ചോദ്യം: സാധനയനുഷ്ടിക്കുമ്പോള്‍ ഞാന്‍ മയങ്ങിപ്പോകുന്നു. ക്ഷീണം മൂലമാകുമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ ധ്യാനിക്കാന്‍ കണ്ണടച്ചാല്‍ ഉടനെ ഞാന്‍ ഉറങ്ങിപ്പോകുന്നു. ഉണര്‍ന്നിരിക്കാന്‍ എന്താണു മാര്‍ഗം സദ്ഗുരു?

സദ്ഗുരു: ആദ്യമായി നമുക്ക് ഉറക്കം എന്നാല്‍ എന്താണെന്നു നോക്കാം. പകല്‍സമയത്ത് നിങ്ങള്‍ നിദ്രയ്ക്കു വഴിപ്പെടുന്നുണ്ടെങ്കില്‍ ഒരു വൈദ്യപരിശോധന നടത്തണം. നിങ്ങളുടെ ശരീരവ്യൂഹത്തിന്എന്തെങ്കിലും തകരാറ് പറ്റിയിട്ടുണ്ടോ എന്ന് കണ്ടു പിടിക്കണം. ശാരീരികമായ എന്തെങ്കിലും വൈഷമ്യങ്ങളുണ്ടെങ്കില്‍ നിങ്ങളുടെ ശരീരം വിശ്രമം കാംക്ഷിക്കും. അപ്പോള്‍ നിങ്ങള്‍ സാധാരണയില്‍ കൂടുതല്‍ ഉറങ്ങും.

വെളുപ്പിനു മൂന്നര മണിയോടെ നിങ്ങള്‍ക്ക് ഉറക്കത്തില്‍ നിന്ന് നവോന്മേഷത്തോടെ ഉണരാന്‍ സാധിക്കും. അപ്പോള്‍ത്തന്നെ ധ്യാനത്തിനിരിക്കുകയും ചെയ്യാം. യോഗ സമ്പ്രദായത്തില്‍ ഈ സമയം ബ്രാഹ്മമുഹൂര്‍ത്തം എന്നറിയപ്പെടുന്നു.

രണ്ടാമതായി, നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം. വേവിക്കാത്ത പച്ചക്കറി ഒരു നിശ്ചിത അളവില്‍ നിത്യവും കഴിക്കേണ്ടത്‌ നിങ്ങളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. ഭക്ഷണം പാകം ചെയ്യുമ്പോള്‍ ഒരു വലിയ അളവില്‍ “പ്രാണന്‍” നഷ്ടപ്പെടും. ശരീരം ആലസ്യത്തിനു വഴിപ്പെടാനുള്ള ഒരു കാരണം ഇതാണ്. പാകം ചെയ്യാത്ത ഭക്ഷണം അഥവാ പ്രാണന്‍ നഷ്ടപ്പെടാത്ത ഭക്ഷണം കഴിച്ചാല്‍ ഒട്ടേറെ ഗുണങ്ങളുണ്ട്. അതിലൊന്ന് നിങ്ങളുടെ ഉറക്കത്തിന്‍റെ ദൈര്‍ഘ്യം നല്ലതു പോലെ കുറയും എന്നതാണ്. ഊര്‍ജം കൈകാര്യം ചെയ്യുന്ന രീതിയെ ആശ്രയിച്ചിരിക്കും നിങ്ങളുടെ അവധാനത.

ധ്യാനിക്കണമെങ്കില്‍ നിങ്ങള്‍ മനസ്സു കൊണ്ടു മാത്രം ജാഗ്രത പുലര്‍ത്തിയാല്‍ പോര, ഊര്‍ജത്തെയും ശ്രദ്ധയോടെ നിലനിര്‍ത്തണം. യോഗചര്യയനുഷ്ടിക്കുന്നവര്‍ക്ക് ഇതിനു സഹായകമായ ഒരു നിര്‍ദ്ദേശം നല്‍കാം: നിങ്ങള്‍ ഇരുപത്തി നാലു വായ ഭക്ഷണം മാത്രമേ കഴിക്കാവൂ. അതില്‍ ഓരോ വായ ഭക്ഷണവും ചുരുങ്ങിയത് ഇരുപത്തി നാലു തവണയെങ്കിലും ചവയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ഭക്ഷണത്തിന്‍റെ ദഹനം വായില്‍ വെച്ചു തന്നെ ആരംഭിക്കുന്നു, ആലസ്യം തോന്നില്ല.

അത്താഴം നല്ല വണ്ണം ചവച്ചരച്ചു കഴിച്ചതിനു ശേഷം ഉറങ്ങി നോക്കൂ. വെളുപ്പിനു മൂന്നര മണിയോടെ നിങ്ങള്‍ക്ക് ഉറക്കത്തില്‍ നിന്ന് നവോന്മേഷത്തോടെ ഉണരാന്‍ സാധിക്കും. അപ്പോള്‍ത്തന്നെ ധ്യാനത്തിനിരിക്കുകയും ചെയ്യാം. യോഗ സമ്പ്രദായത്തില്‍ ഈ സമയം ബ്രാഹ്മമുഹൂര്‍ത്തം എന്നറിയപ്പെടുന്നു. ഉറക്കമുണരാന്‍ പറ്റിയ ശുഭമുഹൂര്‍ത്തമാണിത്. എന്തെന്നാല്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ നിങ്ങളുടെ സാധനയ്ക്കു പ്രകൃതിയില്‍ നിന്നു തന്നെ അതിരിക്തമായ സഹായം ലഭിക്കും. ഉണര്‍ന്നയുടനെ കുളിച്ചു ഈറന്‍ തലയോടെ ധ്യാനത്തിനിരുന്നാല്‍ എട്ടു മണി വരെ ജാഗ്രതയോടെ ഉണര്‍ന്നിരിക്കാന്‍ സാധിക്കും.

രാവിലത്തെ ഭക്ഷണവും ഇരുപത്തി നാലു വായയാക്കി നിജപ്പെടുത്തിയാല്‍, രാത്രി വരെ നിങ്ങള്‍ക്ക് ഉറക്കം വരികയില്ല. ഒന്നര- രണ്ടു മണിക്കൂര്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്കു വിശപ്പനുഭവപ്പെടും; അത് വളരെ നല്ലതാണ്. വയര്‍ ഒഴിഞ്ഞതു കൊണ്ട് ഭക്ഷണം കഴിക്കാം എന്നല്ല ഇതിനര്‍ത്ഥം. വെള്ളം കുടിക്കൂ; നിറയെ വെള്ളം കുടിക്കൂ. ദിവസം മുഴുവന്‍ ജാഗ്രതയോടെ ഊര്‍ജസ്വലത പുലര്‍ത്താന്‍ സാധിക്കും. കഴിച്ച ഭക്ഷണം വെറുതെ നഷ്ടപ്പെടുത്താതെ ശരിയായി ഉപയോഗിക്കാന്‍ നിങ്ങളുടെ ശരീരം പഠിക്കും. സാമ്പത്തികമായും പാരിസ്ഥിതികമായും ഇതു നല്ലതാണു. നിങ്ങളുടെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും. ഇത്തരത്തില്‍ ഭക്ഷണരീതി ക്രമീകരിച്ചാല്‍ ഒരിക്കലും രോഗം പിടിപെടുകയില്ല.