എനിക്കു സമയമെവിടെ?

time

सद्गुरु

ചിലരെ കണ്ടിട്ടുണ്ട്. എപ്പോഴും തിരക്കോടുതിരക്കുതന്നെ. സമയമില്ല എന്നു പറഞ്ഞ് പാഞ്ഞുകൊണ്ടിരിക്കും.
മനുഷ്യമനസ്സിന് ഒരിക്കലും പരിപൂര്‍ണ്ണ തൃപ്തി വരികയില്ല. ഇനിയും ഇനിയും എന്ന് അതു ചോദിച്ചുകൊണ്ടുതന്നെ ഇരിക്കും. അതിനെ തൃപ്തിയാക്കാന്‍ വേല ചെയ്തു കൊണ്ടിരുന്നാല്‍ അവസാനമില്ല.

എല്ലാം ചെയ്യണമെന്ന് ആരും നിങ്ങളെ നിര്‍ബന്ധിച്ചിട്ടില്ല. പല ജോലികളും നിങ്ങള്‍ സ്വയം ഏറ്റെടുത്തവയാണ്.
എല്ലാവര്‍ക്കും ഇരുപത്തിനാലു മണിക്കൂറേ ലഭിക്കൂ. ഈ സമയത്തിനുള്ളില്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാനാവില്ല എന്നുള്ള കാര്യം ഓരോ വ്യക്തിയിലും വ്യത്യസ്ഥമായിരിക്കും. നിങ്ങളുടെ മനസ്സും ശരീരവും ഊര്‍ജ്ജവും എത്ര കണ്ട് യോജിച്ചു പോകുന്നോ അതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ പ്രവര്‍ത്തനക്ഷമതയും. ഇവ മൂന്നും ഒരുമിച്ചില്ലെങ്കില്‍ എത്ര സമയം കിട്ടിയാലും തികയുകയില്ല.

ശങ്കരന്‍പിള്ള ഡോക്ടറെ കാണാന്‍പോയി. ”ഡോക്ടര്‍ രാവിലെ ആറുമണിക്ക് ഉണരണം എന്നുദ്ദേശിച്ച് അലാറം വെച്ചു കിടക്കും പക്ഷെ എട്ടു മണിയാകാതെ ഉണരാന്‍ കഴിയുന്നില്ല. നാളെ രാവിലെ വിദേശത്തേക്കു പോകണം. വിമാനമേറണം”

ഡോക്ടര്‍ ഒരു ഗുളികക്ക് എഴുതിക്കൊടുത്തു. “കിടക്കുന്നതിനുമുന്‍പ് ചൂടുപാലില്‍ ഇത് ഇട്ടു കുടിച്ചാല്‍ മതി. നാളെ ആറുമണിക്ക് കൃത്യമായി നിങ്ങള്‍ ഉണര്‍ന്നിരിക്കും. ഇത് എങ്ങനെയുണ്ട് എന്ന് നാളെ വന്നുപറയണം.”
അന്നു രാത്രി കിടക്കാന്‍ നേരത്ത് ശങ്കരന്‍പിള്ള ഡോക്ടര്‍ പറഞ്ഞതുപോലെ ഗുളിക കഴിച്ചു… പെട്ടെന്ന് കുലുക്കി ഉണര്‍ത്തിയപോലെ പിള്ള രാവിലെ ഉണര്‍ന്നു. വേഗം സമയം നോക്കി. കൃത്യം ആറുമണി. ഉടനെ ഡോക്ടറുടെ അടുത്തെത്തി. “താങ്കള്‍ തന്ന മരുന്ന് ഫലപ്രദമായി. കൃത്യം ആറുമണിക്കുതന്നെ ഞാനുണര്‍ന്നു. പക്ഷെ ഒരു കാര്യം. ഇന്നലെ ഉണരേണ്ട ഞാന്‍ ഇന്നാണ് ഉണര്‍ന്നത്.”
ഇതുപോലെ കൃത്യസമയത്തു ചെയ്യാതെ പോകുന്ന പ്രവൃത്തികള്‍ നിഷ്ഫലമാകുന്നു. എത്രമണിക്കൂര്‍ വേലചെയ്തു എന്നതല്ല പ്രധാനം; എത്ര സമയം നിങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായി വിനിയോഗിക്കപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ജയാപജയങ്ങള്‍.

എത്രമണിക്കൂര്‍ വേലചെയ്തു എന്നതല്ല പ്രധാനം; എത്ര സമയം നിങ്ങളുടെ കഴിവുകള്‍ പൂര്‍ണ്ണമായി വിനിയോഗിക്കപ്പെട്ടു എന്നതിനെ ആശ്രയിച്ചിരിക്കും നിങ്ങളുടെ ജയാപജയങ്ങള്‍.

കുടുംബം, സമൂഹം, സുഹൃത്തുക്കള്‍, ബന്ധുക്കള്‍ ഇങ്ങനെ പലര്‍ക്കുവേണ്ടിയും സമയം ചിലവഴിക്കേണ്ടിവരുന്നുണ്ട്. ഇതൊന്നും ഒഴിവാക്കാനും പറ്റില്ല. സ്വന്തം ജീവിതരീതിക്കനുസരിച്ച് ഇവയില്‍ ഏതിനാണു പ്രാമുഖ്യം കൊടുക്കേണ്ടത്, ഏതിനു രണ്ടാംസ്ഥാനം, എന്നെല്ലാം തീരുമാനിക്കേണ്ടതു നിങ്ങളാണ്. എല്ലാവര്‍ക്കും ഒരേരീതി അനുയോജ്യമല്ല. ചിലര്‍ എപ്പോഴും ധൃതിപിടിച്ച് എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കും. അവരെ ശരിക്കും നിരീക്ഷിച്ചാല്‍ ഒരു സത്യം മനസ്സിലാക്കാം ഒരു മണിക്കൂര്‍ കൊണ്ടു തീര്‍ക്കാവുന്ന ജോലി അവര്‍ പല മണിക്കൂറുകള്‍ വലിച്ചിഴച്ച് ചെയ്യുന്നു.

നിങ്ങളുടെ കഴിവുകള്‍ മുഴുവന്‍ വിനിയോഗിക്കപ്പെടണമെങ്കില്‍ ആദ്യം മനസ്സ് ശാന്തവും സ്വസ്ഥവുമായിരിക്കണം.

ഒരു വേല ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചെയ്തുതീര്‍ക്കാന്‍ പറ്റാതെ പോയ മറ്റൊന്നിനെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരുന്നാല്‍, ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയില്‍ പൂര്‍ണ്ണമായും ശ്രദ്ധിക്കാനാവില്ല.
ഈ രീതിയില്‍ വേണ്ടാത്ത ചിന്തകള്‍ക്ക് ഇടം കൊടുത്താല്‍ നിങ്ങളുടെ കര്‍മ്മവേഗത കുറയും, പ്രവര്‍ത്തനക്ഷമതയ്ക്കു മങ്ങലേല്‍ക്കും, അതിന്‍റെ ഫലമായി തളര്‍ച്ചയും സമാധാനക്കുറവും മാനസിക പിരിമുറുക്കവും നിങ്ങളെ പിടികൂടും.

മനസ്സിനെ നിയന്ത്രിക്കാന്‍ ശീലിച്ചാല്‍ മാത്രം മതി, നിങ്ങളുടെ കഴിവുകള്‍ പതിന്മടങ്ങു വര്‍ദ്ധിക്കും. ഏറെ പണിയെടുത്തതിന്‍റെ തളര്‍ച്ചയും നിങ്ങള്‍ക്കുണ്ടാവില്ല.
ചെയ്യാനുള്ള ജോലികളില്‍ ആദ്യം ചെയ്യേണ്ടത് ഏതാണ്, ഏതിനാണ് പ്രാധാന്യം എന്നെല്ലാം തീരുമാനിക്കേണ്ടതു നിങ്ങള്‍ തന്നെയാണ്.
ശങ്കരന്‍പിള്ളയുടെ സുഹൃത്ത് ഒരു വലിയ സ്ഥാപനത്തിന്‍റെ തലവനായിരുന്നു.
“ഞങ്ങളുടെ കമ്പനിയില്‍ ജോലിചെയ്യുന്ന എല്ലാവര്‍ക്കും മൂന്നുമാസത്തിലൊരിക്കല്‍ രണ്ടാഴ്ചത്തെ ലീവ് നല്‍കി വിശ്രമിക്കാന്‍ അയയ്ക്കും.” അയാള്‍ പറഞ്ഞു.
ശങ്കരന്‍പിള്ളയ്ക്ക് ആശ്ചര്യമായി.
‘ജോലിക്കാരോട് ഇത്ര താല്പര്യമോ.”
“അതൊന്നുമല്ല. ആരൊക്കെ ഇല്ലാതിരുന്നാല്‍ സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനത്തിനു കോട്ടം വരികയില്ല എന്നറിയാനാണ്.”

ഏതു വേല ഒഴിവാക്കിയാല്‍, ഏതു മാറ്റിവച്ചാല്‍, കുഴപ്പമുണ്ടാകില്ല, എന്നു മനസ്സിലാക്കി നിങ്ങളും അത്തരത്തില്‍ പെരുമാറണം. പലരുടെ സമയവും കണ്‍മുന്നില്‍ തന്നെ പാഴാകുന്നു.
മറ്റെന്തു കളഞ്ഞുപോയാലും തിരിച്ചുകിട്ടാനുള്ള അവസരം ഉണ്ട്. പക്ഷേ നഷ്ടപ്പെട്ട സമയം ആരു വിചാരിച്ചാലും തിരിച്ചു തരാനാവില്ല.

ശരീരത്തിനും മനസ്സിനും ഇടയ്ക്കിടെ വിശ്രമം നല്‍കിയാല്‍ പൂര്‍ണ്ണമായി കഴിവുപ്രയോജനപ്പെടുത്താനാവും.
സമയവുമായി മല്ലിടാതെ, പ്രവൃത്തികളെല്ലാം ആഘോഷമാണെന്നു കരുതി ചെയ്യണം. സന്തോഷത്തിന്‍റെ വെളിപ്പാടാവട്ടെ, പണിയെടുക്കല്‍. എങ്കില്‍ തളര്‍ച്ചയില്ല.

വാനിറയെ ഭക്ഷണം കുത്തിനിറച്ചാല്‍ ശ്വാസം മുട്ടും. ഇതുപോലെ ഒഴിവില്ലാതെ പണിയെടുക്കുന്നതും തെറ്റാണ്. ശരീരത്തിനും മനസ്സിനും ഇടയ്ക്കിടെ വിശ്രമം നല്‍കിയാല്‍ പൂര്‍ണ്ണമായി കഴിവുപ്രയോജനപ്പെടുത്താനാവും.
സമയവുമായി മല്ലിടാതെ, പ്രവൃത്തികളെല്ലാം ആഘോഷമാണെന്നു കരുതി ചെയ്യണം. സന്തോഷത്തിന്‍റെ വെളിപ്പാടാവട്ടെ, പണിയെടുക്കല്‍. എങ്കില്‍ തളര്‍ച്ചയില്ല. കുറവുമില്ല.

രാവിലെ ഉണരുമ്പോള്‍ പക്ഷികളുടെ കൂജനം കേട്ട് നിങ്ങളില്‍ പ്രസരിപ്പ് ഉണര്‍ന്നിട്ടുണ്ടോ. കുളിക്കുമ്പോള്‍ വെള്ളത്തുള്ളികള്‍ ക്രമമായി ശരീരഭാഗങ്ങളെ നനച്ച കുളിര്‍പ്പിക്കുന്നതു രസിച്ചിട്ടുണ്ടോ? വണ്ടി ഓടിക്കുമ്പോള്‍ മറ്റെവിടെയും ശ്രദ്ധിക്കാതെ അതില്‍ത്തന്നെ മനസ്സൂന്നി ആനന്ദിച്ച് ഓടിച്ച സന്ദര്‍ഭം ഉണ്ടായിട്ടുണ്ടോ?
ഭക്ഷണം കഴിക്കുമ്പോള്‍ ആദ്യത്തെ ഉരുളമാത്രമേ രുചിച്ചു കഴിക്കുന്നുള്ളൂ. പിന്നീട് യാന്ത്രികമായി കയ്യും വായും പ്രവര്‍ത്തിക്കും. വായിലെത്തുന്ന ഭക്ഷണം പല്ലുകള്‍ അരച്ച് കുഴമ്പാക്കി അന്നനാളത്തിലൂടെ താഴോട്ടിറങ്ങി വയറില്‍ എത്തിച്ചേരുന്ന ആ പ്രവര്‍ത്തനരീതിയെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണത്തിന്‍റെ ശരീരഗമനം ശ്രദ്ധിച്ചിട്ടുണ്ടോ?

വേലയെന്ന വലയ്ക്കുള്ളില്‍ അകപ്പെട്ട്, ആനന്ദിക്കണം എന്ന ആഗ്രഹം വിസ്മരിച്ചു കഴിയുന്ന നിങ്ങള്‍ക്ക് ഈ ചോദ്യം കേള്‍ക്കുമ്പോള്‍ “ഇതിനൊക്കെ പാഴാക്കാന്‍ സമയമെവിടെ” എന്നായിരിക്കും തോന്നുക. വെറുതെ ശ്വാസമെടുത്തും, പുറന്തള്ളിയും കഴിയാനാണോ നിങ്ങള്‍ വന്നത്? ശരീരത്തില്‍ ജീവന്‍ നിലനിറുത്താന്‍ മാത്രമേ ശ്വാസോച്ഛ്വാസം കൊണ്ടാവൂ.

ജീവനോടെ ഇരിക്കുന്നതും ജീവിക്കുന്നതും തമ്മില്‍ ഏറെ അന്തരമുണ്ട്. ഒരു ഞൊടി, ഒറ്റഞൊടി പൂര്‍ണ്ണമായി ഉണര്‍ന്നിരുന്നാല്‍ മതി, ജീവിതത്തിന്‍റെ ഗതിതന്നെ മാറിപ്പോവും. ചിട്ടയായ യോഗ ഇതിന് സഹായകമാവും.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *