അടയാളം എന്ന മുഖംമൂടി.

identification-mask

सद्गुरु

ശൈശവത്തില്‍ നിങ്ങളുടെ ശരീരവും മനസ്സും എങ്ങനെ വേണമെങ്കിലും വളയുമായിരുന്നു. പക്ഷേ വളര്‍ന്നപ്പോള്‍ നിങ്ങള്‍ സ്വയം വളയാത്ത ഒരാളായി. ഇതു മുന്നേറ്റമല്ല. സത്യത്തില്‍ പിന്നോട്ടു പോവുകയാണ്. ജനിച്ചപ്പോള്‍ത്തന്നെ കൈവശമുണ്ടായിരുന്ന ആ കഴിവു വികസിപ്പിച്ചെടുക്കാതെ അലക്ഷ്യമായി നിങ്ങള്‍ കളഞ്ഞു. കാരണം എന്താണ്?

ജനിച്ചപ്പോള്‍, ഒരു പുതിയ ജീവനായി നവോന്മേഷത്തോടെ ഇരിക്കുകയായിരുന്ന നിങ്ങള്‍, പ്രകൃതിയില്‍ വ്യത്യാസങ്ങള്‍ ഒന്നും കണ്ടില്ല. എല്ലാറ്റിനേയും മനസ്സോടെ ആസ്വദിച്ചു. പക്ഷേ വളരുംതോറും സ്വത്വത്തെ മറന്ന് ഞാന്‍ ഡോക്ടറാണ്, എഞ്ചിനീയറാണ്, ഞാന്‍ വ്യവസായിയാണ്, ഞാന്‍ രാഷ്ട്രീയക്കാരനാണ് തുടങ്ങി സമൂഹത്തില്‍ നിങ്ങള്‍ക്ക് അടയളങ്ങള്‍ ഉണ്ടാക്കി. എവിടെപ്പോയാലും ആ അടയാളങ്ങള്‍ ചുമന്നു കൊണ്ടു നടക്കുന്നതിനാല്‍ സ്വത്വത്തെ നിങ്ങള്‍ നഷ്ടപ്പെടുത്തി. പ്രശസ്തരായവര്‍ക്ക് സ്വാതന്ത്ര്യത്തോടുകൂടി കൈവീശി നടക്കണമെങ്കില്‍ അടയാളങ്ങള്‍ പതിയാത്ത സ്ഥലങ്ങളിലേക്കു പോവേണ്ടിയിരിക്കുന്നു.

നിങ്ങളെക്കുറിച്ചുള്ള അടയാളം എവിടെനിന്നു വന്നു? അതു നിങ്ങളുടെ ഭൂതകാലാനുഭവങ്ങളെ ആശ്രയിച്ചാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്. അത് ഒരു ജഡം പോലെയാണ്. നിങ്ങള്‍ അനാവശ്യമായി അതും ചുമന്നുകൊണ്ടു നടക്കുകയാണെങ്കില്‍ ഒരു ഘട്ടത്തില്‍ ദുര്‍ഗന്ധം മൂലം നിങ്ങള്‍ക്കുതന്നെ ശ്വാസം മുട്ടലുണ്ടായേക്കാം.

നിങ്ങളെക്കുറിച്ചുള്ള അടയാളം എവിടെനിന്നു വന്നു? അതു നിങ്ങളുടെ ഭൂതകാലാനുഭവങ്ങളെ ആശ്രയിച്ചാണ് രൂപീകരിക്കപ്പെട്ടിരിക്കുന്നത്.

ഒരു ദിവസം ശങ്കരന്‍പിള്ള തന്‍റെ ഗുരുവിന്‍റെ അരികില്‍ പോയി പറഞ്ഞു. “ഞാന്‍ ഒരാള്‍ക്ക് ഒരു നന്മ ചെയ്തു. പക്ഷേ അവന്‍ നന്ദിയില്ലായ്മ കാണിക്കുന്നു. അവനെ കണ്ടാല്‍ത്തന്നെ എന്‍റെ സമാധാനം നഷ്ടപ്പെടുന്നു.” ഗുരു മന്ദഹസിച്ചു. “നല്ലതു സംഭവിച്ചാലും അതിനെത്തന്ന ചുമന്നുകൊണ്ടു നടക്കരുത്. മേലാല്‍ ആരെങ്കിലും നിങ്ങള്‍ക്ക് തിന്മ ചെയ്താലും, അല്ലെങ്കില്‍ ആര്‍ക്കെങ്കിലും നിങ്ങള്‍ നന്മ ചെയ്താലും ഉടന്‍ തന്നെ അത് കിണറ്റിലെറിഞ്ഞു കളയൂ. സമാധാനം തീര്‍ച്ചയായും ലഭിക്കും.” എന്ന് ഉപദേശിച്ചു. ശങ്കരന്‍പിള്ള തലയാട്ടി, വീട്ടിലേക്കു നടന്നു. വഴിയില്‍ അന്ധയായ ഒരു വൃദ്ധയെ നിരത്തു മുറിച്ചു കടക്കാന്‍ സഹായിച്ച ശങ്കരന്‍പിള്ള പെട്ടെന്നു തന്നെ ആ വൃദ്ധയെ അടുത്തുള്ള കിണറ്റിലേക്ക് തള്ളിയിട്ടു.

ഞാന്‍ പറയുന്ന കാര്യങ്ങളെ ശങ്കരന്‍പിള്ള മനസ്സിലാക്കിയതുപോലെ നിങ്ങളും മനസ്സിലാക്കരുത്. നിങ്ങള്‍ക്ക് അടയാളം ഉണ്ടാക്കിത്തന്നത് എന്താണ്? നിങ്ങളുടെ മനസ്സാണ്. മനസ്സ് എന്നത് എന്താണ്? ജീവിതത്തെക്കുറിച്ചു മറ്റുള്ളവര്‍ പറഞ്ഞതും നിങ്ങള്‍ക്ക് അനുഭവങ്ങള്‍ വഴി സംഭവിച്ചതും മറ്റം കൂട്ടിക്കലര്‍ന്ന് കിടക്കുന്ന ഒന്ന്. അതിനു പ്രത്യേകിച്ചൊരു തനിമ ഇല്ല.

ഒരു പക്ഷേ നിങ്ങള്‍ ഒരു മുതലാളി ആയിരിക്കാം. നിങ്ങളുടെ താഴെ ജോലിചെയ്യുന്ന ഒരു തൊഴിലാളി പറയുന്ന ഒരു തമാശകേട്ട് പൊട്ടിച്ചിരിക്കാന്‍ നിങ്ങളുടെ മുതലാളി എന്നുള്ള അടയാളം നിങ്ങളെ അനുവദിക്കാതിരിക്കുമ്പോള്‍ നിങ്ങള്‍ സഹതാപാര്‍ഹനാകുന്നു. നിങ്ങള്‍ അടയാളങ്ങളുമായി കൂടുതല്‍ കുരുങ്ങിപ്പോയാല്‍ ഒന്നിനോടും യോജിച്ചുപോകാന്‍ സാധിക്കാതെ വരുന്നു. നിങ്ങളുടെ അഹങ്കാരത്തിനു തുണയേകുന്ന കാര്യങ്ങളെ ഉപേക്ഷിക്കാത്തതു കാരണം പല ഉന്നതമായ വിഷയങ്ങളെയും നഷ്ടപ്പെടേണ്ടതായി വരുന്നു.

പുഷ്പങ്ങള്‍ വഹിച്ചുകൊണ്ട് ഒരു കുതിരവണ്ടി ചന്തയിലേക്കു പോവുകയായിരുന്നു. അരികില്‍ വിറകു കയറ്റിയ ഒരു കുതിരവണ്ടിയും വരുന്നുണ്ടായിരുന്നു. പുഷ്പങ്ങള്‍ നിറച്ച വണ്ടി വലിക്കുന്ന കുതിര മറ്റേ കുതിരയെ നോക്കി “എന്നെ ചുറ്റിയുള്ള സുഗന്ധം നിനക്കുണ്ടോ?” എന്ന് പരിഹാസപൂര്‍വ്വം ചോദിച്ചു. പുഷ്പങ്ങള്‍ ചന്തയില്‍ ഇറക്കിയിട്ട് ചാണകം കയറ്റി തിരികെ വരുമ്പോള്‍ വിറകുവണ്ടിക്കുതിരയെ കണ്ടപ്പോള്‍ ഈ കുതിര അപമാനം കൊണ്ട് തലകുനിച്ചു.

നിങ്ങളുടെ അടയളത്തെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറായാല്‍ മാത്രമേ ജീവന്‍റെ സത്യത്തിലുള്ള സ്വഭാവത്തെ നിങ്ങള്‍ക്ക് അറിയാന്‍ കഴിയൂ.

നിങ്ങളുടെ അടയാളം വണ്ടിയില്‍ കയറ്റിയ ഭാരത്തെപ്പോലെയാണ്. വണ്ടിയില്‍ നിന്നും പ്രസരിച്ച സുഗന്ധം നിങ്ങളില്‍ നിന്നാണു വരുന്നതെന്നു കരുതി അഹങ്കരിക്കുകയും വേണ്ട, പിന്നീട് അപമാനിതനാവുകയും വേണ്ട. ഓരോ സന്ദര്‍ഭത്തിനനുസരിച്ച് പിതാവായും, അമ്മയായും, മുതലാളിയായും അധികാരിയായും പിന്നെ പല വേഷങ്ങളണിഞ്ഞും നിങ്ങള്‍ക്കു ചില കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുന്നു. ആ വേഷങ്ങള്‍ക്കു കൊടുക്കേണ്ട പ്രാധാന്യം മാത്രമേ കൊടുക്കേണ്ടൂ. മുഖംമൂടി അണിഞ്ഞിരിക്കുന്നു എന്നത് മറക്കാതെ ആവരണം തന്നെ സ്വന്തം മുഖമാണ് എന്നു കരുതാന്‍ തുടങ്ങിയാല്‍ അത് അപകടകരമാണ്.

പ്രകൃതി നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള ശക്തി, കെട്ടി നിറുത്തപ്പെട്ട ജലംപോലെ ആയിരിക്കുന്നു. അതു പ്രയോജനപ്പെടാതിരിക്കാന്‍ നിങ്ങളുടെ അടയാളമാണ് തടസ്സമായി നില്‍ക്കുന്നത്. നിങ്ങളുടെ മുഖാവരണം അഴിച്ചു മാറ്റിയാല്‍ സ്വന്തം ശക്തിയെ തീവ്രതയോടെ, ജീവസ്സോടെ അനുഭവിച്ചറിയാന്‍ നിങ്ങള്‍ക്കു സാധിക്കും. നിങ്ങളുടെ അടയളത്തെ ഉപേക്ഷിക്കാന്‍ നിങ്ങള്‍ തയ്യാറായാല്‍ മാത്രമേ ജീവന്‍റെ സത്യത്തിലുള്ള സ്വഭാവത്തെ നിങ്ങള്‍ക്ക് അറിയാന്‍ കഴിയൂ. ജീവിതം പൂര്‍ണ്ണമാകൂ.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *