सद्गुरु

കുടുംബബന്ധങ്ങളില്‍ അലയടിക്കുന്ന അതൃപ്തിയും, പ്രശ്നങ്ങളും എങ്ങിനെ നേരിടണം എന്നതിനെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ വിശദമായി വിശകലനം ചെയ്തിരുന്നു. ഈ സംഘര്‍ഷാവസ്ഥ തരണം ചെയ്യാന്‍ ആത്മീയതയുടെ പാതയിലൂടെ സഞ്ചരിച്ചാല്‍ അതെത്രത്തോളം ഫലപ്രദമാകും എന്നതിനെക്കുറിച്ച് ഈ ലക്കത്തില്‍ സദ്ഗുരു വിശദീകരിക്കുന്നു.

സദ്ഗുരു : ആത്മീയതയുടെ പാത - അതെത്രത്തോളം ഫലപ്രദമാകും? അനുഭവം തന്നെയാണതിന്റെ അളവുകോല്‍. ചിലരുമായുള്ള സഹവാസം നിങ്ങളെ കൂടുതല്‍ ഉത്സാഹഭരിതനാക്കുന്നു. അവരോടിടപഴകാന്‍ എളുപ്പമാണ്‌. എന്നാല്‍ വേറെ ചിലരുടെ സാമീപ്യം നിങ്ങളെ ശല്യം ചെയ്‌തിരുന്നു, അവരോട്‌ ദേഷ്യവും അതൃപ്‌തിയും തോന്നിയിരുന്നു. ഇപ്പോഴങ്ങനെയല്ല, കൂടുതല്‍ കൂടുതല്‍ അടുത്തു പെരുമാറാന്‍ തുടങ്ങിയതോടെ നിങ്ങളുടെ മനോഭാവം മാറാന്‍ തുടങ്ങിയിരിക്കുന്നു. ഇതിന്റെ അര്‍ത്ഥം ആത്മീയമായി നിങ്ങള്‍ മുന്നേറുകയാണ്‌ എന്നതാണ്‌. അവരുമായി പൊരുത്തപ്പെടാനും, സ്വന്തം ഇഷ്‌ടാനിഷ്‌ടങ്ങളെ മറികടക്കാനും നിങ്ങള്‍ പഠിച്ചിരിക്കുന്നു.

ഒരിക്കല്‍ എന്തുണ്ടായിയെന്നോ? സ്വര്‍ഗത്തിന്റെ പടിവാതില്‍ക്കല്‍ ഏറെ നീണ്ട ഒരു ക്യൂ. സെന്റ്‌പീറ്റര്‍ അവിടെനിന്ന്‍ ഓരോരുത്തരുടേയും കണക്കുകള്‍ പരിശോധിക്കുകയാണ്‌. അതിനുശേഷം മാത്രമേ അകത്തേക്കു പ്രവേശിക്കാനാവൂ. അതിനിടയില്‍ ഇറ്റലിക്കാരനായ ഒരു ടാക്‌സി ഡ്രൈവര്‍ - വേഗാസില്‍ നിന്നാ ണ്‌, മോടികൂടിയ കറുത്ത കണ്ണട, നിറപ്പകിട്ടുള്ള ഷര്‍ട്ട്‌, ചുണ്ടില്‍ കടിച്ചു പിടിച്ച സിഗററ്റ്‌, അയാളുടെ തൊട്ടു പിറകിലായി ഒരു ബിഷപ്പ്‌. ബിഷപ്പ്‌ നീരസത്തോടെ ടാക്‌സിക്കാരനെ നോക്കി. ‘സ്വര്‍ഗത്തിലേക്കുള്ള വഴിയില്‍ ഇവന്‍ എങ്ങനെ എത്തിപ്പെട്ടു’ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ദൈവത്തിന്റെ വഴികള്‍ നമുക്കറിയാനാവില്ലല്ലോ! ടാക്‌സിക്കാരന്റെ ഊഴമായി. അയാള്‍ നിസ്സംഗനായി പറഞ്ഞു, “എവിടേക്കു വേണമെങ്കിലും പോകാം. എനിക്കൊരു പ്രശ്‌നവുമില്ല.” അല്ലെങ്കിലും അവരുടെ കാര്യം അങ്ങനെയാണല്ലോ, എങ്ങോട്ടു പോകണമെന്ന്‍ നിശ്ചയിക്കുന്നത്‌ അവരല്ലല്ലോ, യാത്രക്കാരല്ലെ! അവര്‍ പറയുന്നിടത്തേക്ക്‌ വണ്ടി ഓടിക്കുക മാത്രമാണല്ലോ ഡ്രൈവറുടെ ജോലി. സെന്റ്‌ പീറ്റര്‍ അയാളുടെ കണക്കുകള്‍ പരിശോധിച്ചു. അയാളെ നിറഞ്ഞ ചിരിയോടെ സ്വര്‍ഗത്തിലേക്കു സ്വാഗതം ചെയ്‌തു. ഒരു പട്ടുകുപ്പായം അണിയിച്ചു. രണ്ടു സുന്ദരികളായ മാലാഖമാര്‍ വന്ന്‍ അയാളെ സ്വര്‍ഗത്തിലേക്ക്‌ കൂട്ടിക്കോണ്ടു പോയി.

ബിഷപ്പിന്‌ അത്ഭുതമടക്കാനായില്ല. ഒടുവില്‍ അദ്ദേഹത്തിന്റെ ഊഴമായി. സെന്റ്‌ പീറ്റര്‍ ബിഷപ്പിന്റെ കണക്കുകള്‍ നോക്കി. സ്വാഗതം ചെയ്‌തു. പക്ഷെ അദ്ദേഹത്തെ അണിയിച്ചത്‌ ഒരു കൂലിക്കാരന്റെ കുപ്പായമായിരുന്നു. കൈയ്യില്‍ വെച്ചുകൊടുത്തത്‌ തൂത്തു തുടയ്ക്കാനുള്ള ചൂലും തുണിയും. തുടര്‍ന്ന്‍ ഒരു കല്‍പനയും, "പോയി 127 )o നമ്പര്‍ ഇടനാഴി അടിച്ചുവാരിത്തുടച്ചു വൃത്തിയാക്കൂ.” ബിഷപ്പിന്‌ ആകെ സങ്കടമായി. “ഇതെന്തു ന്യായം? ആ ടാക്‌സി ഡ്രൈവര്‍ വരുന്നത്‌ പാപനഗരത്തില്‍ നിന്നാണ്‌. അതിന്റെ പേരുപോലും ഞാന്‍ ഉച്ചരിക്കാന്‍ മുതിരാറില്ല. എത്രായിരം പേരെ അയാള്‍ ഇതിനകം ആ നിക്രിഷ്ടമായ നഗരത്തില്‍ കൊണ്ടുചെന്നെത്തിച്ചു. ഞാനോ, എക്കാലവും ദൈവസേവയിലാണ്‌ നാള്‍ കഴിച്ചിട്ടുള്ളത്‌. ഞാന്‍ ഒരു ബിഷപ്പുകൂടിയാണ്‌. എന്നിട്ടും എനിക്കു തന്നത്‌ പണിക്കാരന്റെ വേഷവും ചൂലും. ആ ടാക്‌സി ഡ്രൈവറിനോ, പട്ടുകുപ്പായവും മാലാഖമാരുടെ അകമ്പടിയും. 127 )o നമ്പര്‍ ഇടനാഴി തൂത്തുതുടയ്ക്കാനാണ്‌ എന്നോടു പറയുന്നത്‌. അതന്തമില്ലാതെ നീണ്ടുകിടക്കുകയാണെന്നെനിക്കറിയാം.” അദ്ദേഹം നിസ്സഹായതയോടെ പത്രോസ്‌ പുണ്യവാളനെ നോക്കി ചോദിച്ചു,

“"ഞാന്‍ എന്തു തെറ്റു ചെയ്‌തു?””

പുണ്യവാളന്റെ മറുപടി,

“ശ്രദ്ധിച്ചുകേട്ടോളു. ഇത്‌ നിങ്ങളുടെ പള്ളിയല്ല, സ്വര്‍ഗ്ഗമാണ്‌. കര്‍മഫലമനുസരിച്ചാണ് ഇവിടത്തെ തീരുമാനങ്ങള്‍. താങ്കള്‍ പള്ളിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ സാധാരണയായി ജനം ഉറങ്ങുകയാണ്‌ പതിവ്‌, എന്നാല്‍ ആ ഡ്രൈവര്‍ കാറോടിക്കുമ്പോള്‍ യാത്രക്കാര്‍ നിരന്തരം പ്രാര്‍ത്ഥിക്കാറുണ്ട്‌. "ദൈവമേ, രക്ഷിക്കണേ! ദൈവമേ രക്ഷിക്കണേ.”

ചുറ്റുപാട്‌ എത്ര സംഘര്‍ഷഭരിതമാണെങ്കിലും തനിക്ക്‌ സമചിത്തത പാലിക്കാന്‍ കഴിയന്നുണ്ടോ? മനസ്സ്‌ സ്വസ്ഥവും ശാന്തവുമാണോ?

കര്‍മഫലമനുസരിച്ചു മുന്നോട്ടുപോകാന്‍ ഈ ഉദാഹരണം നമുക്കും ഓര്‍മവെക്കാം. അവനവന്റെ ആദ്ധ്യാത്മിക സാധനകള്‍ എത്രത്തോളം സഫലമാണെന്ന്‍ പരീക്ഷിച്ചറിയാം. അതെങ്ങനെയാണ്‌ എന്നല്ലേ? സ്വയം നിരീക്ഷിക്കുക. ചുറ്റുപാട്‌ എത്ര സംഘര്‍ഷഭരിതമാണെങ്കിലും തനിക്ക്‌ സമചിത്തത പാലിക്കാന്‍ കഴിയന്നുണ്ടോ? മനസ്സ്‌ സ്വസ്ഥവും ശാന്തവുമാണോ? അല്ല എങ്കില്‍, ആ കാര്യത്തില്‍ കുറേക്കൂടി നിഷ്‌ഠയും ശ്രദ്ധയും പുലര്‍ത്തണമെന്നു വ്യക്തം. ആരും നിങ്ങളെ തല്ലുകയൊ, കുത്തുകയൊ ചെയ്യുന്നില്ല, അവരുടെ വാക്കുകളാണ്‌ നിങ്ങളുടെ മനസ്സിനെ വേദനിപ്പിക്കുന്നത്‌. അവര്‍ക്കറിയാവുന്നകാര്യങ്ങള്‍ അവര്‍ ചെയ്യുന്നു എന്ന്‍ നമുക്കനുമാനിക്കാം. നിങ്ങള്‍ക്കറിയാവുന്നകാര്യങ്ങള്‍ നിങ്ങളും ചെയ്യണം. അതെന്താണെന്നല്ലേ? കഴിയുന്നത്രയും പ്രതികരിക്കാതിരിക്കുക എന്നതാണ് സമാധാനമായിരിക്കാനുള്ള ഏറ്റവും നല്ല വഴി. അങ്ങനെ പതുക്കെ മറ്റുള്ളവരേയും ശാന്തരാക്കാന്‍ നിങ്ങള്‍ക്കു സാധിക്കും. ഇതൊക്കെയാണ് എന്നില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്നെനിക്കറിയാം. എന്നാല്‍ തല്‍ക്കാലം എന്റെ നിര്‍ദ്ദേശം അതല്ല. അവര്‍ പറയുന്ന ചീത്ത വാക്കുകളും ശകാരങ്ങളുമൊക്കെ കടലാസില്‍ പകര്‍ത്തിവെക്കുക. അവയ്ക്കുപകരം മാധുര്യമുള്ള പ്രിയമാര്‍ന്ന വാക്കുകള്‍ കണ്ടെത്തുക. അതില്‍നിന്നും ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കും. അവര്‍ക്കറിയാവുന്ന ഭാഷയാണ്‌ അവര്‍ സംസാരിക്കുന്നത്‌, അതാകട്ടെ അങ്ങേയറ്റം ദുഷിച്ച ചവറും. അവരോട്‌ സഹതപിക്കുകയല്ലാതെ എന്തുചെയ്യാന്‍! എത്ര ഭാഗ്യംകെട്ടവരാണവര്‍?

ഇത്‌ വളരെ സാധാരണമാണ്‌. തീരെ ഇഷ്‌ടമില്ലാത്ത സാഹചര്യങ്ങളില്‍ ചെന്നുപെടുക അല്ലെങ്കില്‍ ഒട്ടും ചേര്‍ന്നുപോകാനാകാത്ത ആളുകളോടൊപ്പം കഴിയേണ്ടി വരികയെന്നത് നമ്മളില്‍ ഒട്ടനവധി പേരുടെ അനുഭവമാണ്. ഇതൊന്നും പൂര്‍ണമായും നമ്മുടെ തീരുമാനങ്ങളനുസരിച്ചാണെന്ന്‍ പറയാന്‍ വയ്യ. എന്നാല്‍ അതിനെ നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്‌ നമ്മുടെ ബുദ്ധിയും സാമര്‍ത്ഥ്യവും അനുസരിച്ചായിരിക്കും. അത്‌ വേണ്ടവിധത്തില്‍ പ്രയോഗിക്കുക. ആ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധവെക്കാന്‍ തുടങ്ങിയാല്‍ ക്രമേണ ബാഹ്യമായ സാഹചര്യങ്ങളേയും കുറെയൊക്കെ സ്വന്തം ഇഷ്‌ടാനുസരണം തിരഞ്ഞെടുക്കാനാവും. പതുക്കെ പതുക്കെ നിങ്ങളെത്തന്നെ അതിശയിപ്പിച്ചുകൊണ്ട്‌ സാഹചര്യങ്ങള്‍ നിങ്ങളുടെ മനസ്സിനിണങ്ങുന്ന വിധത്തില്‍ നിങ്ങളെത്തേടി വരുന്നതു കാണാം.

ഈ ദുഷിച്ച ചവറിനെ സുഗന്ധമുള്ളതാക്കാന്‍ സാധിക്കുമോ ?
സാധിക്കും. ഈ ലോകത്തില്‍ നിന്നും എനിക്കുണ്ടായിട്ടുള്ള അനുഭവങ്ങള്‍ ഏറെ അത്ഭുതാവഹമാണ്‌. എവിടെച്ചെന്നാലും ജനങ്ങള്‍ ആനന്ദാശ്രുക്കള്‍ പൊഴിക്കുന്നതായേ കണ്ടിട്ടുള്ളു. അതില്‍ കൂടുതലായി എന്താണെനിക്കുവേണ്ടത്‌? ലോകത്തെ സംബന്ധിച്ചിടത്തോളം അത്‌ പൂര്‍ണമായും സത്യമല്ല എന്നെനിക്കറിയം. എന്നാല്‍ ജനങ്ങള്‍ എന്റെ ചുറ്റും വന്നു നില്‍ക്കുന്നത്‌ ആ രീതിയിലാണ്‌, തെളിഞ്ഞ പുഞ്ചിരി, പ്രസാദപൂര്‍ണായ പെരുമാറ്റം. അതിനുള്ള കാരണം സാഹചര്യങ്ങളെ എന്റെ ഇഷ്‌ടത്തിനൊത്തതാക്കാന്‍ ഞാന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്നുള്ളതാണ്‌. അതുകൊണ്ടെവിടെചെന്നാലും എന്റെ ചുറ്റുപാട്‌ പ്രസന്നമായിരിക്കും. എന്റെ പ്രകൃതം ഇതാണ്‌. ക്രമേണ എന്റെ ചുറ്റുമുള്ള ലോകവും എന്നെ അനുകരിച്ച്‌ അങ്ങനെയായിത്തീരുന്നു. നിങ്ങള്‍ക്കും ഈ വിദ്യ പ്രയോഗിച്ചു നോക്കാം. ലോകം ഇങ്ങനെയാവുമൊ അതോ അങ്ങനെയാവുമൊ എന്ന പരിഭ്രമം വേണ്ട. കാലക്രമത്തില്‍ അത്‌ വേണ്ടതുപോലെയാകുമെന്ന്‍ തീര്‍ച്ച, ആദ്യം വേണ്ടത്‌ അവനവന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുക എന്നതാണ്‌. സ്വയം സുന്ദരമായൊരു വ്യക്തിത്വത്തിന്‌ ഉടമയാവുക. നിങ്ങളെ മറ്റൊരാള്‍ എങ്ങനെ കാണുന്നു എന്ന്‍ വിചാരിച്ച്‌ ഖേദിക്കേണ്ട. അതവരുടെ കാര്യം.

ആദ്യം വേണ്ടത്‌ അവനവന്റെ മനോഭാവത്തില്‍ മാറ്റം വരുത്തുക എന്നതാണ്‌. സ്വയം സുന്ദരമായൊരു വ്യക്തിത്വത്തിന്‌ ഉടമയാവുക.

ആര്‍ക്കെങ്കിലും അഴുക്കു ചാലില്‍ കൂടി നടക്കാനാണ്‌ തോന്നുന്നതെങ്കില്‍ അങ്ങനെയാവട്ടെ, നടന്നു നടന്നു മടുക്കട്ടെ, തളരട്ടെ. ഒന്നേ ഓര്‍മവെയ്ക്കേണ്ടു, സ്വന്തം ജീവിതം സ്വച്ഛവും സുന്ദരവുമാക്കുക. എപ്പോഴെങ്കിലും ഒരിക്കല്‍ അഴുക്കുചാലില്‍ നിന്നും തല ഉയര്‍ത്തിനോക്കുമ്പോള്‍ അവര്‍ നിങ്ങളെക്കണ്ട് അത്ഭുതപ്പെടട്ടെ, അവരുടെ മനസ്സില്‍ ഇങ്ങനെയൊരു തോന്നലുണ്ടാവട്ടെ, "ഇതുപോലെയൊരു ജീവിതം എനിക്കും നയിക്കാനായെങ്കില്‍!”” സ്വന്തം ജീവിതത്തിലെ കയ്‌പാര്‍ന്ന അനുഭവങ്ങളാണ്‌ അവരെ ആ നിലയിലേക്ക്‌ തള്ളിവിട്ടത്‌. "നല്ല മാറ്റങ്ങള്‍ വരുത്തണം’ എന്ന ചിന്ത മനസ്സിലുദിച്ചാല്‍ തീര്‍ച്ചയായും അവര്‍ക്കത്‌ സാധിക്കും. വ്യത്യസ്‌തമായൊരു ജീവിതശൈലി, അത്‌ നിങ്ങളെകണ്ടവര്‍ പഠിക്കട്ടെ.

താമര! യോഗശാസ്‌ത്രത്തിലെ ഏറ്റവും ശ്രേഷ്‌ഠമായ പ്രതീകമാണത്‌. കാരണമെന്താണെന്നോ, ചെളിയും ചേറും നിറഞ്ഞിടത്താണ്‌ താമര തഴച്ചു വളരുക. ആ ചേറില്‍ നിന്നാണ്‌ താമരയ്ക്ക്‌ അപൂര്‍വ്വമായ, അഭൌമമായ കാന്തിയും സൌരഭ്യവും കൈവരുന്നത്‌. ഇതുതന്നെയാണ്‌ ആദ്ധ്യാത്മികതയുടെ വഴി. അഴുക്കിനോടും, ദുര്‍ഗന്ധത്തിനോടും അകല്‍ച്ചയും വെറുപ്പും കാണിക്കുന്നതല്ല ആത്മീയതയുടെ രീതി, സ്വയം ആ വൃത്തികേടിന്റെ ഭാഗമായിത്തീരുകയുമല്ല. ചേറിനേയും ചെളിയേയും അലൌകികമായ സൌന്ദര്യവും സൌരഭ്യവുമായി രൂപാന്തരപ്പെടുത്തുന്ന പ്രക്രിയ ഏതോ, അതാണാദ്ധ്യാത്മികത!