सद्गुरु

മനുഷ്യനായിട്ടു ജനിച്ചവര്‍ തെറ്റു ചെയ്തെന്നു വരും, പക്ഷേ തെറ്റാണെന്നു ബോധ്യമാകുമ്പോള്‍ അതു സമ്മതിക്കുമ്പോഴാണ് മറ്റുള്ളവരില്‍നിന്നും നിങ്ങള്‍ വ്യത്യസ്തനാകുന്നത്. ചെയ്തത് ശരിയോ തെറ്റോ എന്നതുപോലും പ്രശ്നമല്ല, തെറ്റാണെങ്കില്‍ അതു സമ്മതിച്ചുകൊടുക്കുന്നതെങ്ങനെ എന്ന അഹങ്കാര ചിന്തയാണ് പ്രശ്നം.

കുഞ്ഞായിരുന്നപ്പോള്‍ നിങ്ങള്‍ എന്തുമാത്രം അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങളെ ശിക്ഷിച്ചവരോട് യാതൊരു പകയും കൂടാതെ വീണ്ടും നിങ്ങള്‍ ചെല്ലുമായിരുന്നല്ലോ. അപ്പോള്‍ ആ സന്തോഷം എങ്ങനെയുണ്ടായിരുന്നു? വളര്‍ന്നപ്പോള്‍ ശാരീരികമായും മാനസികമായും നിങ്ങള്‍ ദൃഢമായിപ്പോയി. സമൂഹത്തില്‍ നിങ്ങള്‍ക്കൊരു വ്യക്തിത്വമുണ്ടായി. ആ വ്യക്തിത്വം നിലനിറുത്താന്‍ വേണ്ടിയുള്ള ശ്രമത്തില്‍ നിങ്ങളുടെ പരിശുദ്ധിയെപ്പോലും ബലിയാക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു. അതുകൊണ്ടു തെറ്റുകള്‍ സമ്മതിക്കുന്ന സ്വഭാവം നഷ്ടപ്പെടുത്തി.


തെറ്റ്, തെറ്റാണെന്നു മനസ്സിലാക്കിയശേഷവും അതിനെ പരസ്യമായി സമ്മതിക്കാതെ വീണ്ടും വീണ്ടും ന്യായീകരിച്ചു കൊണ്ടിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്.

"ക്ഷമിക്കൂ! അറിയാതെ സംഭവിച്ചു പോയി! അറിയാതെ ചെയ്തുപോയി! അടുത്ത പ്രാവശ്യം ഞാനിങ്ങനെ ചെയ്യില്ല" എന്നു താഴ്മയോടെ പറഞ്ഞാല്‍ നിങ്ങള്‍ ചെറുതായിപ്പോകുമോ? തെറ്റ്, തെറ്റാണെന്നു മനസ്സിലാക്കിയശേഷവും അതിനെ പരസ്യമായി സമ്മതിക്കാതെ വീണ്ടും വീണ്ടും ന്യായീകരിച്ചു കൊണ്ടിരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്.

ഒരിക്കല്‍ ശങ്കരന്‍പിള്ള മറ്റൊരാളിന്‍റെ പുരയിടത്തില്‍ പഴങ്ങള്‍ പഴുത്തുകിടക്കുന്നത് കണ്ടു. അയാള്‍ ഒരു ചാക്കുമായി വേലിചാടി അകത്തു കടന്നു. മരത്തില്‍ നിന്നും പഴങ്ങള്‍ പറിച്ചു ചാക്കിലാക്കി തോളിലെടുത്തു വേലി ചാടി പുറത്തു കടക്കാന്‍ പോയപ്പോള്‍ പുരയിടത്തിന്‍റെ ഉടമസ്ഥന്‍ അവിടെയെത്തി. "ആരുടെ അനുവാദത്തോടുകൂടിയാണ് ഈ പഴങ്ങള്‍ നിങ്ങള്‍ പറിച്ചത്?" എന്നു ചോദിച്ചു. "ഞാന്‍ പഴങ്ങള്‍ പറിച്ചില്ലല്ലോ. വലിയ കാറ്റു വീശിയപ്പോള്‍ ഇവയൊക്കെ താഴെ വീണു" എന്നു ശങ്കരന്‍പിള്ള മറുപടി പറഞ്ഞു. "എന്നാല്‍ പിന്നെ ഈ ചാക്ക് നീ എന്തിനാണ് കൊണ്ടു വന്നത്?" എന്നായി ഉടമസ്ഥന്‍. "ഓ, അതോ. അതും കാറ്റില്‍ പറന്നു വന്നതാണ്" എന്നു പറഞ്ഞു ശങ്കരന്‍പിള്ള. "ശരി, കാറ്റില്‍ പഴങ്ങള്‍ ഉതിര്‍ന്നു വന്നു എന്നു തന്നെയിരിക്കട്ടെ, ചാക്കും പറന്നു വന്നു എന്നുതന്നെ കരുതാം, പക്ഷേ പഴങ്ങള്‍ ചാക്കിനകത്താക്കിയതാരാണ്?" എന്ന് ഉടമസ്ഥന്‍ ചോദിച്ചു. ശങ്കരന്‍പിള്ള നിഷ്കളങ്കനെപ്പോലെ ഭാവിച്ച് "അതാണെനിക്കും മനസ്സിലാകാത്തത്" എന്നു പറഞ്ഞു.

തെറ്റു ചെയ്യുന്ന പലരും ശങ്കരന്‍പിള്ളയെപ്പോലെയാണ്. തൊണ്ടി സഹിതം പിടിക്കപ്പെട്ടാലും സ്വന്തം തെറ്റിനെ ന്യായീകരിക്കാന്‍ എന്തെങ്കിലുമൊക്കെ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടേയിരിക്കും. ഈ മനസ്ഥിതി വളരെ അപകടകരമാണ്. സുഹൃത്തുക്കളോടും സഹപ്രവര്‍ത്തകരോടും മേലധികാരിയോടും നിങ്ങളുടെ കീഴ്ജീവനക്കാരോടും അപരിചിതരോടും ഒക്കെ നിങ്ങള്‍ വ്യത്യാസം കാണിക്കരുത്. എന്തു തെറ്റു ചെയ്താലും അതു ധൈര്യമായി സമ്മതിക്കുക. അതു നിങ്ങളെപ്പറ്റിയുള്ള അഭിപ്രായം കൂട്ടുകയേ ഉള്ളൂ. തെറ്റെന്നറിയാതെ ചിലര്‍ വാക്കുകളാലും പ്രവൃത്തികളാലും മറ്റുള്ളവര്‍ക്ക് മുറിവേല്‍പ്പിക്കുന്നു. അതു ചൂണ്ടിക്കാണിച്ചാല്‍ "നിന്നെ വേദനിപ്പിക്കണം എന്ന് എനിക്ക് ഉദ്ദേശ്യമില്ല" എന്നു പറയും.

പഴയ ഒരു തമാശ ഓര്‍മ്മയില്‍ വരുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന ഒരാള്‍ തന്‍റെ അരികില്‍ നിന്ന ആളിന്‍റെ കാലില്‍ ബലമായി ചവിട്ടി. പിന്നീട് "ഞാന്‍ ശ്രദ്ധിച്ചില്ല" എന്നു പറഞ്ഞ് കാലെടുത്തു. ചവിട്ടു കൊണ്ടവന്‍ കുനിഞ്ഞു സ്വന്തം കാലു നോക്കിയിട്ട് 'ഹേ കാലേ അയാള്‍ കാരണം പറഞ്ഞു കഴിഞ്ഞല്ലോ പിന്നെന്തിനാണ് ഇനിയും വേദനിക്കുന്നത്", എന്ന് കടുപ്പിച്ചു ചോദിച്ചു. മനപ്പൂര്‍വ്വം ചവിട്ടിയാലും, അറിയാതെ ചവിട്ടിയാലും വേദന വേദന തന്നെയല്ലേ?

ക്ഷമാപണം ചോദിക്കാതെ മനപ്പൂര്‍വ്വമാണോ ഞാന്‍ ചവിട്ടിയത്? എന്നു തര്‍ക്കിക്കുന്നത് എങ്ങനെ ന്യായമാകും? അശ്രദ്ധയോടെയിരിക്കുന്നതു തന്നെയും ഒരു തെറ്റാണെന്നു മനസ്സിലാക്കണ്ടേ? ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ഇതുപോലെയുള്ള വേദന ഇനിയും പലര്‍ക്കും കൊടുത്തേക്കാനിട വരില്ലേ? അശ്രദ്ധ കാരണം ഒരിക്കല്‍ തെറ്റു സംഭവിക്കാം, പക്ഷേ തെറ്റിനെക്കുറിച്ച് ഒരു ബോധവുമില്ലാതെ വീണ്ടും വീണ്ടും തെറ്റു ചെയ്യും എന്നു ശഠിക്കുന്നത് വളര്‍ച്ചയെ മുരടിപ്പിക്കുന്ന ഒരു കാര്യമാണ്.


ബിസിനസ്സ് ചെയ്താലും, കളികളില്‍ ഏര്‍പ്പെട്ടാലും നിങ്ങള്‍ സ്വന്തം തെറ്റുകള്‍ സമ്മതിക്കുന്നതിന്അനുസരിച്ചായിരിക്കും നിങ്ങളുടെ ജീവിതത്തില്‍ വിജയം വന്നു ചേരുന്നത്.

ചിലര്‍ നിങ്ങളുടെ തെറ്റിനെ ഭൂതക്കണ്ണാടി വച്ചു നോക്കുമായിരിക്കും. നോക്കിക്കോട്ടെ! നിങ്ങള്‍ ക്ഷമ ചോദിച്ചു കഴിഞ്ഞാല്‍ യുദ്ധം അവിടെവച്ചു തീരുന്നു. പിന്നെ കുറ്റപ്പെടുത്തിയ ആള്‍ കുറ്റബോധം ചുമന്നു നടക്കും. മനസ്സിലാക്കൂ! ഇതു വിട്ടുവീഴ്ച ചെയ്യുന്നതോ പരാജയപ്പെടുന്നതോ അല്ല, നിങ്ങളുടെ മനസ്സിനു പക്വത വന്നിട്ടുണ്ടെന്നതിന്‍റെ അടയാളമാണ്.
ബിസിനസ്സ് ചെയ്താലും, കളികളില്‍ ഏര്‍പ്പെട്ടാലും നിങ്ങള്‍ സ്വന്തം തെറ്റുകള്‍ സമ്മതിക്കുന്നതിനനുസരിച്ചായിരിക്കും നിങ്ങളുടെ ജീവിതത്തില്‍ വിജയം വന്നു ചേരുന്നത്. തെറ്റുകള്‍ സമ്മതിക്കാതിരിക്കുമ്പോള്‍ നിങ്ങളുടെ മനസ്സ് കുറ്റബോധത്തെ ഒരു കുരിശെന്നപോലെ ചുമന്നു കൊണ്ടിരിക്കും. തെറ്റു സമ്മതിക്കുക എന്നത് ശത്രുക്കളെപ്പോലും സുഹൃത്തുക്കളാക്കി മാറ്റുന്ന ഒരു ശക്തിയാണ്, എതിര്‍ത്തുനിന്നു വീഴ്ത്താന്‍ പറ്റാത്ത ശക്തി, ജീവിതത്തില്‍ അടുത്ത ഉയരത്തിലേക്കു നിങ്ങളെ കൂട്ടിക്കൊണ്ടു പോകുന്ന ശക്തി.

മറ്റൊരാള്‍ക്കു വിധേയനായിരിക്കുന്നത് ദൗര്‍ബല്യമല്ലേ?

വിധേയത്വം എന്നു പറയുന്നത് ഒരാള്‍ക്കു മുന്നില്‍ തലകുനിച്ചു നില്‍ക്കലല്ല, മേന്മയുള്ള അഭിമാനമാണ്. കോയമ്പത്തൂരിലെ ജയിലില്‍ ഞാന്‍ ക്ലാസ്സെടുത്തപ്പോള്‍ ഒരു കൊലക്കുറ്റവാളിയെ കാണിച്ചിട്ടു പറഞ്ഞു, ജയിലില്‍ അയാളാണ് ദാദ. മറ്റുള്ളവരുടെ ആഹാരം തട്ടിപ്പറിച്ചു കഴിക്കും. എതിര്‍ക്കുന്നവരുടെ കൈകാലുകള്‍ മുറിക്കും. താത്പര്യമില്ലാതെയാണയാള്‍ ക്ലാസ്സില്‍ വന്നതു തന്നെ, പക്ഷേ ഒരാഴ്ചയ്ക്കകം തന്നെ അയാളില്‍ മനം മാറ്റമുണ്ടായി. പിന്നീട് ഒരു അടിപിടിയുണ്ടായപ്പോള്‍ അയാള്‍ അക്ഷോഭ്യനായി പ്രതികരിക്കുകയായിരുന്നു, സ്വന്തം ബലം പ്രകടിപ്പിക്കേണ്ട സമയത്തും! ചില മുറിവുകളോടുകൂടി എന്‍റെ മുന്നില്‍ അയാള്‍ വന്നു നിന്നു.

"ഇത്രയും ദിവസം എതിര്‍ക്കുന്നവരെയെല്ലാം അടിച്ചമര്‍ത്തിയിരുന്നു ഞാന്‍. അപ്പോഴൊക്കെ എന്നേക്കാളും ബലവാന്‍ വന്നേക്കുമോ എന്നൊരു ഭയമുണ്ടായിരുന്നു. ഇന്ന് എതിരിടാതെ നിന്നപ്പോള്‍ മുന്നേക്കാളും ശക്തിമാനാണെന്ന തോന്നല്‍ എനിക്കുണ്ടായി" എന്ന് അയാള്‍ പറഞ്ഞു. താഴ്മയോടിരിക്കുന്നത് ഒരിക്കലും ദൗര്‍ബല്യമല്ല, അതാണു ബലം. നിങ്ങളുടെ ബലം പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ദൗര്‍ബല്യം.