सद्गुरु

അന്വേഷി: പ്രേതാത്മാക്കള്‍ നിലനില്‍ക്കുന്നത് ഈ ഭൂമിയുടെ തലത്തില്‍ തന്നെയാണോ? ഭൂമിയുടെ ആകര്‍ഷണം അവരെ ബാധിക്കുമോ? അവര്‍ക്ക് യഥേഷ്ടം പ്രപഞ്ചം മുഴുവന്‍ ചുറ്റിത്തിരിയാനാവുമോ? സമുക്കു ചുറ്റും അവയുണ്ടോ? ഞാന്‍ മരിച്ചുകഴിഞ്ഞാലും ഈ പ്രപഞ്ചത്തില്‍ പൊങ്ങിനടക്കുമോ?

സദ്ഗുരു: പ്രപഞ്ചമെന്നോ, നിലനില്‍പ്പെന്നോ പറയുന്നതൊന്നും യഥാര്‍ഥത്തില്‍ ഇല്ല. (ചിരിക്കുന്നു).

അന്വേഷി: അതുമാത്രമാണോ അങ്ങ് പറയുവാന്‍ ഉദ്ദേശിക്കുന്നത് സദ്ഗുരോ?

സദ്ഗുരു: അതു പോരെയോ? ചില യോഗികള്‍ ഗുഹകളില്‍ ഇരുന്നുകൊണ്ട് അവരുടേതായ പ്രപഞ്ചം സൃഷ്ടിക്കുന്നു.

അന്വേഷി: അങ്ങുള്‍പ്പെടെ ഇന്നിവിടെ കൂടിയിരുന്ന എല്ലാവരും ഏതോ ഒരു യോഗി എവിടെയോ ഒരു ഗുഹയിലിരുന്നു കൊണ്ട് സൃഷ്ടിച്ച പ്രപഞ്ചത്തിലെ നടീനടന്മാരാവാന്‍ സാദ്ധ്യതയില്ലേ?

മനസ്സിന്‍റെ ചില തലങ്ങള്‍ക്കപ്പുറം എത്തിയാല്‍പിന്നെ സ്ഥലകാല പരമിതികളില്ല. എല്ലാം ഒന്നുമാത്രം. അവിടെയുളളതു തന്നെ ഇവിടെയും ഇവിടെയുളളത് തന്നെ അവിടെയും.

സദ്ഗുരു: (ചിരിക്കുന്നു) യു.എഫ്.ഓ. വിശ്വാസികളുടെ കൂട്ടത്തില്‍ താങ്കള്‍ക്കും ചേരാം. അതിനുളള എല്ലാ യോഗ്യതകളുമുണ്ട്. അടുത്തതായി താങ്കളുടെ ചോദ്യത്തിലേക്ക് – സ്ഥലകാല പരമിതികള്‍ നിങ്ങളുടെ ബോധമനസ്സില്‍ മാത്രം നിലനില്‍ക്കുന്നതാണ്. ബോധമനസ്സിന്‍റെ കൗശലമെന്ന് വേണമെങ്കില്‍ പറയാം. മനസ്സിന്‍റെ ചില തലങ്ങള്‍ക്കപ്പുറം എത്തിയാല്‍പിന്നെ സ്ഥലകാല പരമിതികളില്ല. എല്ലാം ഒന്നുമാത്രം. അവിടെയുളളതു തന്നെ ഇവിടെയും ഇവിടെയുളളത് തന്നെ അവിടെയും. ഇപ്പോള്‍ എന്നു പറയുന്നത് അപ്പോഴും അപ്പോള്‍ എന്ന് പറയുന്നത് ഇപ്പോഴും. അപ്പോള്‍ നിങ്ങളുടെ ചോദ്യം, അവര്‍ക്ക് പ്രചഞ്ചം മുഴുവന്‍ കറങ്ങാനാവുമോ? ആവും. നിങ്ങളും ഇപ്പോള്‍ അതാണ് ചെയ്യുന്നത് ശരിയല്ലേ? ബോധമനസ്സിന്‍റെ തലത്തില്‍ വിഹരിക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്ത്യയിലുളള നിങ്ങള്‍ക്ക് അമേരിക്കയിലാവാന്‍ കഴിയുകയില്ല. ഒരിക്കല്‍ അതിനപ്പുറമെത്താന്‍ കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയുമില്ല, അമേരിക്കയുമില്ല. എല്ലാം ഇവിടെത്തന്നെയുണ്ട്. എന്‍റെ സാന്നിദ്ധ്യം ഒരേ സമയത്ത് രണ്ട് സ്ഥലങ്ങളില്‍ അനുഭവപ്പെട്ടാല്‍, അത് ഞാന്‍ രണ്ടു സ്ഥലത്തുമുണ്ടായിരുന്നതിനാലല്ല. ഞാന്‍ ഒരു സ്ഥലത്ത് തന്നെയായിരുന്നു. രണ്ട് വ്യത്യസ്ത സ്ഥലങ്ങളാണെന്ന് അവര്‍ക്ക് തോന്നിയതാണ്. ഐന്‍സ്റ്റീന്‍ പറഞ്ഞിട്ടുണ്ട്, നിങ്ങളുടെ സാന്നിദ്ധ്യം എന്നു പറയുന്നത് ആപേക്ഷികം മാത്രമാണെന്ന്. അതെല്ലാം മായ (മിഥ്യാബോധം) യാണെന്ന് ഭാരതീയ സംസ്കൃതി നമ്മെ പഠിപ്പിക്കുന്നു. അത് അവിടെയാണെന്ന് തോന്നുമെങ്കിലും അതവിടെയല്ല. അതെല്ലാം ഇവിടെയുണ്ട്. അതെല്ലാം ഇപ്പോഴാണ്, ആരംഭം ഇവിടെയാണ്, അവസാനവും ഇവിടെയാണ്, അനന്തത ഇവിടെയാണ്. മനസ്സിന്‍റെ തടവറയില്‍ കഴിയുന്നവര്‍ക്ക് വളരെ സ്ഥലങ്ങള്‍ ഉണ്ട്. പക്ഷെ പൂര്‍ണ്ണമായും ഇവിടെയുളള ഒരാള്‍ക്ക് എല്ലാം, ഇവിടെ, ഇപ്പോള്‍. നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ?

അന്വേഷി: അങ്ങു പറഞ്ഞതിനനുസരിച്ച്, പ്രവണത ചില സ്ഥലങ്ങളില്‍ പോകാനാണ് എന്നാല്‍ ഇവിടവും അവിടവും ഇല്ലെങ്കില്‍...

സദ്ഗുരു: എന്നാല്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം ഇവിടെയുമുണ്ട് അവിടെയുമുണ്ട്, ശരിയല്ലേ? അതൊരു യാഥാര്‍ത്ഥ്യമാണ്.

അന്വേഷി: ശരിയാണ്, എന്നാല്‍ അങ്ങ് ഉദ്ദേശിക്കുന്നതെന്താണ്?

സദ്ഗുരു: ഇപ്പോള്‍ നിങ്ങള്‍ ചെന്നൈയിലാണെന്ന് കരുതുക. അപ്പോള്‍ പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും ചെന്നൈയിലുണ്ട്. ചെന്നൈ എല്ലായിടത്തുമുണ്ട്. ഇപ്പോള്‍ നിങ്ങള്‍ക്ക് ജ്ഞാനികളുടെ വിഹാരം എവിടെയാണെന്ന് മനസ്സിലായല്ലോ (ചിരിക്കുന്നു). ഞാന്‍ പറഞ്ഞുവല്ലോ, യുക്തി ഒരു കെണി മാത്രമാണെന്ന്. എന്നാല്‍ നിങ്ങള്‍ക്ക് അതു മാത്രമേ മനസ്സിലാവുകയുളളു. ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടതും പ്രസക്തവുമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ഏറ്റവുമടുത്ത ആളുകളോടുപോലും പറയാനാവാതെ ഒരു ജീവിതകാലം മുഴുവന്‍ കഴിയേണ്ടിവരിക എന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചു നോക്കൂ. അതെങ്ങനെയായിരിക്കും? ഒരു ഗുരുവിനെ സംബന്ധിച്ചിടത്തോളം അതാണ് സംഭവിക്കുന്നത്.

അന്വേഷി: എന്നാല്‍, ഗുരുക്കന്മാര്‍ ക്ഷമാശീലരാവേണ്ടതല്ലേ?

സദ്ഗുരു: ക്ഷമയേക്കാള്‍ മറ്റുപലതും ആവശ്യമാണ്. എന്നാല്‍ അത് പരീക്ഷിക്കുവാനുളള അവകാശം നിങ്ങള്‍ക്കില്ല.

അന്വേഷി: സദ്ഗുരോ, പ്രേതാത്മാക്കളെക്കുറിച്ച് യുക്തിക്ക് നിരക്കുന്ന രീതിയില്‍ സംസാരിക്കാന്‍ ഒരാള്‍ക്ക് സാദ്ധ്യമല്ല. എന്നാല്‍ തികഞ്ഞ വിശ്വാസത്തോടും വ്യക്തതയോടും കൂടി അങ്ങ് അത് പറഞ്ഞപ്പോള്‍ യുക്തിസഹമാണെങ്കിലും അല്ലെങ്കിലും അത് വിശ്വസനീയമായിത്തോന്നി.

നിങ്ങള്‍ മോചിപ്പിക്കപ്പെട്ടു കഴിഞ്ഞുവോ എന്നതല്ല കാര്യം, നിങ്ങള്‍ ബന്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ബന്ധനത്തിലാണെന്ന് വിശ്വസിക്കുന്നതാണ്.

സദ്ഗുരു: അതാണ് വാസ്തവം. അങ്ങനെയാണ് കാര്യങ്ങള്‍. ഞാന്‍ പറയുന്ന കാര്യങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണെങ്കിലും ആധികാരികമായും വ്യക്തമായും പറയുന്നതുകൊണ്ട് അത് മറ്റുളളവരെ വിശ്വസിപ്പിക്കാന്‍ പര്യാപ്തമാവുന്നു.

അന്വേഷി: രമണ മഹര്‍ഷിയോട് ആളുകള്‍, 'രമണാശ്രമത്തില്‍ എനിക്കുളള കാര്യങ്ങള്‍ എന്നോടൊപ്പം എങ്ങനെ ഞാന്‍ അമേരിക്കയില്‍ കൊണ്ടുപോകും?' എന്ന് ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്ന മറുപടി പോലെയാണിത്. അദ്ദേഹം പറയും, 'ആരാണ് അമേരിക്കയില്‍ പോവുന്നത്? ആരാണ് ഇവിടയുളളത്?' അങ്ങ് പറയുന്നതുതന്നെയാണ് അദ്ദേഹവും പറയുന്നത്. അത് നിങ്ങളില്‍ ചലനം സൃഷ്ടിച്ചിട്ടുണ്ടെങ്കില്‍ പിന്നെ സ്ഥലകാല പരിമിതികള്‍ പ്രസക്തമല്ല.

സദ്ഗുരു: ശരിയാണ്.

അന്വേഷി: അപ്പോള്‍ പിന്നെ മോചനത്തിനുവേണ്ടിയുളള ശ്രമം എന്തിനാണ്? ഞങ്ങള്‍ മോചിപ്പിക്കപ്പെട്ടു കഴിഞ്ഞല്ലോ.

സദ്ഗുരു: നിങ്ങള്‍ മോചിപ്പിക്കപ്പെട്ടു കഴിഞ്ഞുവോ എന്നതല്ല കാര്യം, നിങ്ങള്‍ ബന്ധിക്കപ്പെട്ടിട്ടില്ലെങ്കിലും ബന്ധനത്തിലാണെന്ന് വിശ്വസിക്കുന്നതാണ്. നിങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുന്നത്, മായയുടെ മോഹവലയത്തെ തകര്‍ക്കുവാനാണ്. മായയെ തകര്‍ക്കുക പ്രയാസമായതിനാലാണ് അത് ശ്രമകരമായിത്തീരുന്നത്. നിങ്ങള്‍ക്ക് ഉണര്‍ന്നിരിക്കാന്‍ മാത്രമേ കഴിയുകയുളളു. മായയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് വിഡ്ഢിത്തമാണ്. “ഞാന്‍ മായാവലയത്തെ തകര്‍ത്തിരിക്കുന്നു”, എന്ന് നിങ്ങള്‍ പറയുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ ആഴത്തിലുളള മായാവലയത്തിലാണ്.

അതുകൊണ്ടാണ് മനസ്സിന്‍റെ കളികളിലേക്ക് പോകാതിരിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്. അത് നിങ്ങളെ മായാമോഹങ്ങളുടെ കൂടുതല്‍ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോവും. നിങ്ങള്‍ ചെയ്യേണ്ടത് ഉണര്‍വ്വോടെ ഇരിക്കുക എന്നത് മാത്രമാണ്. യുക്തിയോടെ ചിന്തിച്ചാല്‍ ഉണര്‍ന്നിരിക്കുന്നതും ഉറങ്ങുന്നതും നിങ്ങളെ സംബന്ധിച്ച് വ്യത്യസ്തമായ അവസ്ഥകളാണ്. ഉറങ്ങുമ്പോള്‍ നിങ്ങള്‍ ജീവിക്കുന്നു. ഉണര്‍ന്നിരിക്കുമ്പോഴും നിങ്ങള്‍ ജീവിക്കുന്നു. എങ്കിലും ഉണര്‍ന്നിരിക്കുന്നത് ഉറക്കത്തേക്കാള്‍ തീവ്രമായ സജീവതയാണ്. അങ്ങനെയല്ലേ? അത് ഉയര്‍ന്ന ഊര്‍ജനിലയും ഉയര്‍ന്ന നിലയിലുളള ഉണര്‍വുമാണ്. ഉറക്കത്തില്‍ നിങ്ങള്‍ തികച്ചും സജീവമാണ്. പക്ഷെ അനുഭവത്തില്‍ ഒന്നും വരുന്നില്ല. ഉണരുമ്പോള്‍ പ്രപഞ്ചം നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷീഭവിക്കുന്നു. എന്താണ് ഇവിടെ സംഭവിക്കുന്നത്? നിങ്ങള്‍ കുറെക്കൂടി തീവ്രമായ ഊര്‍ജ സ്ഥിതിയിലേക്കും ഉണര്‍വിലേക്കും, എത്തിച്ചേര്‍ന്നു എന്നുളളതാണ്. അതാണ് ഉറക്കത്തിന്‍റെയും ഉണര്‍ച്ചയുടെയും വ്യത്യാസം. ആത്മസാക്ഷാത്കാരം എന്ന് ഞാന്‍ പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് അതിലും തീവ്രമായ ഊര്‍ജസ്ഥിതിയിലേക്കും ഉണര്‍വ്വിലേക്കും എത്തുക എന്നതാണ്. പെട്ടെന്ന് നിങ്ങള്‍ ഉണരുന്നത് തികച്ചും വ്യത്യസ്തമായ ഒരു സാക്ഷാത്കാരത്തിലേക്കാണ്. അതിനെ ഞാന്‍ പരമകാരണമായ സത്യം എന്നു വിളിക്കുന്നു. അത് ഇതിനെ വളരെ ലളിതമാക്കുന്നു.