सद्गुरु

അമ്പേഷി: സദ്‌ഗുരു, നാളെ എന്നൊന്നില്ലാത്ത രീതിയിലാണോ ഞങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്‌? ഞാന്‍ എല്ലാം ഉപേക്ഷിച്ച്‌ വന്നിരിക്കുന്നു. ഈ ആശ്രമത്തെ എന്‍റെ വീടായി കരുതിക്കൂടെ?

സദ്‌ഗുരു: ശരിയാണ്‌, നിങ്ങള്‍ പറഞ്ഞത്‌ നൂറു ശതമാനം ശരിയാണ്‌, നാളെയെന്നൊന്നില്ല. ആദ്ധ്യാത്മികപാതയില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക്‌ നാളെയെന്നൊന്നില്ല, ഇന്ന്, ഇപ്പോള്‍, അതു മാത്രമേയുള്ളു. നാളെ വരട്ടെ, അപ്പോള്‍ അതിനെക്കുറിച്ച്‌ ചിന്തിക്കാം. എന്തെല്ലാം ചെയ്യേണ്ടതായിട്ടുണ്ടോ, അതെല്ലാം ഇപ്പോള്‍, ഈ നിമിഷത്തില്‍ ചെയ്യണം, അതിനാലാണ്‌ ഞാനും ഈ തിടുക്കം കാണിക്കുന്നത്‌.

ആദ്ധ്യാത്മികപാതയില്‍ സഞ്ചരിക്കുന്ന ഒരാള്‍ക്ക്‌ നാളെയെന്നൊന്നില്ല, ഇന്ന്, ഇപ്പോള്‍, അതു മാത്രമേയുള്ളു. നാളെ വരട്ടെ, അപ്പോള്‍ അതിനെക്കുറിച്ച്‌ ചിന്തിക്കാം

ഒരു പഴയ ഫോട്ടോയുണ്ട്, രമണ മഹര്‍ഷിയും അദ്ദേഹത്തിന്‌ ചുറ്റും കുറേ ശിഷ്യന്മാരുമായുള്ളത്. അതു കാണേണ്ടതാണ്, എത്രയധിതം തീവ്രഭാവത്തോടെയാണ്‌ ശിഷ്യന്മാര്‍ അദ്ദേഹത്തിന്റെ കൂടെ ഇരിക്കുന്നത്‌! അതേ സമയം, രമണ മഹര്‍ഷിയോ, അദ്ദേഹം തികച്ചും ശാന്തനായി കാണപ്പെടുന്നു. കടുവയുടേതുപോലുള്ള അവരുടെ ആ തീകഷ്ണത ഇല്ലായിരുന്നെങ്കില്‍ വലുതായിട്ടൊന്നും അവര്‍ക്ക് നേടാന്‍ കഴിയുയുമായിരുന്നില്ല. ശാന്തനായ അദ്ദേഹത്തിന്‍റെ സാമീപ്യം അവരിലൊരുതരം ശീഘ്രത ഉളവാക്കി, അവരെ എരിയുന്ന തീക്കനലില്‍ നില്‍ക്കുന്നതു പോലെ വെകിളി പിടിപ്പിച്ചു. അദ്ദേഹത്തിന്‍റെ സാമീപ്യംകൊണ്ട് കാക്കകളും പശുക്കളും വരെ മോചിതരായി. ചുറ്റും ഉള്ളവരില്‍ ആ തീവ്രതാ മനോഭാവവും ഉത്പാദിപ്പിക്കാന്‍ ആയില്ലായിരുന്നെങ്കില്‍, ഇതൊന്നും സംഭവിക്കില്ലായിരുന്നു. തികച്ചും അവിശ്വസനീയം അല്ലേ!

അമ്പേഷി : പലപ്പോഴും എന്‍റെ തണുപ്പന്‍ പെരുമാറ്റം, എനിക്കും മറ്റുള്ളവര്‍ക്കും ചിലപ്പോള്‍ അങ്ങേയ്ക്ക്‌ തന്നെയും ഇച്ഛാഭംഗം ഉണ്ടാക്കുന്നതിന്‌ കാരണമായിട്ടുണ്ട്‌. ഒരു സന്തുലിത സ്ഥിതി നിലനിര്‍ത്തി തീവ്രഗതിയില്‍ കാര്യങ്ങള്‍ നടത്താന്‍ എങ്ങിനെ സാധിക്കും?

സദ്‌ഗുരു : നിങ്ങളുടെ വികാരങ്ങളും കൌശലങ്ങളുംകൊണ്ട് ‌ സ്വരക്ഷയ്ക്കായി ഒളിക്കാന്‍ നിങ്ങള്‍ ഒരു കൂടുണ്ടാക്കുകയോ, മറ്റുള്ളവരെക്കൊണ്ട് ‌ ഉണ്ടാക്കിക്കുകയോ ചെയ്യുന്നു, അങ്ങിനെയല്ലേ? ആ സൂത്രങ്ങള്‍ തുടരാതിരിക്കുക. ഇപ്പോള്‍ ഇങ്ങനെ ഒരു പാത നിങ്ങള്‍ സ്വീകരിച്ചിരിക്കുമ്പോള്‍, അതൊക്കെ നിര്‍ത്തുവാന്‍ സമയമായി. അപ്പോള്‍മാത്രമേ പ്രതീക്ഷകളെയും മോഹഭംഗങ്ങളെയും മാറ്റിനിര്‍ത്താനാകുകയുള്ളു. നിങ്ങളുടെ പ്രതീക്ഷക്കൊത്ത്‌ മറ്റുള്ളവര്‍ ഉയരാത്തപ്പോള്‍ ഓരോ ചുവടുവെയ്‌പ്പിലും നിങ്ങള്‍ക്ക്‌ ഇച്ഛാഭംഗം ഉണ്ടാവുന്നു. നിങ്ങളുടെ അഹന്തയ്ക്ക്‌ അവര്‍ കൂട്ടു നില്‍ക്കുന്നില്ല, അതാണ്‌ നിങ്ങളെ അലട്ടുന്ന പ്രശ്നം.

ഒരിക്കല്‍ ചെറുപ്പക്കാരായ നവദമ്പതികള്‍ മധുവിധു ആഘോഷിക്കുന്നതിനായി പുറപ്പെട്ടു. തിരിച്ചെത്തിയ ഉടനെ വധു അവളുടെ അമ്മയെ ടെലിഫോണില്‍ വിളിച്ചു. അമ്മ ചോദിച്ചു, "മോളേ എങ്ങിനെയുണ്ടായിരുന്നു നിങ്ങളുടെ മധുവിധു?”

മകള്‍ പറഞ്ഞു, "ഓ അമ്മാ, മധുവിധു വളരെ സുന്ദരമായിരുന്നു, എന്നാല്‍”... ഇത്രയും പറഞ്ഞതോടു കൂടി അവള്‍ ഏങ്ങിക്കരയുവാന്‍ തുടങ്ങി. കുറച്ചു കഴിഞ്ഞു പറഞ്ഞു, "അമ്മാ, തിരിച്ചുവന്നതിനു ശേഷം ഡേവിഡ്‌ എന്നോട്‌ മോശമായ ഭാഷയില്‍ സംസാരിക്കുന്നു, സ്നേഹമില്ലാത്തതു പോലെ. അമ്മാ, ദയവുചെയ്ത് എന്നെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടു പോകു.”

"എന്താ അവന്‍ പറഞ്ഞത്, എന്തിനാ അവന്‍ മോളെ സങ്കടപ്പെടുത്തുന്നത്‌?"

"അതു പറയുവാന്‍ തന്നെ എനിക്കു മടിയാണ്‌, " മകള്‍ തേങ്ങിക്കരച്ചിലിനിടയില്‍ പറഞ്ഞു. അമ്മ വന്നെന്നെ വീട്ടില്‍ കൊണ്ടുപോയാല്‍ മതി."

"എന്‍റെ പൊന്നു മോളല്ലേ, നിന്നെ ഇത്രയധികം വേദനിപ്പിച്ച ആ വാക്കുകള്‍ അമ്മയോട്‌ പറയൂ.”

ഏങ്ങലടിച്ചുകൊണ്ട് ‌ നവവധു പറഞ്ഞു, "ഓ, എന്റമ്മേ എല്ലാം നാലക്ഷര വാക്കുകള്‍ - പൊടി തുടയ്ക്കുക, ഇസ്‌തിരിയിടുക, വസ്‌ത്രം അലക്കുക, പാചകം ചെയ്യുക (Dust, Iron, Wash, Cook)

ജീവിതത്തില്‍ നിരാശ തോന്നുവാനുള്ള ഒരു കാരണം ജീവിതം എങ്ങിനെ വേണമെന്ന്‍ നിങ്ങളുടേതായ കാഴ്‌ചപ്പാടുള്ളതുകൊണ്ടും മറ്റുള്ളവര്‍ എങ്ങിനെ ജീവിക്കണമെന്ന്‍ നിങ്ങള്‍ തീരുമാനിക്കുന്നതു കൊണ്ടുമാണ്

ജീവിതത്തില്‍ നിരാശ തോന്നുവാനുള്ള ഒരു കാരണം ജീവിതം എങ്ങിനെ വേണമെന്ന്‍ നിങ്ങളുടേതായ കാഴ്‌ചപ്പാടുള്ളതുകൊണ്ടും മറ്റുള്ളവര്‍ എങ്ങിനെ ജീവിക്കണമെന്ന്‍ നിങ്ങള്‍ തീരുമാനിക്കുന്നതു കൊണ്ടുമാണ്‌. അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ മറ്റൊരാളുടെ കാര്യത്തില്‍ എന്തിന്‌ നിരാശ തോന്നണം? അയാള്‍ നിങ്ങള്‍ ആഗ്രഹിച്ചതുപോലെയാവാത്തതിനാലോ, അതോ നിങ്ങള്‍ അയാളെ ചൂഷണം ചെയ്യാന്‍ സമ്മതിക്കാത്തതിനാലോ? കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാല്‍ നിങ്ങളുടെ ചൂഷണങ്ങള്‍ക്ക്‌ വിധേയരായി നിന്നു തരാന്‍ തക്കവണ്ണം അവര്‍ ബുദ്ധിശൂന്യരല്ലാത്തതിനാല്‍, നിങ്ങള്‍ നിരാശനാവുന്നു.

ആത്മീയപാത തിരഞ്ഞെടുത്താല്‍, നിങ്ങള്‍ നിരാശരാവുക മാത്രമല്ല, ശരിക്കും വലഞ്ഞുപോവുക തന്നെ ചെയ്യും. നിങ്ങളുടെ എല്ലാ തന്ത്രങ്ങളില്‍നിന്നും മുക്തരാവുന്നതുവരെ നിങ്ങളെ വലയ്ക്കുന്നതില്‍ ഞാന്‍ ജാഗരൂകനായിരിക്കും. നിങ്ങള്‍ കൌശലങ്ങള്‍കൊണ്ട് ‌ ചുറ്റും ഒരു രക്ഷാകവചം ഒരുക്കുന്നു. എത്ര നാള്‍ അങ്ങിനെ മുന്‍പോട്ട് പോകുവാനാകും? ഒന്നു പൊളിക്കുമ്പോള്‍ നിങ്ങള്‍ മറ്റൊരു കവചം നിര്‍മ്മിക്കുന്നു. പഴയ വീടിന്‌ ഭംഗി പോരെന്നു കരുതി ആധുനിക രീതിയിലുളള ഒരു വീട്‌ നിര്‍മിക്കുന്നത് പോലെ.

അമ്പേഷി : ഞാന്‍ എല്ലാം ഉപേക്ഷിച്ച്‌ വന്നിരിക്കുന്നു. ഈ ആശ്രമത്തെ എന്‍റെ വീടായി കരുതിക്കൂടെ സദ്‌ഗുരു?

സദ്‌ഗുരു : ഇത്‌ നിങ്ങളുടെ വീടല്ല, ഇതൊരിടത്താവളം മാത്രം. കുറച്ചു നാള്‍ ഇവിടെ കഴിച്ചുകൂട്ടുന്നു എന്നു മാത്രം. ഇതിനെ ഒരു പുതിയ താമസസ്ഥലമായി കരുതാതിരിക്കുക. ഒരിടത്തും സ്ഥിരമായി കൂടാന്‍ നോക്കരുത്‌. എന്തു കിട്ടിയാലും അതുമായി ഒത്തുകൂടി പോവാന്‍ ശ്രമിക്കുകയും, അതിന്‌ എന്തെങ്കിലും തടസ്സം വരുമ്പോള്‍ നിരാശരാവുകയും ചെയ്യുന്നത് നല്ല പ്രവണതയല്ല. ഈ പാതയുടെ ഉദ്ദേശം തന്നെ നിങ്ങളെ ഒന്നിലും ഒതുങ്ങിക്കൂടാന്‍ അനുവദിക്കാതിരിക്കുക എന്നുള്ളതാണ്‌. നിങ്ങള്‍ നിങ്ങളെത്തന്നെ ഒരു സ്ഥിരമായ സ്ഥലത്തു നിന്ന്‍ പറിച്ചെടുത്ത്‌ മറ്റൊരു സ്ഥലത്ത്‌ ഉറപ്പിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്‌? ആശ്രമത്തിലേക്ക്‌ വരികയും ആദ്ധ്യാത്മികപാതയില്‍ സഞ്ചരിക്കുകയും ചെയ്യുക എന്നത്‌ മറ്റൊരു രക്ഷാകവചം നിര്‍മിച്ച്‌ അതില്‍ ഒതുങ്ങികൂടുക എന്നുള്ളതല്ല. എല്ലാ കവചങ്ങളും പൊളിച്ച്‌ പുറത്തുവരിക എന്നതാണ്‌ അതിന്‍റെ ഉദ്ദേശം തന്നെ. നിങ്ങളുടെ സഹകരണത്തോടുകൂടി എല്ലാതരത്തിലുള്ള വൈതരണികളിലൂടെയും സഞ്ചരിക്കാനുള്ള ഒരു തയ്യാറെടുപ്പ്‌. സ്വയം പടച്ചട്ട അഴിച്ചുമാറ്റി, നെഞ്ച്‌ കാട്ടിക്കൊടുക്കുന്നതുപോലെയാണിത്‌. അത്‌ മറ്റൊരാളുടെ പ്രേരണയില്ലാതെ നിങ്ങള്‍ സ്വയം ചെയ്യുന്നതാണ്‌ നല്ലത്‌. മറ്റുള്ളവര്‍, അത്‌ സ്വന്തം ഗുരു തന്നെയായാലും, അഴിച്ചു മാറ്റാന്‍ ശ്രമിക്കുമ്പോള്‍ അത്‌ എല്ലായ്‌പ്പോഴും മുറിവേല്‍പ്പിക്കും. നിങ്ങള്‍ തന്നെ അത്‌ ചെയ്യുന്നതാണ്‌ നല്ലത്‌.