सद्गुरु

ജീവിതത്തില്‍ പുരോഗതി കൈവരിച്ച് ഉന്നത ലക്ഷ്യങ്ങളിലെത്തണമെങ്കില്‍, പരിധികളില്ലാത്തതിനെ അറിയണമെങ്കില്‍, പരിധികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചേന്ദ്രയങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് നിങ്ങള്‍ സ്വതന്ത്രനാവണം

സ്വന്തം ജീവിതം എങ്ങനെയാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്നു നിങ്ങള്‍ എപ്പോഴെങ്കിലും നിരീക്ഷിച്ചിട്ടുണ്ടോ? നിങ്ങള്‍ ആരായിരുന്നാലും, എന്തായിരുന്നാലും, ഏത് അവസ്ഥയിലായിരുന്നെങ്കിലും, ഇപ്പോഴുള്ളതിനെക്കാള്‍ കൂടിയ അളവില്‍ വേണം എന്ന് മനസ്സ് ഇച്ഛിച്ചു കൊണ്ടേയിരുന്നു. ഇതാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന രഹസ്യം.

ധനസമ്പാദ്യത്തില്‍ താല്പര്യമുള്ളവരാണ് നിങ്ങളെങ്കില്‍ സമ്പാദിക്കുന്തോറും ഇനിയും, ഇനിയും പണം വേണം എന്ന് മനസ്സ് പറഞ്ഞു കൊണ്ടിരിക്കും. അധികാരമോഹിയാണെങ്കില്‍ അടുത്ത ഉയര്‍ന്ന പദവി, അതിലും കൂടിയ പദവി വേണം എന്ന് കൊതിക്കുന്നു. സ്വത്തു വകയില്‍ ആഗ്രഹമുള്ളയാളാണ് നിങ്ങളെങ്കില്‍ അത് നേടുന്തോറും പോരാ, കുറച്ചു കൂടി, കുറച്ചു കൂടി എന്ന് ഉള്ളിലെ അത്യാഗ്രഹി നിങ്ങളോട് പറഞ്ഞു കൊണ്ടേയിരിക്കും.
സ്നേഹത്തിന്‍റെ കാര്യത്തിലും നിങ്ങള്‍ക്കീ നിലപാടു തന്നെയാണ്. കൂടുതലായി സ്നേഹം കിട്ടണം, കൂടുതലായി അറിവു നേടണം, എന്ന് മനസ്സു നിരന്തരം നിങ്ങളോട് ആവശ്യപ്പെട്ടു കൊണ്ടേയിരിക്കും. എന്താഗ്രഹമായാലും അതു പരിധിയില്ലാതെ വളര്‍ന്നു കൊണ്ടേയിരിക്കും.

വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മുന്നിലൊരു കുഴി കാണുന്നു. അത് ഒഴിവാക്കണം എന്ന് വിചാരിച്ചു പോകുമ്പോള്‍ അതില്‍ മാത്രം ശ്രദ്ധിച്ച് മറ്റുള്ള ഭാഗത്തൊന്നും ശ്രദ്ധിക്കാതെ പോയ്ക്കൊണ്ടിരിക്കുന്നു. ഫലമോ അതില്‍ തന്നെ ചെന്നു ചാടേണ്ടി വരുന്നു. ഇതാണ് മനസ്സിന്‍റെ സ്വഭാവം. വേണ്ട എന്ന് മനസ്സുപറയുന്ന കാര്യങ്ങളെ സംഭവിക്കു.

അഞ്ചുമിനിട്ട് കുരങ്ങിനെപ്പറ്റി ചിന്തിക്കരുത് എന്ന് മനസ്സിനോട് ആജ്ഞാപിച്ച് ഇരുന്നു നോക്കു. എന്താണ് സംഭവിക്കുക? കുരങ്ങുകളെ പറ്റി മാത്രമേ നിങ്ങളെക്കൊണ്ട് ചിന്തിക്കാനാവൂ

ഒരു പരീക്ഷണം നടത്തി നോക്കു. ഇനിയുള്ള അഞ്ചുമിനിട്ട് കുരങ്ങിനെപ്പറ്റി ചിന്തിക്കരുത് എന്ന് മനസ്സിനോട് ആജ്ഞാപിച്ച് ഇരുന്നു നോക്കു. എന്താണ് സംഭവിക്കുക? കുരങ്ങുകളെ പറ്റി മാത്രമല്ലേ നിങ്ങളെക്കൊണ്ട് ചിന്തിക്കാനാവൂ? കുരങ്ങുകള്‍ നിങ്ങളുടെ ചിന്താശക്തിയെ ആക്രമിച്ച് നിറഞ്ഞു നില്‍ക്കുന്നത് നിങ്ങള്‍ക്കു തന്നെ മനസ്സിലാക്കാന്‍ കഴിയും. കാലില്‍ ഒരു തട്ടു കിട്ടിയെന്നിരിക്കട്ടെ, നിങ്ങള്‍ അതുതന്നെ ശ്രദ്ധിച്ച് അതിലിനി ഒരു പരിക്കും പറ്റരുതെന്ന് കരുതലോടെ ഇരിക്കുമ്പോള്‍ വീണ്ടും വീണ്ടും ആ കാലില്‍ തന്നെ തട്ടുകിട്ടും അല്ലെങ്കില്‍ പരിക്കുപറ്റും.

എന്തെങ്കിലും ഒരു പ്രശ്നമുണ്ടാവുമ്പോള്‍ 'അയ്യയ്യോ എന്‍റെ നക്ഷത്രത്തിന്‍റെ ദോഷമാണോ? ഞാന്‍ ഭാഗ്യമില്ലാത്തവനാണോ? എനിക്ക് മുന്നേറുവാന്‍ പറ്റുകയില്ലേ?' എന്നൊക്കെ ചിന്തിച്ചു വെപ്രാളപ്പെട്ടാല്‍ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാവുകയേ ഉള്ളു.

കുടുംബത്തില്‍ ഇതുപോലെ ഒരു പ്രശ്നം സംജാതമാവുമ്പോള്‍ അതിനെപ്പറ്റി മാത്രം ചിന്തിച്ചു വിഷമിച്ചിരുന്നാല്‍ തുടര്‍ന്നു ചെയ്യാനുള്ള കാര്യങ്ങളെല്ലാം തടസ്സപ്പെടും. ഉള്ള കഷ്ടപ്പാടുകള്‍ക്കു പുറമെ വീണ്ടും വീണ്ടും പ്രയാസങ്ങള്‍ വന്നു കൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് ശിരസ്സുയര്‍ത്താനുള്ള ഇടവേള പോലും കിട്ടാതെയാവും.

എന്തു പ്രയാസങ്ങള്‍ നേരിടേണ്ടിവന്നാലും ധൈര്യം കൈവടിയാതെ ശ്രദ്ധയോടെ മുന്നോട്ടു പോയാല്‍, നാശത്തിന്‍റെ വക്കോളമെത്തിയ കുടുംബത്തിന് തുടര്‍ന്ന് കുഴപ്പങ്ങള്‍ ഒന്നും വരാതെ സംരക്ഷിക്കാനാവും. പ്രശ്നങ്ങള്‍ സ്വയം ഉണ്ടായി വരുന്നില്ല. നിങ്ങളറിയാതെ നിങ്ങള്‍ തന്നെയാണ് പ്രശ്നങ്ങളെ സൃഷ്ടിക്കുന്നത്. അടികിട്ടിയ കാലിനെപ്പറ്റിയും നശിക്കാന്‍ പോകുന്ന കുടുംബത്തെപ്പറ്റിയും ചിന്തിച്ചു സമയം കളയാതെ, തുടര്‍ന്നു ചെയ്യേണ്ട കര്‍ത്തവ്യങ്ങളെപ്പറ്റി നല്ല രീതിയില്‍ പദ്ധതിതയ്യാറാക്കി, അര്‍പ്പണബുദ്ധിയോടെ അതു പ്രാവര്‍ത്തികമാക്കുക.

അര്‍ത്ഥമില്ലാത്ത ആശങ്കകളാണു നിങ്ങളെ വിഷമിപ്പിച്ചത് എന്നു നിങ്ങള്‍ക്ക് അപ്പോള്‍ മനസ്സിലാകും. നിങ്ങളുടെ മനസ്സില്‍ ഇനിയും മെച്ചമായി, ഇതിലും കൂടുതലായി വേണമെന്നുള്ള പ്രേരണ എല്ലായ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും കുറച്ചു കൂടി വിശാലമായി മുന്നേറാനുള്ള ആഗ്രഹം നിങ്ങളെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും കുറച്ചു കൂടി വിശാലമായി മുന്നേറാനുള്ള ആഗ്രഹം നിങ്ങളെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

എന്തിനാണിങ്ങനെ തവണകളായി മുന്നേറാന്‍ ആശിക്കുന്നത്? നിങ്ങളെ ഈ ഭൂമിയുടെ രാജാവായോ, രാജ്ഞിയായോ വാഴിച്ചുവെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് അപ്പോള്‍ പരിപൂര്‍ണ്ണ സംതൃപ്തി ലഭിക്കുമോ! "ഭൂമിയല്ലേ കിട്ടിയുള്ളു, ചന്ദ്രനെക്കണ്ടില്ലേ അതെനിക്ക് കൈവശമായില്ലല്ലോ" എന്നായിരിക്കും നിങ്ങളുടെ ചിന്ത.

അപ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നത് എന്താണ്? ധനമാണോ, സ്വത്തുക്കളാണോ, സ്നേഹമാണോ, അറിവാണോ? നിങ്ങള്‍ക്ക് എന്താണു വേണ്ടത്? നിങ്ങള്‍ തേടുന്നതെന്താണ്? 'കൂടുതല്‍ വികസ്വരമാവുക, കൂടുതല്‍ മെച്ചമാവുക' ഇതല്ലേ ശരിക്കും നിങ്ങള്‍ ആഗ്രഹിക്കുന്നത്?

ഇപ്പോഴുള്ളതിനേക്കാള്‍ മെച്ചമായി മറ്റൊന്നു വേണം. ജീവിതം അനുദിനം ഏറിയ രുചിയില്‍ ആസ്വദിക്കാനാവണം എന്നു തന്നെയല്ലേ നിങ്ങള്‍ ആശിക്കുന്നത്? അങ്ങനെയെങ്കില്‍ ഈ ആഗ്രഹത്തിന്‍റെ പരിധി എത്രമാത്രം ആയാല്‍ "മതി"യെന്നുള്ള പരിണാമത്തില്‍ നിങ്ങളെത്തുമോ? എത്ര വികസിച്ചാലും, എത്ര പരിധി കടന്നു വളര്‍ന്നാലും അതു നിന്നുപോവുന്നുണ്ടോ?

ഈ വികാസങ്ങള്‍ക്ക് എവിടെയാണ് ഒരു അവസാനം കാണുവാന്‍ കഴിയുക? ഇതിന് ഒരു പരിധി കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിഞ്ഞോ? പരിധികളില്ലാതെ വിശാലമാവാനാണ് നിങ്ങള്‍ കൊതിക്കുന്നത്. അങ്ങനെ ആ വിശാല വികസ്വര മണ്ഡലത്തില്‍ വിഹരിക്കുവാന്‍, അതിന്‍റെ ആസ്വാദ്യത പരിപൂര്‍ണ്ണമായി അനുഭവിക്കാന്‍ നിങ്ങളുടെ കൈവശമുള്ള കരുക്കള്‍ എന്തൊക്കെയാണ്?

കാണുക, കേള്‍ക്കുക, മണക്കുക, രുചിക്കുക, തൊടുക തുടങ്ങിയ ഈ അഞ്ച് ഇന്ദ്രിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു നിങ്ങള്‍ ജീവിതം അനുഭവിക്കുന്നു. ഈ പ്രപഞ്ചത്തിന്‍റെ അസ്ഥിത്വം നിങ്ങള്‍ അറിഞ്ഞതും പഞ്ചേന്ദ്രിയങ്ങള്‍ വഴി തന്നെ. ഇവയുടെ സഹായത്താല്‍ പരിധികളില്ലാത്തതിനെ അറിയാന്‍ കഴിയുമോ എന്നു പരീക്ഷിച്ചു നോക്കുക.

നിങ്ങള്‍ നിദ്രയിലായിരിക്കുമ്പോഴും ശരീരം അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നില്ല മനസ്സും. പ്രവര്‍ത്തനനിരതമായിത്തന്നെ ഇരിക്കുന്നു. ലോകവും പ്രവര്‍ത്തനനിരതമായി മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുന്നു.

എങ്കിലും ഉറക്കത്തിലാണ്ടിരിക്കുമ്പോള്‍, നിങ്ങളും ലോകവും ഇല്ലാത്തതുപോലെയാണു നിങ്ങള്‍ക്കു തോന്നുന്നത്. പഞ്ചേന്ദ്രിയങ്ങളും പ്രവര്‍ത്തനരഹിതമായിരുന്നതിനാലാണ് നിങ്ങള്‍ക്ക് അപ്രകാരം തോന്നുന്നത്. അങ്ങനെ വരുമ്പോള്‍ പഞ്ചേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പരിധിയുണ്ടെന്നും, പരിധി കടന്നു പ്രവര്‍ത്തിക്കാന്‍ അവയ്ക്ക് ആവുകയില്ല എന്നും അറിയാന്‍ കഴിയും. പക്ഷെ നമ്മള്‍ ദൈനംദിന ജീവിതം അനുഭവിച്ചറിയുന്നത് ഈ പഞ്ചേന്ദ്രിയങ്ങളിലൂടെത്തന്നെയാണ്.

പരിധികളില്ലാതെ വികസ്വരമാകുവാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ അതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്ക് ഒരു നിശ്ചിത നിയന്ത്രണ മേഖലയുണ്ട് അതു കടന്നുപോകുവാന്‍ ആ മാര്‍ഗ്ഗങ്ങള്‍ക്ക് ആവില്ല.

ചന്ദ്രനിലെത്താന്‍ ആഗ്രഹിക്കുന്നവന്‍ അതിനായി കാളവണ്ടിയില്‍ യാത്രയാരംഭിച്ചാലോ? അവിടെയെത്താന്‍ ആവുമോ? ഈ കാളകള്‍ പതുക്കെ പോവുന്നതുകൊണ്ടാണ് ചന്ദ്രനിലെത്താന്‍ വൈകുന്നത് എന്നു ചിന്തിച്ചു കാളയെ അടിച്ചാല്‍ നിങ്ങളുടെ ലക്ഷ്യത്തിലെത്തിച്ചേരാന്‍ ആവുമോ? അപ്പോള്‍ എങ്ങനെയാണ് അവിടെയെത്തുക?

ജീവിതത്തില്‍ പുരോഗതി കൈവരിച്ച് ഉന്നത ലക്ഷ്യങ്ങളിലെത്തണമെങ്കില്‍, പരിധികളില്ലാത്തതിനെ അറിയണമെങ്കില്‍, പരിധികള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചേന്ദ്രയങ്ങളുടെ നിയന്ത്രണത്തില്‍ നിന്ന് നിങ്ങള്‍ സ്വതന്ത്രനാവണം. പഞ്ചേന്ദ്രിയങ്ങള്‍മൂലം ലഭ്യമാകുന്ന അറിവിന്‍റെ അതിരുകള്‍ കടന്നു നിങ്ങളുടെ അറിവിന്‍റെ ആകാശം വിസ്തൃതമാവണം.

അങ്ങനെ അറിവിന്‍റെ ആകാശങ്ങളിലേക്കു കുതിക്കാന്‍ തുടങ്ങും മുമ്പു നിങ്ങള്‍ സ്വയം ഒരു വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. അറിവിന്‍റെ വഴികളിലൂടെ അനസ്യൂതം യാത്ര ചെയ്തിട്ടും എന്തുകൊണ്ടു ലക്ഷ്യം കൈവരിക്കാന്‍ ആവുന്നില്ല? അവ്യക്തമായ അറിവാണോ ഇത്രയും നാള്‍ മുന്നോട്ടു നയിച്ചത്? അല്ലെങ്കില്‍ അറിവിന്‍റെ ഈ അവ്യക്തത എങ്ങനെ സംഭവിച്ചു? വ്യക്തമായ അറിവിന്‍റെ പാതയിലെ മാര്‍ഗ്ഗതടസ്സങ്ങള്‍ എന്തൊക്കെയാണ്?

ജീവിതത്തിന്‍റെ മഹത്തായ സൂക്ഷ്മ തത്വങ്ങള്‍ ചിലര്‍ക്കു വേഗം മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ മറ്റു ചിലര്‍ക്ക് അതു പ്രയാസമുള്ള കടംകഥപോലെ അനുഭവപ്പെടുന്നു. അതിന്‍റെയര്‍ത്ഥം അവര്‍ മറ്റൊരു രീതിയിലാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നാണോ? തീര്‍ച്ചയായും അല്ല. ഇപ്പോഴത്തെ ജീവിതത്തില്‍ ചില അടിസ്ഥാനപരമായ പഴുതുകള്‍ സംഭവിച്ചു പോയിരിക്കുന്നു. അതിന്‍റെ ഫലമായി വന്നുഭവിച്ച തടസ്സങ്ങള്‍ എന്തൊക്കെയാണ്? അവയെ തരണം ചെയ്യുന്നതെങ്ങനെ? അതിനുള്ള ടെക്നിക്കുകള്‍ എന്തൊക്കെയാണ്, മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണ് എന്ന് ഓരോന്നായി വിശകലനം ചെയ്യാം.

https://www.publicdomainpictures.net