सद्गुरु

ഭയങ്ങളെയും ആശങ്കകളെയും എങ്ങിനെ പിന്‍തള്ളാം എന്ന ചിന്തയേ അപ്രസക്തമാണ്, കാരണം യഥാര്‍ത്ഥത്തില്‍ അങ്ങിനെ ഒന്നില്ല. മനസ്സറിയാതെ നമ്മള്‍ അവയെ സ്വയം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്

ചോദ്യം :- എന്റെ മനസ്സ് നിറയെ ഭയങ്ങളും ആശങ്കകളുമാണ്. അതിനെയൊക്കെ പുറന്തള്ളി ഞാന്‍ എങ്ങനെയാണ് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകേണ്ടത്?

സദ്‌ഗുരു :- ഭയങ്ങളെയും ആശങ്കകളെയും എങ്ങിനെ പിന്‍തള്ളാം എന്ന ചിന്തയേ അപ്രസക്തമാണ്, കാരണം യഥാര്‍ത്ഥത്തില്‍ അങ്ങിനെ ഒന്നില്ല. മനസ്സറിയാതെ നമ്മള്‍ അവയെ സ്വയം സൃഷ്ടിച്ചുകൊണ്ടിരി ക്കുകയാണ്. നമ്മള്‍ ഉണ്ടാക്കുമ്പോഴേ അവ ഉണ്ടാകുന്നുള്ളൂ. ഇല്ലെങ്കില്‍ അവയും ഇല്ല. അതുകൊണ്ട് നിങ്ങള്‍ ചോദിക്കേണ്ടത്‌ എന്തുകൊണ്ട് മനസ്സില്‍ ഭയാശങ്കകള്‍ ഉണ്ടാവുന്നു എന്നാണ്; എങ്ങിനെ അവയെ ഇല്ലാതാക്കാമെന്നും.

തികച്ചും പ്രാപഞ്ചികമായ ഈ തലത്തെ മറികടക്കാനായാല്‍ മാത്രമേ മനുഷ്യന് ഭയങ്ങളെയും ആശങ്കകളെയും അതിജീവിക്കാനാവൂ

ഭയാശങ്കകള്‍ക്കുള്ള അടിസ്ഥാന കാരണം ഒരു നിലയ്ക്ക് പറഞ്ഞാല്‍ ഈ വിശാലമായ പ്രപഞ്ചം തന്നെയാണ് - ആദിയും അന്തവും അറിയാനാവാത്ത ഈ പാരാവാരത്തില്‍ നിങ്ങള്‍ എന്ന തീരെ ചെറിയ നിസ്സാരനായ മനുഷ്യന്‍. ഭയവും അരക്ഷിത ബോധവും ഉണ്ടാവുക സ്വാഭാവികം. “എനിക്കെന്തു സംഭവിക്കും" എന്ന ചിന്ത മനസ്സിനെ സദാ അലട്ടികൊണ്ടിരിക്കും. താന്‍ ഈ ശരീരമാണ് എന്ന ബോധമുള്ളിടത്തോളം കാലം, അനുഭവങ്ങളൊക്കെയും ശാരീരികവും മാനസ്സികവുമായ തലത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നിടത്തോളം കാലം, ഈ പേടിയും പരിഭ്രമവും നിങ്ങളെ വിട്ടൊഴിയാന്‍ പോകുന്നില്ല. പലര്‍ക്കും പലതോതിലും തരത്തിലുമായിരിക്കും ഇത് അനുഭവപ്പെടുന്നത്.

ജീവിതം നല്ലനിലയില്‍ മുന്നോട്ട് പോകുമ്പോള്‍ എല്ലാവിധ ഭയാശങ്കകളും നിങ്ങള്‍ മറക്കുന്നു. താന്‍ അരക്ഷിതനാണ് എന്ന ബോധം നിങ്ങളെ അലട്ടുന്നില്ല. നാളെ ജീവിതത്തില്‍ അഹിതമായി എന്തെങ്കിലും സംഭവിച്ചാല്‍ വീണ്ടും അത് തലപൊക്കുകയായി. കാരണം അത് എപ്പോഴും നിങ്ങളുടെ ഉള്ളില്‍ തന്നെയുള്ളതാണ്. തികച്ചും പ്രാപഞ്ചികമായ ഈ തലത്തെ മറികടക്കാനായാല്‍ മാത്രമേ മനുഷ്യന് ഭയങ്ങളെയും ആശങ്കകളെയും അതിജീവിക്കാനാവൂ. അല്ലാത്ത പക്ഷം വല്ലാത്തൊരു അരക്ഷിതത്വ ബോധം അവനെ കാര്‍ന്നുകൊണ്ടിരിക്കുക തന്നെ ചെയ്യും.

ഭൌതീകമായ തലത്തില്‍ നിന്നും ബോധത്തെ ഉയര്‍ത്തി കൊണ്ടുവരിക - അതാണ്‌ ആദ്ധ്യാത്മീകത എന്നതുകൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത് , അല്ലാതെ ക്ഷേത്ര ദര്‍ശനവും , തീര്‍ഥസ്നാനവും , പുരാണപാരായണവുമൊന്നുമല്ല. അതൊന്നും ആദ്ധ്യാത്മീകതയുടെ ലക്ഷണങ്ങളായി കാണാനാവില്ല. സാധാരണ ഗതിയില്‍ പ്രാര്‍ത്ഥനയിലൂടെ നമ്മള്‍ ചെയ്യുന്നത് "എന്നെയും എനിക്കുള്ളതിനെയോക്കെയും വഴിപോലെ കാത്തുകൊള്ളേണമേ" എന്ന് ഈശ്വരനോട് അപേക്ഷിക്കുകയാണ്. അതില്‍ ആദ്ധ്യാത്മീകതയുടെ അംശം ലവലേശമില്ല . അവിടെ മുഴച്ചുനില്‍ക്കുന്നത് നിലനില്‍പ്പിന്റെ പ്രശ്നം മാത്രമാണ്.

അധികം പേരും പ്രാര്‍ത്ഥിക്കുന്നതിനുള്ള പ്രധാനകാരണം ജീവിതത്തെപ്രതിയുള്ള ആശങ്കയും പരിഭ്രമവുമാണ്. പ്രാര്‍ത്ഥന കേവലം ഒരു ചടങ്ങു മാത്രമാകുമ്പോള്‍ അത് സ്വാഭാവികമായും വിലയറ്റതാകുന്നു. എന്നാല്‍ ആത്മാര്‍ത്ഥമായും നിങ്ങളുടെ മനസ്സ് പ്രാര്‍ത്ഥനാ നിര്‍ഭരമാകുമ്പോള്‍ അതിനു തക്കതായ ഒരു സൌരഭ്യം കൈവരുന്നു. പ്രാര്‍ത്ഥനയിലൂടെ നിങ്ങള്‍ നേരും നന്മയും ആഗ്രഹിക്കുമ്പോള്‍ അതിന് വിലയുണ്ടാകുന്നു. എന്നാല്‍ സ്വന്തം നിനില്പിനുവേണ്ടി മാത്രം ഈശ്വരനെ ആശ്രയിക്കുമ്പോള്‍, പ്രാര്‍ത്ഥന അസംബന്ധത്തിന്റെ തലത്തിലേക്ക് താഴുന്നു. ഈ ഭൂമിയിലെ കൃമി കീടങ്ങള്‍ കൂടി സ്വന്തം നിലയില്‍ ജീവിച്ചു പോരുന്നുണ്ടല്ലോ!

മനസ്സിന്റെയും ശരീരത്തിന്റെയും പിടിയില്‍ നിന്ന് വിട്ടുമാറാനായാല്‍ പിന്നീടൊരിക്കലും ഒരു തരത്തിലുള്ള ഭയാശങ്കകളും നിങ്ങളെ അലോസരപ്പെടുത്തുകയില്ല

തീരെ ഭൌതീകമല്ലാത്ത ഒരനുഭൂതി - അദ്ധ്യാത്മീകത എന്ന് പറയുമ്പോള്‍ ഞാന്‍ അര്‍ത്ഥമാക്കുന്നത് അതാണ്‌. ആ തലത്തിലേക്ക് ഉയരാനായാല്‍ , അതായത് മനസ്സിന്റെയും ശരീരത്തിന്റെയും പിടിയില്‍ നിന്ന് വിട്ടുമാറാനായാല്‍ പിന്നീടൊരിക്കലും ഒരു തരത്തിലുള്ള ഭയാശങ്കകളും നിങ്ങളെ അലോസരപ്പെടുത്തുകയില്ല . എന്തിനോടും വേണ്ടതിലധികം പ്രതികരിക്കുന്ന, തീരെ ഒതുക്കമില്ലാത്ത ഒരു മനസ്സിന്റെ സൃഷ്ടികളാണ് ഭയവും അരക്ഷിതബോധവും

ചോദ്യം :- കാര്യങ്ങള്‍ പിടിയില്‍ നിന്നും വിട്ടുപോകുമ്പോള്‍ ഭയവും പരിഭ്രമവും തോന്നുന്നത് സ്വാഭാവികമല്ലേ?

സദ്‌ഗുരു :- നിങ്ങളുടെ കഴിവുകേടുകളെ മനുഷ്യസഹജമായി സ്വാഭാവികമായുണ്ടാകുന്ന പാകപ്പിഴകളായി കാണുന്നത് എന്തുകൊണ്ടാണ്? എന്റെ ജീവിതത്തില്‍ എന്തെങ്കിലും ചിലത് വേണ്ടവിധത്തില്‍ നടന്നില്ല എങ്കില്‍, അതിനെ കുറിച്ചൊന്നും ഞാന്‍ ആകുലനായില്ല എങ്കില്‍, അപ്പോഴും ഞാന്‍ എന്റെ മനസ്സിന്റെ സമനില കൈവിടാതെ എന്റെ കടമകള്‍ വേണ്ടത് പോലെ നിര്‍വഹിക്കുന്നു എങ്കില്‍, നിങ്ങള്‍ എന്നെ മനുഷ്യത്വമില്ലാത്തവന്‍ എന്ന് വിശേഷിപ്പിക്കുമോ ?

വണ്ടിയുടെ പാളം തെറ്റുമ്പോഴാണ്‌ നിങ്ങളുടെ ബുദ്ധിയും സാമര്‍ത്ഥ്യവും ഏറ്റവും ആവശ്യമായി വരുന്നത്. ആ സന്ദര്‍ഭത്തില്‍ നിങ്ങളുടെ മനസ്സ് തളര്‍ന്നാല്‍, നിങ്ങളുടെ കഴിവ് കൂടുമോ അതോ കുറയുമോ? തീര്‍ച്ചയായും കുറയുകയാണ് ചെയ്യുക. ഏറ്റവും ആവശ്യമായ സമയത്ത് സ്വന്തം കഴിവുകളെ കൂടെ കൂട്ടാന്‍ നിങ്ങള്‍ക്ക് കഴിയാതെ പോകുന്നു, അത് ബുദ്ധിയാണെന്ന് തോന്നുന്നുണ്ടോ? നിങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നുക ബുദ്ധിയില്ലാത്ത പെരുമാറ്റമാണ് മാനുഷികം എന്നാണ്. അത് തികച്ചും തെറ്റാണ്. ബുദ്ധിപൂര്‍വം ജീവിക്കുക , അതാണ്‌ മനുഷ്യന് പറഞ്ഞിട്ടുള്ളത്.

pexels