सद्गुरु

ഇന്ന്, സെപ്റ്റംബറിലെ അവസാനത്തെ ഞായറാഴ്ച , "ദി വേള്‍ഡ് ഹാര്‍ട്ട് ഫൌണ്ടേഷന്‍ ഡേ" - "ലോക ഹൃദയ ദിനമായി" ആചരിച്ചു വരുന്നു. സ്വിറ്റ്സര്‍ലാന്‍ഡിലെ ജനീവയാണ് അതിന്റെ ആസ്ഥാനം. ഈ ദിവസം ലോകവ്യാപകമായിത്തന്നെ ഹൃദ്രോഗത്തിനെപ്പറ്റി ചര്‍ച്ച ചെയ്യപ്പെടുന്നു.

2012ല്‍ ലോകാരോഗ്യ സഘടനയുടെ മുദ്രാവാക്യം “ഒരു ഹൃദയം, ഒരു കുടുംബം, ഒരു ലോകം" എന്നായിരുന്നു. ഓരോ കുടുംബത്തെയും ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്നും മുക്തമാക്കുക എന്നതായിരുന്നു അതിന്റെ ലക്ഷ്യം. കുടുംബം എന്ന് പറയുമ്പോള്‍ അഛ്ചനും അമ്മയും മക്കളും അതിലുള്‍പ്പെടും. 'ഈശാ യോഗാ ഫൌണ്ടേഷന്‍' ഈ മഹത്തായ പദ്ധതിയുടെ ഭാഗമാവുകയാണ്‌. ഹൃദയസംബന്ധമായ രോഗങ്ങളെ കുറിച്ച്, വിശേഷിച്ചും സ്ത്രീകളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ലോകമെമ്പാടും നോക്കുമ്പോള്‍ സ്ത്രീകളുടെ മരണത്തിനു പ്രധാന കാരണം ഹൃദ്രോമാണ്. പ്രത്യകിച്ചും ഇന്ത്യയില്‍ പുരുഷന്മാരേക്കാള്‍ കൂടുതലായി ഹൃദ്രോഗം സ്ത്രീകളെ ബാധിക്കുന്നു. അമേരിക്കയില്‍ നാലു സ്ത്രീകളില്‍ ഒരാള്‍ മരിക്കുന്നത് ഹൃദ്രോഗം കൊണ്ടാണ്. ഈ നിരക്ക് വര്‍ഷം തോറും ഏറിവരുന്നു എന്നത് കൂടുതല്‍ ആശങ്കാജനകമാണ്. അസംസ്കൃതമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവരുടെ ഇടയിലും, ദേഹായാസം വളരെ കുറവായവരുടെ ഇടയിലുമാണ് ഹൃദയ സംബന്ധമായ ക്രമക്കേടുകള്‍ അധികവും കണ്ടുവരുന്നത്.

അസംസ്കൃതമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നവരുടെ ഇടയിലും, ദേഹായാസം വളരെ കുറവായവരുടെ ഇടയിലുമാണ് ഹൃദയ സംബന്ധമായ ക്രമക്കേടുകള്‍ അധികവും കണ്ടുവരുന്നത്.

ഈ നിലയ്ക്ക് പോയാല്‍ 2030 ആകുമ്പോഴേക്കും ഹൃദ്രോഗം മൂലം മരണമടയുന്നവരുടെ സംഖ്യ കൊല്ലം തോറും 23 കോടിയോളമാകാന്‍ സാദ്ധ്യതയുണ്ട്. ഇതില്‍ അധികവും സ്ത്രീകളുമായിരിക്കും. പുരുഷന്മാര്‍ക്കാണ് സ്ത്രീകളെക്കാള്‍ കൂടുതലായി ഹൃദ്രോഗബാധ്യതയ്ക്കു സാദ്ധ്യത എന്നാണ് പൊതുവേയുള്ള ധാരണ. മേല്‍പ്പറഞ്ഞ കണക്കുകള്‍, അതു തെറ്റാണെന്നു തെളിയിക്കുന്നു. അടുക്കും ചിട്ടയുമില്ലാത്ത ജീവിതരീതിയും, ആരോഗ്യം എങ്ങിനെ നിലനിര്‍ത്താം എന്നതിനെക്കുറിച്ചുള്ള അജ്ഞതയും, വര്‍ദ്ധിച്ച മാനസിക സമ്മര്‍ദ്ദങ്ങളുമാണ് സ്ത്രീകളെ കൂടുതലായും ഈ രോഗത്തിനു ഇരകളാക്കുന്നത്. ആഹാരത്തിലെ അപാകതകളും, ആധുനിക ജീവിത ശൈലിയും പ്രധാനപ്പെട്ട മറ്റു രണ്ടു കാരണങ്ങളാണ്.

സ്ത്രീകളും ഹൃദ്രോഗവും : ഹൃദ്രോഗങ്ങള്‍ പലതരത്തിലുണ്ട്. തരമേതായാലും, അതിനുള്ള കാരണങ്ങള്‍ പൊതുവായിപറഞ്ഞാല്‍ മിക്കവാറും ഒന്നുതന്നെയാണ്. സ്ത്രീകളിലായാലും പുരുഷന്മാരിലായാലും അമിതമായ ശരീരഭാരം ആശങ്ക ഉളവാക്കുന്ന ഒരു വിഷയമാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവയും അപകട സാദ്ധ്യത കൂട്ടും. സ്ത്രീകളില്‍ ഹൃദ്രോഗം ഉണ്ടാകുന്നതിനു വേറെയും ചില കാരണങ്ങള്‍ ഉണ്ട്.

മാനസികസമ്മര്‍ദ്ദവും, വിഷാദവും പുരുഷന്മാരെ ബാധിക്കുന്നതിനേക്കാള്‍ സ്ത്രീകളെ പ്രതികൂലമായി ബാധിക്കുന്നു. വിഷാദമഗ്നയായ ഒരു സ്ത്രീക്ക് സാധാരണ രീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോവുക പ്രയാസമായിരിക്കും. പുകവലിക്കുന്നതിന്റെ തിക്തഫലം - പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ അനുഭവിക്കുന്നു. ആര്‍ത്തവവിരാമം പലപ്പോഴും അവരെ ദോഷകരമായി ബാധിക്കുന്നു. ആ സമയത്ത് അവരുടെ ശരീരത്തില്‍ ഈസ്ട്രജന്റെ ഉത്പാദനം ഗണ്യമായി കുറയുന്നു. ഇത് ചെറിയ രക്തധമനികള്‍ക്ക് ദോഷം ചെയ്യുന്നു .

പ്രായം കൂടുന്തോറും ശരീരത്തിനകത്തു നടക്കുന്ന പരിണാമ പ്രക്രിയകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, രക്തത്തില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാര, ട്രൈഗ്ലിസറൈഡുകള്‍, വയറിനു ചുറ്റും വന്നു കൂടുന്ന കൊഴുപ്പ് ഇവയല്ലാം ചേര്‍ന്ന് അകത്തെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു. ഇതും പുരുഷന്മാരേക്കാള്‍ കൂടുതലായി സ്ത്രീകള്‍ക്ക് ദോഷകരമാകുന്നു.

പ്രതിരോധം - അതാണ്‌ പരിഹാരത്തെക്കാള്‍ നല്ലത്. അവനവന്റെ ആഹാരക്രമത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തി ഹൃദ്രോഗങ്ങളെ വലിയൊരു പരിധിവരെ അകറ്റി നിര്‍ത്താം. ഭാരിച്ച പ്രയത്നമൊന്നും അതിനാവശ്യമില്ല. ചെറിയ മാറ്റങ്ങള്‍ വരുത്തി ഹൃദയത്തിന്റെ ആരോഗ്യത്തെ കാര്യമായി സംരക്ഷിക്കാം, ജീവിതം സന്തോഷത്തോടെ നയിക്കുകയും ചെയ്യാം. ഈ വിഷയത്തില്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ആഹാരം ക്രമീകരിക്കുക എന്നതാണ്. സംസ്കരിക്കപ്പെട്ട അന്നജവും കൊഴുപ്പും പരമാവധി കുറയ്ക്കുക, കൂടുതലായി പ്രകൃതിജന്യമായ ആഹാരം പാകം ചെയ്യാതെ കഴിക്കുക - പച്ചക്കറികളും, പഴവര്‍ഗങ്ങളും മറ്റും.

വ്യായാമവും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് - അല്‍പ്പം വേഗത്തിലുള്ള നടത്തം, ഓട്ടം, നീന്തല്‍ ഇവയെല്ലാം വളരെ നല്ലതാണ്. ദിവസവും അര മണിക്കൂര്‍ വ്യായാമം, ആഴ്ചയില്‍ അഞ്ചോ, ആറോ ദിവസമെങ്കിലും. ദിവസം മുഴുവനും ശാരീരികമായി എന്തെങ്കിലും പ്രവൃത്തികളിലേര്‍പ്പെടുക. "വെറുതെ ഇരിക്കുന്നത്" ആവുന്നത്ര ഒഴിവാക്കുക . ഹൃദയത്തെ എത്രത്തോളം പ്രവര്‍ത്തിപ്പിക്കുന്നുവോ അത്രത്തോളം അതിന്റെ പ്രവര്‍ത്തന ശേഷിയും വര്‍ദ്ധിക്കുന്നു. മുറയ്ക്ക് ഹൃദയപരിശോധന നടത്തുകയും ചെയ്യേണ്ടതാണ്. പ്രായം, ജീവിതരീതി, കുടുംബ പാരമ്പര്യം... ഇതെല്ലം ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഘടകങ്ങളാണ്.

യോഗയ്ക്കുള്ള പങ്ക്: ഹൃദയാഘാതത്തെയും ഹൃദ്രോഗങ്ങളേയും പ്രതിരോധിക്കുന്നതില്‍ യോഗയ്ക്ക് കാര്യമായ പങ്കുവഹിക്കാനാകും. പതിവായ യോഗാഭ്യാസം മാനസികമായ പിരിമുറുക്കങ്ങളെ വളരെയധികം കുറയ്ക്കുന്നു. ഇതിനെ സംബന്ധിച്ച ഗവേഷണങ്ങള്‍ തെളിയിക്കുന്നത്, അവനവന്‍ അനുഭവിക്കുന്ന ഉത്കണ്ഠ, പരിഭ്രമം, ഭയം എന്നിവയെയൊക്കെത്തന്നെ യോഗയുടെ സഹായത്തോടെ സാരമായി നിയന്ത്രിക്കാനാവുമെന്നാണ്. അതുപോലെ തന്നെ പ്രതികൂലമായ സാഹചര്യങ്ങളിലും സമചിത്തത പാലിക്കാനുള്ള പരിശീലനവും യോഗ വഴി ലഭിക്കുന്നു. അങ്ങിനെ മുന്‍കോപം, പരിഭ്രമം, പിരിമുറുക്കം തുടങ്ങിയവയെ നമ്മുടെ പിടിയിലൊതുക്കുവാനുള്ള കഴിവ് കൈവരുന്നു. നിത്യേനയുള്ള യോഗാഭ്യാസം കൊണ്ട് അതിയായ രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, രക്തത്തിലെ പഞ്ചസാര എന്നിവയേയും നമുക്ക് നിയന്ത്രണ വിധേയമാക്കാം.

യോഗ വഴി, സ്വമേധയാ പ്രവൃത്തിക്കുന്ന നാഡികളുടെ പ്രവര്‍ത്തനരീതി ക്രമീകരിക്കാനാവും, അതുവഴി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു കൃത്യത ഉണ്ടാവുന്നു. അത് കൂടുതല്‍ ശക്തി പ്രാപിക്കുന്നു

ഹൃദയത്തിന്റെ അപകട സാദ്ധ്യതകള്‍ കുറച്ചുകൊണ്ടുവരുന്നതിനോടൊപ്പം ഹൃദയത്തെ തന്നെയും യോഗയ്ക്ക് നേരിട്ട് സഹായിക്കാനാകും. യോഗ വഴി, സ്വമേധയാ പ്രവൃത്തിക്കുന്ന നാഡികളുടെ പ്രവര്‍ത്തനരീതി ക്രമീകരിക്കാനാവും, അതുവഴി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനു കൃത്യത ഉണ്ടാവുന്നു. അത് കൂടുതല്‍ ശക്തി പ്രാപിക്കുന്നു. പലവിധത്തിലുള്ള ഹൃദ്രോഗങ്ങളെ ചെറുത്തുനിര്‍ത്താനുള്ള ശേഷി നേടുന്നു. യോഗ കൃത്യമായി പരിശീലിക്കുന്നവരും, അത് ചെയ്യാത്തവരുമായ കുറെ ആളുകളില്‍ പരീക്ഷണം നടത്തുകയുണ്ടായി, അതില്‍ നിന്നും തെളിഞ്ഞത് ആദ്യത്തെ കൂട്ടരുടെ ഹൃദയം കൂടുതല്‍ ആരോഗ്യവും പ്രവര്‍ത്തനശേഷിയുമുള്ളതാണ് എന്നാണ്.