സന്തോഷത്തിന്റെ ശില്‌പി അവനവന്‍തന്നെയാകണം (… തുടര്‍ച്ച )

santoshathinte shilpi

सद्गुरु

സന്തോഷവാനായാല്‍ – ചെയ്യുന്നതൊ, ചെയ്യാതിരിക്കുന്നതൊ ആയ പ്രവൃത്തികളില്‍ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെ കറ പിടിപ്പിക്കുകയില്ല. നേട്ടങ്ങളായാലും, അനിഷ്ടങ്ങളായാലും, മനസ്സിന്‍റെ സ്വസ്ഥത നഷ്‌ടപ്പെടുത്തില്ല. സംഭവിച്ചതിനെക്കുറിച്ചോ സംഭവിക്കാത്തതിനെക്കുറിച്ചോ ആലോചിച്ച് മനസ്സിനെ വേവലാതിപ്പെടുത്തുകയില്ല.

സാങ്കല്‌പിക ലോകത്തില്‍ നിന്നും യഥാര്‍ത്ഥ ലോകത്തിലേക്ക്‌ ശ്രദ്ധ തിരിക്കുക

സങ്കല്‌പത്തില്‍നിന്നും യാഥാര്‍ത്ത്യത്തിലേക്കു ശ്രദ്ധ തിരിക്കുക. അദ്ധ്യാത്മികജീവിതം എന്നതുകൊണ്ട് വാസ്‌തവത്തില്‍ ഉദ്ദേശിക്കുന്നത്‌ അതാണ്‌. ഈ കാണുന്ന പ്രപഞ്ചം തന്നെയാണ്‌ നമ്മുടെ ജീവിതം. അതിനെ അതിന്റേതായ രീതിയില്‍ അറിയാനും ആസ്വദിക്കാനും ശ്രമിക്കുക. സ്വന്തം ഇഷ്‌ടപ്രകാരം നിറഭേദം വരുത്താനൊ, വളച്ചൊടിക്കാനൊ ശ്രമിക്കരുത്‌. അവനവന്റെ ചിന്തകളും വികാരവിചാരങ്ങളും സാരമാക്കേണ്ടതില്ല. പ്രപഞ്ചസത്യം മനസ്സിലാക്കുവാനുള്ള മാര്‍ഗം അതാണ്‌. നിങ്ങളുടെ വിചാരങ്ങള്‍ക്ക്‌ യാഥാര്‍ത്ഥ്യവുമായി ബന്ധമേതുമില്ല. ജീവിതത്തില്‍ അതിന്‌ കാര്യമായ പ്രസക്തിയുമില്ല. എപ്പോഴൊക്കെയൊ എവിടെനിന്നൊക്കയൊ പിടിച്ചെടുത്ത കുറെ വിവരങ്ങളും അറിവുകളും. അവയെ ആസ്‌പദമാക്കിയാണ്‌ മനസ്സിന്റെ ജല്‌പനങ്ങളേറെയും. അതിലധികവും അസംബന്ധങ്ങളാണ്‌. അതിനൊക്കെ പ്രാധാന്യം നല്‌കാന്‍ തുടങ്ങിയാല്‍ ഒരു കാലത്തും നിങ്ങള്‍ അതിനപ്പുറത്തേക്കു കടക്കുകയുണ്ടാവില്ല. അവനവന്‍ ഗൌരവപൂര്‍വ്വം കണക്കാക്കുന്നതിനു നേരയാണല്ലോ സ്വാഭാവികമായും ശ്രദ്ധതിരിയുക.

ഒരുതരത്തിലുള്ള കഷ്‌ടപ്പാടും ആരും നമ്മുടെ തലയില്‍കൊണ്ടുവന്നിട്ടിട്ടില്ല. എല്ലാം നമ്മുടെ മനസ്സിന്റെ തന്നെ ഉല്‌പന്നമാണ്‌. ഈ ഉല്‍പാദനയന്ത്രം കഴിയുന്നത്ര വേഗത്തില്‍ നിര്‍ത്തലാക്കുകയാണ്‌ ബുദ്ധി

സ്വന്തം വിചാരങ്ങള്‍ക്കും വികാങ്ങള്‍ക്കുമാണ്‌ നിങ്ങള്‍ മുന്‍തൂക്കം കൊടുക്കുന്നത്‌ എങ്കില്‍, മനസ്സപ്പോഴും അള്ളിപ്പിടിച്ചിരിക്കുക അതില്‍മേല്‍ത്തന്നെയായിരിക്കും. എന്നാല്‍ ഇത്‌ മാനസികമായ യാഥാര്‍ത്ഥ്യം മാത്രമാണ്‌. ശരിയായ നിലനില്‌പുമായി അതിന്‌ യാതൊരു ബന്ധവുമില്ല. ഒരുതരത്തിലുള്ള കഷ്‌ടപ്പാടും ആരും നമ്മുടെ തലയില്‍കൊണ്ടുവന്നിട്ടിട്ടില്ല. എല്ലാം നമ്മുടെ മനസ്സിന്റെ തന്നെ ഉല്‌പന്നമാണ്‌. ഈ ഉല്‍പാദനയന്ത്രം കഴിയുന്നത്ര വേഗത്തില്‍ നിര്‍ത്തലാക്കുകയാണ്‌ ബുദ്ധി. ചിന്തകള്‍ക്ക്‌ ശരിയായ ദിശാബോധം നല്‌കുക. ദുഃഖങ്ങളെ വലിയൊരളവ്‌ ഒഴിവാക്കാം.

പുഞ്ചിരി തൂകൂ

രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ ആദ്യമായി ചെയ്യേണ്ടതെന്താണെന്നോ? നന്നായൊന്നു പുഞ്ചിരിക്കുക. മുന്നില്‍ ആരെങ്കിലും ഉണ്ടാവണമെന്നില്ല. ആരുമില്ലെങ്കിലും പുഞ്ചിരിതൂകൂ. ജനാലകള്‍ തുറന്ന്, ആകാശനീലിമയെയും, പ്രഭാതകിരണങ്ങളെയും, കാറ്റില്‍ ചാഞ്ചാടുന്ന പൂക്കളേയും, ഇലകളെയും, പക്ഷിമൃഗാദികളെയും എല്ലാം നോക്കി ഉറക്കെ വിളിച്ചു പറയൂ, “നിങ്ങെളെല്ലാവരും ഇന്നും എന്റെ കൂടെയുണ്ടല്ലോ.” ഒരു രാത്രി അവസാനിച്ചിരിക്കുന്നു.

നിങ്ങള്‍ സുഖമായി ഉറങ്ങി വീണ്ടും ഉറക്കമുണര്‍ന്നിരിക്കുന്നു. അത്‌ ചില്ലറ കാര്യമല്ല. ഇന്നലെ രാത്രി ഉറങ്ങാന്‍ കിടന്ന ആയിരകണക്കിനാളുകള്‍ക്ക്‌ ഇന്നു രാവിലെ ഉണരാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ നിങ്ങള്‍ ഉത്സാഹത്തോടെ ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു. അത്‌ വലിയൊരു കാര്യമല്ലേ? അതുകൊണ്ട് തീര്‍ച്ചയായും ഉണര്‍ട്ടെഴുന്നേല്‌ക്കുന്നത്‌ നല്ലോരു പുഞ്ചിരിയോടെയാവണം. ചുറ്റും നോക്കാം. ആരെങ്കിലും അരികിലുണ്ടെങ്കില്‍ അവര്‍ക്കും സമ്മാനിക്കൂ ഒരു പുഞ്ചിരി. ചുറ്റുമുള്ളവരുമായി സ്‌നേഹവും സൌഹൃദവും പങ്കുവെയ്ക്കൂ.

എന്തൊരു വിഡ്‌ഢിത്തമാണിതെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടാകാം. വളരെ വേണ്ടപ്പെട്ടവരാരെങ്കിലും പതിവുപോലെ ഉറക്കമുണരാതിരുന്നാല്‍ ഞാന്‍ പറയുന്നതിന്റെ സാരം നിങ്ങള്‍ക്കു മനസ്സിലാകും. എന്റെ വാക്കുകളുടെ വില അറിയാന്‍ പക്ഷെ, അതുവരെ കാത്തു നില്‌ക്കേണ്ടതില്ല.

ഓര്‍മപ്പെടുത്തിക്കൊണ്ടേയിരിക്കൂ

അധികം പേരും ഈ പറഞ്ഞതെല്ലാം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മറക്കും. കണ്ടതിനെയൊക്കെ കൊത്തുന്ന ഒരു ഇഴജന്തുവാണ്‌ മനസ്സ്‌. കൊത്താനായി പുതിയതെന്തിലും അത്‌ കണ്ടെത്തും. പഴയത്‌ മറക്കുകയും ചെയ്യും. ജീവിതത്തിന്റെ വില – അത്‌ എപ്പോഴും മനസ്സിനെ ഓര്‍മ്മപ്പെടുത്തികൊണ്ടിരിക്കണം. വലിയ മറവിക്കാരനാണെങ്കില്‍ ഓരോ അരമണിക്കൂറിലും ഈ ഓര്‍മപ്പെടുത്തല്‍ ആവര്‍ത്തിക്കാം”ഞാന്‍ സുഖമായി ജീവിച്ചിരിക്കുന്നു,” ഇതില്‍ കൂടുതല്‍ എന്തുവേണം സന്തോഷിക്കാന്‍! അതിന്‌ അധികം നേരമൊന്നും വേണ്ട, ഏറിവന്നാല്‍ രണ്ടു നിമിഷം.

മനോഭാവത്തിലെ മാറ്റം

നിങ്ങളുടെ ജീവിതത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്‌ നിങ്ങളുടെ കുലമഹിമയൊ, വിദ്യാഭ്യാസ യോഗ്യതയോ, നിങ്ങള്‍ അണിഞ്ഞിരിക്കുന്നആടയാഭരണങ്ങളൊ ഒന്നുമല്ല. നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്കും ആ മൂല്യനിര്‍ണയത്തില്‍ പങ്കില്ല. ആന്തരികമായി നിങ്ങള്‍ സുഖവും സന്തോഷമനുഭവിക്കുണ്ടോ? അതാണ്‌ യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ജീവിതത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത്‌. ജീവിച്ചുപോരാന്‍ വേണ്ട അടിസ്ഥാന കാര്യങ്ങള്‍ പോലുമില്ലാതെ കഷ്‌ടപ്പെടുന്നവര്‍ നിരവധിപേരുണ്ട്. വിശപ്പുമാറ്റാന്‍ ഭക്ഷണമൊ, നഗ്നത മറയ്ക്കാന്‍ വേണ്ട വസ്‌ത്രമൊ, സ്വൈരമായി കഴിയാനൊരു കൂരയോ പോലുമില്ലാത്തവര്‍, ഭൌതികമായി നോക്കുമ്പോള്‍ നിശ്ചയമായും അവര്‍ ദുരിതമനുഭവിക്കുന്നവരാണ്‌. അവരുടെ പ്രയാസങ്ങള്‍ക്കറുതി വരുത്തേണ്ടത്‌ സമൂഹത്തിന്റെ കടമയുമാണ്‌.

ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളൊന്നും തന്നെ ഇല്ലാതെ ജീവിക്കുന്നവരുമുണ്ടല്ലോ, ഇഷ്ടംപോലെ നമ്മുടെ ചുറ്റും. അവരുടെ കൈവശവും കാണാം, അവസാനമില്ലാത്ത ആഗ്രഹങ്ങളുടെ, നീണ്ട പട്ടിക. വഴിയിലൂടെ പതുക്കെ നടപോകുന്നവനേക്കാള്‍ ഭാഗ്യവാനാണ്‌ മുന്തിയ കാറോടിച്ച്‌ വേഗത്തില്‍ കടപോകുന്നവന്‍ എന്നു വിചാരിക്കുന്നവരുണ്ടാകാം. പക്ഷെ, അതെപ്പോഴും ശരിയാകണമെന്നില്ല. അവന്‍ മനസ്സില്‍ യാതൊരല്ലലുമില്ലാതെ, പ്രകൃതിയെ ആസ്വദിച്ചു മെല്ലെ നടന്നുപോകുകയാകാം, കാറിലിരിക്കുന്നവന്‍ നാളത്തെ ഇടപാടിനെക്കുറിച്ചും, എങ്ങിനെ എതിര്‍കക്ഷിയെ വകയിലാക്കാം എന്ന കുതന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുകയാകാം. സന്തോഷത്തിന്റെ അടിസ്ഥാനം സമ്പത്തോ വസ്‌തുവകകളൊ അല്ല. നിങ്ങളുടെ മനോഭാവത്തെയാണ്‌ അതാശ്രയിച്ചിരിക്കുന്നത്‌. ഉള്ളതുകൊണ്ടു തൃപ്‌തനാവുക.

സന്തോഷത്തിന്റെ അടിസ്ഥാനം സമ്പത്തോ വസ്‌തുവകകളൊ അല്ല. നിങ്ങളുടെ മനോഭാവത്തെയാണ്‌ അതാശ്രയിച്ചിരിക്കുന്നത്‌. ഉള്ളതുകൊണ്ടു തൃപ്‌തനാവുക

മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തേണ്ട

ആവശ്യമുള്ളതിന്റെ അഭാവമല്ല, പലപ്പോഴും മനുഷ്യനെ ദുഃഖിതനാക്കുന്നത്‌. മറ്റുള്ളവരുമായി താരതമ്യത്തിന്‌ തുനിയുമ്പോഴാണ്‌, ഇല്ലായ്‌മയും വല്ലായാമയും മനസ്സിനെ കീഴ്‌പ്പെടുത്തുന്നത്‌. ഒരു ശകതമേറിയ മോട്ടോര്‍ ബൈക്കോ, വിലപ്പിടിപ്പുള്ള കാറോ കാണുമ്പോഴും, അവന്റെ കണ്ണുതള്ളിപ്പോകു; ആഗ്രഹം കൊണ്ടു മനസ്സൊന്നു വിങ്ങും. ഇതിലും കഷ്‌ടമാണ്‌ നടന്നുപോകുന്നവന്റെ കാര്യം. തനിക്കൊരു സൈക്കിളുണ്ടായിരുന്നെങ്കില്‍ എത്ര നന്നായേനെ എന്നാണവന്റെ വിചാരം. അന്തമില്ലാതെ നീണ്ടുപോകുന്ന അന്തമില്ലാത്തൊരു കളിയാണ്‌ ആഗ്രഹങ്ങളുടേത്‌.

ബാഹ്യവസ്‌തുക്കളില്‍ സുഖവും സന്തോഷവും കണ്ടെത്തുന്നവര്‍ക്ക്‌ ഒരു കാലത്തും യഥാര്‍ത്തത്തിലുള്ള സന്തോഷം എന്താണെന്നറിയാന്‍ അവസരം കിട്ടുകയില്ല. അവനവന്റെ ഉള്ളിലേക്ക്‌ ശ്രദ്ധ തിരിക്കാന്‍ പഠിക്കു. സ്വന്തമായിത്തന്നെ സുഖസന്തോഷങ്ങള്‍ സൃഷ്‌ടിക്കാന്‍ ശീലിക്കണം. മനോഭാവത്തില്‍ മാറ്റം വരുമ്പോഴേ മനഃസുഖം ലഭിക്കുള്ളൂ എന്ന് അനുഭവങ്ങളില്‍ നിന്നും നിങ്ങള്‍ പഠിച്ചിരിക്കുമല്ലോ. നിങ്ങളുടെ സന്തോഷത്തിനായി ബാഹ്യവസ്‌തുക്കളെ ആഗ്രഹിക്കുമ്പോള്‍, ഒന്നാമതായി ഓര്‍മവെക്കേണ്ടത്‌ ഇതാണ്‌ – ‘ഒരാള്‍ക്കും എല്ലാകാലവും നിങ്ങള്‍ക്കു പൂര്ണ്ണ സന്തോഷം നല്‌കാന്‍ കഴിയുകയില്ല.’ നൂറുശതമാനം സന്തോഷമെന്നത്‌ ഭൌതിക തലത്തില്‍ ഒരു സങ്കല്‌പം മാത്രമാണ്‌. അതുകൊണ്ട് അവനവന്റെ സന്തോഷത്തിന്റെ ശില്‌പി അവനവന്‍തന്നെയാകണം. അങ്ങനെയാകുമ്പോള്‍ എന്നും എപ്പോഴും യതാര്‍ത്ഥത്തിലുള്ള സന്തോഷം നിങ്ങളുടെ കൈപ്പിടിയില്‍ തന്നെയുണ്ടാകും. ആ ഒരു നയമാണ്‌ നിങ്ങള്‍ അനുവര്‍ത്തിക്കേണ്ടത്‌.

ശരിയായ സന്തോഷത്തിന്റെ സ്രോതസ്സ്‌ നിങ്ങളുടെ ഉള്ളില്‍ത്തന്നെയാണെന്നു തിരിച്ചറിയുക.
ബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *