ചോദ്യകർത്താവ്.: ഉറക്കത്തെ കുറിച്ചാണ് എനിക്ക് അങ്ങയോട് ചോദിക്കാനുള്ളത്. അങ്ങ് ഇതിനെ കുറിച്ച് വളരെയധികം പറഞ്ഞു കഴിഞ്ഞിട്ടുണ്ട് എന്ന് എനിക്കറിയാം. പക്ഷെ കുറച്ചുകൂടി ആഴത്തില്‍ അതിനെ കുറിച്ച് പഠിക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്. ഉറക്കത്തിന്‍റെ സമയം കുറക്കുവാൻ സഹായിക്കുന്ന വളരെ ലളിതമായ കാര്യങ്ങൾ ഉണ്ടെന്നു അങ്ങു പറഞ്ഞിട്ടുണ്ട്. ഞാൻ എല്ലാ പരിശീലനങ്ങളും ചെയ്തു കഴിഞ്ഞാലും മറ്റുള്ളവരെക്കാൾ കൂടുതൽ ഉറക്കം എനിക്ക് ആവശ്യമുണ്ടെന്നു തോന്നുന്നു.

സദ്ഗുരു: ഞാൻ കൂടുതൽ ആഴത്തിൽ ഉറക്കത്തിലേക്കു പോകണമെന്നാണോ പറയുന്നത്!!!

ചോദ്യകർത്താവ് : അതിന്‍റെ ശാസ്ത്രത്തിലേക്കു ആഴത്തിൽ കടന്നാൽ നന്നായിരുന്നു.

സദ്ഗുരു: നിദ്ര എന്താണെന്ന് നാം മനസ്സിലാക്കണം. ശരീരത്തിന്‍റെ കേടുപാടുകൾ തീർക്കുവാനുള്ള സമയമാണ് നിദ്ര. ശരീരത്തിൽ ഉള്ള മാലിന്യം പുറത്തു കളയുവാനുള്ള സമയമാണ് അത്. ഓരോ ദിവസത്തെയും ജീവിതത്തിൽ ശരീരത്തിന് സംഭവിക്കുന്ന കേടുപാടുകൾ തീർത്ത് ശരീരത്തെ ശരിയായ അവസ്ഥയിൽ നിലനിർത്തുവാൻ വേണ്ട കാര്യങ്ങൾ ചെയ്യുവാനുള്ള സമയമാണത്. ഇത് ഓരോ കോശങ്ങളിലും, ശരീരത്തിലുള്ള ഊർജത്തിന്‍റെ കാര്യത്തിലും മറ്റു പല കാര്യങ്ങളിലും സംഭവിക്കുന്നതാണ്. എത്ര മാത്രം കേടുപാടുകൾ തീർക്കാനുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും പരിപാലനത്തിനാവശ്യമായ സമയം. ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടയിൽ നിങ്ങൾ സ്വയം എത്ര പരിക്കുകൾ ശരീരത്തിന് വരുത്തിവയ്ക്കും എന്നതാണ് ചോദ്യം. നിങ്ങളിൽ ഘർഷണം കൂടുതലാണെങ്കിൽ കേടുപാടുകൾ കൂടുതലുണ്ടായിരിക്കും. നിങ്ങളുടെ ശരീരഭാഗങ്ങൾ ശരിയായി പൊരുത്തപ്പെട്ടാണ് പ്രവർത്തിക്കുന്നതെങ്കിൽ, അവയെല്ലാം ശരിയായി എണ്ണയിട്ട രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ, ഘർഷണം കുറവായിരിക്കും . അങ്ങിനെയാണെങ്കിൽ പരിപാലനത്തിന് വേണ്ടി വരുന്ന സമയവും കുറഞ്ഞു വരും.

#1 ശുദ്ധമായ പഴകാത്ത ഭക്ഷണം കഴിക്കുക.

ഉറക്കം കുറയ്ക്കുന്നതിനായി ചെയ്യാവുന്ന കാര്യങ്ങൾ ഏതെല്ലാമാണ്.? ഒന്നാമതായി പഴകാത്ത ഭക്ഷണം കഴിക്കുക. യോഗ ചര്യയിൽ മനസ്സിലാക്കേണ്ട ഒരു കാര്യം ഭക്ഷണം പാകം ചെയ്തു കഴിഞ്ഞാൽ തൊണ്ണൂറു മിനിറ്റിനകം അത് കഴിക്കണം എന്നതാണ്. ആ സമയം കഴിഞ്ഞാൽ ആ ഭക്ഷണം നിർജ്ജീവമാകും. നിർജീവത്വം കൂടുതലുള്ള ഭക്ഷണം കഴിച്ചാൽ നിങ്ങളുടെ ശരീരം അലസമാകും. അപ്പോൾ കൂടുതൽ നേരം ഉറങ്ങേണ്ടി വരും; എന്തെന്നാൽ ഈ നിർജീവത്വത്തെ മറികടക്കുവാൻ ശരീരത്തിന് വളരെ അധികം ഊർജം ചിലവഴിക്കേണ്ടി വരും. അതുകൊണ്ട് നിങ്ങൾ മയങ്ങി പോകും. നിങ്ങൾ ഉപയോഗിക്കുന്ന ഊർജം ഉയർന്ന നിലവാരത്തിൽ ഉള്ളതല്ലാത്തതിനാൽ ശരീരത്തിന്‍റെ പരിപാലനത്തിന് കൂടുതൽ സമയം ആവശ്യമായി വരും. ഗുണനിലവാരം കുറഞ്ഞ ഇന്ധനമാണ് നിങ്ങൾ ശരീരത്തിന് നൽകുന്നത്.

ചീയുക എന്ന പ്രക്രിയ നല്ലതാണ്; എന്തെന്നാൽ അതിനർത്ഥം വേറെ ഒരു ജീവൻ ഉടലെടുത്തു എന്നാണ്. ചീയുമ്പോൾ വേറെ ഒരു ജീവി ആ വസ്തുവിനെ തന്‍റെ ആഹാരമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്കു കാണുവാൻ സാധിക്കാത്ത പലതരം സൂക്ഷ്മ ജീവികൾ സുഭിക്ഷമായി സദ്യ ഉണ്ണുകയാണ്. ആവേശത്തോടെ സദ്യ ഉണ്ടുകൊണ്ടിരിക്കുന്നവരെ ശല്യം ചെയ്‌താൽ നിങ്ങൾ കുഴപ്പത്തിലാകും.

ഭക്ഷണം പാകം ചെയ്യുമ്പോൾ ഒരുതരത്തിൽ നിങ്ങൾ അതിനെ കൊല്ലുകയാണ് ചെയ്യുന്നത് - അതായത് അതിനു പിന്നീട് ജീവനില്ല. അടുത്ത മൂന്ന് ദിവസത്തേക്ക് നിങ്ങൾ മരിക്കുന്നില്ല എങ്കിൽ നിങ്ങളുടെ ശരീരം ചീഞ്ഞു പോകുന്നില്ല, അല്ലേ? പക്ഷെ നിങ്ങൾ മരിച്ചു കഴിഞ്ഞാലോ? മൂന്ന് ദിവസം നിങ്ങളുടെ ശരീരം വെച്ചുകൊണ്ടിരുന്നാൽ അതു ചീഞ്ഞു പോകും. ഇത് എല്ലാ ജീവജാലങ്ങൾക്കും ബാധകമാണ്. സസ്യങ്ങളുടെ ഭാഗങ്ങളാകട്ടെ, ജന്തുക്കളുടെ മാംസമാകട്ടെ, അതുപോലുള്ള ഏതു സാധനമാകട്ടെ, വേവിച്ചു കഴിഞ്ഞാൽ ജീവൻ നഷ്ടപ്പെടുകയും ചീഞ്ഞു തുടങ്ങുകയും ചെയ്യും.

ചീയുക എന്ന പ്രക്രിയ നല്ലതാണ്; എന്തെന്നാൽ അതിനർത്ഥം വേറെ ഒരു ജീവൻ ഉടലെടുത്തു എന്നാണ്. ചീയുമ്പോൾ വേറെ ഒരു ജീവി ആ വസ്തുവിനെ തന്‍റെ ആഹാരമാക്കി മാറ്റുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്കു കാണുവാൻ സാധിക്കാത്ത പലതരം സൂക്ഷ്മ ജീവികൾ സുഭിക്ഷമായി സദ്യ ഉണ്ണുകയാണ്. ആവേശത്തോടെ സദ്യ ഉണ്ടുകൊണ്ടിരിക്കുന്നവരെ ശല്യം ചെയ്‌താൽ നിങ്ങൾ കുഴപ്പത്തിലാകും.

ബാക്ടീരിയയും അതുപോലുള്ള മറ്റു സൂക്ഷ്മ ജീവികളും ഭക്ഷിച്ചുകൊണ്ടിരിക്കുന്ന ആ ഭക്ഷണം നിങ്ങളും കഴിച്ചാൽ നിങ്ങൾ അപകടത്തിലാകും. അപകടമെന്ന് പറയുമ്പോൾ, നിങ്ങള്‍ക്ക് ഉടനെ തന്നെ എന്തെങ്കിലും അസുഖം ഉണ്ടാകുമെന്നു കരുതരുത്. അവയിൽ പലതിനും നിങ്ങളിൽ അണുബാധ ഉണ്ടാക്കുവാനുള്ള കഴിവില്ല. പക്ഷെ നിങ്ങളുടെ ഊർജം കുറയും, നിര്‍ജ്ജീവമാകുന്ന അവസ്ഥ അനുഭവപ്പെടും.

ഒരു വലിയ പീടികയിൽ പോയി സാധനങ്ങൾ വാങ്ങുന്നത് ആലോചിച്ചു നോക്കു. അവിടെയുള്ള പല സാധനങ്ങളും ഒരു മാസത്തിലധികമായി അവിടെ ഇരിക്കുന്നതാണ്. നിങ്ങൾ അത് കൊണ്ടു വന്നു നിങ്ങളുടെ ഫ്രിഡ്ജിൽ ഒരു മാസം സൂക്ഷിക്കും. നിങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ അതിൽ നിന്നും ഒരു കഷ്ണം കഴിക്കും. എട്ടു മണിക്കൂർ ഉറങ്ങുവാൻ ഡോക്ടർമാർ നിങ്ങളെ ഉപദേശിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നശിക്കും; ഈ ഡോക്ടർമാർ ഇങ്ങനെ പറയുന്നത് അവരും അത്തരത്തിലുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ടാണ്!

#2 ഭക്ഷണത്തിന്‍റെ ഗുണനിലവാരം

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരമാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇന്ന് നല്ല നിലവാരമുള്ള ഭക്ഷണം ലഭിക്കുവാൻ വളരെ പ്രയാസമാണ്. എന്തു കൊണ്ടെന്നാൽ നിങ്ങൾക്ക് കിട്ടുന്ന ഭക്ഷണ സാധനങ്ങൾ വാണിജ്യ താല്‍പര്യങ്ങൾ മാത്രം ശ്രദ്ധിച്ച് ഉണ്ടാക്കുന്നവയാണ് - കിലോഗ്രാമായി അളക്കുന്നത് വാണിജ്യം മാത്രമാണ് - അല്ലാതെ ശരീരത്തിന് വേണ്ട ഊർജം പ്രദാനം ചെയ്യുന്ന ഭക്ഷണമല്ല ലഭിക്കുന്നത്. ഒരാൾ ഒരു ഭക്ഷ്യ വസ്തു ഉത്പാദിപ്പിക്കുന്നത് അയാൾക്ക് അത് വിറ്റാൽ ഇത്രയും ലാഭം കിട്ടും എന്നുള്ള കണക്കു കൂട്ടലിൽ നിന്നാണ്. വ്യാപാരം നടക്കും; വേറെ ഒന്നും നടക്കുന്നില്ല. പോഷകഗുണത്തിനു വേണ്ടി അവർ പല വസ്തുക്കളും കൂട്ടി ചേർക്കും. മനുഷ്യ ശരീരം അങ്ങിനെയല്ല പ്രവർത്തിക്കുന്നത്. പ്രകൃതിയിലെ ചില കാര്യങ്ങൾ ഈ ശരീരത്തിന് സ്വീകരിക്കുവാൻ സാധിക്കും; എന്നാൽ സ്വീകരിക്കുവാൻ പറ്റാത്ത പല ഭാഗങ്ങളുമുണ്ട്.

#3 ലളിതമായ ഭക്ഷണം കഴിക്കുക

സങ്കീര്‍ണ്ണമല്ലാത്ത ഭക്ഷണം ആണ് കഴിക്കേണ്ടത്. സങ്കീര്‍ണ്ണത ഏറ്റവും കുറവായ ഭക്ഷണം കഴിക്കുകയാണെങ്കിൽ അത് അതിവേഗം നിങ്ങളുടെ ശരീരത്തിന്‍റെ ഭാഗമായി തീരും - കഴിച്ചു കഴിഞ്ഞു രണ്ടോ നാലോ മണിക്കൂറുകൾക്കുള്ളിൽ തന്നെ. ഇത്തരത്തിലുള്ള ഭക്ഷണം ഉറക്കത്തിന്‍റെ അളവിനേയും കുറയ്ക്കും . അമേരിക്കയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും കിലോ കണക്കിന് വ്യാപാരം (ഭക്ഷണം ) കഴിച്ചുകൊണ്ട് താമസിച്ചിരുന്ന ആളുകൾ ഈ ആശ്രമത്തിൽ വന്നതിനു രണ്ടോ,മൂന്നോ മാസത്തിനു ശഷം എന്നോട് പറയാറുണ്ട് അവർ വേണ്ടത്ര ഉറങ്ങാത്തതെന്താണെന്നു മനസ്സിലാകുന്നില്ല എന്ന്. അവരുടെ വിചാരം എട്ടു മണിക്കൂർ ഉറങ്ങണമെന്നാണ് . എന്നാൽ ഇവിടെ ഞങ്ങളുടെ കണക്കു പ്രകാരം നാലു മണിക്കൂർ ഉറങ്ങിയാൽ മതി. നാലു മണിക്കൂർ ഉറക്കം കൊണ്ട് കഴിച്ചു കൂട്ടുകയല്ല ഞങ്ങൾ ചെയ്യുന്നത്; ഞങ്ങൾ അഭിവൃദ്ധി പ്രാപിക്കുന്നുമുണ്ട്.

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ഒരു ശതമാനം പോലും കൃത്രിമ വസ്തുക്കൾ ഉണ്ടെങ്കിൽ, പോഷക പദാർത്ഥങ്ങൾ ആഗീരണം ചെയ്യുവാനുള്ള നിങ്ങളുടെ കഴിവ് ഗണ്യമായി കുറയും. ഇത് നിങ്ങളുടെ ഉറക്കത്തിന്‍റെ ദൈർഘ്യം കൂട്ടുകയും ചെയ്യും.

ഭക്ഷണത്തിൽ കൂടുതൽ രാസവസ്തുക്കളും, കൃത്രിമമായുണ്ടാക്കിയ വസ്തുക്കളും ഉണ്ടെങ്കിൽ അവയെ ദഹിപ്പിക്കുവാൻ നിങ്ങളുടെ ശരീരത്തിന് കഴിവുണ്ടാകുകയില്ല. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ഒരു ശതമാനം പോലും കൃത്രിമ വസ്തുക്കളടങ്ങിയതാണെങ്കിൽ - അതു രാസവളങ്ങളോ, രാസവസ്തുക്കളോ, കേടുവരാതെ ഇരിക്കുവാൻ ഉപയോഗിക്കുന്ന രാസ വസ്തുക്കളോ ആകാം - നിങ്ങളുടെ ദഹന പ്രക്രിയ അപകടത്തിലാകും. അമേരിക്കൻ ഐക്യനാടുകളിൽ ആളുകൾ വളരെ അധികം അമ്ലഹാരികൾ (ഉദരത്തിലെ അമിത അമ്ലത്തെ നശിപ്പിക്കുന്ന മരുന്ന് – അന്‍റാസിഡ് ) കഴിക്കുന്നുണ്ട്. അതിൽ നിന്നു മനസ്സിലാകുന്നത് അവർ വയറ്റിലേക്ക് കടത്തി വിടുന്ന വസ്തുക്കൾ വയറിനു യോജിച്ചതല്ല എന്നാണ്. നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത് നിങ്ങൾ പ്രേമത്തിലായതു കൊണ്ടല്ല. നെഞ്ചെരിയുന്നത് നിങ്ങളുടെ അന്നനാളം കത്തുന്നതു കൊണ്ടാണ്. അത് ആസിഡുകൾ മൂലമോ, മറ്റു പല കാരണങ്ങൾ കൊണ്ടോ ആകാം. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ഒരു ശതമാനം പോലും കൃത്രിമ വസ്തുക്കൾ ഉണ്ടെങ്കിൽ, പോഷക പദാർത്ഥങ്ങൾ ആഗീരണം ചെയ്യുവാനുള്ള നിങ്ങളുടെ കഴിവ് ഗണ്യമായി കുറയും. ഇത് നിങ്ങളുടെ ഉറക്കത്തിന്‍റെ ദൈർഘ്യം കൂട്ടുകയും ചെയ്യും. നിങ്ങളുടെ ശരീരം കഷ്ടപെടുമ്പോൾ, തീർച്ചയായും അതിനു ശീതകാല നിദ്രയിലെന്നപോലെ നിഷ്ക്രിയനായിട്ടിരിക്കാനാണ് താല്‍പര്യം.

#4 സന്തോഷവാനായിരിക്കുക

ഉറക്കമെന്നാൽ നിഷ്ക്രിയമായിരിക്കുന്ന ശീതകാലനിദ്ര പോലെയാണ്, ; താല്‍കാലികമായ മരണമാണ്; പരിപാലനത്തിനുള്ള സമയമാണ്; കേടുപാടുകൾ തീർക്കുവാനുള്ള സമയമാണ്. പകൽ സമയത് നിങ്ങളുടെ ശരീരത്തെ അധികം പരിക്ക് പറ്റാതെ സൂക്ഷിക്കുകയാണെങ്കിൽ, പരിപാലനത്തിനുള്ള സമയം കുറഞ്ഞു വരും എന്ന് കാണാവുന്നതാണ്. ഇതിനായി ശരിയായ ഭക്ഷണം കഴിക്കുകയും സന്തോഷവാനായി ഇരിക്കുകയും വേണം. സ്വയം സന്തോഷവാനായിരിക്കുകയാണെങ്കിൽ, ശരീരത്തിൽ ഘർഷണമൊന്നും ഇല്ല എങ്കിൽ, സന്തുലനം നേടിയതുകാരണം ഊർജ്ജവ്യൂഹത്തിലും ഘർഷണം ഇല്ലായെങ്കിൽ ; മനസ്സിലും വികാരങ്ങളിലും ഘർഷണം ഇല്ല എങ്കിൽ, നിങ്ങളുടെ ഉറക്കത്തിന്‍റെ സമയം തീർച്ചയായും കുറയും.

#5 ആവശ്യങ്ങളില്ലാതിരിക്കുക.

ശരീരത്തിന്‍റെ സമതുലനവും, സന്തോഷത്തിൽ നിന്ന് ലഭിക്കുന്ന വഴക്കവും - അതിനെ സ്നേഹം എന്നോ, സന്തോഷം എന്നോ, ഭക്തി എന്നോ മറ്റെന്തെങ്കിലും പേരുപയോഗിച്ചോ വിളിക്കാം - .ഉണ്ടെങ്കിൽ, നിങ്ങളിൽ ഓരോ നിമിഷവും ആസ്വാദ്യകരമായതെന്തോ സംഭവിക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ ഉറക്കത്തിന്‍റെ സമയം നാടകീയമായി തന്നെ കുറയുന്നത് കാണാം. ആവശ്യങ്ങളൊന്നും ഇല്ലാതെ ഇവിടെ ജീവിക്കുവാൻ സാധിക്കുകയാണെങ്കിൽ നിങ്ങള്‍ക്ക് വെറുതെ ഇരിക്കാം; യാതൊന്നും ചെയേണ്ടതില്ല, യാതൊന്നും കൈവശം വെക്കേണ്ടതില്ല, ആവശ്യങ്ങളില്ലാതാകുകയാണെങ്കിൽ, ഉറക്കവും ആവശ്യമല്ലാതാകും.