നമസ്‌കാരം സദ്ഗുരു. എന്താണെന്നറിയില്ല ഞാന്‍ ചെയ്യുന്നതെല്ലാം പിഴക്കുന്നു. എല്ലാവര്‍ക്കും ഞാനൊരു ബാധ്യതയാണ്. ഇനി എന്തു വേണം?

സദ്ഗുരു: ഒരുനിമിഷം പോലും ഇടവിടാതെ നിങ്ങള്‍ എന്താണ് ജീവിതം കൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്ന വിഷയത്തെ ജാഗ്രതയോടെ നോക്കിക്കാണണം. ആദ്യം ഒരു മണിക്കൂര്‍ ശ്രമിക്കാം. പിന്നെ ഒരു ദിവസം. തീവ്രമായി തന്നെ അതിനു സാധിച്ചാല്‍, പ്രപഞ്ചത്തിന്‍റെ ഓരോ കവാടവും അതിനായി തുറക്കപ്പെടും. ഏറ്റവും പരമമായ പ്രാധാന്യം അതിലേക്ക് നല്‍കുമ്പോള്‍ മാത്രമേ, അത്യന്തികമായ സാധ്യത ഒരു യാഥാര്‍ത്ഥ്യമായി മുന്നില്‍ തെളിയുകയുള്ളൂ. പ്രശ്‌നമെന്താണെന്നു വെച്ചാല്‍, നിങ്ങള്‍ക്കിപ്പോള്‍ ഒരുപാട് മുന്‍ഗണനകളുണ്ട്. എന്നുവെച്ച് അതില്‍ ഒരു വിഷയത്തിന് മാത്രമേ പരിഗണന നല്‍കാവൂ എന്നല്ല പറയുന്നത്. അതിനുവേണ്ടി ജീവിതം ഉപേക്ഷിക്കേണ്ടതുമില്ല. എങ്കിലും എന്താണു ജീവിതം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നൊരു മുന്‍ഗണന വേണം. അങ്ങനെ വന്നാല്‍ നിങ്ങള്‍ എങ്ങനെയാണ് ഒരു ബാധ്യതയാവുക?

>സൗന്ദര്യം, തീവ്രത, പ്രസരിപ്പ് എന്നിവയാലാണ് നാം ജീവിതത്തിന് മൂല്യം കല്‍പ്പിക്കുന്നത്. അല്ലാതെ അതിന്‍റെ ഉപയുക്തതയിലല്ല.

തമിഴ് നാട്ടില്‍ ഒരു മരമുണ്ട്- പുന്നഗൈ മരം (Indian Beech) അതില്‍ മധുരമാര്‍ന്ന പഴങ്ങളൊന്നും ഉണ്ടാവാറില്ല. വേപ്പുമരത്തിന്‍റെ കമ്പുപോലെ അതിന്‍റെ കമ്പുകള്‍ കൊണ്ട് പല്ലു തേയ്ക്കാനും പറ്റില്ല! എന്നാലും വളരെ മൂല്യവത്തായ ഒരു മരമാണത്. കാരണം അതിന്‍റെ കാര്യങ്ങളെല്ലാം അത് തനിയേ ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ വാനംപാടികളെല്ലാം വന്നണയാന്‍ ഇഷ്ടപ്പെടുന്ന മരം ഇതാണത്രേ. ചില മരങ്ങള്‍ മറ്റുള്ളവയേക്കാള്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നത് കൊണ്ടാവാം എന്ന് ശാസ്ത്രീയമായൊരു വാദമുണ്ട്. അതുകൊണ്ട് ജീവജാലങ്ങള്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുന്നതാവാം. തല്‍ക്കാലം ശാസ്ത്രത്തിന്‍റെ വഴിക്ക് ഞാനില്ല. എന്താലായും ഒരു പുന്നഗൈ മരച്ചുവട്ടില്‍ ഇരുന്നാല്‍ അത് പ്രസരിപ്പിക്കുന്ന തണുപ്പ് മറ്റു മരങ്ങളേക്കാള്‍ വ്യത്യസ്തമായതു തന്നെയാണ്. അതിനു ചുവട്ടിലെ കുളിര്‍മ ഒന്നു വേറെ തന്നെ. നമുക്ക് വേണമെങ്കില്‍ അതിന്‍റെ യുക്തിയിലേക്ക് കടക്കാം. പക്ഷെ അതിനെ കീറി മുറിച്ച് പരിശോധിച്ചാല്‍ അതിന്‍റെ ശാരീരികമായ അഥവാ ഭൗതികമായ കാരണങ്ങളും മാനങ്ങളും മാത്രമേ കാണാനാവൂ.അതിന്‍റെ ആന്തരിക സത്ത കാണാനാവില്ല.

ജീവിതത്തിന്‍റെ മൂല്യം അതിന്‍റെ പ്രയോജനത്തിലല്ല.

സൗന്ദര്യം, തീവ്രത, പ്രസരിപ്പ് എന്നിവയാലാണ് നാം ജീവിതത്തിന് മൂല്യം കല്‍പ്പിക്കുന്നത്. അല്ലാതെ അതിന്‍റെ ഉപയുക്തതയിലല്ല. അതുകൊണ്ട് ഒരിക്കലും വിലയേറിയ ഒരു സ്വത്തായി സ്വയം മാറാനൊന്നും ശ്രമിക്കേണ്ട, അപ്പോള്‍ ആരെങ്കിലും വന്ന് നിങ്ങളെ വിലയ്ക്കു വാങ്ങാന്‍ നോക്കും. മറിച്ച് ആന്തരികമായ പ്രസരിപ്പും, ആനന്ദവും നിലനിര്‍ത്തുക. വിശക്കുന്നവര്‍ മരത്തിന്‍ മേലുള്ള പഴങ്ങള്‍ അന്വേഷിച്ചു വന്നോളും. ആനന്ദമാഗ്രഹിക്കുന്നവര്‍ ചെടികളിലെ പൂക്കള്‍ തേടി വന്നോളും. ഞങ്ങള്‍ ആശ്രമം ആരംഭിച്ചപ്പോള്‍ മൂന്ന് മരങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വളണ്ടിയര്‍മാരും താമസക്കാരും ചെടികളും മരങ്ങളും നടാനായി വന്നപ്പോള്‍ മറ്റു ചിലര്‍ക്ക് പഴങ്ങള്‍ കായ്ക്കുന്ന മരങ്ങളും പച്ചക്കറി സസ്യങ്ങളും മാത്രം മതി എന്ന ആശയമായിരുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞത് ധാരാളം പൂക്കള്‍ വിരിയുന്ന മരങ്ങള്‍ നടാനായിരുന്നു.

>ഒന്നും തന്നെ നമ്മള്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ല. അത് സ്വാഭാവികമായിത്തന്നെ പൂര്‍ണ്ണമാണ്. സുന്ദരമാണ്.

പൂക്കള്‍ ഉപയോഗശൂന്യവും വളരെ ലോലവുമാണ്. എന്നാല്‍ ആശ്രമത്തില്‍ വന്നാല്‍, പ്രതേകിച്ച് നഗരത്തിലെ ഓടകളിലെ ദുര്‍ഗന്ധങ്ങള്‍ സഹിക്കേണ്ടി വരുന്നവര്‍ക്ക്, പൂക്കളുടെ നറുമണം വലിയൊരു കുളിര്‍മയാണ്. ഉപയോഗ ശൂന്യമായ പൂക്കള്‍ ഇവിടെ ഉള്ളതു കൊണ്ടാണത് സാധ്യമായത്. അതു കൊണ്ട് ഒരു വിലപ്പെട്ട സ്വത്താവാന്‍ ശ്രമിക്കേണ്ട. കേവലം ജീവിതമായിരിക്കാന്‍ ശ്രമിക്കുക. എല്ലാ അര്‍ത്ഥത്തിലും ഒരു പൂര്‍ണ്ണമായ ജീവിതത്തിന് ചുറ്റും വന്നിരിക്കാന്‍ എല്ലാവരും ആഗ്രഹിക്കും. നേരെ മറിച്ച് മലബന്ധം വന്നതുപോലൊരു ജീവിതമാണെങ്കില്‍ അതിന്‍റെ മണം നിങ്ങളുടെ തലച്ചോറ് വരെ എത്തും. പരിശുദ്ധി ഒരു സവിശേഷതയൊന്നുമല്ല. അത് കേവലം ദുര്‍ഗന്ധത്തിന്‍റെ അഭാവം മാത്രമാണ്. നല്ലൊരു മനുഷ്യനാവാന്‍ പ്രത്യേകിച്ചൊരു ഏച്ചുകൂട്ടലിന്‍റേേയും ആവശ്യമില്ല. മറിച്ച് എടുത്ത് മാറ്റലുകളാണ് വേണ്ടത്. ഉള്ളില്‍ നിന്ന് പലതും എടുത്ത് മാറ്റിയാല്‍ നിങ്ങള്‍ തൂവലുപോലെ ഭാരമില്ലാത്ത ഒരു മനുഷ്യജീവനായി മാറിക്കൊള്ളും.

പൂര്‍ണ്ണമായ ജീവിതം

ഒന്നും തന്നെ നമ്മള്‍ കൂട്ടിച്ചേര്‍ക്കേണ്ടതില്ല. അത് സ്വാഭാവികമായിത്തന്നെ പൂര്‍ണ്ണമാണ്. സുന്ദരമാണ്. ഒരു നിമിഷം നിങ്ങളിലേക്ക് ഒന്നു നോക്കൂ. ജീവിതത്തിന് അതിന്‍റേതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍, നിങ്ങള്‍ അതിന്‍റെ പൂര്‍ണ്ണതയിലെത്തണം. അഥവാ നിങ്ങള്‍ ഒരു സമഗ്രജീവിതമായിരിക്കണം. നിലവില്‍ അപൂര്‍ണ്ണമാണെന്ന് സ്വയം തോന്നുന്നുവെങ്കില്‍, അത് ദൈവം തന്ന തലച്ചോറ് എങ്ങിനെ ഉപയോഗിക്കണം എന്നറിയാത്തതു കൊണ്ടാണ്. ഒന്നുകില്‍ ജീവിതത്തെ സ്വന്തം ക്ഷേമത്തിനായി ഉപയോഗിക്കാന്‍ കഴിയണം. അല്ലെങ്കില്‍ അല്‍പനേരത്തേക്ക് അതിനെയൊന്ന് മാറ്റി വെക്കണം. നിങ്ങളേയും മറ്റുള്ളവരേയും ഏതോ വലിയ നിധിയായി, അമൂല്യ വസ്തുവായി കാണേണ്ട കാര്യമില്ല. ഞാന്‍ ജീവിതത്തെ അതിന്‍റെ പ്രയോജനത്തിന്‍റെ പേരില്‍ വിലമതിക്കാറില്ല. മറിച്ച് അതിന്‍റെ ഗുണത്തിന്‍റെ പ്രസരിപ്പിന്‍റെ പേരിലാണ് വിലമതിക്കുന്നത്. വണ്ടി വലിക്കുന്ന, വരി ഉടയ്ക്കപ്പെട്ട (ഷഢമാക്കപ്പെട്ട) ഒരു കാള കാട്ടു പൊന്തയിലൂടെ ലക്ഷ്യമില്ലാതെ മറിച്ചു നടക്കുന്ന കാളക്കൂറ്റനെ കാണുമ്പോള്‍ എന്തൊരു പാഴ്ജന്മമെന്ന് അറിയാതെ കരുതും. നിര്‍വ്വീര്യമാക്കപ്പെടുമ്പോള്‍, ഷഢമാക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത് അതാണ്. പിന്നെ ജീവിതത്തിന്‍റെ പ്രയോജനങ്ങളെക്കുറിച്ചു മാത്രമേ അവന്‍ ചിന്തിക്കൂ. ഒരു ദിവസം ജനിച്ചു മരിക്കുന്നതില്‍ എന്തു ഉപയുക്തതയാണ് ഉള്ളത്? ഈ മാനവരാശിയുടെ തന്നെ ഉപയോഗമെന്താണ്? ഈ ജീവിതത്തിന്‍റെ ഉപയോഗമെന്താണ്? ഈ ജീവിതത്തിന് ഒരു ഉപയോഗവുമില്ല. ഇത്രയേ ഉള്ളൂ കാര്യം, ജീവിതത്തിന്‍റെ ശരിയായ താളം കണ്ടെത്തുകയാണെങ്കില്‍ ജീവിതം മനോഹരമാകും.