सद्गुरु

ജോലിയും ജീവിതവും ഒരുമിച്ചു കൊണ്ടു പോകുന്നതിനെപ്പറ്റി സദ്ഗുരു സംസാരിക്കുന്നു.

ചോദ്യകര്‍ത്താവ്: ഈ ചോദ്യം ആളുകളുടെ കൂടെ ജോലിചെയ്യുന്നതിനെക്കുറിച്ചാണ്. ഞാന്‍ രണ്ടു കോഴ്സുകള്‍ ചെയ്തിട്ടുണ്ട് - ഒന്ന് അദ്ധ്യാപനത്തില്‍, മറ്റൊന്ന് നേഴ്സിങ്ങില്‍. മൂലതത്ത്വം അത്ഭുതകരം. എന്നാല്‍ അത് ഞാന്‍, കൂടെ പ്രവര്‍ത്തിക്കുന്നവരുടെ ഇടയില്‍ പ്രായോഗികമാക്കാന്‍ ശ്രമിക്കുമ്പോള്‍, ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് എനിക്കറിയുന്നില്ല. ഞാന്‍ പഠിച്ചതുപോലെ തത്ത്വമനുസരിച്ച് ശരിയായി ചെയ്യാന്‍ ശ്രമിക്കുന്നു, എന്നാല്‍ ആളുകള്‍ ഞാന്‍ വ്യത്യസ്തമായി ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. വാസ്തവത്തില്‍, ഒരു വ്യക്തി എന്നോട് അതു പറയുകയും ചെയ്തു.

സദ്ഗുരു: (ചിരിക്കുന്നു) അപ്പോള്‍ നിങ്ങളുടെ ജോലി ഏതു തരത്തിലുള്ളതായാലും, ഒരുപക്ഷെ നിങ്ങളില്‍ കൂടുതല്‍ പേരും കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം നിങ്ങളുടെ ജോലിയില്‍ ചെലവഴിക്കുന്നു, അല്ലേ? നിങ്ങള്‍ ദിവസത്തില്‍ എട്ടു-പത്ത് മണിക്കൂര്‍ സഹപ്രവര്‍ത്തകരുടെ കൂടെ ചെലവഴിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ജീവിതപങ്കാളിയുമൊത്തോ, നിങ്ങളുടെ കൂടെപ്പിറപ്പുകളുമൊത്തോ ദിവസത്തില്‍ എട്ടു മണിക്കൂര്‍ ചെലവഴിക്കുന്നുണ്ടെന്ന്, എനിക്കു തോന്നുന്നില്ല. അതുകൊണ്ട് ആരുടെ കൂടെയാണ് നിങ്ങള്‍ ജോലിചെയ്യുന്നത്, ഏതുതരത്തിലുള്ള ബന്ധമാണ് നിങ്ങള്‍ക്കു സഹപ്രവര്‍ത്തകരുമായി ഉള്ളത്, ഇതൊക്കെ അങ്ങേയറ്റം പ്രധാനമാണ്. എന്തെന്നാല്‍ നിങ്ങളുടെ ജീവിതത്തിന്‍റെ കൂടുതല്‍ പങ്കും അവരുമായാണ് നിങ്ങള്‍ ചെലവഴിക്കുന്നത്.

അപ്പോള്‍, എന്തുകൊണ്ട് ഈ ജോലി, ജീവിതം അല്ല? എന്തുകൊണ്ട് നമ്മള്‍ ഇതിനെയും ജീവിതത്തിന്‍റെ ഒരു പ്രധാനഭാഗമായി കാണുന്നില്ല?

പിന്നെ, മിക്കവാറും ആളുകളും ഈ ധാരണ മനസ്സില്‍ ഉറപ്പിച്ചിരിക്കുന്നു: 'ഇത് ജോലിയാണ്, അത് ജീവിതമാണ്.' അതിനര്‍ത്ഥം നിങ്ങളുടെ ജീവിതത്തിന്‍റെ വലിയൊരു ഭാഗം ജീവിതമല്ല എന്നാണ്. ഒരു ദിവസത്തിന്‍റെ കൂടുതല്‍ പങ്കും നിങ്ങള്‍ ചിലവഴിക്കുന്നത് നിങ്ങളുടെ സഹപ്രവര്‍ത്തകരുമായിട്ടാണ്, അല്ലേ? ഉണര്‍വോടെയും സജീവമായും ഇരിക്കുന്ന സമയമത്രയും നിങ്ങള്‍ സഹപ്രവര്‍ത്തകരുമായി ചെലവഴിക്കുന്നു. സായാഹ്നങ്ങളില്‍ തിരികെയെത്തുമ്പോള്‍, നിങ്ങള്‍ വെറും ഒരു പകുതിമനുഷ്യന്‍ മാത്രമായ അവസ്ഥയിലായിരിക്കാം. നിങ്ങളുടെ ഊര്‍ജ്ജമെല്ലാം ചോര്‍ന്ന്, ക്ഷീണിതനായിരിക്കുന്ന സമയത്താണ് കുടുംബത്തോടൊപ്പം ഇരിക്കാന്‍ കഴിയുന്നത്. (ചിരിക്കുന്നു)

അപ്പോള്‍, എന്തുകൊണ്ട് ഈ ജോലി, ജീവിതം അല്ല? എന്തുകൊണ്ട് നമ്മള്‍ ഇതിനെയും ജീവിതത്തിന്‍റെ ഒരു പ്രധാനഭാഗമായി കാണുന്നില്ല? എന്തുകൊണ്ടാണ് എന്തെങ്കിലും സമ്പാദിക്കാനുള്ള മാര്‍ഗ്ഗമായോ, എന്തെങ്കിലും നേടാനുഉള്ള ഉപാധിയായായോ മാത്രം നമ്മള്‍ ഇതിനെ കാണുന്നത്? നമ്മള്‍ തൊഴിലിനെ മറ്റെന്തിനോ വേണ്ടിയുഉള്ള ഒരു ഉപാധിയായി നോക്കുന്ന നിമിഷം, നമ്മുടെ മനസ്സ് ഇത് ആസ്വദിക്കാനുള്ള ഒന്നല്ല, ചെയ്തുതീര്‍ക്കേണ്ട മറ്റെന്തോ ആണ് എന്ന നിഗമനത്തില്‍ സാവധാനം എത്തിച്ചേരുന്നു.

ജോലി എപ്പോള്‍ ഉപേക്ഷിക്കാനാകും എന്ന സമയത്തിനുവേണ്ടി നിങ്ങള്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട്, ജീവിതത്തെ ~'തൊഴില്‍' 'ജീവിതം' എന്നിങ്ങനെ വിഭജിക്കാതിരിക്കുക. അത് ജീവിതമാണ്, അല്ലേ? ജീവിതത്തിന്‍റെ ഉണര്‍വുളള ഓരോ നിമിഷവും ജീവിതം മാത്രമാണ്. ഒരു നിമിഷം മറ്റു നിമിഷങ്ങളെ അപേക്ഷിച്ച് പ്രാധാന്യം കുറഞ്ഞതോ കൂടിയതോ ആണോ? നിങ്ങളുടെ അടുത്തിരിക്കുന്ന ഒരു മനുഷ്യന്‍ മറ്റു മനുഷ്യരെ അപേക്ഷിച്ച് പ്രാധാന്യം കുറഞ്ഞതോ, കൂടിയതോ ആണോ? പക്ഷേ നിങ്ങള്‍ അവരെ തരംതിരിച്ചു, അല്ലേ? ഒന്നാമത്തെയാള്‍, രണ്ടാമത്തെയാള്‍, മൂന്നാമത്തെയാള്‍... അങ്ങനെ തൊണ്ണൂറ്റി ഒന്‍പതാമത്തെ ആള്‍ സ്വാഭാവികമായും നിങ്ങള്‍ക്കു അസ്വസ്ഥതയുണ്ടാക്കുന്നു!

നോക്കൂ, നിങ്ങളുടെ മുന്നിലുളള ഒരു വ്യക്തി നിങ്ങള്‍ക്ക് അത്ര പ്രാധാന്യമുള്ളവനല്ല എങ്കില്‍, ആ വ്യക്തി ഒരു കാരണവുമില്ലാതെ നിങ്ങളുടെ ജീവിതത്തില്‍ പലരീതിയിലുള്ള ബുദ്ധിമുട്ടുകളുമുണ്ടാക്കും. ഇതു മനസ്സിലാക്കുക. അതിന് പ്രത്യേകിച്ച് കാരണങ്ങള്‍ ഒന്നുംതന്നെ വേണ്ട, അവര്‍ എന്തെങ്കിലും ഒരു കാരണം കണ്ടുപിടിക്കും. ആളുകള്‍ ഈ വക കാര്യങ്ങളില്‍ തികച്ചും സാമര്‍ത്ഥ്യമുള്ളവരാണ്. നിങ്ങള്‍ ചിലരെ നോക്കുമ്പോള്‍, അവരുമായി പെരുമാറുമ്പോള്‍, നിങ്ങളുടെ ഉളളില്‍ ആ വ്യക്തിയെ ശരിക്കും പ്രാധാന്യമുള്ളവനായി കരുതുന്നില്ലെങ്കില്‍ ഈ വ്യക്തി നിങ്ങളുടെ ജീവിതത്തില്‍ കോടിക്കണക്കിന് പ്രശ്നങ്ങളുണ്ടാക്കുന്നത് നിങ്ങള്‍ക്കുകാണാം.

അതുകൊണ്ട് നിങ്ങള്‍ എവിടെ ആയിരുന്നാലും ജീവിതത്തെ 'ജീവിത'വും 'ജോലി'യുമായി വേര്‍തിരിക്കാതിരിക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍ അനുസരിച്ച് നിങ്ങളുടെ സമയത്തിന്‍റ ഒരു പങ്ക് പലയിടങ്ങളിലായി ചെലവഴിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചു. ഇപ്പോള്‍ നിങ്ങള്‍ അവിടെ ആകാന്‍ തീരുമാനിച്ച സ്ഥിതിക്ക് ഇതെല്ലാം ജീവിതമാണ്. ഒന്ന്, മറ്റൊന്നിനെപ്പോലെത്തന്നെ പ്രധാനപ്പെട്ടതാണ്, അല്ലേ? നിങ്ങളുടെ ജീവിതത്തിലെ ഒരു നിമിഷം മറ്റു നിമിഷങ്ങളെക്കാള്‍ പ്രധാനപ്പെട്ടതാണോ? അതല്ല. അതുകൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ ആവുന്നത്ര ആവേശത്തോടെ, ആവുന്നത്ര നിമഗ്നതയോടെ, ആവുന്നത്ര ഉള്‍പ്പെടുത്തലോടെ അതിലേക്ക് അര്‍പ്പിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ഈ വക പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകില്ല: 'എന്തുകൊണ്ടാണ് ആളുകള്‍ എന്നോട് വെറുതെ അസന്തുഷ്ടരാകുന്നത്? ഈ പ്രശ്നം പലവിധത്തിലും എന്നിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു്. (ചിരിക്കുന്നു) ഇത് വീട്ടില്‍ സംഭവിക്കുന്നു. ജോലിസ്ഥലത്ത് സംഭവിക്കുന്നു. പലര്‍ക്കും പലയിടങ്ങളിലാണ് സംഭവിക്കുന്നത്. ചിലര്‍ക്ക് എല്ലായിടങ്ങളിലും സംഭവിക്കുന്നു. (ചിരി).

അതുകൊണ്ട്, നിങ്ങളുടെ ബന്ധങ്ങള്‍ - വീട്ടിലായാലും ജോലിസ്ഥലത്തായാലും - ഞാന്‍ വിവേചനമൊന്നും ഉണ്ടാക്കാനാഗ്രഹിക്കുന്നില്ല

എവിടെയെല്ലാം നിങ്ങളുടെ ഭാഗത്തുനിന്നും ആളുകളെ ഉള്‍പ്പടുത്താതെ ഇരിക്കുന്നുവോ, അവരെല്ലാം കുഴപ്പക്കാരായിരിക്കും, അതു മനസ്സിലാക്കുക. അവരെ നിയന്ത്രിക്കാന്‍ നോക്കരുത്. അവരെ ഭരിക്കാന്‍ ശ്രമിക്കരുത്. ആളുകള്‍ ഈ വക കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ആരും അത് ഇഷ്ടപ്പെടുന്നില്ല. ആരെങ്കിലും നിങ്ങളെ നിയന്ത്രിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ? നിങ്ങള്‍ വിചാരിച്ചു എല്ലാ കാര്യങ്ങളും ബാഹ്യപ്രേരണയില്ലാതെ, തന്നത്താന്‍ നടക്കുന്നുവെന്ന്. പക്ഷേ നിങ്ങള്‍ ആരുടെയോ തീവ്രനിയന്ത്രണത്തിലാണെന്ന് ഒരു ദിവസം നിങ്ങള്‍ക്ക് ബോധ്യപ്പെട്ടു, നിങ്ങളത് ഇഷ്ടപ്പെടുന്നുണ്ടോ? ഇല്ല. അപ്പോള്‍, മറ്റൊരാള്‍ അത് ഇഷ്ടപ്പെടണം എന്ന് എന്തുകൊണ്ട് നിങ്ങള്‍ വിചാരിക്കുന്നു? അവരും അത് ഇഷ്ടപ്പെടുകയില്ല. ആരും തന്നെ നിയന്ത്രിക്കപ്പെടുവാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ എല്ലാവരുംതന്നെ ഉള്‍ക്കൊണ്ടിരിക്കാന്‍ അതിയായി ആഗ്രഹിക്കുന്നു. ഉള്‍ക്കൊള്ളല്‍ എന്നതുകൊണ്ട്, നിരത്തില്‍പോയി കാണുന്ന എല്ലാവരെയും ആലിംഗനം ചെയ്യണമെന്ന് അര്‍ത്ഥമില്ല. അത് നിങ്ങള്‍ എങ്ങിനെയാണോ അങ്ങിനെ ആയിരിക്കുന്ന വെറും ഒരു അവസ്ഥയാണ്. അത്രയേ ഉള്ളൂ.

അതുകൊണ്ട്, നിങ്ങളുടെ ബന്ധങ്ങള്‍ - വീട്ടിലായാലും ജോലിസ്ഥലത്തായാലും - ഞാന്‍ വിവേചനമൊന്നും ഉണ്ടാക്കാനാഗ്രഹിക്കുന്നില്ല - നന്നായിരിക്കണമെങ്കില്‍, നിങ്ങള്‍ മറ്റുള്ളവരെ ശ്രദ്ധിക്കരുത്. നിങ്ങള്‍ നിങ്ങളെത്തന്നെ മറ്റാര്‍ക്കും ഇഷ്ടപ്പെടാതിരിക്കാന്‍ കഴിയാത്ത വിധത്തില്‍ ഒരു പുഷ്പത്തെപ്പോലെ എങ്ങനെ ആക്കിയെടുക്കാമെന്ന് നോക്കുക. അതുതന്നെയല്ലേ നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അന്വേഷിക്കുന്നതും - സന്തോഷവാനായിത്തീരുക എന്നത്? നിങ്ങള്‍ സന്തോഷഭരിതമായ ഒരു അന്തരീക്ഷത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നു. സംസര്‍ഗ്ഗമെന്നതും അതുതന്നെയാണ്. നിങ്ങള്‍ക്ക് നിങ്ങള്‍ക്കുള്ളില്‍തന്നെ സന്തോഷമായിരിക്കാന്‍ ആഗ്രഹമില്ലേ? ശരീരത്തില്‍, മനസ്സില്‍, വികാരങ്ങളില്‍, ഊര്‍ജ്ജത്തില്‍, ഇവയിലെല്ലാം നിങ്ങള്‍ക്ക് സന്തുഷ്ടിയോടെ ഇരിക്കണമോ അതോ അസന്തുഷ്ടിയോടെ ഇരിക്കണമോ? നിങ്ങള്‍ നിങ്ങളുടെ ഈ നാലു തലങ്ങളെയും സന്തുഷ്ടമാക്കൂ. നിങ്ങളുടെ ശരീരം സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ മനസ്സ് സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ വികാരങ്ങള്‍ സന്തുഷ്ടമായിരിക്കണം; നിങ്ങളുടെ ഊര്‍ജ്ജം സന്തുഷ്ടമായിരിക്കണം. അങ്ങിനെയാണെങ്കില്‍, നിങ്ങള്‍ എവിടെയൊക്കെ പോയാലും ബന്ധങ്ങള്‍ ഒരിക്കലും പ്രശ്നമല്ല എന്നു നിങ്ങള്‍ക്കു കാണാം.