सद्गुरु

ശരിയായ സന്തോഷമെന്താണെന്നു സദ്ഗുരു ഇവിടെ വിവരിച്ചു തരുന്നു.

ഒരിക്കല്‍ ശങ്കരന്‍പിള്ളയ്ക്ക് ദൈവത്തെ കാണാനുള്ള സന്ദര്‍ഭം കിട്ടി. "നിനക്ക് മൂന്നു വരങ്ങള്‍ തരാം" ദൈവം പറഞ്ഞു. "എന്തു വേണമെങ്കിലും ചോദിക്കാമോ" ശങ്കരന്‍പിള്ള ചോദിച്ചു. "ചോദിക്കാം, പക്ഷേ നിനക്ക് എന്തു ലഭിക്കുന്നുവോ അതിന്‍റെ ഇരട്ടി നിന്‍റെ സുഹൃത്തിന് ലഭിക്കുന്നതായിരിക്കും" എന്നു പറഞ്ഞു ദൈവം. ശങ്കരന്‍പിള്ള സന്തോഷവാനായി വീട്ടിലേക്ക് പോയി. ദൈവമേ, കൊട്ടാരസദൃശമായ ഒരു വീടുവേണം", ശങ്കരന്‍പിള്ള പ്രാര്‍ത്ഥിച്ചു. ഉടന്‍തന്നെ മങ്ങിയ പെയിന്‍റുള്ള അയാളുടെ വീട് മനോഹരമായ ഒരു കൊട്ടാരമായി മാറി. അയാള്‍ ജനാല വഴി പുറത്തേക്കു നോക്കി. അയാളുടെ കൂട്ടുകാരന്‍ താമസിച്ചിരുന്ന സ്ഥലത്ത് രണ്ട് കൊട്ടാരങ്ങള്‍ കാണപ്പെട്ടു.

ശങ്കരന്‍പിള്ളയ്ക്ക് വേദന തോന്നി. "അതു പോട്ടെ. എനിക്ക് ഉല്ലാസത്തിനായി ഒരു ലോകസുന്ദരി വേണം" എന്നു പ്രാര്‍ത്ഥിക്കേണ്ട താമസം, കട്ടിലില്‍ ഒരു അതിസുന്ദരി ശയിക്കുന്നതായി കണ്ടു. ശങ്കരന്‍പിള്ളയ്ക്ക് ജിജ്ഞാസ അടക്കാന്‍ പറ്റിയില്ല. ജാലകത്തിലൂടെ സുഹൃത്തിന്‍റെ വീട്ടിലേക്ക് നോക്കി. അവിടെ ടെറസ്സില്‍ രണ്ടു സുന്ദരിമാര്‍ സുഹൃത്തിനോടൊപ്പം നില്‍ക്കുന്നതാണ് കണ്ടത്. അതും കൂടി കണ്ടശേഷം ശങ്കരന്‍പിള്ളയ്ക്ക് സഹിക്കാന്‍ പറ്റിയില്ല. മൂന്നാമത്തെ വരം അയാള്‍ ഉടനെ ചോദിച്ചു, "ദൈവമേ എന്‍റെ ഒരു കണ്ണ് എടുത്തോളൂ."


നിങ്ങള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ സന്തോഷിക്കുന്നു, പക്ഷേ അയല്‍ക്കാരന്‍ നിങ്ങളുടേതിനേക്കാളും വിലകൂടിയ ഒരു കാര്‍ വാങ്ങിയാല്‍ നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുന്നു.

തന്‍റെ പക്കല്‍ ഉള്ളത് അന്യന്‍റെ പക്കല്‍ ഇല്ലാതിരുന്നാല്‍ മാത്രമേ ശങ്കരന്‍പിള്ളയെ പോലുള്ളവര്‍ സന്തോഷിക്കുകയുള്ളൂ. അവരൊക്കെ ഉള്ളതും നഷ്ടപ്പെടുത്തി വ്യസനിച്ചു കൊണ്ടിരിക്കും. നിങ്ങള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ സന്തോഷിക്കുന്നു, പക്ഷേ അയല്‍ക്കാരന്‍ നിങ്ങളുടേതിനേക്കാളും വിലകൂടിയ ഒരു കാര്‍ വാങ്ങിയാല്‍ നിങ്ങളുടെ സന്തോഷം നഷ്ടപ്പെടുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മനുഷ്യന്‍ കാറിനെപ്പറ്റിയൊന്നും അറിഞ്ഞിട്ടില്ലായിരുന്നു, പക്ഷേ അവന്‍റടുത്തുള്ള പശുവിനെക്കാളും അയല്‍ക്കാരന്‍റെ പശു കൂടുതല്‍ പാല്‍ കൊടുത്താല്‍ അവന്‍റെ മനസ്സ് വിഷമിച്ചിരിക്കും. പശുവിന് പകരം ഇപ്പോള്‍ കാര്‍ എന്നല്ലാതെ മനുഷ്യന്‍റെ അടിസ്ഥാനപരമായ സ്വഭാവം മാറിയിട്ടുണ്ടോ? ഇല്ലല്ലോ?

കഴിഞ്ഞുപോയ ചില നൂറ്റാണ്ടുകളില്‍ സ്വന്തം സുഖത്തിനുവേണ്ടി മനുഷ്യന്‍ ഈ ഭൂമിയുടെ മുഖഛായ തന്നെ മാറ്റിക്കളഞ്ഞു. മറ്റു ജീവജാലങ്ങളെപ്പറ്റിയുള്ള ചിന്തയില്ലാതെ പുഴു, പ്രാണി, പക്ഷി, മൃഗം തുടങ്ങിയ എല്ലാറ്റിന്‍റെയും വാസസ്ഥലങ്ങളെ ആക്രമിച്ചു. വൃക്ഷലതാദികളെയും വിട്ടില്ല. ഭൂമി, ജലം, വായു തുടങ്ങി എല്ലാം സ്വന്തം ആവശ്യത്തിനു വേണ്ടി ഉപയോഗിച്ചതുകൊണ്ട് ഇപ്പോള്‍ ശുദ്ധവായു ലഭിക്കുവാന്‍ പോലും ബുദ്ധിമുട്ടേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കിവച്ചു. എല്ലാം എന്തിനുവേണ്ടിയാണ്? തനിക്ക് സന്തോഷം ലഭിക്കും എന്നു വിചാരിച്ചിട്ടാണല്ലോ? സന്തോഷം ലഭിച്ച്, അതാഘോഷിച്ച്, സംതൃപ്തിയോടുകൂടി ഭൂമിയെന്ന ഗോളത്തെത്തന്നെ അഗ്നിക്കിരയാക്കട്ടെ. തെറ്റില്ല, പക്ഷേ സന്തോഷത്തെ തെല്ലു പോലും രുചിച്ചുനോക്കാതെ, ഭൂമിയെ മാത്രം നശിപ്പിച്ചുകൊണ്ടിരിക്കാന്‍ മനുഷ്യന് എന്തവകാശമാണുള്ളത്?

എനിക്ക് ഒരു അമ്മായി ഉണ്ടായിരുന്നു. വളരെ മോഡേണ്‍ ആണ്. മഹിളാസമാജത്തിലെ പ്രധാന അംഗമാണ്. വളരെ ഭംഗിയായി വസ്ത്രധാരണം ചെയ്യുന്നവരാണ്. വിമല എന്നു പേരുള്ള മറ്റൊരു അംഗത്തിനും അമ്മായിക്കും എപ്പോഴും ശത്രുതയാണ്. ഒരു ദിവസം മീറ്റിംഗില്‍ നിന്നും തിരിച്ചു വന്ന അമ്മായി കരയാന്‍ തുടങ്ങി. എന്തുപറ്റി? തെരഞ്ഞെടുപ്പില്‍ തോറ്റുവോ. എന്തെങ്കിലും അപകടം പറ്റിയോ. എന്താണ് ദു:ഖത്തിന് കാരണം? "വിമല എന്നോടു പക വീട്ടി" എന്നു കരച്ചിലിനിടയ്ക്ക് അവര്‍ പറഞ്ഞു. അതായത് മീറ്റിംഗിന് പുതിയ ഒരു നെക്ലെസ് ധരിച്ചുകൊണ്ടാണു പോയത്. മറ്റുള്ളവര്‍ ചോദിക്കുമ്പോള്‍ ആ വൈരക്കല്ലുകളുടെ മേന്മയെപ്പറ്റി പറയാനുള്ള കാര്യങ്ങള്‍ മനസ്സില്‍ തയ്യാറാക്കിയും വച്ചിരുന്നു, പക്ഷേ ഒരംഗം പോലും അതിനെപ്പറ്റി ചോദിച്ചില്ല. എല്ലാവരും അവഗണിച്ചതുപോലെ തോന്നി. അമ്മായിക്ക് ഈ അവഗണന ഒട്ടും സഹിക്കാന്‍ പറ്റിയില്ല. വിമലയുടെ ഉപദേശം കാരണമാണ് മറ്റംഗങ്ങള്‍ അമ്മായിയുടെ നെക്ലെസിനെ അവഗണിച്ചതെന്നു പറഞ്ഞ് അമ്മായി ഒരുപാടു കരഞ്ഞു.


സന്തോഷം ലഭിച്ച്, അതാഘോഷിച്ച്, സംതൃപ്തിയോടുകൂടി ഭൂമിയെന്ന ഗോളത്തെത്തന്നെ അഗ്നിക്കിരയാക്കട്ടെ. തെറ്റില്ല, പക്ഷേ സന്തോഷത്തെ തെല്ലു പോലും രുചിച്ചുനോക്കാതെ, ഭൂമിയെ മാത്രം നശിപ്പിച്ചുകൊണ്ടിരിക്കാന്‍ മനുഷ്യന് എന്തവകാശമാണുള്ളത്?

അമ്മായി വില കൂടിയ നെക്ലെസ് വാങ്ങിയത് അവരുടെ സന്തോഷത്തിനു വേണ്ടിത്തന്നെയാണ്, പക്ഷേ മൗനമാചരിച്ചു കൊണ്ടു തന്നെ ഒരു വിമലയ്ക്ക് ആ സന്തോഷം ഇല്ലാതാക്കാന്‍ സാധിച്ചു. എന്തൊരു വിഡ്ഡിത്തമാണിത്. നിങ്ങളുടെ ജീവിതത്തിലും ഇതുപോലെ എന്തെങ്കിലും സംഭവിച്ചേക്കാം. നിങ്ങളുടെ ആഗ്രഹം എന്താണ്, സന്തോഷവാനായിരിക്കുക എന്നതാണോ? പക്ഷേ എവിടെയാണ് തെറ്റു സംഭവിക്കുന്നത്? ഇത്രയ്ക്ക് വിദ്യാഭ്യാസമുണ്ടെങ്കില്‍ സന്തോഷം, ഇത്രയ്ക്ക് സമ്പത്ത് ഉണ്ടെങ്കില്‍ സന്തോഷം, മറ്റുള്ളവര്‍ അസൂയപ്പെടുന്ന അത്രയ്ക്ക് ആഭരണങ്ങള്‍ അണിഞ്ഞാല്‍ സന്തോഷം, എന്ന് ഓരോരോ കണ്ടീഷന്‍സ് നിങ്ങള്‍ തന്നെ പറഞ്ഞുവച്ചു.

പുറമേയുള്ള സാഹചര്യങ്ങള്‍ എപ്പോഴും നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് ഇരിക്കാറില്ല. ആഗ്രഹത്തിന്‍റെ ലക്ഷ്യം അറിയാതെ മറ്റു സാഹചര്യങ്ങളെ പലതരത്തില്‍ മാറ്റിമറിച്ചാലും നിങ്ങള്‍ക്കു മന:ശ്ശാന്തി കിട്ടണമെന്നില്ല. അങ്ങനെയാണെങ്കില്‍ നെക്ലെസ് ആഗ്രഹിച്ചതു തെറ്റാണോ? കാര്‍ വാങ്ങാനാഗ്രഹിച്ചതു തെറ്റാണോ? അല്ലേയല്ല. ഏതു വേണമെങ്കിലും നിങ്ങള്‍ക്ക് ആഗ്രഹിക്കാം. സന്തോഷമായിരിക്കണം എന്നതാണ് അടിസ്ഥാനപരമായ ആഗ്രഹം എന്നിരിക്കേ, അതിനുവേണ്ടി നിങ്ങള്‍ തിരഞ്ഞെടുത്ത നെക്ലെസിലും കാറിലും ചെന്നു കുടുങ്ങിയതാണ് കുഴപ്പമായത്. നിങ്ങളുടെ സന്തോഷത്തെ മറ്റുള്ളവരുടെ വാക്കുകള്‍ക്കും മറ്റു സാഹചര്യങ്ങള്‍ക്കും പണയം വയ്ക്കാതെ യാത്ര തുടരുക. ഈ പ്രപഞ്ചത്തെ നിങ്ങളുടെ ആഗ്രഹപ്രകാരം മാറ്റാന്‍ സാധിക്കും.

ലൈംഗികാകര്‍ഷണം തെറ്റാണോ?

യൗവനത്തില്‍ സ്ത്രീപുരുഷന്മാര്‍ക്ക് പരസ്പരം ആകര്‍ഷണം ഉണ്ടാകുന്നതിനെ ഒഴിവാക്കാന്‍ സാധിക്കുകയില്ല. അതു പ്രകൃതി നിയമമാണ്, അതുകൊണ്ട് അതു ശരിയോ തെറ്റോ എന്ന് വാദിക്കേണ്ട കാര്യവുമില്ല. പാശ്ചാത്യ രാജ്യങ്ങളില്‍ സ്വാതന്ത്ര്യമുള്ള സെക്സ് എന്നൊരു ഏര്‍പ്പാടുണ്ടായിരുന്നു. കുടുംബം, അതിന്‍റെ നിയന്ത്രണം എന്നൊന്നുമില്ലാതെ സ്വതന്ത്ര്യത്തോടുകൂടി സന്തോഷമായിരിക്കാന്‍ അവിടത്തെ ജനങ്ങള്‍ ആഗ്രഹിച്ചു. യൗവനത്തില്‍ അവര്‍ അത് ആസ്വദിക്കുകയും ചെയ്തു, പക്ഷേ വാര്‍ദ്ധക്യകാലത്തില്‍ ബന്ധങ്ങളൊന്നും ഇല്ലാതെ പലരും മാനസിക അനാഥത്വം മൂലം സഹതാപാര്‍ഹരായിത്തീരുകയാണുണ്ടായത്. ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ സന്നദ്ധരാവാതെ സെക്സ് മാത്രം ആസ്വദിച്ച അവര്‍ കാരണം ഒരു തലമുറ മുഴുവന്‍ വ്യക്തിത്വമില്ലാത്ത അനാഥരായി അലഞ്ഞുതിരിഞ്ഞു.

ശാരീരിക ആഗ്രഹങ്ങളേക്കാളും മുകളിലായി, ജീവിതം ജീവിച്ചു തീര്‍ക്കേണ്ടതുണ്ട് എന്നത് മറക്കരുത്. അതിനു കൂടുതല്‍ പ്രാധാന്യം നല്‍കകരുത്, പ്രാധാന്യം നല്‍കാരിതിക്കുകയുമരുത്. ദൃഢനിശ്ചയവും ഉത്തരവാദിത്തവുമില്ലാതെ യാതൊരു സന്തോഷത്തേയും ആഗ്രഹിക്കരുത്. നിങ്ങളുടെ ജീവിതലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കാതെ അതിന് ആവശ്യമുള്ളത്ര പ്രാധാന്യം മാത്രം കൊടുക്കുക, അതുമതി.