सद्गुरु

മനസ്സില്‍ ദു:ഖമുണ്ടാവുന്നത് എപ്പോഴാണ്? നിങ്ങള്‍ പ്രതീക്ഷിച്ചതുപോലെ മറ്റുള്ളവര്‍ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ മനസ്സിന് വിഷമമുണ്ടാകുന്നു.

വഴിയോരത്തെ യാചകന് അന്‍പതു പൈസാ എറിഞ്ഞു കൊടുക്കുമ്പോള്‍ അവന്‍ നന്ദിയോടെ കൈകൂപ്പുന്നു. അപ്പോള്‍ നിങ്ങള്‍ അഭിമാനം കൊണ്ടു കേമത്തം വിചാരിക്കുന്നു. വെറും അന്‍പതുപൈസ കൊടുത്തപ്പോള്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു മാനസിക വിദഗ്ദ്ധനെപ്പോലെ പ്രവര്‍ത്തിച്ച് അയാള്‍ നിങ്ങള്‍ക്കുസന്തോഷം നല്‍കി.

നേരേമറിച്ച് കാശുവാങ്ങിയ അവന്‍ ഒരു നന്ദിപ്രകടനവുമില്ലാതെ അലക്ഷ്യമായിട്ടിരുന്നാല്‍ നിങ്ങളുടെ മനസ്സിന് മുറിവേല്‍ക്കുന്നു. നന്ദികെട്ടവന്‍ എന്നു കരുതി നിങ്ങള്‍ വിഷമിക്കുന്നു. ഇങ്ങനെ ഓരോ പ്രവര്‍ത്തിക്കും പ്രതിഫലം പ്രതീക്ഷിച്ചാല്‍ പ്രവൃത്തികള്‍ എല്ലാം ഭാരമായി അനുഭവപ്പെടും. ഒരു കാര്യവുമില്ലാതെ ജീവിതം സങ്കീര്‍ണ്ണമാവും. ഒരാളിന് എന്തെങ്കിലും നല്‍കുന്നതോടെ നിങ്ങളുടെ അവകാശം കഴിഞ്ഞു. അതുപിന്നെ അവന്‍റേതാണ്. അതിന് നന്ദി പറയേണ്ടതും പറയാതിരിക്കേണ്ടതും അവന്‍റെ ജോലിയാണ്. അവന്‍ നന്ദിപ്രകടനം നടത്തിയില്ല നിങ്ങളെ മഠയനാക്കി എന്നൊന്നും വൃഥാചിന്തിക്കേണ്ടതില്ല.

പ്രഫസറുടെ വീട്ടില്‍ ധാരാളം എലികള്‍ ഉണ്ടായിരുന്നു. അവയെ കണ്ടുവിരണ്ട കുട്ടികള്‍ "ഈ എലികളെ പിടിച്ച് കൊന്നുകളയരുതോ" എന്നു ചോദിച്ചു. എലികള്‍ എന്‍റെ പുസ്തകങ്ങള്‍ കരണ്ടുനശിപ്പിക്കും എന്നുള്ള കാര്യം സത്യമാണ്. അതിനെ പിടിക്കാന്‍ ശ്രമിച്ചാല്‍ അത് എന്‍റെ കയ്യില്‍ അകപ്പെടാതെ ഓടിയൊളിക്കും. അതിനെ വേട്ടയാടി എന്‍റെ ജീവിതം അവസാനിക്കും. അതിനുപകരം പ്രധാനപ്പെട്ട പുസ്തകങ്ങള്‍ എല്ലാം അലമാരിയില്‍വച്ചു പൂട്ടി വേണ്ടാത്ത കടലാസുകള്‍ കളയുന്നു. ഇത് എലികള്‍ വന്നു കരണ്ടു കൊള്ളട്ടെ. അങ്ങനെ അവ വെറും എലികളായിത്തന്നെയിരിക്കുന്നു. വലിയൊരു ഭൂതമായി എന്‍റെ മനസ്സിനെ ആക്രമിക്കുന്നില്ല. ഇതുപോലെ നിസ്സാര കാര്യങ്ങളെ പെരുപ്പിച്ചു ചിന്തിച്ചാല്‍ അവ നിന്നെത്തന്നെ വിഴുങ്ങിക്കളയും.

യാഥാര്‍ത്ഥ്യത്തേയും പ്രതീക്ഷകളെയും ഒന്നിച്ചാക്കി വിഷമിക്കുന്നു. ആരെങ്കിലും മുറിവേല്‍പ്പിച്ചു എന്നു വിചാരിച്ചു കഴിഞ്ഞാല്‍ അത് എളുപ്പത്തില്‍ മറക്കാന്‍ നിങ്ങളെക്കൊണ്ട് ആവുന്നില്ല.

ശങ്കരന്‍പിള്ള ജൂറാസിക് പാര്‍ക്ക് സിനിമ കാണാന്‍ ഭാര്യയോടൊത്തു തിയേറ്ററിലേക്ക് പോയി. സ്ക്രീനില്‍ ഭയങ്കരനായ ദിനോസര്‍ വായ് പിളര്‍ന്നു ചാടിയപ്പോള്‍ ശങ്കരന്‍പിള്ള സീറ്റില്‍ ഭയന്നു വിറച്ചിരുന്നു.
"ഇതു വെറും സിനിമയല്ലേ" ഭാര്യ പറഞ്ഞു.

'സിനിമയാണെന്ന് എനിക്കറിയാം. നിനക്കുമറിയാം, പക്ഷേ ദിനോസറിന് അറിയില്ലല്ലോ"

നിങ്ങളും അങ്ങനെതന്നെയാണ്. യാഥാര്‍ത്ഥ്യത്തേയും പ്രതീക്ഷകളെയും ഒന്നിച്ചാക്കി വിഷമിക്കുന്നു. ആരെങ്കിലും മുറിവേല്‍പ്പിച്ചു എന്നു വിചാരിച്ചു കഴിഞ്ഞാല്‍ അത് എളുപ്പത്തില്‍ മറക്കാന്‍ നിങ്ങളെക്കൊണ്ട് ആവുന്നില്ല.

എല്ലാം മറന്നുകളയേണ്ടതില്ല. നിങ്ങളുടെ പഞ്ചേന്ദ്രിയങ്ങള്‍ വഴി നിങ്ങള്‍ അറിഞ്ഞ് അനുഭവിച്ചതെല്ലാം ഓര്‍മ്മകളായി ഉള്ളില്‍ പതിഞ്ഞിരിക്കും. കഴിഞ്ഞകാലജീവിതാനുഭവങ്ങള്‍ അമൂല്യമാണ്, ഇനിയൊരിക്കലും കിട്ടാനിടയില്ലാത്ത സമ്പത്താണത്. ആ അനുഭവങ്ങള്‍ നിങ്ങള്‍ക്കു നല്‍കിയ അറിവ് വെറുതെ കളയുന്നത് മണ്ടത്തരമാണ്.

ഹിരോഷിമ വേദനിപ്പിക്കുന്ന ഒരോര്‍മ്മയാണ് എന്നാല്‍ അതു മറന്നുപോയാല്‍ വീണ്ടും ആ മണ്ടത്തരം ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. ഓര്‍മ്മകള്‍ പ്രശ്നമല്ല. പക്ഷേ അവയെ വകതിരിവോടെ ഉപയോഗപ്പടുത്താത്തതാണ് പ്രശ്നം. ഓരോ അറിവും, ഓരോ ഓര്‍മ്മയുംവേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തണം.

ആന്‍ടന്‍ എന്ന സന്യാസിയെത്തേടി ഒരു ചെറുപ്പക്കാരന്‍ വന്നു. 'ജീവിക്കാന്‍ അത്യാവശ്യം വേണ്ടതുമാത്രം വെച്ചിട്ട് ബാക്കിയുള്ളതു മുഴുവന്‍ വിറ്റ് പാവപ്പെട്ടവര്‍ക്കു ദാനം ചെയ്തുകഴിഞ്ഞു. എനിക്കു നല്ലഗതികിട്ടാന്‍ വഴികാട്ടൂ."
"നിന്‍റെ കയ്യില്‍ മിച്ചമുള്ള സാധനങ്ങള്‍ വിറ്റ് മാംസക്കഷണങ്ങള്‍ വാങ്ങൂ. എന്നിട്ട് അതു ശരീരത്തില്‍ കെട്ടിക്കൊണ്ടു വരൂ. അങ്ങനെ മാംസക്കഷണങ്ങള്‍കെട്ടി വച്ചുകൊണ്ടുവന്ന അയാളെ വഴിനീളെ പക്ഷികളും നായ്ക്കളും കൊത്തിയും കടിച്ചും മുറിവേല്‍പ്പിച്ചു.

അയാളെ കണ്ട ആന്‍ടണ്‍ പറഞ്ഞു. "പുതിയ പാതയില്‍ യാത്ര ആരംഭിക്കുന്നവന്‍ പഴയ ജീവിതത്തിന്‍റെ ശേഷിപ്പുകള്‍ കൂടെക്കൊണ്ടുവന്നാല്‍ എന്തായിരിക്കും അവസ്ഥ എന്ന് ഇപ്പോള്‍ മനസ്സിലായോ?

അസുഖകരമായ ഒരനുഭവം ഉണ്ടാകുമ്പോള്‍ അതുനിങ്ങളില്‍ ഉണങ്ങാത്ത മുറിവായി അവശേഷിക്കണോ, അതോ സ്വയം പാകപ്പെടാനുള്ള മരുന്നാവണോ എന്ന കാര്യം നിങ്ങളുടെ കയ്യില്‍ത്തന്നെയാണ്. മനസ്സിനേറ്റ മുറിവ്, നിങ്ങളുടെ ബുദ്ധിസാമര്‍ത്ഥ്യത്തെ രാകിമൂര്‍ച്ചയാക്കി മാറ്റാന്‍ സഹായിച്ച ഒരു അരമായി കാണുമ്പോള്‍ തീര്‍ന്നില്ലേ ദു:ഖം?

അസുഖകരമായ ഒരനുഭവം ഉണ്ടാകുമ്പോള്‍ അതുനിങ്ങളില്‍ ഉണങ്ങാത്ത മുറിവായി അവശേഷിക്കണോ, അതോ സ്വയം പാകപ്പെടാനുള്ള മരുന്നാവണോ എന്ന കാര്യം നിങ്ങളുടെ കയ്യില്‍ത്തന്നെയാണ്.

ചോദ്യം:- ദു:ഖങ്ങള്‍ നേരിടുമ്പോള്‍ ദൈവത്തിനോടു കൂടുതലായി പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ? പ്രാര്‍ത്ഥിക്കേണ്ടത് ഒരാവശ്യമാണോ, അതുകൊണ്ട് ഫലമുണ്ടോ?

മറുപടി:- എന്തിനാണു പ്രാര്‍ത്ഥിക്കുന്നത്? ഈശ്വരനെ അറിയാനോ? നിങ്ങളുടെ ഉദ്ദേശം അതല്ലല്ലോ. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന മണ്ടന്‍ യന്ത്രമായിട്ടല്ലേ നിങ്ങള്‍ ഈശ്വരനെ കാണുന്നത്.

ഈശ്വരപ്രാര്‍ത്ഥന നടത്തിയാല്‍ ആവശ്യപ്പെട്ടതെല്ലാം ലഭിക്കും എന്ന് കാലങ്ങളായി പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ട് ദൈവത്തോടു നിവേദനം നടത്തലാണ് പ്രാര്‍ത്ഥന എന്നു നിങ്ങള്‍ ധരിച്ചിരിക്കുന്നു. ഭയംകൊണ്ടോ ആഗ്രഹം കൊണ്ടോ പ്രാര്‍ത്ഥന നടത്തുന്നത് പ്രാര്‍ത്ഥനയേ അല്ല. അതു വെറും ചടങ്ങാണ്. ഈശ്വരനു പകരം ഒരു കഴുതയെക്കാട്ടി അതിനോടു പ്രാര്‍ത്ഥിച്ചാല്‍ നിങ്ങളുടെ ദു:ഖങ്ങള്‍ തീരുമെന്നു പറഞ്ഞാല്‍ അതും നിങ്ങള്‍ സന്തോഷത്തോടെ ചെയ്യും അല്ലേ?

പ്രാര്‍ത്ഥന വെറുമൊരു ചടങ്ങായി മാറാതെ ഉണര്‍വില്‍ വിടരണം. ദു:ഖങ്ങളുണ്ടാവുമ്പോള്‍ ചായാന്‍ ഒരു തോള്‍ എന്ന രീതിയില്‍ ഈശ്വരനെ വിളിച്ചിട്ടെന്തു കാര്യം? ചടങ്ങിന് പ്രാര്‍ത്ഥന നടത്തുന്നവന്‍ ഒരുകോടി പ്രാവശ്യം പ്രാര്‍ത്ഥിച്ചാലും ഒരു പ്രയോജനവുമില്ല.

ദു:ഖിതന് ഈശ്വരനെ കാണാന്‍ സാധിക്കുകയില്ല. ആനന്ദമായി ജീവിക്കുന്നത് എങ്ങനെ എന്ന് അറിയൂ.എന്നിട്ടാകാം ഈശ്വരനെ അറിയുന്നത്.