सद्गुरु

അന്വേഷി : സദ്‌ഗുരോ, അങ്ങ്‌ എന്നില്‍ ഒരു ജ്വാല ഉയര്‍ത്തിയിരിക്കുന്നു. അതില്‍ ഞാന്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണ്‌. ലോകം ഇതറിയണമെന്നും, അങ്ങയെപ്പറ്റി ലോകം മുഴുവന്‍ അറിയണമെന്നും ഞാനാഗ്രഹിക്കുന്നു. ലോകത്തിനു മുന്‍പില്‍ ഇതെങ്ങിനെ എത്തിക്കാന്‍ കഴിയുമെന്ന്‍ പറഞ്ഞുതന്നാലും.

സദ്‌ഗുരു : യാത്ര തുടങ്ങിക്കഴിഞ്ഞു. നിങ്ങള്‍ ആദ്യം "ഈഷാ”യില്‍ വന്നത്‌ ഇതെന്താണ് എന്നറിയാനുള്ള ആകാംക്ഷകൊണ്ടോ അല്ലെങ്കില്‍ ശാരീരികവും മാനസികവുമായ ഉത്തേജനം ലക്ഷ്യമാക്കിയോ ആയിരുന്നിരിക്കും. പ്രോഗ്രാം തീര്‍ന്നതിനുശേഷവും ഇവിടെ കറങ്ങിനടക്കുക ഉല്ലാസകരമായ ഒരുകാര്യമായി നിങ്ങള്‍ക്കു തോന്നിയിരിക്കണം. ആളുകളെ കാണുന്നതിനും പരിചയപ്പെടുന്നതിനുമുള്ള സ്ഥലമായി നിങ്ങള്‍ ഇതിനെ കണ്ടുകാണണം. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍, നിങ്ങളില്‍ ചിലര്‍ വിട്ടുപോകാന്‍ സാധിക്കാത്ത വിധത്തില്‍ യോഗയിലേക്ക്‌ ആകര്‍ഷിക്കപ്പെട്ടു. സ്വന്തം ആഗ്രഹത്താലാണെങ്കിലും അല്ലെങ്കിലും, ഏതു വിധേനയായാലും നിങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നു. എനിക്കു തോന്നിയിട്ടുള്ളത്‌ നിങ്ങളില്‍ ഭൂരിഭാഗം പേരും കാഴ്‌ചക്കാരായിട്ടാണ്‌ ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ളത്‌ എന്നാണ്‌. ഒരു കാഴ്‌ചക്കാരനെന്ന നിലയ്ക്കുപരിയായി ഒരു യഥാര്‍ത്ഥ പങ്കാളിയായി ഈ യോഗയില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ സന്നദ്ധനാണോ?

കാഴ്‌ചക്കാരനായിരുന്നാല്‍ അപടകസാധ്യത ഒന്നുമില്ല, കളി ആസ്വദിക്കാം. കാര്യങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പോയില്ലെങ്കില്‍ ചെറിയ വിഷമം തോന്നിയേക്കാം, അത്രതന്നെ. എന്നാല്‍ കളിയുടെ ഭാഗമാകുമ്പോള്‍ അപകട സാധ്യത പലതാണ്‌.

ഒരു കാഴ്‌ചക്കാരനായിരിക്കുന്നതും കളിയിലെ പൂര്‍ണ പങ്കാളിയാവുന്നതും, രണ്ടും വ്യത്യസ്‌തമാണ്‌. കാഴ്‌ചക്കാരനായിരിക്കുമ്പോള്‍, നിങ്ങളുടെ ടീമിന്‌ മേല്‍ക്കൈ കിട്ടുമ്പോള്‍, നിങ്ങള്‍ ആഹ്ലാദം കൊണ്ട് ‌ തുള്ളിച്ചാടുകയും കൈയടിക്കുകയും ഒക്കെ ചെയ്യും. കാര്യങ്ങള്‍ നിങ്ങള്‍ക്കനുകൂലമല്ലാതാകുമ്പോള്‍ നിങ്ങള്‍ എതിര്‍ദിശയിലേക്ക്‌ നോക്കിയിരിക്കും. അതേ സമയം, കളിയുടെ ഭാഗമായിത്തീരുമ്പോഴോ, നിങ്ങളുടെ ഇടപെടലിനും പരിചയസമ്പന്നതയ്ക്കും നാടകീയമായ പുതിയ വ്യതിയാനങ്ങള്‍ വന്നു ചേര്‍ന്നിരിക്കും. കാഴ്‌ചക്കാരനായിരുന്നാല്‍ അപടകസാധ്യത ഒന്നുമില്ല, കളി ആസ്വദിക്കാം. കാര്യങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ പോയില്ലെങ്കില്‍ ചെറിയ വിഷമം തോന്നിയേക്കാം, അത്രതന്നെ. എന്നാല്‍ കളിയുടെ ഭാഗമാകുമ്പോള്‍ അപകട സാധ്യത പലതാണ്‌. പലതും നഷ്‌ടമായേക്കാം.

ഒരു മത്സരം നടക്കുമ്പോള്‍ – കാഴ്‌ചക്കാരനും അതില്‍ പങ്കുണ്ട് എന്നു വരികിലും - കാഴ്‌ചക്കാരനായിരുന്നു കാണുന്നത്‌ ഒരു വക, ‌അതേ സമയം, മത്സരാര്‍ത്ഥിയുടെ പങ്ക്‌ വേറൊരു നിലയിലാണ്‌. മത്സരത്തില്‍ പങ്കെടുക്കുന്നത്‌ അയാളാണ്‌. ഒരു കാഴ്‌ചക്കാരനെന്ന നില വിട്ട്‌ മത്സരാര്‍ത്ഥിയായി കളിയുടെ നടുവിലേക്ക്‌ ഇറങ്ങാന്‍ തീരുമാനിയ്ക്കുമ്പോള്‍, നിങ്ങള്‍ക്കു കളിയെക്കുറിച്ചു നല്ല അറിവുണ്ടായിരിക്കണം. എന്തെല്ലാം തയ്യാറെടുപ്പുകളാണ്‌ അതിനു വേണ്ടതെന്നും അറിഞ്ഞിരിക്കണം.

ഇപ്പോള്‍ ഇവിടെയുള്ളവരില്‍ വലിയ ഒരു ശതമാനം ഇതിലേയ്ക്ക്‌ ഗൌരവപൂര്‍വ്വം ഇറങ്ങാന്‍ തീരുമാനിച്ച സ്ഥിതിക്ക്‌, അങ്ങിനെ തീരുമാനമെടുത്ത ഒരാളില്‍നിന്ന്‍ എന്തെല്ലാമാണ്‌ പ്രതീക്ഷിക്കുന്നത്‌ എന്നു നമുക്കൊന്നു മനസ്സിലാക്കാന്‍ ശ്രമിക്കാം.

ആദ്യം തന്നെ, നിങ്ങള്‍ `ഞാന്‍’ എന്ന്‍ വിളിക്കുന്നത്‌ നിങ്ങളുടെ മനസ്സിന്‍റെ സൃഷ്‌ടിയായ ഒന്നിനെയാണ്‌. അത് നിങ്ങളുടെ മനസ്സില്‍ ശേഖരിച്ചു വെച്ചിട്ടുള്ള ചില വിവരങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ‘ഞാന്‍ ഒരു നല്ല മനുഷ്യനാണ്‌, ഞാന്‍ ഒരു ചീത്തയാളാണ്‌, ഞാന്‍ അഹങ്കാരിയാണ്‌, ഞാന്‍ പാവമാണ്‌, അതൊന്നുമല്ല, മറ്റെന്തൊക്കെയോ ആണ് എന്നെല്ലാമുള്ള ചിന്തകള്‍ പൂര്‍വകാലാനുഭവങ്ങളില്‍നിന്ന്‍ നിങ്ങള്‍ മനസ്സില്‍ സൃഷ്‌ടിച്ചിട്ടുള്ള രൂപങ്ങളാണ്‌. ഭൂതകാലത്തില്‍ കൂടിയാണ്‌ നിങ്ങള്‍ ജീവിക്കുന്നതും. അതിനെ മാറ്റി നിര്‍ത്തിയാല്‍ മിക്കവരും വഴിയറിയാതെ കുഴഞ്ഞുപോകും. നിങ്ങളെ സംബന്ധിച്ചടത്തോളം എല്ലാം നിലനില്‍ക്കുന്നത്‌ ഭൂതകാലത്തില്‍ മാത്രം, കൊഴിഞ്ഞു പോയ വര്‍ഷങ്ങളാണ്‌ എല്ലാറ്റിനുമാധാരം, ഈ നിമിഷത്തിന്‌ ഒരു പ്രാധാന്യവുമില്ല. വ്യക്തിവൈഭവം മാത്രം പ്രധാനമായിരിക്കുന്നിടത്തോളം, കഴിഞ്ഞു പോയ കാലത്തിന് മാത്രമേ പ്രാധാന്യമുള്ളു. ഇപ്പോള്‍, ജീവിതത്തില്‍ കൂടി കടന്നുപോകുന്ന ഈ നിമിഷത്തിനു നിങ്ങള്‍ പ്രാധാന്യം കല്‍പിക്കുന്നില്ല. കാരണം നിങ്ങളുടെ വ്യക്തിത്വം ഭൂതകാലത്തിനവകാശപ്പെട്ടതാണ്‌.

ഇപ്പോള്‍, ഈ നിമിഷത്തില്‍, നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥത്തില്‍ വ്യക്തിത്വമില്ല. നിങ്ങള്‍ കൊണ്ടുനടക്കുന്ന വ്യക്തിത്വം മരിച്ചു കഴിഞ്ഞതാണ്‌. ഒരു മൃതദേഹവും ചുമന്നുകൊണ്ട് ‌ അധികദൂരം നടക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഒരു ശവവും ചുമന്നുകൊണ്ട് ‌ എങ്ങോട്ട്‌ പോകാനാവും?

ഒരു കാര്യം മനസ്സിലാക്കുക – ഇപ്പോള്‍, ഈ നിമിഷത്തില്‍, നിങ്ങള്‍ക്ക്‌ യഥാര്‍ത്ഥത്തില്‍ വ്യക്തിത്വമില്ല. നിങ്ങള്‍ കൊണ്ടുനടക്കുന്ന വ്യക്തിത്വം മരിച്ചു കഴിഞ്ഞതാണ്‌. ഒരു മൃതദേഹവും ചുമന്നുകൊണ്ട് ‌ അധികദൂരം നടക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഒരു ശവവും ചുമന്നുകൊണ്ട് ‌ എങ്ങോട്ട്‌ പോകാനാവും? ശ്‌മശാനത്തിലേക്കു മാത്രം, അങ്ങിനെയല്ലേ? അധികനേരം ചുമന്നുകൊണ്ടു നടന്നാല്‍ അതിന്‍റെ ദുര്‍ഗന്ധവും സഹിക്കേണ്ടിവരും. വ്യക്തിവൈഭവം കൂടുംതോറും ദുര്‍ഗന്ധവും കൂടുതലായിരിക്കും. ഭൂതകാലത്തെ ഉപേക്ഷിച്ചാല്‍ മാത്രമേ ജീവിതത്തില്‍ മുന്‍പോട്ടുപോകാന്‍ സാധിക്കൂ.

പാമ്പ്‌ പടം പൊഴിക്കുന്നതുപോലെയാണത്‌. പാമ്പ്‌ പടം പൊഴിക്കുന്നത്‌ എങ്ങനെയാണെന്നറിയാമോ? ഈ നിമിഷത്തില്‍ അതിന്‍റെ ശരീരത്തിന്‍റെ ഭാഗമായിരുന്നതിനെ അടുത്ത നിമിഷത്തില്‍ പൊഴിച്ചുകളഞ്ഞിട്ട്‌, തിരിഞ്ഞുനോക്കാതെ അതു മുന്‍പോട്ടു പോവുന്നു. നാം എല്ലായ്‌പ്പോഴും ഇതേ രീതിയില്‍ പെരുമാറിയാല്‍ മാത്രമേ വളര്‍ച്ചയുണ്ടാവുകയുള്ളു. ഭൂതകാലത്തിന്‍റെ ഭാണ്ഡം പേറാതെ ഇതേ രീതിയില്‍ ഓരോ നിമിഷവും ജീവിക്കാനായാല്‍ അവന്‍ പാപവിമുക്തനാവുന്നു. അയാള്‍ തന്‍റെ കൂടെ ഒന്നും ചുമന്നുകൊണ്ടുപോകുന്നില്ല. പാപവിമുക്തനാണ്‌ എന്നതുകൊണ്ട് അയാള്‍ ജീവിതത്തില്‍ നിഷ്‌ക്രിയനായിരുന്നു എന്നല്ല അര്‍ത്ഥമാക്കുന്നത്. നിഷ്‌ക്രിയനായിരുക്കുക എന്ന് വച്ചാല്‍, മരിച്ചു ജീവിക്കുന്നതു പോലെയാണ്‌. ജീവിതത്തെ അറിയുന്നതിനായി ഒരാള്‍ ചെയ്യാവുന്ന എല്ലാ പ്രവൃത്തികളും ആ വ്യക്തി ചെയ്‌തിട്ടുണ്ടാവും, എന്നാല്‍ അയാളുടെ പ്രവൃത്തികളെ ആധാരമാക്കിയുള്ള ഒരു വ്യക്തിത്വം അയാള്‍ രൂപപ്പെടുത്തിയിട്ടുണ്ടാവില്ല.

photo credit to : https://pixabay.com/static/uploads/photo/2015/04/27/06/39/i-741501_960_720.jpg