सद्गुरु

ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധവൈദ്യം തുടങ്ങിയ ചികിത്സാ സമ്പ്രദായങ്ങളെ ആധുനികലോകം പരിഗണിക്കുന്നത്‌, “ഒരു രണ്ടാം തരം ചികിത്സാമാര്‍ഗം" എന്ന നിലയിലാണ്‌. പലരും മുറിവൈദ്യന്‍മാര്‍ എന്ന് പരിഹസിച്ച്‌ ഇവരെ മാറ്റി നിര്‍ത്തുന്നതായാണ്‌ കണ്ടുവരുന്നത്‌. വേറെ ചിലരെ കുഴയ്‌ക്കുന്നത്‌, രോഗചികിത്സക്ക്‌ ഏതു വഴിയാണ്‌ സ്വീകരിക്കേണ്ടതെന്ന പ്രശ്‌നമാണ്‌.

അവനവന്‍റെ ശരീരത്തിനെ മനസ്സിലാക്കി, സമഗ്രമായൊരു സമീപനം, അതാണുത്തമം. മറ്റുചിലരാകട്ടെ, രോഗം എന്തായാലും അവര്‍ സ്വീകരിച്ചിരിക്കുന്ന ചികിത്സാരീതി തന്നെയാണ്‌ ഉത്തമം, എന്നാണയിട്ടു പറയുന്നു. ഇതിനിടയില്‍ വേറെ ചിലരെ കുഴയ്‌ക്കുന്നത്‌, രോഗചികിത്സയ്ക്ക്‌ ഏതു വഴിയാണ്‌ സ്വീകരിക്കേണ്ടതെന്ന പ്രശ്‌നമാണ്‌.
വിവിധ ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച്‌ സദ്‌ഗുരു സവിസ്‌തരം പ്രതിപാദിക്കാറുണ്ട്. ഒരോന്നിന്‍റേയും ഗുണദോഷങ്ങളും യുക്തിപൂര്‍വം അദ്ദേഹം ചര്‍ച്ചചെയ്യാറുണ്ട്. ഏതെങ്കിലും ഒരു ചികിത്സാരീതി ചൂണ്ടിക്കാട്ടി ``ഇതാണ്‌ ഏറ്റവും നല്ലത്” എന്ന് അദ്ദേഹം പറയാറില്ല.. അവനവന്‍റെ ശരീരത്തിനെ മനസ്സിലാക്കി, സമഗ്രമായൊരു സമീപനം, അതാണദ്ദേഹത്തിനു നിര്‍ദ്ദേശിക്കാനുള്ളത്‌. സദ്‌ഗുരുവിന്‍റെ ചില അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമാണ്‌ താഴെ കൊടുത്തിട്ടുള്ളത്‌.

അടിയന്തിരാവസ്ഥയെ നേരിടാന്‍ അലോപ്പതിതന്നെയാണ്‌ നല്ലത്‌.

സദ്‌ഗുരു : അലോപ്പതി : നമ്മള്‍ സാധാരണയായി ആരോഗ്യമെന്നും രോഗമെന്നും പറയുന്നു. രണ്ടും വ്യത്യസ്‌തമായ രണ്ടവസ്ഥകളാണ്‌. രോഗങ്ങള്‍ രണ്ടുവിധത്തിലാണ്‌. ഒന്നാമത്തേത്‌ പുറത്തുനിന്ന് നമ്മെ ബാധിക്കുന്നത്, പലതരത്തിലുള്ള രോഗാണുക്കള്‍ മൂലം പിടിപെടുന്ന അസുഖങ്ങള്‍. അവയെ നേരിടേണ്ടത്‌ ഒരു പ്രത്യേക രീതിയിലൂടെയാണ്‌. അതിന്‌ ഏറ്റവും ഫലപ്രദമായി കണ്ടുവരുന്നത്‌ അലോപ്പതി ചികിത്സയാണ്‌. അതിനെകുറിച്ച്‌ സംശയമില്ല. അതേ സമയം മനുഷ്യനെ പീഢിപ്പിക്കുന്ന 70% രോഗങ്ങളും അവനവന്‍ തന്നെ ഉണ്ടാക്കിത്തീര്‍ക്കുന്നതാണ്‌. അതിനു കാരണമാകുന്നത്‌ തെറ്റായ പ്രവൃത്തികളും ചിന്തകളുമാണ്‌. ഈ തരം രോഗങ്ങള്‍ക്ക്‌ അലോപ്പതി ചികിത്സ ഫലപ്രദമായി കാണുന്നില്ല. അല്‍പം ശമനം കൊണ്ടുവരാമെന്നല്ലാതെ രോഗത്തെ വേരോടെ പിഴുതെറിയാന്‍ അവയ്ക്ക്‌ സാദ്ധ്യമല്ല. അതിനു പ്രധാന കാരണം, അലോപ്പതിയില്‍ രോഗലക്ഷണങ്ങള്‍ക്കാണ്‌ ചികിത്സ നല്‍കുന്നത്‌ എന്നതുകൊണ്ടാണ്‌.

കാലപ്പഴക്കംചെന്ന പല രോഗങ്ങളുടേയും ലക്ഷണങ്ങള്‍, ഏതോ വലിയ ഒരു വസ്തുവിന്‍റെ തുമ്പ്‌ എന്നു പറയുന്നതുപോലെയാണ്‌. പുറമെ കാണുന്നതിനും അപ്പുറത്ത്‌, ആഴത്തിലായിരിക്കും യഥാര്‍ത്ഥത്തിലുള്ള രോഗത്തിന്‍റെ മൂലകാരണം കിടക്കുന്നത്‌. അതുകൊണ്ട്, പുറമെ കാണുന്ന രോഗലക്ഷണങ്ങളെ ചികിത്സിച്ചതുകൊണ്ടു മാത്രം രോഗിയുടെ ദീനം ശമിക്കുകയില്ല. ഈയിടെയായി ചികിത്സാരീതിയില്‍ ഒരു മാറ്റം കാണാനുണ്ട്, പ്രമേഹം, ആസ്ത്‌മ, രക്തസമ്മര്‍ദ്ദം മുതലായവ ഭേദമാക്കാന്‍ പ്രയാസമേറിയ രോഗങ്ങളെ ചികിത്സിക്കുന്ന ഡോക്‌ടര്‍മാര്‍, രോഗത്തെ എങ്ങനെ നിയന്ത്രിച്ചു കൊണ്ടുനടക്കാമെന്ന് രോഗികള്‍ക്കും വിവരമായി പറഞ്ഞുകൊടുക്കുന്നുണ്ട്. ചികിത്സിച്ച്‌ രോഗം നിശ്ശേഷം മാറ്റാമെന്ന് അവരാരും വാക്കു കൊടുക്കുന്നില്ല.

പുറത്തു കാണുന്ന രോഗലക്ഷണങ്ങള്‍ താരതമ്യേന നിസ്സാരമാണ്‌. ശരീരത്തിനകത്തു സംഭവിക്കുന്നതാണ്‌ ഗൌരവമേറിയ കാര്യം. അതാകട്ടെ എന്തെങ്കിലും ബാഹ്യചികിത്സ കൊണ്ട് മാറ്റാനുമാവില്ല. രോഗിയുടെ സ്ഥിതി വളരെ ഗുരുതരമാണെങ്കില്‍, ഒരു ആയുര്‍വേദ വൈദ്യനെ കാണുന്നത്‌ അബദ്ധമായിരിക്കും. ആകപ്പാടെ ഒരു ശമനം കിട്ടിയതിനുശേഷം വൈദ്യനെ സമീപിക്കുന്നതായിരിക്കും ബുദ്ധി. അടിയന്തിരാവസ്ഥയെ നേരിടാന്‍ അലോപ്പതിതന്നെയാണ്‌ നല്ലത്‌. എന്നാല്‍, രോഗത്തിന്‍റെ പ്രാരംഭദശയില്‍, വൈഷമ്യങ്ങള്‍ കൂടുതല്‍ കഠിനമാവുന്നതിനുമുമ്പ്‌ നിങ്ങള്‍ക്ക്‌ ആയുര്‍വേദമൊ, ഹോമിയോപ്പതിയൊ പരീക്ഷിച്ചുനോക്കാം. രണ്ടു രീതികളും വളരെ ഫലപ്രദമായിട്ടുള്ളതാണ്‌.

നമ്മുടെ ശരീരത്തെ ആരോഗ്യത്തോടുകൂടിയും, കാര്യക്ഷമതയോടുകൂടിയും നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍, നമ്മള്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌.

ആയുര്‍വേദം :–
ആയുര്‍വേദത്തെ സാമാന്യമായി നാട്ടുവൈദ്യം എന്നാണ്‌ പറയുന്നത്‌. അതിന്‍റെ ഉല്‍പത്തിതന്നെ ഒന്നുവേറെയാണ്‌. ജീവിതത്തെ അവര്‍ നോക്കിക്കാണുന്നതും തികച്ചും വ്യത്യസ്‌തമായൊരു ദൃഷ്‌ടികോണിലൂടെയാണ്‌. നിങ്ങള്‍ ഭാരതീയനാണൊ വിദേശിയാണൊ എന്നവര്‍ക്കറിയേണ്ടയാവശ്യമില്ല, ഓരോരുത്തര്‍ക്കും ഓരോ രീതിയിലായിരിക്കും ചികിത്സ. ആയുര്‍വേദം ജീവിതത്തിന്‌ അങ്ങേയറ്റം സഹായകമാണ്‌, ആരോഗ്യം നിലനിര്‍ത്താന്‍ ഏറ്റവും ഫലപ്രദവുമാണ്‌.

ആകാശത്തുനിന്നും നിങ്ങളുടെ മടിയിലേക്കു പൊട്ടിവീഴുന്ന ഒരത്ഭുത വസ്‌തുവല്ല ആരോഗ്യം, അത്‌ നമ്മുടെ ഉള്ളില്‍നിന്നു തന്നെ സ്വാഭാവികമായി ഉയര്‍ന്നു വരേണ്ട ഒന്നാണ്‌. ഈ ഭൂമിയിലുള്ള പല ഘടകങ്ങളുടേയും ഒരു ഗുണനഫലമാണ്‌ നമ്മുടെ ശരീരം. ആയുര്‍വേദത്തിന്‍റെ അടിസ്ഥാനം ഈ അറിവാണ്‌. ഭൂമിയടക്കമുള്ള പഞ്ചഭൂതങ്ങളില്‍ നിന്നുമാണ്‌ നമ്മുടെ ശരീരം രൂപംകൊണ്ടിട്ടുള്ളത്‌. അതുകൊണ്ട് തീര്‍ച്ചയായും ഇവ നമ്മുടെ ശരീരത്തെ സ്വാധീനിച്ചിരിക്കുന്നു; സാരമായ അളവില്‍ത്തന്നെ. നമ്മുടെ ശരീരത്തെ ആരോഗ്യത്തോടുകൂടിയും, കാര്യക്ഷമതയോടുകൂടിയും നിലനിര്‍ത്തിക്കൊണ്ടു പോകണമെങ്കില്‍, നമ്മള്‍ പ്രകൃതിയുമായി ഇണങ്ങി ജീവിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. നമ്മുടെ ഓരോ പ്രവൃത്തിയും അതിനനുസൃതമായിരിക്കണം. അതുകൊണ്ടാണ്‌ ആയുര്‍വേദം അടിവരയിട്ട് പറയുന്നത്‌, “ഇവിടെയുള്ള ഓരോ ചെടിയുടേയും വേരും, തോലും, മൊട്ടും, പൂവ്വും, കായുമൊക്കെ ഔഷധമൂല്യമുള്ളതാണ്‌” എന്ന്. അവയുടെ മൂല്യമറിഞ്ഞ്‌ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുവാന്‍ വളരെ ചുരുക്കം പേരേ പഠിച്ചിട്ടുള്ളു. ഒരു കാര്യം എപ്പോഴും ഓര്‍മവക്കേണ്ടതുണ്ട്, വെറുതെ കൈനീട്ടിയാല്‍ കിട്ടുന്ന ഒന്നല്ല നമ്മുടെ ആരോഗ്യം. അത്‌ ശ്രദ്ധാപൂര്‍വ്വം, ബോധപൂര്‍വം സൃഷ്‌ടിച്ചെടുക്കുകതന്നെ വേണം. നമ്മുടെ ശരീരത്തിന്‍റേതുപോലെ തന്നെ ആരോഗ്യത്തിന്‍റെ വളര്‍ച്ചയും ആന്തരികമായി സംഭവിക്കുന്നതാണ്‌. അതിനുള്ള പോഷകങ്ങള്‍ ലഭിക്കുന്നത്‌ ഭൂമിയില്‍നിന്നാണ്‌. എന്നാല്‍ വളര്‍ച്ച എന്ന പ്രക്രിയ സംഭവിക്കുന്നത്‌ നമ്മുടെ ശരീരത്തിനകത്താണ്‌.

നിങ്ങളുടെ കൈവശമുള്ള ഒരു യന്ത്രത്തിന്‌ എന്തെങ്കിലും സാരമായ തകരാറ്‌ സംഭവിച്ചുവെന്നു കരുതൂ. അത്‌ നേരെയാക്കാന്‍ സമീപിക്കേണ്ടത്‌ അതുണ്ടാക്കിയ ആളെ അല്ലെങ്കില്‍ സ്ഥാപനത്തേയാണ്‌. ആരെയെങ്കിലും വിളിച്ച്‌ ആ ചുമതല ഏല്‍പിച്ചാല്‍ സംഗതി വേണ്ടവിധം നടന്നെന്നു വരില്ല. ഇതുതന്നെയാണ്‌ ആയുര്‍വേദത്തിന്‍റേയും അടിസ്ഥാന പ്രമാണം. ആഴത്തിലേക്കു കടന്നുചെല്ലുമ്പോള്‍ മനസ്സിലാക്കാനാകും, ശരീരത്തില്‍ നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്, അതൊക്കെയും നമ്മള്‍ അധിവസിക്കുന്ന ഈ ഭൂമിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ളതുമാണ്‌. പഞ്ചഭൂതങ്ങളുടെ സ്വാധീനത്തില്‍നിന്നും നമ്മുടെ ശരീരത്തിന്‌ വിട്ടുനില്‍ക്കാനാവില്ല.

ശരീരത്തിലെ ഊര്‍ജകേന്ദ്രങ്ങള്‍ക്ക്‌ അവ കൂടുതല്‍ ശക്തി പകരുന്നു. ശരീരത്തെ കൂടുതല്‍ ഓജസ്സുറ്റതാക്കുന്നു. ഇതാണ്‌ സിദ്ധയുടെ രീതി.

സിദ്ധവൈദ്യം :–

സിദ്ധവൈദ്യം ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായൊരു ചികിത്സാ സമ്പ്രദായമാണ്‌. വിശേഷിച്ചും തമിഴ്‌നാട്ടിലാണ്‌ കൂടുതല്‍ പ്രചാരം. അഗസ്‌ത്യമുനിയാണ്‌ ഈ ശാസ്‌ത്രത്തിന്‍റെ പ്രണേതാവ്‌. ദക്ഷിണേന്ത്യയില്‍ സമൃദ്ധമായി വളരുന്ന സസ്യലതാദികള്‍ കണ്ട് അദ്ദേഹത്തിന്‍റെ മനസ്സിലുദിച്ച ഒരാശയം – ലോകോപകാരത്തിനായി ഈ സസ്യസമ്പത്ത്‌ പ്രയോജനപ്പെടുത്തണം. അദ്ദേഹം പലവിധ വസ്‌തുക്കള്‍ കൂട്ടിച്ചേര്‍ത്ത്‌ വീര്യമുള്ള ഒരു സമ്മിശ്രണമുണ്ടാക്കി. നമ്മുടെ ശരീരത്തില്‍ വളരെ അത്ഭുതകരമായ വിധത്തിലാണ്‌ സിദ്ധസമ്പ്രദായത്തിലുള്ള മരുന്നുകള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ സമ്പ്രദായത്തില്‍ മഹര്‍ഷിമാര്‍ക്കും വൈദ്യന്‍മാര്‍ക്കും തമ്മില്‍ വ്യത്യാസമില്ല. മുനിമാര്‍ പലപ്പോഴും രോഗചികിത്സയില്‍ ഏര്‍പ്പെട്ടിരുന്നതായി കാണാം, കാരണം ആരോഗ്യമുള്ള മനുഷ്യര്‍ ഏതൊരു സമൂഹത്തിന്‍റേയും അടിസ്ഥാന ഘടകമാണല്ലൊ! സമൂഹത്തിന്‍റെ പുരോഗതിക്കും അതുതന്നെയാണ്‌ നിദാനം.

ആയുര്‍വേദവും സിദ്ധവൈദ്യവും തമ്മില്‍ വലിയ അന്തരമുണ്ട്. ആയുര്‍വേദത്തേക്കാള്‍ മനുഷ്യശരീരത്തിലെ ഊര്‍ജവുമായി അടുത്തു നില്‍ക്കുന്നത്‌ സിദ്ധവൈദ്യമാണ്‌. ആയുര്‍വേദം ശ്രദ്ധപതിപ്പിക്കുന്നത്‌ രോഗ ചികിത്സയിലാണ്‌, സിദ്ധയ്ക്കാകട്ടെ പൊതുവായ ആരോഗ്യമാണ്‌ പ്രധാനം. ശരീരത്തിന്‌ പുനരുജ്ജീവനം നല്‍കുകയെന്നതാണ് അവരുടെ രീതി .

ആയുര്‍വേദത്തില്‍ എണ്ണമറ്റ ഔഷധങ്ങളുണ്ട്, ഓരോ രോഗത്തിനും അതിനുപറ്റിയതായ ഔഷധം. എന്നാല്‍ സിദ്ധയില്‍ ഔഷധങ്ങള്‍ എണ്ണത്തില്‍ കുറവാണ്‌. എല്ലാ രോഗങ്ങള്‍ക്കും സിദ്ധചികിത്സ ഉണ്ടെന്ന് പറയാന്‍ വയ്യ. ശരീരത്തിലെ ഊര്‍ജകേന്ദ്രങ്ങള്‍ക്ക്‌ അവ കൂടുതല്‍ ശക്തി പകരുന്നു. ശരീരത്തെ കൂടുതല്‍ ഓജസ്സുറ്റതാക്കുന്നു. ഇതാണ്‌ സിദ്ധയുടെ രീതി.
ഈശയില്‍ സിദ്ധ രീതിയില്‍പെട്ട ഏതാനും ഔഷധങ്ങള്‍ ലഭ്യമാണ്‌. സാധാരണ സിദ്ധവൈദ്യന്‍മാരുടെ കൈവശം ഈ മരുന്നുകള്‍ ഉണ്ടാകാറില്ല. ഇതിനെ കുറിച്ച്‌ കൂടുതല്‍ അറിയണമെന്നുള്ളവര്‍ക്ക്‌ സദ്‌ഗുരുവിനോടുതന്നെ നേരിട്ടു ചോദിക്കാവുന്നതാണ്‌.