सद्गुरु

അന്വേഷി : ജീവിച്ചിരിക്കുന്ന ഗുരുവിനെ കണ്ടെത്തുക എന്ന ഞങ്ങളുടെ അബോധമനസ്സിലെ അഭിലാഷമാണോ ഞങ്ങളെ അങ്ങയുടെ അടുത്തേയ്ക്ക്‌ നയിച്ചത്‌? അബോധമനസ്സില്‍ എന്നും ഞങ്ങള്‍ അങ്ങയെ തിരയുകയായിരുന്നോ? അതാണോ ഞങ്ങള്‍ ഇവിടെ എത്തിയത്‌? ഇതെങ്ങിനെ ചോദിക്കണമെന്ന്‍ എനിക്കറിയില്ല.

സദ്‌ഗുരു: ചോദ്യം രൂപപ്പെടുത്താന്‍തന്നെ പ്രയാസമാണെങ്കില്‍ അത്‌ ബുദ്ധിമുട്ടിക്കുന്ന ചോദ്യമായിരിക്കണമല്ലോ! താങ്കള്‍ പറഞ്ഞതു ശരിയാണ്‌. സ്വഭാവികമായി എല്ലാം ആ വഴിക്കാണു നീങ്ങുക.

അന്വേഷി : ഈ ഹിമാലയ യാത്രയില്‍, ഞങ്ങളില്‍ ചിലര്‍ക്ക്‌ അങ്ങയോടൊപ്പം ഈ വണ്ടിയില്‍ യാത്രചെയ്യുവാനുളള അവസരം ലഭിച്ചിരിക്കുന്നു. ഞങ്ങളിലെ എന്തു പ്രത്യേകതയാണ്‌ അങ്ങയുടെ അടുത്തെത്താന്‍ കാരണമായത്‌?. ഗുരുവിന്‍റെ അരികിലെത്താന്‍ കഴിയുന്നവര്‍ക്കും അത്‌ കഴിയാത്തവര്‍ക്കും തമ്മില്‍ എന്താണ്‌ വ്യത്യാസം?

സദ്‌ഗുരു : പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ചിലരില്‍ ഒരാളാണ്‌ നിങ്ങള്‍ എന്ന്‍ നിങ്ങള്‍ കരുതുന്നുവോ? തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്നെന്നും പ്രശ്‌നങ്ങളുടെ നടുവിലായിരുന്നു എന്നറിയാമോ?

സദ്‌ഗുരു : പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ചിലരില്‍ ഒരാളാണ്‌ നിങ്ങള്‍ എന്ന്‍ നിങ്ങള്‍ കരുതുന്നുവോ? തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്നെന്നും പ്രശ്‌നങ്ങളുടെ നടുവിലായിരുന്നു എന്നറിയാമോ? ഒരു തമാശ പറയാം. ഒരിക്കല്‍ ഭൂമിയില്‍ ജൂതന്മാരുടെ നേതാവായ ജ്വോഷ്വാ ഗോള്‍ഡ്‌ബര്‍ഗിന്‌ ദൈവത്തിന്‍റെ വര്‍ഷാന്ത അത്താഴവിരുന്നിനുള്ള ക്ഷണം കിട്ടി. അയാള്‍ വിരുന്നിന്‌ ഇരുന്നപ്പോള്‍ ദൈവം അടുത്തത്തി, അയാളുടെ കൂടെ ഭക്ഷണത്തിനിരുന്നു. അത്താഴത്തിന്‌ വിളമ്പിയത്‌ ഏതാനും റൊട്ടിക്കഷണങ്ങള്‍ മാത്രം. പ്രാര്‍ഥനയ്ക്കുശേഷം ദൈവം ആഹാരം കഴിക്കുവാന്‍ തുടങ്ങി. എന്നാല്‍ ജ്വോഷ്വാ അവിടെ വെറുതെ ഇരുന്നു.

"മകനെ, ജ്വോഷ്വാ, നീ എന്താണ്‌ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നത്‌?”‌

ജ്വോഷ്വാ പറഞ്ഞു, "ഞാന്‍ അങ്ങയോട്‌ ഒരു ചോദ്യം ചോദിക്കട്ടെ?”

ദൈവം മറുപടി പറഞ്ഞു, "അങ്ങിനെയാകട്ടെ മകനെ.”

ജ്വോഷ്വാ ചോദിച്ചു, "പ്രിയപ്പെട്ട പിതാവേ, ഞങ്ങള്‍ ശരിക്കും തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെയാണോ?”

"തീര്‍ച്ചയായും. മകനേ, നീ എന്തിനാണ്‌ സംശയിക്കുന്നത്‌? നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെയാണ്‌.”
ജ്വോഷ്വാ വീണ്ടും ചോദിച്ചു, "പ്രിയ പിതാവേ, ഞങ്ങള്‍ ശരിക്കും, ശരിക്കും, തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെയാണോ?”

"അതെ ജ്വോഷ്വാ, നീയെന്തിനാണ്‌ സംശയിക്കുന്നത്‌? നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ.”

വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചു, "പിതാവേ ഞങ്ങള്‍ ശരിക്കും, ശരിക്കും, തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെയാണോ?”

"അതെ, അതെ, അതെ. നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ തന്നെ.”

തീന്‍ മേശയില്‍ നിന്നെഴുന്നേറ്റ ജ്വോഷ്വാ തന്‍റെ കോട്ട്‌ നേരെയാക്കിയിട്ട്‌ ചോദിച്ചു, "തല്‍ക്കാലത്തേക്ക്‌ അങ്ങേയ്ക്ക്‌ മറ്റാരെയെങ്കിലും തിരഞ്ഞെടുത്തുകൂടേ?”

അപ്പോള്‍ എന്തിനാണ്‌ നാം ഇവിടെ എത്തിയിരിക്കുന്നത്‌? ഈ ബസ്സില്‍ കയറിക്കൂടാന്‍ സാധിച്ചതിനെപ്പറ്റിയാണെങ്കില്‍ ശരി, നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്‌. എന്തുകൊണ്ടാണ്‌ ഒരാള്‍ക്ക്‌ ചില അവസരങ്ങള്‍ തരമായി വരുന്നത്‌? അതിനെ ഇപ്രകാരം നോക്കിക്കാണാം. എന്നെ നിങ്ങള്‍ ഒരു വ്യക്തി എന്നതിനുപകരം, ഒരു സാധ്യതയായി കാണുക. എന്തുകൊണ്ടാണ്‌ ചിലര്‍ക്ക്‌ ചില അവസരങ്ങള്‍ കൈവരുകയും മറ്റു ചിലര്‍ക്ക്‌ അത്‌ ഇല്ലാതിരിക്കുകയും ചെയ്യുന്നത്‌? ചോദ്യം അതാണ്‌. എന്നാല്‍ വാസ്‌തവത്തില്‍ ഇതു ശരിയല്ല, ഈ അവസരം ചിലര്‍ക്ക്‌ മാത്രം കൈവരുന്നു എന്നു പറയുന്നത്‌ ശരിയല്ല. സത്യസന്ധമായ, തീവ്രമായ അഭിലാഷം ആര്‍ക്കൊക്കെയുണ്ടോ, അവര്‍ക്കെല്ലാം ‘ഞാന്‍’ എന്ന ഈ ഊര്‍ജം എല്ലായ്‌പ്പോഴും പ്രാപ്‌തമാണ്‌. എല്ലാവര്‍ക്കും ഞാനെന്ന വ്യക്തി പ്രാപ്യമായെന്നുവരില്ല, പക്ഷെ ആ ഊര്‍ജ്ജം പ്രാപ്‌തമാണ്‌.

ഞാന്‍ നേരില്‍ കാണാതെ ശിഷ്യത്വം നല്‍കിയവര്‍, നേരിട്ടു നല്‍കിയവരേക്കാള്‍ വളരെ വളരെ അധികമാണ്‌ എന്നതാണ്‌ പരമാര്‍ത്ഥം. ഒരാളില്‍ എന്നെ സ്വീകരിക്കാന്‍ തീവ്രാഭിലാഷം ഉണരുമ്പോള്‍ അവര്‍ എവിടെയായിരുന്നാലും, ഞാനവര്‍ക്ക്‌ ശിഷ്യത്വം നല്‍കുന്നു. അറിവിനായുള്ള ഉത്‌കടമായ അഭിലാഷം ഹൃദയത്തിലുണ്ടാവുന്ന ഒരാളുടെ അരികില്‍ ഞാന്‍ എല്ലായ്‌പ്പോഴും ഉണ്ട്. അതുകൊണ്ട് ‌ ഞാനെന്ന ഈ സാധ്യതയെക്കുറിച്ച്‌ ഇത്രമാത്രം മനസ്സിലാക്കുക. എന്‍റെ മുഖം ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത നിരവധി പേര്‍ ഇതിന്‍റെ സാന്നിധ്യം അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഞാനെന്ന വ്യക്തിയെക്കുറിച്ചാണു നിങ്ങള്‍ സംസാരിക്കുന്നതെങ്കില്‍ അതത്ര വലിയ പ്രാധാന്യം അര്‍ഹിക്കുന്ന വിഷയമല്ല, ചിലര്‍ക്ക്‌ അതു സന്തുഷ്‌ടി ഉളവാക്കുമെങ്കിലും.

എന്നോട്‌ വളരെ അടുത്തു പെരുമാറുന്നവര്‍ക്ക്‌, എന്‍റെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കുക എന്നത്‌, അതായത് മൈക്ക്‌ പിടിച്ചുതരിക, സണ്‍ഗ്ലാസ്‌ നോക്കിയെടുത്തുതരിക, ഇഷ്‌ടപ്പെട്ട ഫ്രിസ്‌ബീ എടുത്തുതരിക – ഇതെല്ലാം ദണ്ഡനമായിക്കൂടായ്‌കയില്ല. എന്‍റെ അടുത്തുനിന്ന്‍ രണ്ട് ‌ സീറ്റ്‌ അകലെയാണ്‌ നിങ്ങള്‍ ഇരിക്കുന്നതെങ്കില്‍ അത്‌ സന്തോഷം ഉളവാക്കുന്നതായിരിക്കും, എന്നാല്‍ എന്‍റെ അടുത്താണ്‌ ഇരിക്കുന്നതെങ്കില്‍ അത്‌ ദണ്ഡനം ആയിത്തീരാം.

ഗുരുവിനോടൊപ്പമുണ്ടാവുക എന്നത്‌ ഒരിക്കലും സുഖമുള്ള ഏര്‍പ്പാടല്ല, എന്തെന്നാല്‍ നിങ്ങളുടെ എല്ലാ പരിമിതികളും എല്ലാ ആദര്‍ശങ്ങളും അദ്ദേഹം തച്ചുടയ്ക്കും.

ഗുരുവിനോടൊപ്പമുണ്ടാവുക എന്നത്‌ ഒരിക്കലും സുഖമുള്ള ഏര്‍പ്പാടല്ല, എന്തെന്നാല്‍ നിങ്ങളുടെ എല്ലാ പരിമിതികളും എല്ലാ ആദര്‍ശങ്ങളും അദ്ദേഹം തച്ചുടയ്ക്കും. അതുകൊണ്ട് ‌ ഒരാളെ വ്യക്തിപരമായി അറിയുന്നതിനും, അയാളുമായി അടുപ്പം പുലര്‍ത്തുന്നതിനും പല തലങ്ങളുണ്ട്‌. ഒരാളില്‍ തീവ്രമായ അഭിലാഷം ഉടലെടുക്കുമ്പോഴാണ്‌ ഒരു സാധ്യതയുമായിട്ടുള്ള സാമീപ്യം ഉണ്ടാവുന്നത്‌. വ്യക്തിപരമായി എന്‍റെയൊപ്പം വളരെ അടുപ്പം പുലര്‍ത്തുന്ന പലര്‍ക്കും, ലഭ്യമായ ആ പഴുതിനെക്കുറിച്ച്‌ ഇപ്പോഴും അറിവില്ല. വ്യക്തിപരമായ അറിവുകൊണ്ട് ‌ വലിയ കാര്യമില്ല. പല മഹത് വ്യക്തികളും പലതരത്തില്‍ ഇത് വെളിപ്പെടുത്തിയിട്ടുണ്ട്‌. ഗൌതമന്‍ ഇതിനെപ്പററി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്‌. ശ്രീബുദ്ധനൊപ്പം ഒരു നിഴല്‍പോലെ എല്ലായ്‌പ്പോഴുമുണ്ടായിരുന്ന ആനന്ദതീര്‍ത്ഥന്‌ അവസാനകാലംവരെ ആത്മസാക്ഷാത്‌കാരം ലഭിക്കാതിരുന്നപ്പോള്‍ ആളുകള്‍ അദ്ദേഹത്തോട്‌ ചോദിച്ചു,

"ഈ മനുഷ്യന്‍ എപ്പോഴും അങ്ങേയ്ക്കൊപ്പമുണ്ട്‌, എന്തുകൊണ്ട് ‌ അദ്ദേഹത്തിന്‌ ഒന്നും സംഭവിക്കുന്നില്ല?”

ഉത്തരമെന്നോണം ഗൌതമന്‍ ചോദിച്ചു, "സ്‌പൂണിന്‌ സൂപ്പിന്‍റെ സ്വാദ്‌ അറിയാന്‍ കഴിയുമോ?”

എല്ലാ ഉത്തരങ്ങളും ആ ഒരു വാചകത്തിലടങ്ങിയിരിക്കുന്നു. ആ അവസരം അല്ലെങ്കില്‍ ആ സാധ്യതയോടു നിങ്ങള്‍ സചേതരായിരിക്കണം. ജീവിതത്തോട്‌ സചേതനത്തോടെയിരിക്കണം; അഹന്തയോടെയല്ല, താഴ്മയോടെ.