सद्गुरु

ചോദ്യം: സദ്‌ഗുരു, യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസത്തിന്റെ കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നു പറയുന്നത്‌ എന്തുകൊണ്ടാണ്‌?

സദ്‌ഗുരു: നിങ്ങളുടെ മനസ്സും വിചാരങ്ങളും ഒരേയൊരു ബിന്ദുവില്‍ത്തന്നെ കേന്ദ്രീകരിക്കേണ്ടതുണ്ട്‌. ആ സ്ഥിതിയാണ്‌ ഏറ്റവും സുഖകരമായിട്ടുള്ളത്‌. ശരീരവും, ബുദ്ധിയും, മനസ്സും യഥേഷ്‌ടം വെവ്വേറെ ദിശകളിലേക്കു തിരിഞ്ഞാല്‍ സംഗതിയാകെ കുഴങ്ങും. ഒന്നു സങ്കല്‍പിച്ചു നോക്കൂ,  ധാരാളം ചുമതലകളുള്ള ഒരുദ്യോഗം, കുടുംബത്തിന്റെ ഭാരം വേറെ, അതിനിടയില്‍ ഒരു പ്രേമബന്ധവും.  മൂന്നുംകൂടി വേണ്ടതുപോലെ മുന്നോട്ടുകൊണ്ടു പോവുക അതീവ ക്ലേശകരം തന്നെ. ശരീരവും മനസ്സും ബുദ്ധിയും ഒരേ ദിശയില്‍ സഞ്ചരിക്കുമ്പോഴേ കാര്യങ്ങള്‍ സുഗമമാകൂ, തൃപ്‌തികരമായ ഫലം ലഭിക്കു.

ജീവിതകാലം മുഴുവന്‍ വിടാതെ നിങ്ങളുടെകൂടെ നില്‍ക്കുന്നത്‌ അതുമാത്രമാണ്‌. അതുമാത്രമാണ്‌ എപ്പോഴും എവിടേയും നിങ്ങളോടൊപ്പമുള്ളത്‌

ശ്വാസം - ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ അതാണ്‌. കുടുംബവും, സ്വത്തും, സ്‌നേഹബന്ധങ്ങളുമൊന്നും ശ്വാസത്തോളം പ്രാധാന്യമുള്ളതല്ല. ജീവിതകാലം മുഴുവന്‍ വിടാതെ നിങ്ങളുടെകൂടെ നില്‍ക്കുന്നത്‌ അതുമാത്രമാണ്‌. മനസ്സിനെ പൂര്‍ണമായും ഒന്നിച്ചു നിര്‍ത്താന്‍ ഏറ്റവും സുകരമായ വസ്‌തു ശ്വാസമാണ്‌. അതുമാത്രമാണ്‌ എപ്പോഴും എവിടേയും നിങ്ങളോടൊപ്പമുള്ളത്‌.

യോഗാസനങ്ങള്‍ ചെയ്യുമ്പോള്‍ ശ്രദ്ധ മുഴുവനായും അവനവന്റെ ശ്വാസത്തിളല്‍ കേന്ദ്രീകരിക്കണം, അല്ലെങ്കില്‍ അത്‌ ഒരു നിയന്ത്രണവുമില്ലാതെ കൈവിട്ടുപോകും. അതുകൊണ്ടുതന്നെയാണ്‌ ‘ശ്വാസത്തില്‍ മാത്രം മനസ്സിരുത്തൂ’ എന്നുപറയുന്നത്‌. നിങ്ങളില്‍ നിന്ന്‍ ഞാന്‍ നിങ്ങളുടെ ശ്വാസത്തെ കവര്‍ന്നെടുത്തു എന്നു കരുതുക, അതോടെ നിങ്ങളും നിങ്ങളുടെ ശരീരവും രണ്ടാകും. ശ്വാസമാണ്‌ നിങ്ങളേയും നിങ്ങളുടെ ശരീരത്തേയും ബന്ധിപ്പിച്ചു നിര്‍ത്തുന്നത്‌, ചരടുപോലെയുള്ള ഒരു നാഡിയാണത്. യോഗശാസ്‌ത്രത്തില്‍ അതിനെ കൂര്‍മനാഡി എന്നാണ്‌ പറയുക.

സ്വന്തം ശ്വാസത്തില്‍ നിരന്തരം പൂര്‍ണമായും ശ്രദ്ധ പതിപ്പിക്കാന്‍ സാധിച്ചാല്‍, പ്രാണവായുവിനോടൊപ്പംതന്നെ താനും സഞ്ചരിച്ചുകൊണ്ടിരുന്നാല്‍, കാലക്രമത്തില്‍ മനസ്സിലാകും നിങ്ങളും നിങ്ങളുടെ ശരീരവും എവിടെയാണ് കൂട്ടിയിണക്കപ്പെട്ടിരിക്കുന്നത്‌ എന്ന്‍. അതറിയാന്‍ കഴിഞ്ഞാല്‍ ശരീരത്തെ തന്നില്‍നിന്നും വേറെയായി മാറ്റി നിര്‍ത്താനാകും. അതോടെ എല്ലാ ക്ലേശങ്ങളും, വേദനകളും ഇല്ലാതാവുകയും ചെയ്യും. ശരീരവും മനസ്സുമാണ്‌ എല്ലാതരം പ്രയാസങ്ങള്‍ക്കും കാരണമാവുന്നത്‌. തന്നില്‍ നിന്നും വേറെയായി ശരീര, മനസ്സുകളെ അകറ്റി നിര്‍ത്താനായാല്‍, എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അറുതിയായി. ആപത്തുകളേയും വേദനകളേയും കുറിച്ചുള്ള ഭയമില്ലാതെയായാല്‍ മനുഷ്യന്‌ അവന്റെ സാദ്ധ്യതകളെ പൂര്‍ണമായും കണ്ടെത്താനും അനുഭവിക്കാനുമുള്ള ധൈര്യമുണ്ടാകും.

ആരെല്ലാം വഴിയില്‍ വിട്ടുപിരിഞ്ഞാലും ശ്വാസം നിങ്ങളോടൊപ്പമുണ്ടാകും, അവസാന നിമിഷംവരെ. പിന്നെ, നിങ്ങളും നിങ്ങളുടെ ശരീരവുമായി സന്ധിക്കുന്നിടത്തേക്ക്‌ നിങ്ങളെ എത്തിക്കാന്‍ അതിനു കഴിയും

അതുകൊണ്ടാണ്‌ ‘ശ്വാസത്തോടൊപ്പം’ എന്നുള്ളത്‌ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രമാണമായി പറയുന്നത്‌. ഒന്നാമത്തെ കാര്യം, പ്രാണവായു എന്നെന്നും നിങ്ങളോടൊപ്പമുള്ള സഹയാത്രകനാണ്‌. ആരെല്ലാം വഴിയില്‍ വിട്ടുപിരിഞ്ഞാലും ശ്വാസം നിങ്ങളോടൊപ്പമുണ്ടാകും, അവസാന നിമിഷംവരെ. രണ്ടാമത്തെ കാര്യം, നിങ്ങളും നിങ്ങളുടെ ശരീരവുമായി സന്ധിക്കുന്നിടത്തേക്ക്‌ നിങ്ങളെ എത്തിക്കാന്‍ അതിനു കഴിയും. ഈ സാരവത്തായ സ്ഥാനം മനസ്സിലാക്കുന്നതോടെ ജീവിതം നിങ്ങളുടെ ഇച്ഛക്കൊത്ത്‌ ജീവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. ബാഹ്യമായ താല്‍പര്യങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി ജീവിതത്തിന്റെ അര്‍ത്ഥം നഷ്‌ടപ്പെടുത്തേണ്ടി വരികയില്ല.

https://pixabay.com/en/yoga-relax-change-body-peaceful-422196/