सद्गुरु

സദ്ഗുരു, സസ്യാഹാരം മാത്രം മതി എന്നു പറയാന്‍ എന്താണ്‌ കാരണം? അതു കൊണ്ടുള്ള ഗുണമെന്താണ്‌? നിത്യ ജീവിതത്തില്‍ എങ്ങനെ അത്‌ വലിയ ബുദ്ധിമുട്ടു കൂടാതെ പ്രായോഗികമാക്കാം?

സദ്‌ഗുരു : നമ്മളെല്ലാവരും ഭക്ഷണം കഴിക്കുന്നു. എന്നാല്‍ ഏതു തരം ഭക്ഷണമാണ്‌ നമ്മള്‍ കഴിക്കേണ്ടതെന്നു തീര്‍ച്ചയാക്കേണ്ടത്‌ ഭക്ഷണത്തെ കുറിച്ചുള്ള പുസ്തകങ്ങളില്‍ നിന്നുള്ള നമ്മുടെ ജ്ഞാനമല്ല, പലരും പറഞ്ഞുകേട്ടതപ്പാടെ വിശ്വസിക്കലല്ല, ജീവിതമൂല്യങ്ങളൊ, സദാചാര നിയമങ്ങളൊ നിശ്ചയമായും അല്ല. നമ്മള്‍ എന്തു കഴിക്കണം എന്നു തീരുമാനിക്കേണ്ടത്‌ നമ്മുടെ സ്വന്തം ശരീരം തന്നെയാണ്‌; ശരീരഘടനയും, ശരീരത്തിന്‍റെ ആവശ്യങ്ങളുമാണ്‌ അതു നിശ്ചയിക്കേണ്ടത്. ഭക്ഷണകാര്യത്തില്‍ ഒരു ഡോക്‌ടറുടേയോ, ആഹാരവിദഗ്‌ദ്ധന്റെയോ, അഭിപ്രായമോ ഉപദേശമോ ആരായേണ്ടതില്ല, കാരണം, അവരുടെ അഭിപ്രായങ്ങള്‍ അയ്യഞ്ചു കൊല്ലം കൂടുമ്പോള്‍ മാറി മാറി വരുന്നതായാണ്‌ കാണുന്നത്‌.

ഏതെങ്കിലുമൊരാഹാരം കഴിച്ചതിനു ശേഷം ശരീരത്തിന്‌ ഉണര്‍വ്വും, ഉന്മേഷവും, ആകപ്പാടെ ഒരു സുഖവും സന്തോഷവും തോന്നുന്നു എങ്കില്‍, അതുതന്നെയാണ്‌ നിങ്ങളുടെ ശരീരത്തിന്‌ പത്ഥ്യമായ ഭക്ഷണം.

അവനവന്റെ ശരീരത്തിനോടു തന്നെ ചോദിക്കാം, ഏതു തരത്തിലുള്ള ഭക്ഷണമാണ്‌ അതിന്‌ ഏറ്റവും അധികം തൃപ്‌തി നല്‍കുന്നത്‌ എന്ന്‍. പല തരത്തിലുള്ള ഭക്ഷണം പരീക്ഷിച്ചു നോക്കൂ, എന്നിട്ട്‌ ശ്രദ്ധയോടെ നിരീക്ഷിക്കൂ, ഏതു തരം ഭക്ഷണം കഴിക്കുമ്പോഴാണ്‌, ശരീരത്തിന്‌ കൂടുതലായി സുഖവും സ്വാസ്ഥ്യവും തോന്നുന്നത്‌ എന്ന്‍. ഏതെങ്കിലുമൊരാഹാരം കഴിച്ചതിനു ശേഷം ശരീരത്തിന്‌ ഉണര്‍വ്വും, ഉന്മേഷവും, ആകപ്പാടെ ഒരു സുഖവും സന്തോഷവും തോന്നുന്നു എങ്കില്‍, അതുതന്നെയാണ്‌ നിങ്ങളുടെ ശരീരത്തിന്‌ പത്ഥ്യമായ ഭക്ഷണം. മറിച്ച്‌, ആഹാരത്തിനുശേഷവും മയക്കവും ആലസ്യവുമൊക്കെയാണ്‌ തോന്നുന്നത്‌, ഉറങ്ങിപ്പോകാതിരിക്കാന്‍ കാപ്പിയും സിഗററ്റുമൊന്നും കൂടാതെ വയ്യ എന്നാണ്‌ സ്ഥിതിയെങ്കില്‍, അതിനര്‍ത്ഥം നിങ്ങള്‍ കഴിച്ച ഭക്ഷണം കൊണ്ട്‌ ശരീരത്തിന്‌ വിശേഷിച്ച്‌ പ്രയോജനമൊന്നും ഉണ്ടായിട്ടില്ല എന്നല്ലേ? അങ്ങനെയാണെങ്കില്‍ ആ തരത്തിലുള്ള ആഹാരം തീര്‍ത്തും ഒഴിവാക്കുകയല്ലേ ബുദ്ധി?

സ്വന്തം ശരീരത്തിനു നേരെ കാതോര്‍ക്കൂ. അതു പറഞ്ഞു തരും ഏതു തരം ഭക്ഷണ പദാര്‍ത്ഥങ്ങളാണ്‌ അതിന്‌ പത്ഥ്യം എന്ന്‍. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ശ്രദ്ധ കൂടുതലായും പതിഞ്ഞിരിക്കുന്നത്‌ മനസ്സ്‌ പറയുന്നതിലാണ്‌. മനസ്സിനൊരു ദോഷമുണ്ട്‌, അതറിയാമൊ? അത്‌ പറയുന്നത്‌ പലപ്പോഴും കളവായിരിക്കും. ഇതിനു മുമ്പും അങ്ങനെ സംഭവിച്ചിട്ടുണ്ടല്ലോ. ഇന്നു പറയുന്നതല്ല നാളെ. ഇന്നലത്തെ ഇഷ്‌ടമല്ല മറ്റന്നാള്‍. അതിന്റെ മാറി മാറി വരുന്ന അഭിപ്രായ പ്രകടനങ്ങള്‍ നമ്മളെ പലപ്പോഴും വെറും വിഡ്‌ഢിവേഷം കെട്ടിക്കും. അതു കൊണ്ട്‌, മനസ്സു പറയുന്നത്‌ അത്ര കണ്ടു ശ്രദ്ധിക്കേണ്ട. പ്രത്യേകിച്ചും ഭക്ഷണ കാര്യത്തില്‍, ശരീരം പറയുന്നത്‌ തന്നെയാണ്‌ കേള്‍ക്കേണ്ടത്‌.

മനുഷ്യനൊഴിച്ച്‌ മറ്റു സകല ജീവജാലങ്ങള്‍ക്കുമറിയാം എന്തെല്ലാമാണ്‌ അവ കഴിക്കേണ്ടത്‌, എന്തെല്ലാമാണ്‌ ഒഴിവാക്കേണ്ടത്‌ എന്ന്‍. ഭൂമുഖത്ത്‌ ഏറ്റവുമധികം ബുദ്ധിയുള്ളത്‌ മനുഷ്യനാണ്‌ എന്നും പറയാറുണ്ട്‌. എത്ര അബദ്ധം! അവനവന്‍ എന്താണ്‌ കഴിക്കേണ്ടത്‌ എന്ന്‍ സ്വയം തീരുമാനിക്കാന്‍ പോലും അറിയാത്ത പമ്പരവിഡ്ഢികള്‍!

എങ്ങനെയായിരിക്കണം തന്റെ ജീവിതമെന്നുപോലും മനുഷ്യനു സ്വയം നിര്‍ണയിക്കാനാവുന്നില്ല. അതുകൊണ്ടു മനസ്സിന് ചെവി കൊടുക്കേണ്ട, സ്വന്തം ശരീരം പറയുന്നത്‌ ശ്രദ്ധയോടെ കേള്‍ക്കൂ. അതിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഭക്ഷണം ക്രമീകരിക്കൂ.

ശരീരത്തിനകത്തു ചെല്ലുന്ന ആഹാരം, ഗുണനിലവാരം വെച്ചു നോക്കുമ്പോള്‍ സസ്യാഹാരത്തിനു തന്നെയാണ്‌ മുന്‍തൂക്കം. നമ്മുടെ ശരീരഘടനയ്ക്കും കൂടുതല്‍ യോജിച്ചത്‌ അതാണ്‌. മാംസാഹാരം കഴിക്കുന്നത്‌ അധര്‍മ്മമാണ്‌ എന്നല്ല പറഞ്ഞു വരുന്നത്‌. നമ്മുടെ ശരീരസ്വഭാവത്തിന്‌ ഏതു തരം ആഹാരമാണ്‌ അനുകൂലം എന്നതാണ്‌ ഇവിടെ വിഷയം. ശരീരത്തിനകത്തു ചെന്നു കഴിഞ്ഞാല്‍, യാതൊരുവിധത്തിലും ഉള്ള പ്രയാസവും അനുഭവപ്പെടാത്ത തരത്തിലുള്ള ആഹാരമാണ്‌ നമ്മള്‍ കഴിക്കേണ്ടത്‌. നിങ്ങളൊരു ബിസിനസ്സുകാരനാകാം, വിദ്യാര്‍ത്ഥിയാകാം, തൊഴിലാളിയാകാം. അവനവന്റെ ജോലികള്‍ സുഖമായും സുഗമമായും നിര്‍വ്വഹിക്കാനുള്ള ഊര്‍ജ്ജവും ഉന്മേഷവും നിശ്ചയമായും ശരീരത്തിനുണ്ടായിരിക്കണം. അതുകൊണ്ട്, ഭക്ഷണശേഷം ശരീരത്തിന്‌ അസ്വസ്ഥത തോന്നാത്തതും, അതേ സമയം വേണ്ടത്ര പ്രവര്‍ത്തന ശേഷി നല്‍കുന്നതുമായ ഭക്ഷണമായിരിക്കണം നമ്മള്‍ തെരഞ്ഞെടുക്കേണ്ടത്‌.

ഭക്ഷണശേഷം ശരീരത്തിന്‌ അസ്വസ്ഥത തോന്നാത്തതും, അതേ സമയം വേണ്ടത്ര പ്രവര്‍ത്തന ശേഷി നല്‍കുന്നതുമായ ഭക്ഷണമായിരിക്കണം നമ്മള്‍ തെരഞ്ഞെടുക്കേണ്ടത്‌.

പച്ചക്കറികള്‍ പച്ചയായി കഴിക്കുന്നത്‌ ആരോഗ്യത്തിന്‌ വളരെ നല്ലതാണ്‌. ഒന്നു പരീക്ഷിച്ചു നോക്കു - പച്ചക്കറികള്‍ പാകം ചെയ്യാതെ, പച്ചയോടെ തന്നെ കഴിച്ചു നോക്കൂ. അത്‌ ശരീരത്തിന്‌ പുതിയൊരു ഉണര്‍വ്വും ഉന്മേഷവും പ്രദാനം ചെയ്യുന്നതായി അനുഭവപ്പെടും. കഴിയുന്നതും ആ തരം പദാര്‍ത്ഥങ്ങള്‍ അഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ നിത്യവും ഓര്‍മവെയ്ക്കണം. ജീവകോശങ്ങള്‍ പോഷിപ്പിക്കാന്‍ അവയ്ക്ക്‌ പ്രത്യേകമായൊരു കഴിവുണ്ട്‌. പാകം ചെയ്യാത്ത പച്ചക്കറികള്‍ പതിവായി കഴിക്കുന്നവരുടെ ദേഹത്തിന്‌ വിശേഷിച്ചൊരു ഓജസ്സ്‌ പ്രകടമായി കാണാന്‍ സാധിക്കും. അവ പാകം ചെയ്യുമ്പോള്‍ നമ്മള്‍ വാസ്‌തവത്തില്‍ ചെയ്യുന്നത്‌ അവയുടെ ജീവനെ നശിപ്പിക്കുകയാണ്‌. പച്ചക്കറികളിലെ ജീവനെ നശിപ്പിച്ചതിനു ശേഷം അത്‌ തിന്നുന്നതുകൊണ്ട്‌ കാര്യമായ പ്രയോജനമൊന്നും ഉണ്ടാവില്ലെന്ന്‍ ആലോചിച്ചാല്‍ മനസ്സിലാകുമല്ലോ. മുളപ്പിച്ച ധാന്യങ്ങളും, പഴങ്ങളും, വേവിക്കാതെ കഴിക്കാന്‍ പറ്റുന്ന പച്ചക്കറികളും ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. നിത്യാഹാരത്തില്‍ മുപ്പതു നാല്‍പതു ശതമാനമെങ്കിലും ഇങ്ങനെയുള്ള പദാര്‍ത്ഥങ്ങളുണ്ടായിരിക്കണം. അങ്ങനെ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ശരീരം വളരെ വളരെ ഊര്‍ജ്വസലമാകും.

ഒരു കാര്യം ഓര്‍മ്മ വേണം, ഭക്ഷണമാണ്‌ ജീവനെ നിലനിര്‍ത്തുന്നത്‌. നമ്മള്‍ കഴിക്കുന്ന ഓരോ ഭക്ഷണത്തിനും അതിന്റേതായ ജീവനുണ്ട്‌. നമ്മുടെ ജീവന്‍ പരിപോഷിപ്പിക്കാന്‍ വേണ്ടി, ആ ജീവന്‍ അവ ത്യജിക്കുകയാണ്‌. ആ ഒരു നന്ദിയോടും കടപ്പാടോടും കൂടി വേണം നമ്മള്‍ ഓരോ നുറുങ്ങ് ഭക്ഷണവും വായിലേക്കിടാന്‍. ആ സ്‌മരണ നമ്മുടെ മനസ്സിലുണ്ടെങ്കില്‍, നമ്മള്‍ കഴിക്കുന്ന ഭക്ഷണം തീര്‍ച്ചയായും നമുക്കൊരനുഗ്രഹമായിത്തീരും.