सद्गुरु

ജീവിതം കുറെ ജീവിച്ചു തീരുമ്പോഴാണ്‌ അനുഭവങ്ങളില്‍ നിന്നും നമ്മള്‍ പല പാഠങ്ങളും പഠിക്കുക. ഒരു കാലത്ത്‌ വളരെ നല്ലത്‌ എന്ന്‍ കരുതിയിരുന്ന പലതും അത്ര ഗുണമുള്ളതല്ല എന്ന്‍ കാലക്രമത്തില്‍ നമുക്ക്‌ ബോദ്ധ്യമാവുന്നു.

സദ്‌ഗുരു: ജീവിതം കുറെ ജീവിച്ചു തീരുമ്പോഴാണ്‌ അനുഭവങ്ങളില്‍ നിന്നും നമ്മള്‍ പല പാഠങ്ങളും പഠിക്കുക. ഒരു കാലത്ത്‌ വളരെ നല്ലത്‌ എന്ന്‍ കരുതിയിരുന്ന പലതും അത്ര ഗുണമുള്ളതല്ല എന്ന്‍ കാലക്രമത്തില്‍ നമുക്ക്‌ ബോദ്ധ്യമാവുന്നു. “സത്യത്തിന്റെ സ്വഭാവം എന്താണ്‌” എന്നു ചോദിച്ചപ്പോള്‍ ശ്രീകൃഷ്‌ണന്‍ നല്‍കിയ മറുപടി ശ്രദ്ധാര്‍ഹമാണ്‌, “വിഷമെന്നു കരുതുന്നത്‌ അമൃതമാണ്‌; അമൃതമെന്നു ധരിച്ചത്‌ വിഷവും.”

ഈ സത്യം ബോദ്ധ്യപ്പെടാന്‍ കുറെയധികം അനുഭവങ്ങളുടെ പിന്‍ബലം വേണം. നഷ്‌ടങ്ങളും കോട്ടങ്ങളും കൂടാതെ ഈ സത്യം ബോധിക്കുന്നവര്‍ എത്രയോ ചുരുക്കം! പലരും ഈ പാഠം പഠിക്കുന്നത്‌ ഏറെ വൈകിയ വേളയിലാണ്‌. അപ്പോഴേക്കും ജീവിതത്തില്‍ അതിന്റെ പ്രസക്തിയും മിക്കവാറും നഷ്‌ടപ്പെട്ടിരിക്കും. അതുകൊണ്ട്‌ ധാരാളം അനുഭവങ്ങളില്‍ കൂടി കടന്നുപോകൂ, നല്ലതും നന്നല്ലാത്തതും ആയവ. എന്നിട്ടെല്ലാം ഒരു പാഠമായിക്കാണാന്‍ ശ്രമിക്കൂ. എത്രയും വേഗത്തില്‍, 'വിഷമെന്നു കരുതുന്നത്‌ അമൃതമാണ്‌; അമൃതമെന്നു ധരിച്ചത്‌ വിഷവും' എന്ന സത്യം മനസ്സിലാക്കാന്‍ ശ്രമിക്കൂ. അങ്ങനെ ജീവിതം കൂടുതല്‍ തെളിവാര്‍ന്നതായിത്തീരട്ടെ.

മനസ്സും ശരീരവും ചേര്‍ന്നുള്ള ഒരൊത്തുകളി കാരണം, പല കാര്യങ്ങളും “ഇതാണ്‌ ശരി” എന്നു നമുക്ക് ആ സമയത്തുതോന്നും. പിന്നീട്‌ തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാവും ആ ധാരണ അത്ര ശരിയായിരുന്നില്ല എന്ന്‍.

വളരെ പ്രധാന്യമുള്ളത്‌ എന്ന്‍ വിചാരിച്ചിരുന്ന പലതും പിന്നീട്‌ അത്ര സാരമായിട്ടുള്ളതല്ല എന്ന്‍ നമുക്ക്‌ തോന്നാറില്ലേ? പതിനാറുവയസ്സിലെ കാഴ്‌ചപ്പാടായിരിക്കില്ല മുപ്പത്തിരണ്ടു വയസ്സാകുമ്പോള്‍. ആ വയസ്സില്‍ ആ പാഠം ഉള്‍ക്കൊള്ളാനായില്ല എങ്കില്‍ പിന്നീടാ ബുദ്ധിയുണരുന്നത് ഒരുപക്ഷെ അറുപതോ എഴുപതോ വയസ്സാകുമ്പോഴായിരിക്കും. അതിനിടയില്‍ വര്‍ഷങ്ങളെത്ര പാഴായിപ്പോയി എന്നൊന്നാലോചിച്ചു നോക്കൂ!

ഒരു തമാശക്കഥ പറയാം. ഒരു പാഠവും അതില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്‌. ഒരു കാറപകടത്തില്‍ പെട്ട്‌ മരണമടഞ്ഞ ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരേ സമയം സ്വര്‍ഗത്തിലെത്തി. അവര്‍ ആദ്യം കണ്ടത്‌ അതിഗംഭീരമായ ഒരു “ഗോള്‍ഫ്‌ കോര്‍സാ"ണ്‌. രണ്ടുപേരും കളിക്കാനിറങ്ങി. പെട്ടെന്ന്‍ ഭര്‍ത്താവിന്റെ മുഖം മങ്ങി.

“എന്തു പറ്റി?” ഭാര്യ ഉത്കണ്ഠയോടെ ചോദിച്ചു.

ആ ചുറ്റുപാടിന്റെ മനോഹാരിതയില്‍ മുഴുകി, നിരാശനായി അയാള്‍ പറഞ്ഞു, “ആയുസ്സിന്റെ വലുപ്പം കൂട്ടാനും ആരോഗ്യത്തിനും എന്നൊക്കെ പറഞ്ഞു നീ തന്നിരുന്ന പ്രത്യേകതരം ഭക്ഷണവും, മരുന്നും – അതൊന്നുമില്ലായിരുന്നുവെങ്കില്‍ ഇതിലും എത്രയോ മുമ്പ്‌ ഞാന്‍ ഇവിടെ വന്നെത്തിച്ചേര്‍ന്നേനെ.”

മനസ്സും ശരീരവും ചേര്‍ന്നുള്ള ഒരൊത്തുകളി കാരണം, പല കാര്യങ്ങളും “ഇതാണ്‌ ശരി” എന്നു നമുക്ക് ആ സമയത്തുതോന്നും. പിന്നീട്‌ തിരിഞ്ഞുനോക്കുമ്പോള്‍ മനസ്സിലാവും ആ ധാരണ അത്ര ശരിയായിരുന്നില്ല എന്ന്‍. കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു എന്നത്തിലുള്ള ഖേദം നമ്മെ അലട്ടിക്കൊണ്ടേയിരിക്കും. സര്‍വ്വസാധാരണമായി കണ്ടുവരുന്ന സവിശേഷമാണിത്‌. സമൂഹമനസ്സുതന്നെ ആ വിധത്തിലായിരിക്കുന്നു. പുതുതായി എന്തെങ്കിലുമൊന്നു കേള്‍ക്കേണ്ട താമസം, മുന്നിലോട്ടു നോക്കാതെയുള്ള ഒച്ചയും ബഹളവും, അതിനെ ചുറ്റിപ്പറ്റിയുള്ള ആവേശപ്രകടനം, ഒന്നിനെ കുറിച്ചും ആഴത്തില്‍ മനസ്സിലാക്കാതെയും ചിന്തിക്കാതെയുമുള്ള എടുത്തുചാട്ടം, ഇതെല്ലാം ഭാവിയില്‍ വിനാശകരമായിത്തീരുകയും ചെയ്യും.

നാടന്‍ ഭാഷകളിലുള്ള ചില ചൊല്ലുകള്‍ ഓര്‍മ്മ വരുന്നു. “പല്ലുകളെല്ലാം കൊഴിഞ്ഞതിനുശേഷം അണ്ടിപ്പരിപ്പ്‌ കൊറിക്കാന്‍ കിട്ടിയിട്ടെന്തു കാര്യം? മുടി മുഴുവന്‍ കൊഴിഞ്ഞുപോയ ഒരാള്‍ക്ക്‌ സമ്മാനമായി ഒരു ചീര്‍പ്പു കൊടുക്കുന്നതുകൊണ്ട് എന്തു പ്രയോജനം?” ഇതുപോലെയാണ്‌, ജീവിതം പകുതിയിലധികം പിന്നിട്ടതിനുശേഷം ബുദ്ധി ഉറച്ചിട്ടെന്തു വിശേഷം? പോയ കാലം തിരികെ കിട്ടില്ലല്ലോ!

കാലം കഴിഞ്ഞിട്ടല്ല, നല്ല കാലത്തുതന്നെ വേണ്ടതു തോന്നണം. ഓരോ അനുഭവവും ഓരോ പാഠമാണ്‌. പഠിക്കാനുള്ളത്‌ വേണ്ടസമയത്തുതന്നെ ഉള്‍കൊള്ളണം.

യൌവ്വനവും ആരോഗ്യവും നിലനില്‍ക്കേ, ജീവിതം മുഴുവന്‍ മുന്നിലുണ്ടായിരിക്കേ, അപ്പോഴാണ്‌ ജീവിതത്തിലേക്ക്‌ ബുദ്ധിയുടെ പ്രവാഹം കുതിച്ചെത്തേണ്ടത്‌. ‘കാരണവരുടെ ശവക്കുഴി തോണ്ടവേ നിധി കിട്ടി’ എന്നു പറഞ്ഞതുപോലെയാവരുത്‌. കാലം കഴിഞ്ഞിട്ടല്ല, നല്ല കാലത്തുതന്നെ വേണ്ടതു തോന്നണം. ഓരോ അനുഭവവും ഓരോ പാഠമാണ്‌. പഠിക്കാനുള്ളത്‌ വേണ്ടസമയത്തുതന്നെ ഉള്‍കൊള്ളണം. അത്‌ നിങ്ങളുടെ ജീവിതത്തിന്‌ ശരിയായ ദിശാബോധം നല്‍കും. ബുദ്ധി അല്ലെങ്കില്‍ വിവേകം യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നല്ല, ബോധപൂര്‍വ്വം വളര്‍ത്തിയെടുക്കുകതന്നെ വേണം. ശരിയായ കാഴ്‌ചപ്പാടുണ്ടാകണം. എങ്കിലേ ഏതു കാര്യത്തിലും വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്താനാവൂ.

പലപ്പോഴും നമ്മളൊരു കപട സ്വര്‍ഗത്തിലാണ്‌. അതിനുള്ള കാരണം കാര്യങ്ങള്‍ നേരാംവണ്ണം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ്‌. ശരിയായ ആലോചന കൂടാതെ എന്തിലെങ്കിലും മുറുകെ കയറിപ്പിടിക്കുന്നു. നിങ്ങളെ പിന്‍താങ്ങാന്‍ പത്തുപേര്‍ കൂടെ കൂടുകയും ചെയ്യും. എല്ലാവരും അതേ മാനസികനിലവാരമുള്ളവര്‍. വിവേകപൂര്‍വ്വമല്ലാത്ത പ്രവൃത്തികള്‍ വ്യര്‍ത്ഥമായിത്തീരുകയും ചെയ്യുന്നു, പക്ഷെ വലിയൊരു “ശരി” ചെയ്യുന്നു എന്ന വിശ്വാസത്തോടെയാണ് അതിനു മുന്‍കൈയെടുത്തവരെല്ലാം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

അങ്ങനെയുള്ള അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവാതിരിക്കട്ടെ. “വൈകി ഉദിച്ച ബുദ്ധി” എന്ന പ്രയോഗം നിങ്ങളെ നോക്കി ആര്‍ക്കും പറയാന്‍ ഇടവരാതിരിക്കട്ടെ, അഥവാ അങ്ങനെ സംഭവിച്ചാലും സമാധാനിക്കാം – വൈകിയിട്ടാണെങ്കിലും ബുദ്ധി തെളിഞ്ഞല്ലോ!

അനുഭവങ്ങള്‍ സമ്പാദിക്കണം എന്ന്‍ സാധാരണയായി പറയാറുണ്ട്‌. അങ്ങനെ സമ്പാദിക്കാന്‍ പറ്റുന്ന ഒന്നാണോ അനുഭവം? തുറന്ന മനസ്സുണ്ടെങ്കില്‍ അനുഭവങ്ങളും താനേ ഉണ്ടായിക്കൊള്ളും. ഒന്നിലും ഇടപെടാതെ, അവനവനെ കാത്തുസൂക്ഷിക്കുന്ന പ്രകൃതമാണ്‌ നിങ്ങളുടേതെങ്കില്‍, അനുഭവങ്ങളും അകന്നുമാറിനില്‍ക്കുകയേയുള്ളു. ജീവിതത്തെ അതെങ്ങനെയോ, അതേപടി സ്വീകരിക്കാനുള്ള മനോഭാവം ഉണ്ടായിരിക്കണം. ജീവിതത്തില്‍നിന്ന്‍ ആര്‍ക്കെങ്കിലും ഒളിച്ചോടിപ്പോകാനാവുമൊ? ആ വിചാരംതന്നെ അബദ്ധമല്ലേ? നിങ്ങള്‍ ഒരു ജീവിയാണ്‌. അതുകൊണ്ടുതന്നെ നിങ്ങള്‍ക്കു ജീവിക്കാതിരിക്കാനാവില്ല.

ഒരുദാഹരണം പറയാം, ഓഹരി വിപണിയില്‍ നിങ്ങള്‍ക്ക്‌ കനത്ത നഷ്‌ടം സംഭവിച്ചു, അല്ലെങ്കില്‍ ഭാര്യയുമായോ, ഭര്‍ത്താവുമായൊ വലിയൊരു വഴക്കുണ്ടായി. ആ സാഹചര്യത്തില്‍ മരിച്ചാല്‍മതി എന്ന തോന്നല്‍ ശക്തമാകും. രണ്ടു മിനിറ്റുനേരം മൂക്കും വായും അമര്‍ത്തി പൊത്തിപ്പിടിച്ച് ഒന്നിരുന്നു നോക്കൂ. മരിക്കാനൊന്നും ശ്രമിക്കണ്ട, ആ അനുഭവം മനസ്സിലാക്കിയാല്‍ മതി. മനസ്സോ ബുദ്ധിയോ പറയുന്നതു കേള്‍ക്കണ്ട, ഞാന്‍ പറയുന്നതും ശ്രദ്ധിക്കണ്ട, സ്വന്തം ജീവന്‍, അല്ലെങ്കില്‍ പ്രാണന്‍ എന്തു പറയുന്നു എന്നു ശ്രദ്ധിക്കു.

ഓരോ ജീവിയുടേയും ആഗ്രഹം ജീവിക്കണമെന്നുള്ളതാണ്‌. നിങ്ങളുടെ മനസ്സ്‌ കെട്ടിച്ചമച്ചുണ്ടാക്കുന്നതൊന്നും യഥാര്‍ത്ഥത്തില്‍ സത്യമല്ല. ഓരോ ജീവിക്കും അതിന്റെ കാലാവധി തീരുംവരെ ജീവിക്കേണ്ട ആവശ്യമുണ്ട്‌. ജീവിതം അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കണം, എന്നിട്ടുവേണം അതിനപ്പുറത്തേക്കു കടക്കാന്‍. അല്ലാതെ വേറെ മാര്‍ഗമില്ല. ഒന്നുകില്‍ ജീവിതത്തിന്റെ നൂലാമാലകളില്‍ നിങ്ങള്‍ കുരുങ്ങിക്കിടക്കും, അല്ലെങ്കില്‍ ജീവിതത്തില്‍ ലയിച്ചുചേരാനാകാതെ ഒറ്റപ്പെട്ടുനില്‍ക്കും. രണ്ടു വിതേനയായാലും, അതു നിങ്ങളെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയില്ല.

ജീവിതത്തെ അറിഞ്ഞനുഭവിക്കുമ്പോഴേ അതില്‍നിന്നും മുക്തി നേടാനാവുകയുള്ളു . അറുപതാം വയസ്സില്‍ നിങ്ങള്‍ക്കുണ്ടാവുന്ന വിവേകം പതിനാറുവയസ്സില്‍ത്തന്നെ നേടാനായാല്‍, ജീവിതത്തിലെ അനുഭവങ്ങളില്‍നിന്നും വിലയേറിയ പാഠങ്ങള്‍ നിങ്ങള്‍ ഉള്‍കൊണ്ടു എന്നാണതിനര്‍ത്ഥം, നിങ്ങള്‍ എത്തേണ്ട സ്ഥലത്തെത്തിച്ചേര്‍ന്നിരിക്കും.

ഒന്നുകില്‍ ജീവിതത്തിന്റെ നൂലാമാലകളില്‍ നിങ്ങള്‍ കുരുങ്ങിക്കിടക്കും, അല്ലെങ്കില്‍ ജീവിതത്തില്‍ ലയിച്ചുചേരാനാകാതെ ഒറ്റപ്പെട്ടുനില്‍ക്കും. രണ്ടു വിതേനയായാലും, അതു നിങ്ങളെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുകയില്ല.

നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ മാറി മാറി വന്നുകൊണ്ടിരിക്കും. അതൊന്നും സാരമാക്കേണ്ടതില്ല. നിങ്ങളുടെ കണ്ണുകള്‍ അതിനൊക്കെ
അപ്പുറത്തേക്കു നീളട്ടെ അതാണ്‌ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി