അനുഗ്രഹങ്ങളുടെ ഫലം

gift box

सद्गुरु

അനുഗ്രഹം വെറും വിചാരമല്ല. ഒരു കുമ്പിള്‍ ഊര്‍ജ്ജമാണ്. സ്വയം ജലരൂപത്തിലായാല്‍, അടുപ്പത്ത് വച്ചു വേവിച്ചാല്‍, കലം അടിയില്‍ പിടിച്ചു കരിഞ്ഞു പോകില്ല. അയവില്ലാതെ കട്ടപിടിച്ചു കിടക്കുമ്പോഴാണ് അടിയില്‍ പിടിക്കുന്നത്.

ചോദ്യം :- മഹാത്മാക്കളും യോഗികളും മറ്റും അനുഗ്രഹമരുളുന്നത് കാണാറുണ്ട്‌. വാസ്തവത്തില്‍ എന്താണതിന്റെ അര്‍ത്ഥം?

സദ്‌ഗുരു :- “നിങ്ങള്‍ക്ക് നല്ലതുവരട്ടെ” എന്നാരെങ്കിലും ആശംസിച്ചാല്‍ അതൊരു അനുഗ്രഹമല്ല . അതൊരു ആശംസ മാത്രമാണ്. എന്നുവെച്ചാല്‍ ഒരു ശുഭപ്രതീക്ഷ. അതങ്ങിനെതന്നെയാകും എന്നുറപ്പൊന്നും ഇല്ല. നല്ലൊരു വിചാരം എന്നുമാത്രം കണക്കാക്കിയാല്‍ മതി. എന്നാല്‍ അനുഗ്രഹം വെറും വിചാരമല്ല. ഒരു കുമ്പിള്‍ ഊര്‍ജ്ജമാണ്. സ്വയം ജലരൂപത്തിലായാല്‍, അടുപ്പത്ത് വച്ചു വേവിച്ചാല്‍, കലം അടിയില്‍ പിടിച്ചു കരിഞ്ഞു പോകില്ല. അയവില്ലാതെ കട്ടപിടിച്ചു കിടക്കുമ്പോഴാണ് അടിയില്‍ പിടിക്കുന്നത്. നിങ്ങളുടെ ഉള്ളിലുള്ള ഊര്‍ജ്ജം അയവുള്ളതാണെങ്കില്‍, അതില്‍ നിന്ന് അല്പമെടുത്ത് ഇനിയൊരാള്‍ക്ക് കൊടുക്കാന്‍ പ്രയാസമുണ്ടാവുകയില്ല. എന്നാല്‍ നിങ്ങള്‍ കരിഞ്ഞ പാത്രമാണെങ്കില്‍, അതില്‍ നിന്നൊന്നും ഒരാള്‍ക്കുമെടുത്ത് കൊടുക്കാനാവില്ല. കാരണം അതാകെ കട്ടപിടിച്ചിരിക്കുകയല്ലേ. അനുഗ്രഹമെന്നാല്‍ വെറുമൊരു ചിന്തയോ വികാരപ്രകടനമോ അല്ല, അത് നിങ്ങളുടെ പുരോഗതിയെ ത്വരിതപ്പെടുത്തുന്ന ഒന്നാണ്, കാറില്‍ പെട്രോള്‍ ഒഴിക്കുന്നത് പോലെ. ടാങ്കില്‍ പെട്രോള്‍ നിറക്കുമ്പോള്‍ കാര്‍ ഓടിതുടങ്ങുന്നു. ഉന്തിയും തള്ളിയും ഒരു കാര്‍ എത്രത്തോളം നീക്കാനാകും. കാറില്‍ വേണ്ടത്ര ഇന്ധനമുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും വേഗത്തില്‍ ചെന്നെത്താം – വഴിയും ദൂരവും ഒന്നും പ്രശ്നമാവില്ല.

കാറില്‍ വേണ്ടത്ര ഇന്ധനമുണ്ടെങ്കില്‍ എവിടെ വേണമെങ്കിലും വേഗത്തില്‍ ചെന്നെത്താം – വഴിയും ദൂരവും ഒന്നും പ്രശ്നമാവില്ല

ചിലര്‍ക്കിഷ്ടം നിര്‍ത്തിയിട്ടിരിക്കുന്ന കാറാണ്. അങ്ങിനെയുള്ളവര്‍ക്ക് ഓടുന്ന കാര്‍ അപകടകാരിയാണ്. നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍ സുരക്ഷിതമാണ്. സുഖമായി ഇരിക്കാം. പകലും രാത്രിയും മാറി മാറി വരുന്നു. ഋതുക്കളും മാറിമാറി വരുന്നു. ചുറ്റുപാടുകളിലും ആ മാറ്റം പ്രകടമാകുന്നു. നിങ്ങള്‍ യാത്ര ചെയ്യുകയാണെന്ന ഒരു പ്രതീതി . അതും ഒരു വിധത്തില്‍ രസം തന്നെ. പക്ഷെ നിങ്ങള്‍ എങ്ങും പോകുന്നില്ല, നിന്നിടത്തു തന്നെ നില്പാണ്. എന്നാല്‍ നിങ്ങളില്‍ അല്പം സാഹസമുണ്ടെങ്കില്‍ കാറോടിച്ച് എങ്ങോട്ടെങ്കിലും പോകാന്‍ തോന്നും. അതിന് തീര്‍ച്ചയായും ഇന്ധനം വേണം. ആ ഇന്ധനമാണ് അനുഗ്രഹം.
ദൌര്‍ഭാഗ്യവശാല്‍ പലരും അനുഗ്രഹങ്ങളെ തിരിച്ചറിയുന്നില്ല. അവര്‍ തങ്ങളിലേക്കെത്തുന്ന അനുഗ്രഹങ്ങളെ തള്ളികളയുന്നു. അനുഗ്രഹങ്ങള്‍ തനതായ ആടയാഭരണങ്ങണിഞ്ഞാണ് ജീവിതത്തിലേക്ക് കടന്നുവരിക എന്ന് അവര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ വിചാരിക്കരുത്, പ്രത്യേകിച്ചും എന്നെ സംബന്ധിച്ചിടത്തോളം അവ എത്തിച്ചേരുന്നത് പലവിധത്തിലും തരത്തിലുമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത രൂപത്തിലും ഭാവത്തിലുമാണ് അവ എന്റെ വാതിലില്‍ വന്നു മുട്ടുന്നത്.

ദൌര്‍ഭാഗ്യവശാല്‍ പലരും അനുഗ്രഹങ്ങളെ തിരിച്ചറിയുന്നില്ല. അവര്‍ തങ്ങളിലേക്കെത്തുന്ന അനുഗ്രഹങ്ങളെ തള്ളികളയുന്നു

അസാധാരണമായ സമ്മാനപൊതികള്‍

കഴിഞ്ഞ തണുപ്പുകാലത്ത് ഒരു കുഞ്ഞിക്കിളി ശരത്കാലത്തിന്റെ സുഖം കുറച്ചേറെ നുകര്‍ന്നു. തണുപ്പുകാലമായിതുടങ്ങി, തെക്കോട്ടുള്ള യാത്രക്ക് സമയമായി എന്നവള്‍ ഓര്‍മ്മിച്ചില്ല. ഓര്‍മ്മ വന്നപ്പോഴേക്കും കാലം വൈകിയിരുന്നു. നല്ല തണുപ്പ്, അവള്‍ക്ക് വിചാരിച്ചതുപോലെ പറക്കാനായില്ല. അധികം ചെല്ലും മുമ്പേ അവള്‍ മരവിച്ചു താഴെ വീണു. ആ വഴി കടന്നുപോയ ഒരു പശു താഴെ വീണുകിടന്ന കിളിയുടെ മേലെ തന്നെ ചാണകമിട്ടു . ചൂടുചാണകം കിളിയുടെ മരവിപ്പ് മാറ്റി. അവള്‍ തളര്‍ച്ച മാറി ചിലയ്ക്കാന്‍ തുടങ്ങി. നല്ല സന്തോഷവും ഉന്മേഷവും. വലിയൊരു മരവിപ്പില്‍ നിന്നല്ലേ രക്ഷപ്പെട്ടത്‌! വാസ്തവത്തില്‍ അവിടെ കിടന്ന് ചത്തുപോയേനെ. അപ്പോഴാണ്‌ ഒരു പൂച്ച ആ വഴി വന്നത്. അവന്‍ അരികിലെവിടെയോ നിന്ന് ഒരു കിളിയൊച്ച കേട്ടു. കാതോര്‍ത്തപ്പോള്‍ മനസ്സിലായി കിളിയൊച്ച വരുന്നത് ചാണകകൂനയില്‍ നിന്നാണ്. അവന്‍ കാത്തുനിന്നില്ല… അതില്‍ നിന്ന് കിളിയെ പുറത്തേക്കു വലിച്ചെടുത്തു. സന്തോഷത്തോടെ തിന്നുകയും ചെയ്തു

കഥയുടെ ഗുണപാഠം ഇതാണ്, മേലേയ്ക്ക് ചാണകം എറിയുന്ന ആള്‍ നിങ്ങളുടെ ശത്രുവാകണമെന്നില്ല. അതില്‍ നിന്നും പുറത്തേക്കു വലിച്ചെടുക്കുന്നയാള്‍ നിങ്ങളുടെ മിത്രമാകണമെന്നുമില്ല. അതുമാത്രമല്ല ആകെ നാറി നില്കുമ്പോള്‍ വായടച്ചു നില്‍ക്കുന്നതാണ് നല്ലതെന്നും കൂടി ഓര്‍മ്മ വേണം. ഏതു വഴിക്കാണ് അനുഗ്രഹങ്ങള്‍ വന്നെത്തുക എന്നു പറയാനാവില്ല. അതുകൊണ്ടാണ് പറയുന്നത്, ജനലുകളും വാതിലുകളുമെല്ലാം തുറന്നു വെയ്ക്കണം. അനുഗ്രഹപ്പൊതികള്‍ പല കെട്ടിലും മട്ടിലുമായിരിക്കും മടിയില്‍ വന്നു വീഴുക. അനുഗ്രഹമാണെന്ന് മനസ്സിലാക്കുമ്പോള്‍ എന്തുകൊണ്ടോ അതിന്റെ തിളക്കം കുറയുന്നു. അറിയാതെ ലഭിക്കുന്ന അനുഗ്രഹം ……അതിന്റെ ശോഭ ഒന്ന് വേറെയാണ്. അതുകൊണ്ടാണ് പലപ്പോഴും തിരിച്ചറിയാനാവാത്ത രീതിയില്‍ അനുഗ്രഹങ്ങള്‍ പൊതിഞ്ഞു കിട്ടുന്നത്, എന്നാല്‍ കിട്ടിയത് അനുഗ്രഹമാണെന്ന് തിരിച്ചറിയാന്‍ … അതിനുവേണം തനതായൊരു ബുദ്ധി .

https://www.publicdomainpictures.netബന്ധപ്പെട്ട പോസ്റ്റുകള്‍


Type in below box in English and press ConvertLeave a Reply

Your email address will not be published. Required fields are marked *