सद्गुरु

അന്വേഷി: ഈ ജന്മത്തില്‍ ചെയ്യുന്ന പ്രവൃത്തികള്‍ നമ്മുടെ പ്രാരാബ്‌ധങ്ങള്‍ ഇല്ലാതാക്കാന്‍ വേണ്ടിയുള്ളതാണെന്നാണോ? ചെയ്‌തു തീര്‍ക്കാനായി നമുക്ക്‌ മറ്റു കര്‍മങ്ങള്‍ ഉണ്ടാവില്ലേ?

സദ്‌ഗുരു: ഈ ജന്മത്തില്‍ പ്രത്യക്ഷമാവാത്ത മറ്റു ചില കര്‍മങ്ങള്‍ ഉണ്ടാവും. ഇപ്പോള്‍ നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികളുടെ ഫലം അടുത്ത ജന്മത്തിലേക്ക്‌ നിലനില്‍ക്കും. ഈ ജന്മത്തില്‍ അതിന്‍റെ ഫലം ഉണ്ടാവില്ല. സഞ്ചിത കര്‍മത്തിന്‍റെ ഈ ശേഖരം ഇല്ലാതാക്കുവാന്‍ വേണ്ടിയുള്ളതാണ്‌ ആദ്ധ്യാത്മികചര്യകള്‍. അത്‌ പ്രാരബ്‌ധ കര്‍മത്തെ നേരിടുന്നതിന്‌ വേണ്ടിയുള്ളതല്ല. ആദ്ധ്യാത്മിക പരിശീലനവും, സന്മാര്‍ഗ ബോധനവുമെല്ലാം പ്രാരബ്‌ധ കര്‍മ്മങ്ങള്‍ ഇല്ലാതാക്കാന്‍ സഹായകമാവും എന്നേയുള്ളു, എന്നാല്‍ ജന്മജന്മാന്തരങ്ങളായി അടിഞ്ഞുകൂടിയിട്ടുളള കര്‍മങ്ങള്‍ (സഞ്ചിതകര്‍മം) കാരണം പുനര്‍ജന്മമുണ്ടാകും.

ഇവിടെ നമ്മള്‍, ഏറ്റവും ബുദ്ധിമുട്ടുള്ള അവസരങ്ങളില്‍പോലും, ബോധത്തെ ഉണര്‍ത്തുന്നു. ബോധത്തോടെ ഇരിക്കുക, ബോധത്തോടെ ഇരിക്കുക എന്നുണര്‍ത്തിക്കൊണ്ട് ഒരാള്‍ക്ക്‌ നിങ്ങളോട്‌ അതേ ഭാഷയില്‍ സംസാരിക്കാന്‍ ഉണര്‍വ്‌ (ബോധം) ആവശ്യമില്ല, എന്നാല്‍ ഒട്ടും പ്രകോപിതനാവാതെ, ശാന്തമായി പെരുമാറുവാന്‍ പൂര്‍ണമായ ഉണര്‍വോടെ മാത്രമേ സാധിക്കൂ. ശരിയല്ലേ? അതിനാല്‍ നിങ്ങള്‍ ഒട്ടും ഇഷ്‌ടപ്പെടാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനോടൊപ്പം വളരെയധികം ഉണര്‍വും ഉണ്ടാവുന്നു. ആശ്രമത്തില്‍, പ്രഭാതത്തില്‍ ആദ്യം നാം ചെയ്യുന്നത്‌ വേപ്പില അരച്ചത്‌ കുറച്ച്‌ അകത്താക്കുകയാണ്‌. എന്തുകൊണ്ട് ‌കയ്‌പ്പില്‍കൂടി ഒരു ദിവസം ആരംഭിക്കുന്നു? മധുരം കഴിച്ചുകൊണ്ട് ‌ തുടങ്ങിയാല്‍ പോരെ? ആരോഗ്യപരമായ കാരണങ്ങള്‍ മാത്രമല്ല, മറ്റു ഗുണങ്ങളും അതുകൊണ്ട് ‌ ഉണ്ട്, അത്‌ വേറെ. പ്രധാന കാര്യം വേപ്പില നിങ്ങള്‍ ഒരിക്കലും ഇഷ്‌ടപ്പെടാന്‍ സാധ്യതയില്ല എന്നതാണ്‌. ഇത്രയും കയ്‌പ്പുള്ള വേപ്പില കഴിച്ചുകൊണ്ട് ‌ ദിവസം തുടങ്ങുന്നത്‌ എന്തിനാണെന്നാല്‍ പൂര്‍ണ ഉണര്‍വോടെ മാത്രമേ ആ കയ്‌പ്‌ നിങ്ങള്‍ക്ക്‌ വിഴുങ്ങാന്‍ കഴിയൂ. എന്നാല്‍ ഒരു മധുര പലഹാരം കഴിക്കാന്‍ ഒരു ഉണര്‍വും ആവശ്യമില്ല.

അനന്തമായത്‌ നിങ്ങള്‍ സൃഷ്‌ടിക്കുന്ന ഒന്നല്ല. നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ പരിമിതമായതിനെ ഉടയ്ക്കുക എന്നത്‌ മാത്രമാണ്‌ അതാണ്‌ ആത്മീയതയുടെ വഴി.

ഇതുപോലെ നിങ്ങളുടെ ശരീരം, ശ്വാസം, ഊര്‍ജം, വികാരം എന്നീ അനുഭവമണ്ഡലങ്ങളിലേക്ക്‌ അന്തര്‍ബോധത്തെ ഉണര്‍ത്തുവാനായി നിങ്ങളുടെ ജീവിതത്തിലേക്ക്‌ ചില കാര്യങ്ങള്‍ സാധനകള്‍ വഴി നിങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്‌. ആ മാര്‍ഗങ്ങള്‍ ശരിയാംവിധം ഉപയോഗപ്പെടുത്തിയാല്‍ നിങ്ങളുടെ ശരീരം, ചിന്തകള്‍, വികാരങ്ങള്‍, ഊര്‍ജം എന്നീ നാലു തലങ്ങളില്‍ ഉണര്‍വ്‌ ഉണ്ടാവുന്നത്‌ നിങ്ങള്‍ തന്നെ മനസ്സിലാക്കും. ഈ സാധനകള്‍ ഉണര്‍വ്‌ വളര്‍ത്തിയെടുക്കാനുള്ളതാണ്‌. ഈ ഉണര്‍വ്‌ നേര്‍ക്കാഴ്‌ച ഉണ്ടാക്കിത്തരും. ശരീരത്തെപ്പറ്റി കൂടുതല്‍ കൂടുതല്‍ ബോധവാനാകുമ്പോള്‍, അവബോധമുണരുമ്പോള്‍, മനസ്സിനെപ്പറ്റി ബോധവാനാകുമ്പോള്‍, നിങ്ങളും ശരീരവും രണ്ടാണ്‌, നിങ്ങളും നിങ്ങളുടെ വികാരങ്ങളും വ്യത്യസ്‌തമാണ്‌, നിങ്ങളും നിങ്ങളുടെ ജീവോര്‍ജവും രണ്ടാണ്‌ എന്നറിയുന്നു. അപ്പോള്‍ നിങ്ങള്‍ രൂപമില്ലാത്ത ഒരു വസ്‌തുവായിത്തീരുന്നു. നിങ്ങള്‍ അരൂപിയാണ്‌ എന്നുളളത്‌ ഇനിയും ഒരു ജീവിക്കുന്ന സത്യമായിട്ടില്ല. രൂപമില്ലാത്തത്‌ എന്നതിന്‌ പരിധിയില്ലാത്തത്‌, അനന്തം എന്നും അര്‍ത്ഥമുണ്ട്. രൂപം എന്നാല്‍ അതിര്‍ത്തി. നിങ്ങള്‍ രൂപമില്ലാത്തതാണ്‌ എന്ന വസ്തുത നിങ്ങള്‍ക്ക് യാഥാര്‍ഥ്യമായിട്ടില്ല എങ്കിലും, രൂപം ക്രമേണ അവ്യക്തമായിത്തീരുന്നുണ്ട്‌. തീവ്രവും ബുദ്ധിപൂര്‍വവുമായ പരിശീലനത്താല്‍ രൂപങ്ങള്‍ മനസ്സില്‍നിന്ന്‍ മാഞ്ഞുപോവും. രൂപം എന്നത് നിങ്ങള്‍ സ്വയം സൃഷ്‌ടിച്ചിട്ടുള്ള മിഥ്യാസങ്കല്‍പമാണ്‌. രൂപം വെറും ഒരു തടസ്സമാണ്‌. ശരിയല്ലേ? രൂപം ഇല്ലാതിരിക്കുമ്പോള്‍ പരിധികള്‍ ഇല്ലാതാവുന്നു. രൂപം പരിധിയാണ്‌. രൂപമില്ലായ്‌മ അനന്തമാണ്‌. ആദ്ധ്യാത്മിക പരിശീലനത്തിലൂടെ നിങ്ങള്‍ അനന്തമായതിനെ അന്വേഷിക്കുകയാണ്‌. അതുകൊണ്ട്‌, രൂപത്തെ ഉടയ്ക്കുകയാണ്‌ വേണ്ടത്‌. പരിധി എന്നത്‌ നിങ്ങള്‍ക്കറിയാം. അതുകൊണ്ട് ‌ അതിനെ അല്‍പാല്‍പമായി ഉടയ്ക്കാന്‍ തുടങ്ങുക. പരിചിതമായതെല്ലാം ഒന്നൊന്നായി ഉടച്ചുകഴിയുമ്പോള്‍ അനന്തമായത്‌ പ്രത്യക്ഷമായിത്തീരും. അനന്തമായത്‌ നിങ്ങള്‍ സൃഷ്‌ടിക്കുന്ന ഒന്നല്ല. നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയുന്നത്‌ പരിമിതമായതിനെ ഉടയ്ക്കുക എന്നത്‌ മാത്രമാണ്‌ അതാണ്‌ ആത്മീയതയുടെ വഴി.

അന്വേഷി: സദ്‌ഗുരോ, എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം തോന്നുന്നതും, ആഗ്രഹപൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടോ?

സദ്‌ഗുരു: പ്രവൃത്തിക്ക്‌ പുറകില്‍ ആഗ്രഹം ഉണ്ടോ? അതിനെ നിങ്ങള്‍ എങ്ങിനെ വേര്‍തിരിക്കുമെന്നറിയില്ല. ആഗ്രഹംതന്നെ ഒരുതരം പ്രവൃത്തിയാണ്‌. ഇത്‌ നിങ്ങളുടെ അവബോധത്തില്‍നിന്ന്‍ ഉയര്‍ന്നുവരും. ആഗ്രഹങ്ങള്‍ അബോധമായിട്ടാണ്‌ ഉണ്ടാവുന്നതെങ്കില്‍, നിങ്ങളുടെ പ്രവൃത്തിയും അബോധമായിട്ടായിരിക്കും. പ്രവൃത്തി എപ്പോഴും ശാരീരികമാവണമെന്നില്ല. മാനസികമായ പ്രവൃത്തിയുണ്ട്‌, വൈകാരികമായ പ്രവൃത്തിയുണ്ട്‌, ഊര്‍ജത്തിന്‍റെ പ്രവൃത്തിയുമുണ്ട്‌. ഇതെല്ലാംതന്നെ അബോധമായിട്ടാണ്‌ സംഭവിക്കുന്നതെങ്കില്‍, `ഇതാണ്‌ എന്‍റെ പ്രകൃതം’ എന്ന്‍ ചിലപ്പോള്‍ നിങ്ങള്‍ വിശ്വസിച്ചേക്കാം. ആളുകള്‍ ദേഷ്യപ്പെടുമ്പോള്‍ നിങ്ങള്‍ ചോദിക്കും എന്തിന്‌ എന്ന്‍. അവര്‍ പറയും, ``ഇതാണ്‌ എന്‍റെ പ്രകൃതം.” ഇത്‌ നിര്‍ബന്ധ പ്രേരണയാണ്‌. ഒരു തരത്തിലുള്ള നിര്‍ബന്ധ ബുദ്ധികാരണമാണ്‌ അവര്‍ അങ്ങിനെ പറയുന്നത്‌. അതിന്‌ കാരണം ആ പ്രവൃത്തിയുമായി നിങ്ങള്‍ അത്രമാത്രം താദാത്മ്യം പ്രാപിച്ചിരിക്കുന്നതാണ്‌. ഇങ്ങിനെ ഒരു പ്രവൃത്തിയുമായി ഗാഢമായി താദാത്മ്യം പ്രാപിക്കുമ്പോള്‍ നിങ്ങള്‍ക്ക്‌ ഉണര്‍വുണ്ടാകുന്ന പ്രശ്‌നമില്ല, ഒരു പ്രവൃത്തിയും ബോധപൂര്‍വം ചെയ്യാനുമാവില്ല. ആഗ്രഹത്തിന്‍റെ കാര്യവും വ്യത്യസ്‌തമല്ല, അതും ഒരു പ്രവൃത്തിയാണ്‌. പ്രവൃത്തി ആഗ്രഹത്തില്‍നിന്ന്‍ ഉണ്ടാവുന്നു എന്ന്‍ പറയുന്നതിനേക്കാള്‍, ആഗ്രഹമാണ്‌ പ്രവൃത്തിയുടെ തുടക്കം എന്നു പറയുന്നതാവും ശരി.

പ്രവൃത്തി ആഗ്രഹത്തില്‍നിന്ന്‍ ഉണ്ടാവുന്നു എന്ന്‍ പറയുന്നതിനേക്കാള്‍, ആഗ്രഹമാണ്‌ പ്രവൃത്തിയുടെ തുടക്കം എന്നു പറയുന്നതാവും ശരി.

`കര്‍മം’ എന്ന വാക്കിന്‌ പ്രവൃത്തി എന്നാണ്‌ അര്‍ത്ഥം. എന്നാല്‍ കൈകൊണ്ടു ചെയ്യുന്ന പ്രവൃത്തിയല്ല അതുകൊണ്ട് ‌ ഉദ്ദേശിക്കുന്നത്‌. നിങ്ങളുടെ പ്രവൃത്തിയുടെ ഗുണം, നിങ്ങള്‍ ചെയ്യുന്നതിലല്ല. ഞാന്‍ ഇപ്പോള്‍ ഈ കല്ലെടുക്കുന്നു, അതൊരു പ്രവൃത്തിയാണ്‌. അതിന്‌ സ്വന്തമായി ഒരു ഗുണവും ഇല്ല, എന്നാല്‍ എന്‍റെ മനസ്സില്‍ ഇതെടുത്ത്‌ നിങ്ങളെ എറിയണമെന്ന ഉദ്ദേശമുണ്ട് ‌. ഞാന്‍ നിങ്ങളെ ഇതുവരെയും എറിഞ്ഞിട്ടിന്നില്ല എങ്കിലും കര്‍മം നിര്‍വഹിച്ചു കഴിഞ്ഞു. ഞാന്‍ ആ കല്ല്‌ കയ്യില്‍ എടുക്കുകപോലും ചെയ്‌തിട്ടില്ല, എന്നാല്‍ ഞാന്‍ കല്ലെറിഞ്ഞപ്പോള്‍ അബദ്ധത്താല്‍ അത്‌ നിങ്ങളുടെ മുഖത്തുകൊണ്ടു എന്നിരിക്കട്ടെ. അപ്പോള്‍ കര്‍മം ദേഷ്യത്താലുള്ളതല്ല, ശ്രദ്ധക്കുറവ്‌ കൊണ്ടുള്ളതാവുന്നു. എന്നാല്‍ കല്ല്‌ കയ്യിലെടുത്ത്‌ നിങ്ങളുടെ മുഖത്തേക്ക്‌ എറിയണമെന്ന ഉദ്ദേശത്തോടുകൂടി നോക്കിയാല്‍പോലും, എറിഞ്ഞില്ലെങ്കിലും, കര്‍മം ചെയ്‌തുകഴിഞ്ഞു എന്നാണ്‌ ഫലം. ഞാന്‍ ആ കല്ല്‌ കയ്യില്‍വെച്ച്‌ വെറുതെ കളിച്ചുകൊണ്ടിരുന്നപ്പോള്‍ അബദ്ധത്തില്‍ നിങ്ങളുടെ തലയില്‍കൊണ്ട് ‌മുറിവേറ്റു എന്ന്‍ വിചാരിക്കുക. അത്‌ ഗൌരവമുള്ള കര്‍മത്തിന്‌ കാരണമാവുന്നില്ല. അശ്രദ്ധമൂലമുള്ള കര്‍മമാണത്‌. മുറിവേല്‍പ്പിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവര്‍ത്തിയില്‍നിന്നുള്ള കര്‍മത്തില്‍നിന്ന്‍ അത്‌ വ്യത്യസ്‌തമാണ്‌.

https://upload.wikimedia.org/wikipedia/commons/d/d8/Deerfire_high_res_edit.jpg