सद्गुरु

അന്വേഷി : സദ്ഗുരു, അങ്ങ്‌ നല്‍കിയ പ്രബോധനങ്ങളും, ഞാന്‍ പതിവായി ചെയ്യുന്ന സാധനകളും, ഭാവത്തിലും, പെരുമാറ്റത്തിലും അയവു വരുത്തി, എന്റെ അന്തരംഗം പൂവണിയാന്‍ സഹായകരമാകുമോ?

 

സദ്‌ഗുരു : നിങ്ങള്‍ പൂവണിയുന്നതിന്‌ തടസ്സം നിങ്ങളുടെ കാര്‍ക്കശ്യം തന്നെയാണെന്ന്‍ സ്വയം മനസ്സിലാക്കിയതില്‍ എനിക്ക്‌ സന്തോഷമുണ്ട്‌. പലതലങ്ങളിലും, നിങ്ങള്‍ക്ക്‌ കര്‍ക്കശനാകാന്‍ കഴിയും. യോഗാസനം പരിശീലിക്കുമ്പോള്‍ അവനവന്റെതന്നെ ശാരീരികമായ അയവില്ലായ്‌മ നിങ്ങള്‍ക്ക്‌ ബോധ്യമാകും. നിങ്ങളുടെ മനസ്സിന്‍റെയും വികാരങ്ങളുടേയും അയവില്ലായ്‌മ മനസ്സിലാക്കാന്‍ അല്‍പംകൂടി ഉണര്‍വ്‌ ആവശ്യമാണ്‌. ചിന്തകളിലും വികാരങ്ങളിലും കാര്‍ക്കശ്യം വച്ചുപുലര്‍ത്തുന്ന ഒരാള്‍ താന്‍ കുറ്റമറ്റവനാണെന്ന്‍ സ്വയം വിശ്വസിക്കും. കാരണം, മറിച്ചുള്ള വീക്ഷണത്തിനോ ചിന്തയ്ക്കോ വികാരത്തിനോ അയാള്‍ ഇടം അനുവദിക്കില്ല. നിങ്ങള്‍ ഈ മനുഷ്യനെ കാണുമ്പോള്‍ അയാള്‍ ഒരു അഹങ്കാരിയാണെന്ന്‍ മനസ്സില്‍ പറയുന്നു, എന്നാല്‍ അയാള്‍ കുറ്റമറ്റവനാണെന്നാണ്‌ അയാളുടെ വിചാരം.

ഊര്‍ജാവസ്ഥ വളരെ അയവുള്ള ആരിലും, ഏറ്റവും ലളിതമായ യോഗക്രിയയുടെ ആദ്യദിവസം തന്നെ മാറ്റങ്ങള്‍ വരുത്തുന്ന രീതിയില്‍ ഊര്‍ജപ്രവാഹമുണ്ടാവും.

അതുപോലെ നിങ്ങളുടെ ഊര്‍ജത്തിലും, അയവില്ലായ്‌മ ഉണ്ടാകാം. ഊര്‍ജാവസ്ഥ വളരെ അയവുള്ള ആരിലും, ഏറ്റവും ലളിതമായ യോഗക്രിയയുടെ ആദ്യദിവസം തന്നെ മാറ്റങ്ങള്‍ വരുത്തുന്ന രീതിയില്‍ ഊര്‍ജപ്രവാഹമുണ്ടാവും. അതേ സമയം ഇനിയൊരാള്‍ക്ക്‌ വളരെക്കാലത്തെ പരിശീലനത്തിനുശേഷവും ഒന്നുംതന്നെ സംഭവിക്കുന്നില്ല. ഊര്‍ജം എത്രത്തോളം വഴങ്ങുന്നു എന്നതനുസരിച്ചാണ്‌ യോഗാഭ്യാസത്തില്‍ രൂപഭാവാദികള്‍ സംഭവിക്കുക. ഈ അയവില്ലായ്‌മ പലതലങ്ങളിലാണങ്കിലും, എല്ലാം ഒന്നിന്നുനോടൊന്ന്‍ ബന്ധപ്പെട്ടിരിക്കുന്നു. ഒരു തലത്തിലുള്ള അയവില്ലായ്‌മ മറ്റു തലങ്ങളെയും ബാധിക്കുന്നു.

നിങ്ങള്‍ എത്ര ബുദ്ധിശുന്യനായാലും, തീരെ ഉണര്‍വില്ലാത്തവനായാലും, കര്‍മബന്ധങ്ങളാല്‍ കെട്ടിവരിഞ്ഞവനായാലും ശരി, അതൊന്നും പ്രശ്നമില്ല; പതഞ്‌ജലിയുടെ യോഗശാസ്‌ത്രത്തില്‍ ഓരോരുത്തര്‍ക്കും അനുയോജ്യമായ മാര്‍ഗങ്ങളുണ്ട്‌. ശരീരം ഒന്നു വളയ്ക്കാന്‍ സാധിച്ചാല്‍ തന്നെ ഒരു കര്‍മദോഷം ഒഴിവായി. ശിരസ്സ്‌ കാല്‍മുട്ടില്‍ സ്‌പര്‍ശിക്കാന്‍ സാധിച്ചാല്‍ ഇനിയൊരു ശാരീരിക കര്‍മം മറികടക്കുകയാണ്‌ ചെയ്യുന്നത്‌. ഇതൊരു തമാശയല്ല, മുന്‍പൊരിക്കലും ഇത്‌ ചെയ്‌തിട്ടില്ലാത്ത വ്യക്തിക്ക്‌ ഇത്‌ വലിയൊരു നേട്ടംതന്നെയാണ്‌. ഈ ചെറിയ പരിമിതികള്‍ കാലം ചെല്ലുംതോറും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഇന്ന്‍ ശരീരത്തിന്റെ പല അവയവങ്ങള്‍ ചെറിയ തോതില്‍ നിങ്ങളുടെ ആജ്ഞക്ക് വഴങ്ങുന്നുണ്ടെങ്കിലും, കാലക്രമേണ അതിനുള്ള ശക്തി കുറഞ്ഞുകൊണ്ടിരിക്കും. ശാരീരികമായും മാനസികമായും ഒട്ടും വഴങ്ങാത്ത ഒരു ദിവസം വരും. എല്ലാവരുടെ കാര്യത്തിലും ഇതുതന്നെയാണ്‌ സംഭവിക്കുക.

നിങ്ങളുടെ തന്നെ ജീവിതത്തിലേക്ക്‌ ഒന്നെത്തിനോക്കുക, പത്തോ പന്ത്രണ്ടോ വയസ്സുള്ളപ്പോള്‍ ശരീരവും മനസ്സും എത്ര അയവുള്ളതായിരുന്നു, ഇരുപതാമത്തെ വയസ്സില്‍ അതിന്‌ കാര്യമായ കുറവു വന്നു. മുപ്പതിലെത്തിയപ്പോള്‍ തീരെ ഇല്ലാതായി. വര്‍ഷങ്ങള്‍ കഴിയുംതോറും ശാരീരികമായി മാത്രമല്ല മാനസികമായ വഴക്കമില്ലായ്‌മയും കഠിനമാവുന്നു. ഇത്‌ വളര്‍ച്ചയല്ല; പിന്‍വാങ്ങലാണ്‌. ജനിച്ചപ്പോള്‍ എന്തെല്ലാം നേട്ടങ്ങള്‍ ഉണ്ടായിരുന്നുവോ, നിര്‍ഭാഗ്യവശാല്‍ അവയെ വളര്‍ത്തിയെടുക്കുന്നതിനുപകരം, പിറകിലോട്ട് കൊണ്ടുപോവുകയാണ് നാം ചെയ്യുന്നത്‌.

മിക്ക മനുഷ്യരിലും, വന്നെത്തുന്ന സൌഭാഗ്യം ഒരു ശാപമായിട്ടായിരിക്കും പര്യവസാനിക്കുക. പണം, സ്വാധീനം, സൌകര്യങ്ങള്‍, ബുദ്ധി എന്നിവയൊക്കെ മിക്ക ആളുകള്‍ക്കും ഒടുവില്‍ അനാവശ്യമായി തോളിലേറ്റി നടക്കേണ്ടി വരുന്ന മാറാപ്പായിത്തീരുന്നു. അനുഗ്രഹങ്ങളായാണ്‌ അവ എത്തുന്നതെങ്കിലും, അവയെ തിന്മകളാക്കി മാറ്റുന്നു. ബുദ്ധിശക്തി ഉപയോഗിച്ചുകൊണ്ട് ബോധത്തിന്‍റെ പൂര്‍ണതയിലെത്താനോ, ആന്തരികമായി ശാന്തനും സ്‌നേഹസമ്പന്നനുമാവുന്നതിനായിട്ടോ അവര്‍ ശ്രമിക്കുന്നില്ല. പകരം, സ്വയം ബുധ്ധിഭ്രമത്തിന്റെ വക്കിലെത്തുകയാണ് ചെയ്യുന്നത്.

ഉദാഹരണത്തിന്‌ ഒരു കൃഷിക്കാരനായിരുന്നെങ്കില്‍ എത്ര നന്നായേനേ എന്ന്‍ നിങ്ങള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവും; യാതൊരു ബാധ്യതയുമില്ല, അവനവന്റെ സൌകര്യത്തിനു ജോലി നോക്കാം. പെട്ടെന്നൊരു ദിവസം നിങ്ങളോടു കൃഷിപ്പണി കൈകാര്യം ചെയ്യാന്‍ പറഞ്ഞാല്‍, ഒരു മണിക്കൂര്‍ കൊണ്ട് നിങ്ങള്‍ക്കു മടുക്കും. മൂന്നു ദിവസത്തെ ഉപജീവനത്തിന്‌ മാത്രമായാണ്‌ നിങ്ങളെ അയച്ചതെങ്കിലും, പിറുപിറുത്തുകൊണ്ട്, സ്വയം ശപിച്ചുകൊണ്ട് ഓരോ ദിവസവും പണി ചെയ്തെന്നു വരുത്തിതീര്‍ക്കും. അക്കരപ്പച്ച, എന്നു കേട്ടിട്ടില്ലേ? ‘അത്‌’ ലഭിക്കുമ്പോള്‍ ‘ഇതിനെ’ ആശിയ്ക്കും, ‘ഇത്‌’ ലഭിക്കുമ്പോള്‍ ‘അതിനെ’ ആശിയ്ക്കും. ഈ പ്രതിഭാസത്തെ കാല്‍പനികം എന്നു നിങ്ങള്‍ വിളിക്കുമായിരിക്കും. പക്ഷേ ഇത്‌ ജീവിതം തകര്‍ക്കും.

ജീവിതത്തിനെതിരെ ആര്‌ നീങ്ങിയാലും, ജീവിതത്തിന്‍റെ സ്രോതസ്സിനെതിരെ ആര്‌ നീങ്ങിയാലും, അത്‌ ശുദ്ധ മൂഢത്വമാണ്‌. ജീവിതത്തിലെ ഓരോ നിമിഷത്തിലും നിങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട കാര്യം, സ്രഷ്‌ടാവിന്‌ അനുകൂലമാണോ, അതോ പ്രതികൂലമാണോ എന്നതാണ്‌‌. അനുകൂലമാകാന്‍ കഴിഞ്ഞാല്‍ ജീവിതം ശരിയായ ഗതിയില്‍ പോകും. സ്രഷ്‌ടാവിനെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങളുടെ ഗുരുവിനെക്കുറിച്ചു ചിന്തിക്കൂ. ചെയ്യുന്ന ഓരോ പ്രവൃത്തിയിലും ശ്രദ്ധിക്കുക – നിങ്ങളുടെ വാചകങ്ങള്‍, പ്രവൃത്തികള്‍, ഇതൊക്കെ അദ്ദേഹത്തിനനുകൂലമായിട്ടാണോ, അതോ പ്രതികൂലമായിട്ടാണോ? ഈ സാധന ചെയ്‌താല്‍ തന്നെ മനസ്സ്‌ സ്വസ്ഥമാവും.

അതിന്‌ പക്ഷെ വേണ്ടത്‌ ശുഷ്‌കാന്തിയാണ്‌. അല്ലെങ്കില്‍ ഈ സരളമായ സാധന കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഓരോ നിമിഷവും ഓരോ ശ്വാസത്തിലും ശ്രദ്ധിക്കണം. അത്‌ ശ്രദ്ധിക്കാനുള്ള മനഃസാന്നിദ്ധ്യമുണ്ടെങ്കില്‍, ഈ സാധന മാത്രം മതി, അത് മനസ്സിന്‌ തെളിച്ചം തരും, നാളെ നിങ്ങള്‍ സമാധിക്ക്‌ സജ്ജനായിത്തീരും.

മാര്‍ഗം വളരെ ലളിതമാണ്‌, എന്നാല്‍ ആ മാര്‍ഗത്തില്‍ നിങ്ങള്‍ എന്ന വ്യക്തി ഉളളതുകൊണ്ട്‌ അതു വളരെ സങ്കീര്‍ണമായി നിങ്ങള്‍ക്കു തോന്നും.

അന്വേഷി : കേള്‍ക്കുമ്പോള്‍ എത്ര എളുപ്പമാണ്! ഇത്‌ യഥാര്‍ത്ഥത്തില്‍ അത്ര എളുപ്പമുള്ളതാണോ സദ്‌ഗുരു?

സദ്‌ഗുരു : ഇത്‌ യഥാര്‍ത്ഥത്തില്‍ വളരെ ലളിതമാണ്‌, അതേസമയം അത്യന്തം സങ്കീര്‍ണവുമാണ്‌. അതിന്‌ കാരണം നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ സവിശേഷതകളാണ്‌. മാര്‍ഗം സ്വയം സങ്കീര്‍ണമല്ല. ആദ്ധ്യാത്മികപാതയില്‍ ഒരാള്‍ സങ്കീര്‍ണതകളുമായി ഏറ്റുമുട്ടുന്നത്‌ മാര്‍ഗത്തിന്‍റെ കുഴപ്പം കൊണ്ടല്ല, അയാളുടെ മനസ്സിന്‍റെ താളപ്പിഴകള്‍ മൂലമാണ്‌ സങ്കീര്‍ണതകള്‍ ഉണ്ടെന്ന്‍ തോന്നുന്നത്‌. മാര്‍ഗം വളരെ ലളിതമാണ്‌, എന്നാല്‍ ആ മാര്‍ഗത്തില്‍ നിങ്ങള്‍ എന്ന വ്യക്തി ഉളളതുകൊണ്ട്‌ അതു വളരെ സങ്കീര്‍ണമായി നിങ്ങള്‍ക്കു തോന്നും. നിങ്ങള്‍ക്കുള്ളില്‍ യാതൊന്നും ചലിക്കുന്നില്ല, ഒരു ശവശരീരം മരവിച്ചുറച്ചതുപോലെയുള്ള അയവില്ലായ്‌മയാണ്‌ നിങ്ങള്‍ക്കുള്ളത്‌. നിങ്ങളുടെ മനസ്സിന്‍റെ ചാഞ്ചല്യം മാറ്റാന്‍ ഗുരുകൃപയാണ്‌ വേണ്ടത്. അതിന്‌ നിങ്ങള്‍ അനുവദിച്ചാല്‍ മാര്‍ഗം ലളിതമായിരിക്കും. കാരണം, മാര്‍ഗം തന്നെയാണ്‌ ലക്ഷ്യവും.

ഇവിടെ വെറുതെയിരുന്നാല്‍ മതി, ജീവന്‍ ജീവിതത്തിന്‍റെ നാഡിമിടിപ്പിനൊപ്പമാകും, എല്ലാ ജീവജാലങ്ങളും നിങ്ങളുടെ ജീവനൊപ്പം തുടിക്കും. ജീവിക്കുന്ന അസ്‌തിത്വത്തില്‍ നിന്ന്‍ നിങ്ങള്‍ക്കെങ്ങിനെ അകന്നു പോവാന്‍ കഴിയും? അത്‌ എങ്ങിനെ സാധ്യമാകും? അത്‌ നിങ്ങളെ അകത്തുനിന്നും പുറത്തുനിന്നും പൊതിഞ്ഞിരിക്കുന്നു, അതില്‍നിന്ന്‍ ആര്‍ക്കും അകന്നു നില്‍ക്കാന്‍ കഴിയില്ല. പക്ഷെ സംഭവിക്കുന്നത്‌ അതല്ല, ബോധപൂര്‍വമല്ലെങ്കിലും, അകന്നു പോവാന്‍ വേണ്ടതെല്ലാം നിങ്ങള്‍ സ്വയം ചെയ്തുകൊണ്ടേയിരിക്കുന്നു. ആ ചെയ്തികള്‍ അവസാനിപ്പിച്ചാല്‍ മാത്രം മതി, സമുതിലിതാവസ്ഥയിലെത്തും. നിങ്ങളുടെ ജീവിതത്തിനുതകാത്ത രീതിയിലുള്ള നിങ്ങളുടെ തന്നെ ചെയ്തികളവസാനിപ്പിക്കാനായിട്ടാണ് ഈ ക്രിയകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

ഒരു വശത്ത് നിന്നു നോക്കുമ്പോള്‍, ഇതെല്ലാം അനാവശ്യമാണെന്ന്‍ തോന്നാം. നിങ്ങളുടെ ഊര്‍ജത്തിന്‍റെ ഒഴുക്ക്‌ നിങ്ങള്‍തന്നെ തടസ്സപ്പെടുത്തിയിരിക്കുന്നതിനാല്‍, മനസ്സ്‌ എല്ലാറ്റിനേയും മര്‍ദ്ദിച്ചൊതുക്കിയിരിക്കുന്നു. അതുകാരണം അഹന്തമാത്രം പരിപോഷിപ്പിക്കപ്പെടുന്നു, മറ്റെല്ലാം അടിച്ചമര്‍ത്തപ്പെടുന്നു. അഹന്തയ്ക്ക്‌ സൌകര്യപ്രദമായ രീതിയില്‍ മാത്രമേ നിങ്ങളുടെ ഊര്‍ജങ്ങള്‍ ചലിക്കുന്നുള്ളു. അല്‍പം കൂടുതല്‍ ഊര്‍ജം മതി, നിങ്ങളുടെ അഹന്ത പൊട്ടിച്ചിതറും. നിങ്ങളുടെ ഊര്‍ജം ഉയിര്‍ത്തെഴുനേറ്റാല്‍ എല്ലാം അലിഞ്ഞില്ലാതാകും; നിങ്ങളുടെ അഹന്തയ്ക്ക്‌, അത്‌ നന്നായറിയാം. അതിനാലാണ്‌ അതിനെ തടസ്സപ്പെടുത്തിയിരിക്കുന്നത്‌.

ഊര്‍ജം തീരെ കുറവാണെങ്കില്‍, അഹന്ത ദുര്‍ബലമാവും; അഹന്ത അത്‌ ഇഷ്‌ടപ്പെടുന്നില്ല. അതിനാല്‍ അഹന്തയെ പിന്തുണയ്ക്കുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യാന്‍ പാകത്തിനുള്ള ഊര്‍ജം മാത്രമേ അത്‌ അനുവദിക്കുകയുള്ളു. ഊര്‍ജം വളരെ കൂടുതലായാല്‍, അഹന്ത താനെ ഛിന്നഭിന്നമായിപ്പോവും. കുണ്ഡലിനിശക്തി ഉണരാന്‍ തുടങ്ങിയാല്‍, ഒന്നും അവശേഷിക്കാതെ എല്ലാം ഛിന്നഭിന്നമാവും. നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാറ്റിലും അലിഞ്ഞു ചേരുന്ന ഒരു ശക്തിമാത്രമായിരിക്കും നിങ്ങള്‍. നിങ്ങള്‍ക്ക്‌ സ്വന്തമായി ഒരു ഇഷ്‌ടം പിന്നീടൊരിക്കലും ഉണ്ടാവില്ല. ഇച്ഛാശക്തി അടിയറ വെയ്ക്കാന്‍ നിങ്ങള്‍ തയ്യാറല്ലാത്തതിനാല്‍, നിങ്ങളുടെ ഊര്‍ജത്തെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണ്‌ നിങ്ങളെക്കൊണ്ട്‌ ഈ സാധനയെല്ലാം ചെയ്യിക്കുന്നത്‌.

ഊര്‍ജം വളരെ കൂടുതലായാല്‍, അഹന്ത താനെ ഛിന്നഭിന്നമായിപ്പോവും. കുണ്ഡലിനിശക്തി ഉണരാന്‍ തുടങ്ങിയാല്‍, ഒന്നും അവശേഷിക്കാതെ എല്ലാം ഛിന്നഭിന്നമാവും.

യോഗാസനയും ക്രിയായോഗയും ആ വഴി ത്വരിതഗതിയിലാക്കുന്നു. നിങ്ങള്‍ക്ക്‌ സ്വയം അതിനാവാത്തതുകൊണ്ടാണ്‌ ഒരു പ്രത്യേക രീതിയില്‍ സൃഷ്‌ടിയെ ചലനാത്മകമാക്കുന്നത്‌. ഒരിക്കല്‍ അത്‌ നീങ്ങിത്തുടങ്ങിയാല്‍പിന്നെ ഒരു പ്രളയം പോലെയാണത്.‌ പ്രളയത്തിന്‌ മുന്‍പും, പ്രളയം കഴിഞ്ഞയുടനെയും ഒരു സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ടെന്നുണ്ടെങ്കില്‍, അവിടെയുണ്ടായ മാറ്റങ്ങള്‍ അവിശ്വസനീയമായിത്തോന്നും. കാഴ്ചകള്‍ വേദനാജനകമായിരിക്കും. ഏതാനും മണിക്കൂര്‍കൊണ്ട്‌ വീടുകള്‍, വിളകള്‍, എന്തിന്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിങ്ങളുടെതായ ഒരു ലോകം തന്നെ തുടച്ചുമാറ്റിയതായി കാണാം. ദുരന്തത്തിന്‍റെ ആഴം മനസ്സില്‍ പതിയണമെങ്കില്‍, എന്തൊക്കെ അവശേഷിച്ചു എന്നും എന്തൊക്കെ കൊണ്ടുപോയി എന്നും പ്രളയം നേരില്‍ കാണണം.

ഈ സാധന എവിടെയെങ്കിലും എത്തിപ്പെടാനുള്ളതല്ല, നിങ്ങളിലെ നിസ്സാരമായ സൃഷ്‌ടികളെ തുടച്ചുമാറ്റി, സ്രഷ്‌ടാവ്‌ ഉദ്ദേശിച്ച രീതിയില്‍ നിങ്ങളെ മാറ്റാന്‍ കഴിവുള്ള ഒരു പ്രളയം നിങ്ങളുടെ ഉള്ളില്‍ സൃഷ്‌ടിക്കാന്‍ വേണ്ടിയാണത്‌.

Phot credit : http://isha.sadhguru.org/blog/yoga-meditation/demystifying-yoga/breaking-barriers-of-rigidity/