सद्गुरु

വെല്ലുവിളികള്‍ വന്നാല്‍ അവയെ ശപിക്കരുത്, എല്ലാറ്റിനെയും താല്‍പ്പര്യപൂര്‍വ്വം അഭിമുഖീകരിക്കുക. നിങ്ങള്‍ ദൈവത്തെ വിശ്വസിക്കുന്നത് ദൈവത്തോടു നിങ്ങള്‍ക്കുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ജീവിതത്തോടു നിങ്ങള്‍ക്കുള്ള ഭയം കൊണ്ടാണ്.

സദ്‌ഗുരു : നിങ്ങള്‍ക്കു സന്തോഷം പ്രദാനം ചെയ്യുന്നത് എന്നു വിശ്വസിച്ച് നിങ്ങള്‍ സ്വീകരിച്ചത് ഏതായിരുന്നാലും അതിന്‍റെ കൂടെ ചില വെല്ലുവിളികളും സൗജന്യ സമ്മാനങ്ങളായി ഒപ്പം വരുന്നതാണ്. അതു കഠിനാധ്വാനമായിരിക്കാം, കടുത്ത മത്സരമായിരിക്കാം, അപ്രതീക്ഷിത പ്രതിബന്ധങ്ങളായിരിക്കാം. എന്തായിരുന്നാലും അവയേയും താല്‍പര്യപൂര്‍വ്വം സന്തോഷത്തോടെ നാം സ്വീകരിക്കേണ്ടതാണ്. നിങ്ങളുടെ വളര്‍ച്ചയില്‍ സത്യത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍, പ്രശ്നങ്ങളേയും താല്‍പ്പര്യത്തോടുകൂടി സ്വാഗതം ചെയ്യാന്‍ പഠിക്കുക.

പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ? "എനിക്കു മാത്രം സമയം ശരിയല്ല.

പരാജയപ്പെട്ടവര്‍ സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?

"എനിക്കു മാത്രം സമയം ശരിയല്ല. ഞാന്‍ മാവു വില്‍ക്കാന്‍ പോയാല്‍ കാറ്റു വീശുന്നു. ഉപ്പു വില്‍ക്കാന്‍ പോയാല്‍ മഴ പെയ്യുന്നു." നിങ്ങള്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങളുടെ മേല്‍ പ്രശ്നങ്ങള്‍ എറിഞ്ഞുകൊണ്ടുതന്നെ ഇരിക്കും. പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ മടിക്കുന്നത്? കഠിനമായ ചില സന്ദര്‍ഭങ്ങള്‍, സത്യം പറഞ്ഞാല്‍ ശാപങ്ങളല്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന വരങ്ങളാണ്. നിങ്ങള്‍ ഒരു സിനിമ കാണാന്‍ പോകുന്നു എന്നു വിചാരിക്കുക അതില്‍ അടുത്തടുത്തുള്ള ചലച്ചിത്ര ഭാഗങ്ങള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാല്‍ ആ സിനിമ നിങ്ങള്‍ ആസ്വദിക്കുമോ, അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ?

അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത്. ഒരു കര്‍ഷകന്‍ ദൈവത്തോട് ഒരിക്കല്‍ വഴക്കിട്ട്, "അങ്ങേക്ക്‌ കൃഷിയെപ്പറ്റി എന്തറിയാം, തോന്നുമ്പോള്‍ മഴ പെയ്യിക്കുന്നു, അസമയത്തു കാറ്റ് വീശിക്കുന്നു. വലിയ ശല്യമായിരിക്കുകയാണ്. അങ്ങ് ആ ജോലികളൊക്കെ ഒരു കര്‍ഷകനെ ഏല്‍പ്പിച്ചേക്കൂ" എന്നു പറഞ്ഞു. ദൈവം ഉടന്‍ തന്നെ ''അങ്ങനെയാണോ, എന്നാല്‍ ശരി ഇന്നു മുതല്‍ കാറ്റ്, മഴ എന്നിവയെല്ലാം നിന്‍റെ നിയന്ത്രണത്തില്‍ത്തന്നെ ഇരിക്കട്ടെ." എന്നനുഗ്രഹിച്ചിട്ട് അപ്രത്യക്ഷനായി.

കര്‍ഷകന് വളരെ സന്തോഷമായി. അടുത്ത കൃഷിയിറക്കേണ്ട സമയമെത്തിയപ്പോള്‍ കര്‍ഷകന്‍ 'മഴയേ പെയ്യുക' എന്നു പറഞ്ഞു. മഴ പെയ്തു. 'പെയ്തതു മതി' എന്നു പറഞ്ഞപ്പോള്‍ മഴ തോര്‍ന്നു. ഈര്‍പ്പമുള്ള നിലത്തില്‍ ഉഴുതു മറിച്ച്, ആവശ്യമുള്ളത്ര വേഗതയില്‍ കാറ്റു വീശിപ്പിച്ചു വിത്തുകള്‍ പാകി. മഴയും വെയിലും കാറ്റും ആ കര്‍ഷകന്‍റെ വരുതിയില്‍ നിന്നു. ചെടികള്‍ വളര്‍ന്നു. കൃഷിസ്ഥലം കാണാന്‍ മനോഹരമായിത്തീര്‍ന്നു. കൊയ്ത്തുകാലം വന്നണഞ്ഞു. കര്‍ഷകന്‍ ഒരു നെല്‍ക്കതിര്‍ കൊയ്തെടുത്തു നോക്കി. അതിനകത്ത് ധാന്യം ഉണ്ടായിരുന്നില്ല. മറ്റൊരു കതിരെടുത്തു നോക്കി അതിലും ധാന്യമുണ്ടായിരുന്നില്ല. ഓരോന്നെടുത്തു നോക്കിയപ്പോള്‍ ഒന്നിലും ധാന്യമുണ്ടായിരുന്നില്ല.

അയാള്‍ ക്രുദ്ധനായി. "ഹേ ദൈവമേ! മഴ, വെയില്‍, കാറ്റ് എല്ലാം ശരിയായ അനുപാതത്തിലായിരുന്നല്ലോ ഞാന്‍ ഉപയോഗിച്ചിരുന്നത്, എന്നിട്ടും എന്തുകൊണ്ടാണ് എന്‍റെ കൃഷി നശിച്ചത്?" എന്നു ചോദിച്ചു.

ദൈവം മന്ദഹസിച്ചിട്ടു പറഞ്ഞു "എന്‍റെ നിയന്ത്രണത്തില്‍ ഇരുന്നപ്പോള്‍ കാറ്റു വേഗതയോടുകൂടി വീശുമ്പോള്‍ അമ്മയെ ഇറുകെപ്പിടിക്കുന്ന കുഞ്ഞിനെപ്പോലെ സസ്യങ്ങള്‍ ഭൂമിയുടെ ഉള്ളിലേക്ക് വേരുകളെ ആഴത്തില്‍ ഇറക്കും. മഴ കുറയുമ്പോള്‍ ജലം അന്വേഷിച്ച് വേരുകള്‍ നാനാവശങ്ങളിലേക്കും പടരും. പോരാട്ടം ഉണ്ടെങ്കിലേ സസ്യങ്ങള്‍ തങ്ങളെ സംരക്ഷിച്ചു കൊണ്ടു ശക്തിയോടെ വളരുകയുള്ളൂ. എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തപ്പോള്‍ നിന്‍റെ സസ്യങ്ങള്‍ മടിയന്‍മാരായിപ്പോയി. സമൃദ്ധിയായി വളര്‍ന്നുവെങ്കിലും ധാന്യമണികള്‍ നല്‍കുവാന്‍ അവയ്ക്കായില്ല."

"നിന്‍റെ മഴയും കാറ്റും ഒന്നു എനിക്കു വേണ്ട. നീ തന്നെ വച്ചുകൊള്ളുക" എന്നു പറഞ്ഞ് കര്‍ഷകന്‍ അവയെ ദൈവത്തിനു തന്നെ തിരിച്ചുകൊടുത്തു.

അതേ, ജീവിതത്തില്‍ എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചുകഴിഞ്ഞാല്‍ അതിനേക്കാളും ശൂന്യത വേറെ കാണുകയില്ല. പ്രശ്നങ്ങള്‍ നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും കൂടുതലാവുക. വെല്ലുവിളികള്‍ മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കും. ഇരുട്ട് എന്നൊരു പ്രശ്നം ഉള്ളതു കൊണ്ടാണല്ലോ വൈദ്യുതി കണ്ടുപിടിക്കപ്പെട്ടത്. യാത്ര എന്ന പ്രശ്നമുള്ളതുകൊണ്ടാണല്ലോ ഗതാഗതത്തിനായി വാഹനങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. ദൂരെയുള്ളവരോട് ബന്ധപ്പെടുക എന്നത് പ്രശ്നമായിരുന്നതുകൊണ്ടാണല്ലോ ടെലിഫോണ്‍ കണ്ടുപിടിക്കപ്പെട്ടത്. പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ പിന്നെ നിങ്ങളുടെ ബുദ്ധിയുടെ കഴിവ് നിങ്ങളെങ്ങനെ മനസ്സിലാക്കും?

ശങ്കരന്‍പിള്ള പുതിയ ഗൃഹം നിര്‍മ്മിക്കുവാന്‍ ആഗ്രഹിച്ചു. ഒരു കെട്ടിട നിര്‍മ്മാണവിദഗ്ദ്ധനെ സമീപിച്ചപ്പോള്‍ അദ്ദേഹം വിവിധ തരത്തിലുള്ള ഡിസൈന്‍സ് കാണിച്ചു. "അല്ല ഇതല്ല ഞാന്‍ വിചാരിക്കുന്നത് വേറെ ഒരു ഡിസൈനാണ്" എന്നു പറഞ്ഞ് ശങ്കരന്‍പിള്ള എല്ലാ പ്ലാനുകളേയും നിരാകരിച്ചു. കെട്ടിട നിര്‍മ്മാണ വിദഗ്ദ്ധന്‍ ക്ഷീണിച്ചുതളര്‍ന്ന്, ''നിങ്ങളുടെ മനസ്സില്‍ എന്താണ് വിഭാവനം ചെയ്തിട്ടുള്ളത്?" എന്നു ചോദിച്ചു. ഒരു പഴയ പിച്ചളക്കുമിഴ് കുപ്പായക്കീശയില്‍ നിന്നും എടുത്ത് കാണിച്ചിട്ട് ശങ്കരന്‍പിള്ള പറഞ്ഞു. "ഇതു വാതിലില്‍ ഫിറ്റ് ചെയ്യുന്ന തരത്തിലുള്ള പ്ലാന്‍ ഒന്നും നിങ്ങള്‍ ഇതുവരെ കാണിച്ചില്ലല്ലോ."

എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്തതുപോലെ എന്തിനു നടക്കണം? ഒന്നും ശരിയാകാതെ വന്നോട്ടെ, അതിനെ അഭിമുഖീകരിക്കണം, അതാണല്ലോ യഥാര്‍ത്ഥമായ വിജയം.

പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ല; എന്നാല്‍ ജീവിതം മാത്രം സകലസൗഭാഗ്യങ്ങളും ഉള്ളതായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ്, ശങ്കരന്‍പിള്ളയെപ്പോലെ വാതിലിലെ പിച്ചളക്കുമിഴ് കൈയ്യില്‍ വച്ചുകൊണ്ടു കൊട്ടാരത്തിനു വേണ്ടി ആഗ്രഹിക്കുന്നത്. എല്ലാ കാര്യങ്ങളും പ്ലാന്‍ ചെയ്തതുപോലെ എന്തിനു നടക്കണം? ഒന്നും ശരിയാകാതെ വന്നോട്ടെ, അതിനെ അഭിമുഖീകരിക്കണം, അതാണല്ലോ യഥാര്‍ത്ഥമായ വിജയം.

ഫലം നമുക്ക് നല്ലതായിരിക്കുമോ ഇല്ലയോ എന്നു വെറുതെ ആലോചിച്ച് സമയം കളയണ്ട. പൂര്‍ണ്ണ താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുക. ഇനിമേലില്‍ വെല്ലുവിളികള്‍ വന്നാല്‍ അവയെ ശപിക്കരുത്, എല്ലാറ്റിനെയും താല്‍പ്പര്യപൂര്‍വ്വം അഭിമുഖീകരിക്കുക. നിങ്ങള്‍ ദൈവത്തെ വിശ്വസിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ദൈവത്തോടു നിങ്ങള്‍ക്കുള്ള സ്നേഹം കൊണ്ടല്ല, മറിച്ച് ജീവിതത്തോടു നിങ്ങള്‍ക്കുള്ള ഭയം കൊണ്ടാണ്.

ഇത്രയും ഈശ്വരന്‍മാരുണ്ടായിട്ടും, ഋഷികള്‍ ഉണ്ടായിട്ടും വിശപ്പ്, പട്ടിണി, രോഗങ്ങള്‍ എല്ലാം എന്തുകൊണ്ട്?

ഈ രാജ്യത്തില്‍ വിശപ്പും പട്ടിണിയുമൊക്കെയുണ്ടാവാന്‍ കാരണം ആരാണ്? ഉത്തരവാദിത്തമില്ലാതെ ജനങ്ങളുടെ എണ്ണം കൂട്ടിയത് നിങ്ങളുടെ ദൈവമാണോ? ഒരു കണക്കുമില്ലാതെ കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടിയിട്ട് എല്ലാം ദൈവം തന്നതെന്ന് ലജ്ജയില്ലാതെ പറയുന്നു. ബുദ്ധന്‍, മഹാവീരന്‍ തുടങ്ങിയവര്‍ ജനങ്ങള്‍ക്ക് അറിവു നല്‍കാന്‍ വന്നവരാണ്, നിങ്ങള്‍ക്ക് ഭക്ഷണം തരാന്‍ വന്നവരല്ല. നിങ്ങള്‍ക്കെന്തിനാണ് കണ്ണുകളും കൈകാലുകളും? അതൊക്കെ നിങ്ങള്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിച്ച് ജീവിക്കും എന്നു വിശ്വസിച്ചാണ് നിങ്ങളെ ഭൂമിയിലേക്ക് ദൈവം അയച്ചത്. തെറ്റു നിങ്ങളുടെ പക്കലാണ്.

നിങ്ങള്‍ നന്നാകുംവരെ ഒരു ഭഗവദ്ഗീതയെക്കൊണ്ടും ഒരു ബൈബിളിനെ കൊണ്ടും നിങ്ങള്‍ക്കു പ്രയോജനമുണ്ടാകാന്‍ പോകുന്നില്ല. ഏതു മതം വന്നാലും നിങ്ങളെ രക്ഷിക്കാന്‍ സാധിക്കുകയില്ല. ഈശ്വരനെ തൊഴുതുകൊണ്ട് ആകാശത്തുനോക്കിക്കൊണ്ടു നടന്നാല്‍ താഴെയുള്ള ഓടയില്‍ പോയി വീഴും. ദയവു ചെയ്തു നിങ്ങളുടെ ജീവിതം നിങ്ങളുടെ കൈയ്യിലെടുക്കുക. ദൈവത്തിന്‍റെ കൈയ്യില്‍ കൊടുക്കരുത്.

through pixabay