ്പോള്‍ ഇവിടെത്തന്നെ നിങ്ങള്‍ക്കു സ്വയം സൃഷ്ടിച്ചെടുക്കാവുന്ന പാര്‍പ്പിടങ്ങളാണവ. ഓഫീസായാലും വീടായാലും സ്കൂളായാലും കടയായാലും കളിസ്ഥലമായാലും നിങ്ങള്‍ അവിടെയെല്ലാം സ്വമനസ്സോടെ, പ്രിയത്തോടെ, സ്വയം അര്‍പ്പിച്ചു മറുപടി പറയാന്‍ (പ്രതികരിക്കാന്‍)പരിശീലിച്ചാല്‍, ഈ ജീവിതംതന്നെ സ്വര്‍ഗ്ഗമായി അനുഭവപ്പെടും.