सद्गुरु

പുകവലിയും, ആസക്തിയും, അവയുടെ ശാരീരികവും മാനസികവും ആയ തലങ്ങളും സദ്ഗുരു ഇവിടെ നോക്കിക്കാണുന്നു. ഇവയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും സദ്ഗുരു വിവരിക്കുന്നു.

ചോദ്യം: ഞാന്‍ ഒരുപാടു പുക വലിക്കാറുണ്ട്. ഈ ശീലത്തെ ഞാന്‍ എങ്ങനെ കൈകാര്യം ചെയ്യും?

സദ്ഗുരു: ലഹരി വസ്തുക്കളെപ്പറ്റി ഇന്ന് സമൂഹത്തില്‍ വേണ്ടത്ര അവബോധമുണ്ട്. കുറച്ചു കാലം മുന്‍പ് വരെ സിഗരറ്റ് പാക്കറ്റുകളില്‍ വളരെ ചെറിയ അക്ഷരങ്ങളില്‍ “സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം” എന്ന് എഴുതി വെച്ചിരുന്നു. എന്നാല്‍ ഇന്ന് വലിയ ചിത്രത്തോട് കൂടി പുകവലി മരണത്തിനു കാരണമാവുന്നു എന്നോ കാന്‍സറിനു കാരണമാവുന്നു എന്നോ എഴുതി വെക്കുന്നു.


കാന്‍സര്‍ ബാധിക്കുന്നത് ഒരു തെറ്റൊന്നുമല്ല. നിങ്ങള്‍ അത് ആസ്വദിക്കുന്നുവെങ്കില്‍ ആയിക്കോളൂ. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തു കൊള്ളൂ.

കാന്‍സര്‍ ബാധിക്കുന്നത് ഒരു തെറ്റൊന്നുമല്ല. നിങ്ങള്‍ അത് ആസ്വദിക്കുന്നുവെങ്കില്‍ ആയിക്കോളൂ. നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തു കൊള്ളൂ. എന്നാല്‍ നിങ്ങള്‍ ഒരു കാര്യം മനസ്സിലാക്കണം, ഏതു പ്രവര്‍ത്തിക്കും ഒരു പരിണിത ഫലം ഉണ്ടാകും. പരിണിതഫലത്തെ സന്തോഷത്തോടെ നേരിടാനാകുമെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ളതെന്തും ചെയ്തു കൊള്ളൂ.
എന്നാല്‍ പരിണിത ഫലം നിങ്ങളെ വേദനിപ്പിക്കുമെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തികളെക്കുറിച്ച് നിങ്ങള്‍ക്ക് അവബോധമുണ്ടാകണം. ഇത് സദാചാരമല്ല. പരിണിതഫലത്തെക്കുറിച്ച് ചിന്തിക്കാതെ പ്രവര്‍ത്തിക്കുന്ന വിഡ്ഢി കഷ്ടപ്പെടുക തന്നെ ചെയ്യും.

പരിസ്ഥിതി സൗഹൃദ യന്ത്രം
 

മനുഷ്യ ശരീരം പ്രകൃതിയോടിണങ്ങിയ ഒരു യന്ത്രമായതിനാല്‍ പുകവലിക്കുന്നത് മഹാ വിഡ്ഢിത്തമാണ്. ഈ മനുഷ്യശരീരത്തിന്‍റെ നിര്‍മ്മാണം പുകവലിക്ക് അനുയോജ്യമല്ല. ഇന്ന് നമ്മുടെ വാഹനങ്ങള്‍ പുറത്തു വിടുന്ന പുക കുറയ്ക്കാനായി എന്‍ജിനുകളിലും ഇന്ധനങ്ങളിലും ധാരാളം ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. നിങ്ങള്‍ പുക വലിക്കാത്ത ഒരു യന്ത്രത്തെ പുക വലിക്കുന്ന യന്ത്രമാക്കുകയാണെങ്കില്‍ അത് വിഡ്ഢിത്തമല്ലേ? ഇത് നിങ്ങള്‍ മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് പതുക്കെ പുകവലി ഒഴിവാക്കാന്‍ സാധിക്കും.

ആന്തരികതയില്‍ നിന്നുള്ള ഹര്‍ഷോന്മാദം

പുകവലി ശീലവുമായി ചില രാസപ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധമുണ്ട്. നിങ്ങളുടെ ആന്തരിക രാസഘടന നിക്കോട്ടിന്‍, കഫീന്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും രാസവസ്തുക്കളോട് വിധേയപ്പെട്ടിരിക്കുന്നു. ഇത് നിങ്ങള്‍ക്ക് മാറ്റാന്‍ സാധിക്കും. നിങ്ങള്‍ ശാംഭവി മഹാമുദ്ര ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ ശരീരം മുഴുവന്‍ ഉത്തേജിക്കപ്പെടുകയും നിങ്ങള്‍ക്ക് ചായ, കാപ്പി തുടങ്ങിയവ കുടിക്കാനുള്ള ത്വരകള്‍ പൂര്‍ണ്ണമായും അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഒരു ആസ്വാദനത്തിനു വേണ്ടി വല്ലപ്പോഴും പുകവലിക്കുകയോ, ചായ കുടിക്കുകയോ ചെയ്യുമായിരിക്കും. എന്നാല്‍ അത് ചെയ്യാനായി നിങ്ങള്‍ ശാരീരികമായി നിര്‍ബന്ധിതനാകില്ല.


ഇതൊഴിവാക്കണം, അതൊഴിവാക്കണം എന്നൊക്കെ ആരോടെങ്കിലും പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.

ഇതൊഴിവാക്കണം, അതൊഴിവാക്കണം എന്നൊക്കെ ആരോടെങ്കിലും പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. നിങ്ങള്‍ രണ്ടു മിനിറ്റ് സിഗരറ്റ് താഴെ വെച്ച് കുറച്ചു കഴിഞ്ഞു വീണ്ടും വലിയോടു വലി തന്നെ. കാരണം ഇതാണ് നിങ്ങള്‍ അനുഭവിച്ചിട്ടുള്ള ഏറ്റവും നല്ല അനുഭവം. എന്നാല്‍ പുകവലി, മദ്യം, മയക്കു മരുന്ന്, ലൈംഗികത അല്ലെങ്കില്‍ നിങ്ങള്‍ക്കറിയാവുന്ന എന്തിനേക്കാളും വലിയൊരു അനുഭവം ഞാന്‍ നിങ്ങള്‍ക്ക് തരികയാണെങ്കില്‍ എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് ഞാന്‍ നിങ്ങളോട് പറയേണ്ടതായിട്ടുണ്ടോ? അപ്പോള്‍ ഇത്തരം ശീലങ്ങളെല്ലാം താനേ ഇല്ലാതാകും. നിങ്ങളുടെ ആന്തരിക രസതന്ത്രത്തില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഹര്‍ഷോന്മാദത്തിലെത്തിച്ചേരാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ജീവിതത്തിലൊരിക്കലും പുകവലിക്കുകയോ മദ്യപിക്കുകയോ ഇല്ല. നിങ്ങള്‍ ആദ്യ ദിനം തന്നെ ശാംഭവി മഹാമുദ്ര ചെയ്യുമ്പോള്‍ ഹര്‍ഷോന്മാദത്തിലെത്തിച്ചേരും. പിന്നെ എന്തെകിലും ഉപേക്ഷിക്കണമെന്ന് നിങ്ങളോട് പറയേണ്ട കാര്യമില്ല. നിങ്ങളുടെ ജീവിതത്തില്‍ സ്വയമേ ഒരു ക്രമീകരണം വന്നു ചേരും.

ദൈവീകമായ ഉന്മാദം

ഞാന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഒരു ലഹരി പദാര്‍ത്ഥം ഉപയോഗിച്ചിട്ടില്ല. എന്നാല്‍ എന്‍റെ കണ്ണുകളിലേക്കു നോക്കൂ എപ്പോഴും ഹര്‍ഷോന്മാദത്തിലായിരിക്കും. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ ഇതെനിക്ക് 24 മണിക്കൂറും സാധ്യമാണ്. ഇതിനു പണച്ചിലവില്ലെന്ന് മാത്രമല്ല, ഇത് ആരോഗ്യത്തിന് നല്ലതുമാണ്. മദ്യം, മയക്കു മരുന്ന് എന്നിവ ഉപയോഗിക്കുന്നത് നര്‍സറി കുട്ടികളുടെ പ്രവര്‍ത്തികളായേ ഞങ്ങള്‍ക്ക് കാണാന്‍ കഴിയൂ. എന്തെന്നാല്‍ ജീവചൈതന്യത്തിന്‍റെ തീവ്രത കൊണ്ട് ഇതിനെക്കാളൊരായിരം മടങ്ങ്‌ ഉന്മാദാവസ്ഥയില്‍ എത്തിച്ചേരാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ആത്മീയ ലഹരിയുള്ളപ്പോള്‍ എന്തിനു മറ്റു ലഹരികള്‍!