सद्गुरु

സാധനകള്‍ ചെയ്യുന്നതിന്‍റെ ഭാഗമായി ഊര്‍ജം മുകളിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ശരീരം വീണുപോവാതിരിക്കാനും വേര്‍പെടാതിരിക്കാനും വേണ്ടി മൂലാധാരചക്രത്തെ ശക്തമായി ഉറപ്പിച്ചുനിര്‍ത്തേണ്ട ആവശ്യമുണ്ട്

അമ്പേഷി: ശക്തമായ സാധനകള്‍ ചെയ്യുന്ന ഒരു സാധകന്റെ മൂലാധാരചക്രം ബന്ധിക്കണം എന്ന് പറയുന്നതു കൊണ്ട് അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത്? അതെന്താണ്?

സദ്ഗുരു: നിങ്ങള്‍ ഇവിടെ ചെയ്യുന്ന സാധനകള്‍ക്ക് നല്ല ഒരു അടിത്തറയുടെ ആവശ്യമുണ്ട്. ക്രിയാ യോഗയുടെ പാതയില്‍ ഇത്തരത്തിലുള്ള സാധനകളിലേക്ക് ഒരാളെ തുടക്കം കുറിപ്പിക്കുന്നതിന് മുന്‍പായി, ആ സാധകന്‍ ഊര്‍ജത്തെ ആസ്പദമാക്കി അടിസ്ഥാനപരമായി പല പ്രവൃത്തികളും ചെയ്യാനുണ്ട്. സാധനകള്‍ ചെയ്യുന്നതിന്‍റെ ഭാഗമായി ഊര്‍ജം മുകളിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ ശരീരം വീണുപോവാതിരിക്കാനും വേര്‍പെടാതിരിക്കാനും വേണ്ടി മൂലാധാരചക്രത്തെ ശക്തമായി ഉറപ്പിച്ചുനിര്‍ത്താന്‍ വേണ്ടിയാണത്.

മൂലാധാരബന്ധം ഊര്‍ജത്തിന്‍റെ കീഴോട്ടുള്ള ചലനത്തെ മാത്രമല്ല, മേലോട്ടുള്ള ചലനത്തേയും നിയന്ത്രിക്കുന്നു

ഇന്നത്തെ ലോകത്തിന്‍റെ ചുറ്റുപാടില്‍ അത്തരം സ്ഥിരമായ പരിശീലനത്തിനുള്ള സമയവും അര്‍പ്പണബോധവും മനുഷ്യനില്ല. ഊര്‍ജത്തെ മുകളിലേക്ക് ചലിപ്പിക്കാനുള്ള ശക്തമായ സാധനകള്‍ ചെയ്യുമ്പോള്‍ മൂലാധാരത്തെ ബന്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ നിമിഷനേരംകൊണ്ട് ദേഹവിയോഗം സംഭവിക്കാം. മരണം സംഭവിച്ചില്ലെങ്കില്‍പ്പോലും ഊര്‍ജം ഒരു ഭാഗത്തുനിന്ന് പിന്‍വാങ്ങിയാല്‍ അത് ശാരീരിക വൈകല്യങ്ങള്‍ക്കും ശക്തിക്ഷയത്തിനും കാരണമാവും. അതുകൊണ്ട് ഇങ്ങിനെയുള്ള സാധനകള്‍ തുടങ്ങുന്നതിനു മുന്‍പ് അടിസ്ഥാനം ഭദ്രമല്ലാത്ത സാധകന്മാരുടെ സുഷുമ്നയുടെ അവസാന ഭാഗത്തുള്ള മൂലാധാരത്തെ യോഗികള്‍ ബന്ധിക്കുന്നു.

ഇത് സാധ്യമാവുന്നതിന് അത്യന്തം ഊര്‍ജപ്രഭാവമുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ചില ആഴ്ചകളില്‍ ഇവിടെയുള്ളപ്പോള്‍ ഊര്‍ജത്തെ എങ്ങനെ മുകളിലേക്കും താഴേക്കും ചലിപ്പിക്കാമെന്ന് നിങ്ങളില്‍ ചിലരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാവും. നിങ്ങള്‍ക്കുചുറ്റും തീക്ഷ്ണമായ ഊര്‍ജപ്രഭാവം നിലനില്‍ക്കുന്നു എന്നുള്ളത് വ്യക്തമാണ്. ഈ ഊര്‍ജാവസ്ഥ ഉപയോഗപ്പെടുത്തി ഈ ഹാളില്‍ ഇരിക്കുന്ന എല്ലാവരുടെയും മൂലാധാരത്തിന്‍റെ കീഴ്ഭാഗം ഞാന്‍ ബന്ധിക്കുന്നു. അതിനാല്‍ സാധനകള്‍ ചെയ്യുന്ന സമയത്ത് അവരില്‍ ഊര്‍ജത്തിന്‍റെ ചലനമുണ്ടാവുമ്പോള്‍ ശരീരത്തിന്‍റെതന്നെ അടിസ്ഥാനമായ മൂലാധാരം ഉറച്ചിരിക്കും.

അമ്പേഷി: ജഗ്ഗീ, അങ്ങ് ഒരാളുടെ മൂലാധാരം ബന്ധിച്ചാല്‍ മറ്റൊരു ചക്രത്തിലൂടെ അയാള്‍ക്കു വേര്‍പിരിയാന്‍ സാധിക്കുകയില്ലേ?

സദ്ഗുരു: മൂലാധാരം എന്ന വാക്കിന്‍റെയര്‍ത്ഥം തന്നെ അടിത്തറ എന്നാണ്. ജീവന് ആധാരമായ ജീവോര്‍ജം ശരീരത്തില്‍ നിലനില്‍ക്കുന്നത് ഈ അടിത്തറയുടെ ഉറപ്പിനാലാണ്. അടിത്തറ ഉറപ്പുള്ളതാവുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുകയില്ല. ഒരു വലിയ കപ്പല്‍ തുറമുഖത്ത് ഉറപ്പിച്ച് നിര്‍ത്തുന്നതിന് ഒരു കയര്‍ മതി. ഇതും അതുപോലെയാണ്. അതിനെ ബന്ധിച്ചാല്‍ അതവിടെ നില്‍ക്കും. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി, വെള്ളത്തിലൂടെയുള്ള യാത്രയുടെ അനുഭവത്തിനായി, തീരത്ത് കെട്ടിയിരിക്കുന്ന വള്ളത്തില്‍ കയറി തുഴയുന്നതുപോലെയാണ്.

അടിത്തറ ഉറപ്പുള്ളതാവുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുകയില്ല.

യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എങ്ങും പോകുന്നില്ല, കാരണം വള്ളം തീരത്ത് ബന്ധിച്ചിരിക്കുകയാണ്. ഈ സാധനകള്‍ കൊണ്ട് നാം ചെയ്യുന്നത് അതാണ്. ഭൗതികത്തെ വിടാതെതന്നെ ഒരു നിമിഷത്തേക്ക് അതിനപ്പുറം പോകുന്ന അനുഭവം ഒരാള്‍ക്കു നല്‍കുന്നു. അത് ഉറപ്പാക്കുവാന്‍ വേണ്ടി മൂലാധാരം ഉറപ്പിക്കുന്നു. മറ്റേതെങ്കിലും ചക്രത്തില്‍കൂടി ഒരാള്‍ വേര്‍പിരിയുന്ന പ്രശ്നം ഇവിടെ ഉദിക്കുന്നില്ല. മൂലാധാരത്തെ ബന്ധിക്കുന്നത് ആ ചക്രത്തില്‍കൂടി മാത്രമല്ല, മറ്റ് ഒരു ചക്രത്തിലൂടെയും പുറത്തു കടക്കാതിരിക്കാന്‍വേണ്ടിയാണ്. മൂലാധാരബന്ധം ഊര്‍ജത്തിന്‍റെ കീഴോട്ടുള്ള ചലനത്തെ മാത്രമല്ല, മേലോട്ടുള്ള ചലനത്തേയും നിയന്ത്രിക്കുന്നു. അതിനാല്‍ അത് എല്ലാ ചക്രങ്ങള്‍ക്കും ബാധകമാണ്.

https://www.publicdomainpictures.net